Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരളത്തെ തഴഞ്ഞ ബജറ്റുകൾ, റബർ വിലയിടിവ്, തീരപ്രദേശത്തെ വറുതി... 62 ദിവസം രാജ്യസഭ സമ്മേളിച്ചിട്ടും ഒരു ചോദ്യം പോലും ഉന്നയിക്കാതെ വയലാർ രവി; എംപിയും മന്ത്രിയുമായ രവി കഴിഞ്ഞ 12 കൊല്ലം സംസ്ഥാനത്തിന് വേണ്ടി എന്തു ചെയ്തു?

കേരളത്തെ തഴഞ്ഞ ബജറ്റുകൾ, റബർ വിലയിടിവ്, തീരപ്രദേശത്തെ വറുതി... 62 ദിവസം രാജ്യസഭ സമ്മേളിച്ചിട്ടും ഒരു ചോദ്യം പോലും ഉന്നയിക്കാതെ വയലാർ രവി; എംപിയും മന്ത്രിയുമായ രവി കഴിഞ്ഞ 12 കൊല്ലം സംസ്ഥാനത്തിന് വേണ്ടി എന്തു ചെയ്തു?

തിരുവനന്തപുരം: കേന്ദ്ര പ്രവാസികാര്യ മന്ത്രിയായിരുന്ന കാലം മുതൽക്കേ വയലാർ രവിക്കെതിരെ മലയാളികൾ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. അറബ് രാജ്യങ്ങളിൽ തൊഴിൽ നഷ്ടം രൂക്ഷമായി നാട്ടിലേക്ക് തിരിച്ചുവരുന്ന മലയാളികളെ സഹായിക്കാൻ യാതൊന്നും മന്ത്രി ചെയ്തില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. ഇങ്ങനെ മന്ത്രിയായിരുന്നപ്പോൾ നിരവധി ആരോപണങ്ങൾ കേൾക്കേണ്ടി വന്ന വയലാർ രവി മന്ത്രിക്കസേര പോയ ശേഷം എന്തെങ്കിലും ചെയ്‌തോ? മന്ത്രിസ്ഥാനമില്ലാതെ ഒരു വർഷത്തോളം വയലാർ രവി രാജ്യസഭയിലെ മുതിർന്ന അംഗമായി ഇരുന്നു. എന്തായിരുന്നു രവിയുടെ സംഭാവന എന്ന് പരിശോധിച്ചാൽ വട്ടപ്പൂജ്യം എന്ന് പറയേണ്ടി വരും.

ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം മൂന്നു തവണ പാർലമെന്റ് ചേർന്നു. മൂന്നു സമ്മേളനങ്ങളിലായി 62 ദിവസം സഭ ചേർന്നപ്പോൾ വയലാർ രവിയുടെ ഒരു ചോദ്യം പോലും ഉണ്ടായിട്ടില്ല. ഒരു ചർച്ചയും നടന്നിട്ടുമില്ല. ശൂന്യവേളയിൽപോലും ഒരു ഇടപെടലും നടത്തിയിട്ടില്ല. റെയിൽവേ ബജറ്റിൽനിന്നു കേരളം ഒഴിവായപ്പോഴും റബർ വിലയിടിവിൽ കർഷകർ നട്ടംതിരിയുമ്പോഴും മീനാകുമാരി കമ്മീഷന്റെ മറവിൽ കേരളത്തിലെ മൽസ്യസമ്പത്ത് വിദേശകുത്തകൾക്ക് തീറെഴുതുമ്പോഴും പൊതുബജറ്റിൽ കേരളത്തെ പാടേ അവഗണിച്ചപ്പോഴും വയലാർ രവി സഭയിൽ കൈയും കെട്ടി ഇരിക്കുകയായിരുന്നു. ഇങ്ങനെയുള്ള ആളെ വീണ്ടും രാജ്യസഭയിലേക്ക് വിടുന്നതിൽ കോൺഗ്രസുകാർക്കിടയിൽ പോലും അമർഷമുണ്ട്.

മധ്യപ്രദേശിൽനിന്ന് രാജ്യസഭാംഗമായ ഒ രാജഗോപാൽ പോലും കേരളത്തിന് വേണ്ടി എന്തൊക്കെ ചെയ്തു എന്നാണ് കോൺഗ്രസുകാർ പോലും പരസ്പരം ചോദിക്കുന്നത്. മധ്യപ്രദേശിന് വേണ്ടി ചെയ്യുന്നതിൽ കൂടുതൽ കാര്യങ്ങൾ രാജഗോപാൽ ചെയ്തത് കേരളത്തിന് വേണ്ടിയായിരുന്നു. അതിന്റെ പത്തിലൊന്നുപോലും ഈ പഴയ പടക്കുതിരയ്ക്ക് ചെയ്യാൻ കഴിഞ്ഞോ എന്നാണ് പ്രധാന എതിരാളികളാണ് ബിജെപിയും ചോദിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കു നേരിട്ടു പങ്കില്ലെന്നു കരുതി ആശ്വാസംകൊള്ളേണ്ട. 36 എംഎൽഎ മാരുടെ വോട്ട് ജയിക്കാൻ ആവശ്യമുണ്ട്. വയലാർ രവിക്ക് വോട്ടു നൽകുന്ന 36 എംഎ!ൽഎ മാർ അടുത്തവർഷം പൊതുജനങ്ങളോട് ഇതിനുകൂടി മറുപടി പറയേണ്ടതുണ്ടെന്നകാര്യം അവർ ഓർക്കുന്നതു നന്നാണെന്നുമാണ് രവിയെ വിമർശിക്കുന്നവർ പറയുന്നത്.

വയലാർ രവിയെ രാജ്യസഭാംഗമായി മൂന്നാമതും തെരഞ്ഞെടുത്തയയ്ക്കുമ്പോൾ കഴിഞ്ഞ 12 വർഷക്കാലം അദ്ദേഹം കേരളത്തിനുവേണ്ടി എന്തു സംഭാവനയാണു നൽകിയതെന്ന കാര്യം ജനങ്ങൾക്കു മുമ്പിൽ വിശദീകരിക്കാൻ കോൺഗ്രസ് പാർട്ടിക്ക് ബാധ്യതയുണ്ടെന്നും ഇക്കൂട്ടർ ചോദിക്കുന്നു. രാജ്യസഭാസീറ്റിൽ ഒഴിവ് വരുമ്പോൾ കോൺഗ്രസ്സിൽ എന്നും പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. ഒന്നോ, രണ്ടോ സ്ഥാനങ്ങൾക്ക് അർഹതയും യോഗ്യതയും അമിതമോഹവുമുള്ള അനേകം പേർ പല ഗ്രൂപ്പുകളായിനിന്ന് സമ്മർദ്ദം ചെയ്യുന്ന പ്രവണത കോൺഗ്രസ്സിൽ സാധാരണമാണ്. ഇതിൽ മതം, ജാതി തുടങ്ങിയ പരിഗണനകളും കടന്നുവരും. പി.ജെ. കുര്യന്റെ കാര്യത്തിൽ നാം അതു കണ്ടതാണ്. സീറ്റ് തെറിക്കുമെന്ന അവസ്ഥയായപ്പോൾ മെത്രാന്മാരെയും സുകുമാരൻനായരെയും ഒരുമിച്ചു നിർത്തിയാണ് അന്നു സീറ്റ് ഉറപ്പിച്ചത്. ഇങ്ങനെ പരിഗണനകൾ ഒക്കെ ഒത്തുവന്നപ്പോഴാണ് രവിക്ക് വീണ്ടും നറക്കുവീണത്.

വയലാർ രവിക്ക് മൂന്നാം ഊഴത്തിന് അവസരം നൽകുമ്പോൾ അതിശയകരമെന്നുപറയട്ടെ, സാധാരണ കോൺഗ്രസിൽ ഉണ്ടാകുന്ന പൊട്ടിത്തെറികളൊന്നും ഉണ്ടായിട്ടില്ല. 2003 ൽ രാജ്യസഭാംഗമായി വയലാർരവി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കോൺഗ്രസ്സിലുണ്ടായ പുകിലുകൾ ചിലരെങ്കിലും ഓർമ്മിക്കുന്നുണ്ടാകും. അന്ന് കെ. കരുണാകരൻ രവിക്കെതിരെ കോടോത്ത് ഗോവിന്ദൻ നായരെ കൊണ്ടുവന്നു മൽസരിപ്പിച്ചു. കോൺഗ്രസ്സിൽ കരുണാകരന്റെ ശക്തി കുറഞ്ഞുതുടങ്ങിയ കാലമായതുകൊണ്ടുമാത്രമാണ് വയലാർ രവി അന്നു രക്ഷപ്പെട്ടത്. എന്തായാലും കരുണാകരൻ അന്നെടുത്ത തീരുമാനം എത്രയോ ശരിയായിരുന്നുവെന്നു കാലം തെളിയിച്ചു. കേരളത്തിനുവേണ്ടി കാര്യമായി ഒന്നും നേടിത്തരാത്ത ഒരാളെ 12 വർഷം കേരളത്തിന്റെ ചെലവിൽ രാജ്യസഭയിൽ ഇരുത്തേണ്ടി വന്നു. കഴിഞ്ഞ 12 കൊല്ലത്തിനിടയിൽ 10 വർഷവും കേന്ദ്ര കാബിനറ്റിൽ മന്തിയായിരുന്ന ആളാണ് അദ്ദേഹം. തൊട്ടടുത്ത് തമിഴ്‌നാട്ടിൽനിന്നുള്ള അംഗങ്ങൾ സ്വന്തം നാടിനുവേണ്ടി അർഹതയുള്ളതും, അനർഹവുമായ കാര്യങ്ങൾ നേടിയെടുക്കാൻ മൽസരിക്കുകയായിരുന്നു.

ലോക്‌സഭാംഗങ്ങൾ വീണ്ടും ജനവിധി തേടുമ്പോൾ കഴിഞ്ഞ 5 വർഷക്കാലം ചെയ്ത വികസനകാര്യങ്ങളും, പാർലമെന്റിൽ നടത്തിയ ഇടപെടലുകളും ജനങ്ങളെ ബോധ്യപ്പെടുത്താറുണ്ട്. കുറച്ചൊക്കെ വിടുവായത്തവും, പൊങ്ങച്ചവും ഉണ്ടെങ്കിലും ഏറെക്കുറെ കാര്യങ്ങളിൽ അവർ ഇടപെട്ടിട്ടുണ്ടെന്ന കാര്യം വിസ്മരിക്കാൻ കഴിയില്ല. എന്നാൽ രാജ്യസഭാംഗങ്ങളുടെ കാര്യങ്ങളിൽ അതുണ്ടാകുന്നില്ല. വീണ്ടും മൽസരിക്കുന്ന രാജ്യസഭാംഗങ്ങൾക്കു കഴിഞ്ഞകാല സേവനങ്ങൾ ജനത്തിനു മുൻപിൽ അവതരിപ്പിക്കാനുള്ള ബാധ്യതയുണ്ട്. വിയർപ്പൊഴുക്കാതെ, പൊതുസമൂഹത്തോട് ഉത്തരവാദിത്വമില്ലാതെ അധികാരത്തിന്റെ സോപാനത്തിൽ ഇരിക്കാനുള്ള എളുപ്പവഴിയായി രാജ്യസഭാംഗത്വം അധ:പതിക്കരുത്.

പ്രവാസികാര്യവകുപ്പാണ് വയലാർ രവി കൂടുതൽ കാലം ഭരിച്ചത്. മലയാളികളായ ലക്ഷക്കണക്കിന് പ്രവാസികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. പാസ്‌പോർട്ട് എടുക്കുന്നതുമുതൽ അവരുടെ കഷ്ടപ്പാടുകൾ ആരംഭിക്കുന്നു. എയർപോർട്ടിലും എമിഗ്രേഷനിലും അകാരണമായ പല പീഡനങ്ങൾക്കും അവർ വിധേയരാകുന്നുണ്ട്.വിദേശ എംബസികളിൽനിന്ന് ശരിയായ നീതി ലഭിക്കുന്നില്ലയെന്നും പരാതിയുണ്ട്. ആയിരക്കണക്കിന് മലയാളികൾ നിസ്സാരകാര്യത്തിന് വിദേശ ജയിലുകളിൽ കിടക്കുന്നുണ്ട്. ആടുജീവിതം നയിക്കുന്ന നജീബുമാരായ അടിമകളും അക്കൂട്ടത്തിൽ ഉണ്ട്.

ഇതിലേതെങ്കിലും കാര്യത്തിൽ ക്രിയാത്മകമായി വയലാർ രവി ഇടപെട്ടതായി മലയാളികൾക്ക് ബോധ്യപ്പെട്ടിട്ടില്ല. മൽസ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയൻ നാവികരെ സംരക്ഷിക്കാൻ ആ രാജ്യം കാണിച്ച അമിത താൽപര്യം നാം നേരിൽ കണ്ടതാണ്. അതെങ്കിലും നാം കണ്ടു പഠിക്കണം. വിദേശത്തു വച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ അന്തസ്സായി നാട്ടിലെത്തിക്കുന്ന കാര്യത്തിൽപ്പോലും നമ്മുടെ സർക്കാരിനു പലപ്പോഴും പരാജയം സംഭവിച്ചിട്ടില്ലേ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP