Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫണ്ട് ചെലവാക്കിയില്ലെന്ന വിവരാവകാശത്തിന് കാരണം നടപടിക്രമങ്ങളുടെ നൂലാമാലയെന്ന് വീണാ ജോർജ്; പദ്ധതികളും ചെലഴിച്ച തുകയും അക്കമിട്ട് നിരത്തി ആറന്മുള എംഎൽഎ; ആറന്മുളയുടെ ആവശ്യങ്ങൾ ഏറെയാണെന്നും കുടിവെള്ളത്തിനും റോഡിനുമാണ് പ്രാധാന്യം നൽകിയതെന്നും വിശദീകരണം

ഫണ്ട് ചെലവാക്കിയില്ലെന്ന വിവരാവകാശത്തിന് കാരണം നടപടിക്രമങ്ങളുടെ നൂലാമാലയെന്ന് വീണാ ജോർജ്; പദ്ധതികളും ചെലഴിച്ച തുകയും അക്കമിട്ട് നിരത്തി ആറന്മുള എംഎൽഎ; ആറന്മുളയുടെ ആവശ്യങ്ങൾ ഏറെയാണെന്നും കുടിവെള്ളത്തിനും റോഡിനുമാണ് പ്രാധാന്യം നൽകിയതെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ചില്ലികാശ് ചെലവാക്കിയില്ലെന്ന വിവരാവാകാശ രേഖ നടപടിക്രമങ്ങളുടെ നൂലാമാലയുടെ ഫലമെന്ന വിശദീകരണവുമായി ആറന്മുള എംഎൽഎ വീണാ ജോർജ്. താൻ പണം ചെലവഴിക്കാതിരുന്നിട്ടില്ലെന്നും എന്നാൽ പ്രവൃത്തികളുടെ ബിൽ മാറുന്നതിലെ സാങ്കേതികത്വമാണ് അത്തരമൊരു പ്രചാരണത്തിനു കാരണമെന്നുമാണ് വീണയുടെ വിശദീകരണം. ഫേസ്‌ബുക്കിലാണ് വീണ തന്റെ ഭാഗം വ്യക്തമാക്കിയത്.

എംഎൽഎ ഫണ്ട് വിനിയോഗിച്ചതായി രേഖ ഉണ്ടാകുന്നതു പ്രവൃത്തികളുടെ ബിൽ മാറുമ്പോഴാണ്. നടപ്പു സാമ്പത്തിക വർഷവും അടുത്ത സാമ്പത്തിക വർഷവും കൊണ്ടാണ് അതു പൂർത്തിയാവുക. അതുകൊണ്ട് കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ നോക്കിയാൽ ചെലവഴിച്ച തുകയുടെ സ്ഥാനത്ത് പൂജ്യമായിരിക്കും കാണുക. ഡെപ്പോസിറ്റ് വർക്കല്ലാത്ത എല്ലാ വർക്കുകളുടെയും കേരളത്തിലെ മറ്റെല്ലാ എംഎൽഎമാരുടെയും ഫണ്ട് വിനിയോഗത്തിന്റെ സ്ഥിതി ഇതാണെന്നും വീണ വിശദീകരിക്കുന്നു.

വീണയുടെ വിശദീകരണത്തിന്റെ പൂർണരൂപം ഇങ്ങനെ

എനിയ്‌ക്കെതിരെ ഒരു അസത്യപ്രചരണം നടക്കുന്നതായി അറിഞ്ഞ സാഹചര്യത്തിലാണീ കുറിപ്പ്.
201617 സാമ്പത്തികവർഷം എം എൽ എ പ്രാദേശികവികസനഫണ്ടിൽ നിന്ന് ഞാൻ ഒരു രൂപയും ചെലവഴിച്ചില്ല എന്നാണ് പ്രചരണം.ഞാൻ മാത്രമല്ല..പത്തനംതിട്ട ജില്ലയിലെ മറ്റ് എം എൽ എമാരും ചെലവഴിച്ചില്ലെന്നാണ് വിവരാവകാശരേഖ. (കോന്നി, അടൂർ ,തിരുവല്ല എം എൽ എമാരും ചെലവഴിച്ചില്ലെന്നും,റാന്നി എം എൽ എ ചെലവഴിച്ചത് 7 ലക്ഷം രൂപയെന്നും).
എന്നാൽ ടാർജറ്റ് ഞാനാണ്.
സത്യം എന്താണ്?

എം എൽ എ പ്രാദേശികഫണ്ടിൽ നിന്ന് ശാസ്ത്രപോഷിണി ലാബുകൾ(ബഹു.മന്ത്രിയുടെ നിർദ്ദേശം അനുസരിച്ച)്, കുടിവെള്ളത്തിനായി ലൈൻ എക്സ്റ്റൻഷൻ, ഗ്രാമീണറോഡുകളുടെ ടാറിംങ്, കോൺക്രീറ്റിംങ്, സ്‌കൂൾ ബസ് ഉൾപ്പടെ പ്രൊപ്പോസലുകൾ നൽകിയിട്ടുണ്ട്. ഞാൻ മാത്രമല്ല, മറ്റ് എം എൽ എമാരും നൽകിയതായി മനസ്സിലാക്കുന്നു. ഭരണാനുമതി ലഭിച്ചവയുണ്ട്. വർക്ക് നടന്നവയുണ്ട്. നടക്കാനുമുണ്ട്.

എന്നാൽ ഫണ്ട് വിനിയോഗിച്ചതായി രേഖ ഉണ്ടാകുന്നത് വർക്കുകളുടെ ബില്ലുകൾ മാറുമ്പോഴാണ്. അത് ഈ സാമ്പത്തികവർഷവും (201718) അടുത്ത സാമ്പത്തികവർഷവും കൊണ്ടാണ് പൂർണമാവുക. അതുകൊണ്ട് നിലവിൽ കഴിഞ്ഞ സാമ്പത്തികവർഷം ചെലവഴിച്ച തുക പൂജ്യം ആയിട്ടാകും രേഖ. ഡെപ്പോസിറ്റ് വർക്കല്ലാത്ത എല്ലാ വർക്കുകളുടെയും കേരളത്തിലെ മറ്റ് എം എൽ എമാരുടെ കാര്യത്തിലും സ്ഥിതി ഇതാണ്.

ഇനി ഈ വിവരാവകാശത്തിൽ മറ്റൊരു കാര്യവും ഉണ്ട്. മുൻ എം എൽ എയുെട ഫണ്ടിലെ 85 ലക്ഷമാണ് ഞാൻ 201617 വർഷം ചെലവഴിച്ചതെന്ന്. മുൻ എം എൽ എ ആ 85 ലക്ഷം ചെലവഴിച്ചില്ല എന്നാണല്ലോ അതിന്റെ അർത്ഥം. (ഇത് പറയില്ല. പറഞ്ഞാൽ പോയില്ലേ) വിവരാവകാശത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. കൊടുത്തിട്ടുള്ള പ്രപ്പോസലുകളും ഇപ്പോൾ നടക്കുന്ന വർക്കുകളും എങ്ങനെയാണ് ഇ്ല്ലാതെയായി പോകുന്നത് എന്ന്. അപ്പോൾ ഞാൻ ശ്രീ റഷീദ് ആനപ്പാറയെ വിളിച്ചിരുന്നു. അദ്ദേഹം പറഞ്ഞതിൽ നിന്നാണ് എനിക്ക് കാര്യങ്ങൾ വ്യക്തമായത്. ഫണ്ട് വിനിയോഗിച്ചതിന്റെ expenditure കാണിക്കുക ബില്ലുകൾ മാറുമ്പോഴാണ്. അതിന് സമയം എടുക്കും ആറന്മുളനിയോജകമണ്ഡലത്തിൽ മുൻപുള്ള 5 വർഷം നടന്ന വികസനപ്രവർത്തനങ്ങളുടെ 5 ഇരട്ടി കഴിഞ്ഞ ഒരു വർഷം കൊണ്ട് നടന്നിട്ടുണ്ട്. മാത്രമല്ല ബിനാമിവർക്കുകളല്ല, ഇടെൻഡറിലൂടെ സുതാര്യമായി സമയബന്ധിതമായാണ് നടപടികൾ. ഇതിലൊക്കെയുള്ള വെപ്രാളം ചിലർക്കുണ്ടാകുന്നത് സ്വാഭാവികം. 
(ക്യാരി ഓവർ ചെയ്യാത്ത ആസ്തിവികസന ഫണ്ട് മുൻ കാലയളവിൽ എത്രത്തോളം ചെലവഴിച്ചുവെന്ന് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.)

വിവാദം തുടർന്ന സാഹചര്യത്തിൽ കൂടുതൽ വിശദീകരണവും വീണ നൽകി. താൻ പണം ചെലവഴിച്ചില്ലെന്നു പറയുന്നവർക്കു കൃത്യമായ മറുപടിയാണു വീണ ഇതിലൂടെ നൽകിയത്. അതിങ്ങനെ:

ആറന്മുള നിയോജകമണ്ഡലത്തിൽ എം എൽ എ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ആസ്തിവികസനഫണ്ടിൽ നിന്നും ഉള്ള ചില പദ്ധതികൾ വർക്ക് പൂർണമായതും ചെയ്യുന്നവയും ഭരണാനുമതി കിട്ടിയവയും കിട്ടാനുള്ളവയും താഴെ ചേർക്കുന്നു.

( ഓരോ മണ്ഡലത്തിന്റെയും ആവശ്യങ്ങളും അതിന്റെ തീവ്രതയും വ്യത്യസ്തമാണ്. വികസനത്തിൽ പിന്നാക്കം നിന്ന ആറന്മുള മണ്ഡലത്തിൽ ആവശ്യങ്ങൾ ഏറെയാണ്. അതുകൊണ്ട് കുടിവെള്ളവും റോഡുമെല്ലാം ആദ്യവർഷം ഉൾപ്പെടുത്തി. ഒരു വലിയ പ്രോജക്ട് ആയിരുന്നെങ്ങിൽ ഒരു ഭരണാനുമതി മതിയായിരുന്നു. എന്നാൽ മണ്ഡലത്തിന്റെ ആവശ്യങ്ങൾ കൂടി പരിഗണിച്ച് വർക്കുകൾ നിശ്ചയിക്കുകയായിരുന്നു. എം എൽ എ ഫണ്ട് സംബന്ധിച്ച അസത്യപ്രചരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടാൻ കൂടിയാണ് ഇത് വിശദീകരിക്കുന്നത്. )

മണ്ഡലത്തിലെ വൈദ്യുതീകരണം 30 ലക്ഷം

പൊതുവിദ്യാഭ്യാസരംഗം

എല്ലാ ഗവ എൽ പി , യു പി സ്‌കൂളുകളിലും സ്മാർട്ട് ക്ലാസ് റൂമുകൾ
ഇലന്തൂർ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ശാസ്ത്രപോഷിണി ലാബ്
കോയിപ്രം ഗവ. ഹയർസെക്കണ്ടറിസ്‌കൂളിൽ ശാസ്ത്രപോഷിണി ലാബ്
പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ലാപ്‌ടോപ്പുകൾ ( വിസ്താരഭയത്താൽ എല്ലാ സ്‌കൂളുകളുടെയും പേര് പരാമർശിക്കുന്നില്ല. )

കുടിവെള്ള പദ്ധതികൾ

മണ്ണാറമല കുടിവെള്ള പദ്ധതി പത്തനംതിട്ട 32 ലക്ഷം
കുന്നം കോളനിയിൽ കുടിവെള്ള പദ്ധതി 20 ലക്ഷം
നാരങ്ങാനം 12 ാം വാർഡിൽ പുതിയ കുടിവെള്ള പദ്ധതി 20 ലക്ഷം
നാരങ്ങാനം നാലാം വാർഡിൽ 50 ലക്ഷത്തിന്റെ കുടിവെള്ള പദ്ധതി

കാർഷികരംഗം

കിടങ്ങന്നൂരിൽ ആധുനിക മാർക്കറ്റ് നിർമ്മാണവും മാലിന്യ സംസ്‌കരണകേന്ദ്രവും( കേരളത്തിലെ രണ്ടാമത്തെ വലിയ കോളനിയായ എഴിക്കാട് കോളനിയിൽ 1 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തുന്നു. സ്റ്റിച്ചിങ് യൂണിറ്റും ഗ്രൗണ്ടും ഉൾപ്പടെ. അവിടുത്തെ ജനങ്ങൾക്കുൾപ്പടെ പ്രയോജനപ്പെടുന്ന മാർക്കറ്റ്)45 ലക്ഷം
ജൈവകൃഷി വ്യാപകമായുള്ള ഇരവിപേരൂരിൽ വെജിറ്റബിൾ പ്രൊസസിംങ് യൂണിറ്റ്25 ലക്ഷം

സ്പോർട്സ് അക്കാഡമി

പ്രക്കാനത്ത് വോളിബോൾ അക്കാഡമി( നിലവിൽ കായികതാരങ്ങൾ താമസിക്കുന്നത് വാടകമുറിയിൽ, പരിമിതമായ സാഹചര്യങ്ങളിൽ)45 ലക്ഷം
സ്ത്രീസൗഹൃദം

യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പ്രത്യേകിച്ചും പ്രയോജനകരമാവുന്ന ട്രാവല്ലേഴ്‌സ് ലൗഞ്ച് പത്തനംതിട്ടയിൽ 60 ലക്ഷം

ഗ്രാമീണറോഡുകൾ

12 പഞ്ചായത്തിലും പത്തനംതിട്ട മുനിസിപ്പാലിറ്റിയിലുമായി സഞ്ചാരയോഗ്യമല്ലാത്ത ചെറുതും വലുതുമായ 20 ഓളം റോഡുകളുടെ നവീകരണം
(ഇനിയുമുണ്ട് പ്രോജക്ടുകൾ. പിന്നാലെ ഫോട്ടോകൾ സഹിതം നൽകുന്നതാണ്.)

വീണയ്‌ക്കെതിരേ ഉയർന്ന ആരോപണം ഇതായിരുന്നു

വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര ഫണ്ട് പൂർണമായും വിനിയോഗിച്ചെന്നും വീണ ജോർജ് ചില്ലി കാശ് വിനിയോഗിച്ചില്ലെന്നുമായിരുന്നു വിവരാവാകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിൽ പുറത്തുവന്ന വാർത്ത. 2016-17 സാമ്പത്തിക വർഷം നാടിന്റെ വികസനത്തിനു വേണ്ടി വിനിയോഗിക്കാൻ വീണാ ജോർജിന് പ്രഥമ എംഎൽഎ. ഫണ്ടായി ലഭിച്ച ഒരു കോടി രൂപയിൽ നിന്നും ആറന്മുള മണ്ഡലത്തിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നായിരുന്നു വിവരാവകാശ രേഖയിൽ വ്യക്തമായത്. എംഎൽഎമാരുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞു കൊണ്ട് വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്ക്ക് പത്തനംതിട്ട അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണർ ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥനിൽ നിന്നാണ് ഈ മറുപടി ലഭിച്ചത്.

പത്തനംതിട്ട ജില്ലയിൽ 201617 സാമ്പത്തിക വർഷം എംഎൽഎ ഫണ്ടായി ലഭിച്ച ഒരു കോടി രൂപയിൽ 7,05,373 രൂപ റാന്നി എംഎൽഎ രാജു ഏബ്രഹാം ചെലവഴിച്ചെന്നും രാജു ഏബ്രഹാമാണ് ഈ പട്ടികയിൽ ജില്ലയിൽ ഒന്നാമതായതെന്നും രേഖ വ്യക്തമാക്കിയിരുന്നു. മന്ത്രിയും തിരുവല്ല എംഎൽഎയുമായ മാത്യു ടി. തോമസ്, അടൂർ പ്രകാശ്, ചിറ്റയം ഗോപകുമാർ എന്നിവരും ഒരു രൂപ പോലും വിനിയോഗിച്ചിട്ടില്ല. എങ്കിലും കഴിഞ്ഞ നിയമസഭാംഗങ്ങളായിരുന്ന കാലയളവിൽ എംഎൽഎ ഫണ്ടിൽ ഉണ്ടായിരുന്നതും പ്രൊപ്പോസൽ നൽകിയതുമായ തുക 2016-17 സാമ്പത്തിക വർഷം അടൂർ പ്രകാശ് 1,67,83,889 രൂപയും, ചിറ്റയം ഗോപകുമാർ 89,73,552 രൂപയും മാത്യു ടി. തോമസ് 1,38,05,765 രൂപയും രാജു ഏബ്രഹാം 80,84,241 രൂപയും ചെലവഴിച്ചിട്ടുണ്ടെന്നും രേഖ വ്യക്തമാക്കി.

വീണാ ജോർജ് മുൻ എംഎൽഎ ഫണ്ടായിരുന്ന 83,92,917 രൂപ ചെലവഴിച്ചതായി രേഖയുണ്ടെങ്കിലും ആയത് മുൻ എംഎൽഎ കെ ശിവദാസൻ നായർക്ക് അനുവദിച്ചിരുന്നതും അദ്ദേഹത്തിന്റെ കാലയളവിൽ ചെലവഴിക്കുന്നതിന് പ്രൊപ്പോസൽ നൽകിയതുമാണെന്നായിരുന്നു പ്രചാരണം. അത് താൻ ചെലവഴിച്ചതാണെന്ന് അവകാശപ്പെടാൻ വീണാ ജോർജിന് സാധിക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. മുൻ എംഎൽഎയുടെ ഫണ്ട് ഉൾപ്പടെ വീണാ ജോർജിന്റെ എംഎൽഎ ഫണ്ടിൽ 1,76,01,414 രൂപ അവശേഷിക്കുന്നുണ്ട്. അതിൽ 76,01,414 രൂപ മുൻ ഫണ്ടാണ്. 2016-17 സാമ്പത്തിക വർഷം നാടിന്റെ വികസനത്തിനായി വിനിയോഗിക്കുവാൻ നൽകിയ ഒരു കോടി രൂപ ഒന്നിനും ചെലവഴിക്കാതെ വീണാ ജോർജിന്റെ ഫണ്ടിൽ ഇന്നും നീക്കിയിരിപ്പായി അവശേഷിക്കുകയാണെന്നും വിവരാവകാശ രേഖ വ്യക്തമാക്കിയിരുന്നു.

ഈ വിവരം പുറത്തു വിട്ടതിന് എംഎൽഎ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും വിവരാവകാശ മറുപടി തെറ്റാണെന്ന് അറിയിച്ചുവെന്നും റഷീദ് ആനപ്പാറ പറയുന്നു. അതേസമയം, ശിവദാസൻ നായരുടെ ഫണ്ട് വിനിയോഗിച്ചുവെന്ന് എംഎൽഎ സമ്മതിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ വീണാ ജോർജ് ചില്ലിക്കാശ് ചെലവഴിച്ചില്ലെന്ന ആരോപണം ഉയർന്നപ്പോഴാണ് മണ്ഡലത്തിൽ ചെയ്ത പ്രവൃത്തികളുടെ എണ്ണവും ചെലവഴിച്ച തുകയും വ്യക്തമാക്കി വീണ രംഗത്തു വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP