Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീണാ ജോർജിന് മാധ്യമ പ്രവർത്തനത്തിലെ ഗ്ലാമർ എംഎൽഎ ആയപ്പോൾ എവിടെ പോയി? എംഎൽഎ ഫണ്ടിൽ നിന്നും ഒരു രൂപ പോലും ചെലവഴിക്കാതെ വീണ; എംഎൽഎ ആയി സ്ഥാനമേറ്റതിന് ശേഷം ലഭിച്ച ഒരു കോടി രൂപ ഫണ്ടിൽ നീക്കിയിരിപ്പായി ഭദ്രം! പണം വിനിയോഗത്തിൽ മുന്നിൽ പുതുമുഖ എംഎൽഎ അനിൽ അക്കര

വീണാ ജോർജിന് മാധ്യമ പ്രവർത്തനത്തിലെ ഗ്ലാമർ എംഎൽഎ ആയപ്പോൾ എവിടെ പോയി? എംഎൽഎ ഫണ്ടിൽ നിന്നും ഒരു രൂപ പോലും  ചെലവഴിക്കാതെ വീണ; എംഎൽഎ ആയി സ്ഥാനമേറ്റതിന് ശേഷം ലഭിച്ച ഒരു കോടി രൂപ ഫണ്ടിൽ നീക്കിയിരിപ്പായി ഭദ്രം! പണം വിനിയോഗത്തിൽ മുന്നിൽ പുതുമുഖ എംഎൽഎ അനിൽ അക്കര

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മാധ്യമപ്രവർത്തനത്തിലൂടെ നേടിയെടുത്ത ഗ്ലാമർ കൂടി സഹായിച്ചാണ് വീണാ ജോർജ് ആറന്മുള എംഎൽഎയായത്. എന്നാൽ, മാധ്യമ വാചകമടി ജനപ്രതിനിധിയായപ്പോഴില്ലെന്നാണ് വിവരാവകാശ രേഖകൾ പറയുന്നത്.  കഴിഞ്ഞ സാമ്പത്തിക വർഷം വീണാ ജോർജ് എംഎൽഎയുടെ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. അതേസമയം കോൺഗ്രസിന്റെ യുവനേതാവ് അനിൽ അക്കര മുഴുവൻ ഫണ്ടും വിനിയോഗിച്ച് കന്നി എംഎൽഎമാരിൽ മുന്നിലെത്തി.

2016-17 സാമ്പത്തിക വർഷം നാടിന്റെ വികസനത്തിനു വേണ്ടി വിനിയോഗിക്കാൻ വീണാ ജോർജിന് പ്രഥമ എംഎ‍ൽഎ. ഫണ്ടായി ലഭിച്ച ഒരു കോടി രൂപയിൽ നിന്നും ആറന്മുള മണ്ഡലത്തിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ പറയുന്നു. കഴിഞ്ഞ വർഷം ജൂൺ രണ്ടിന് എംഎൽഎ ആയി സ്ഥാനമേറ്റതിന് ശേഷം വീണാ ജോർജിനു ലഭിച്ച ഒരു കോടി രൂപ ഇന്നും അവരുടെ എംഎൽഎ ഫണ്ടിൽ നീക്കിയിരിപ്പായി അവശേഷിക്കുകയാണെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

എംഎൽഎമാരുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞു കൊണ്ട് വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്ക്ക് പത്തനംതിട്ട അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മിഷണർ ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങൾ വെളിവാകുന്നത്.

പത്തനംതിട്ട ജില്ലയിൽ 2016-17 സാമ്പത്തിക വർഷം എംഎൽഎ ഫണ്ടായി ലഭിച്ച ഒരു കോടി രൂപയിൽ 7,05,373 രൂപ എങ്കിലും ചെലവഴിച്ച് റാന്നി എംഎൽഎ രാജു ഏബ്രഹാം ഒന്നാമനായി. മന്ത്രിയും തിരുവല്ല എംഎൽഎയുമായ മാത്യു ടി. തോമസ്, അടൂർ പ്രകാശ്, ചിറ്റയം ഗോപകുമാർ എന്നിവരും ഒരു രൂപ പോലും വിനിയോഗിച്ചിട്ടില്ല. എങ്കിലും കഴിഞ്ഞ നിയമസഭാംഗങ്ങളായിരുന്ന  കാലയളവിൽ എംഎൽഎ ഫണ്ടിൽ ഉണ്ടായിരുന്നതും പ്രൊപ്പോസൽ നൽകിയതുമായ തുക 2016-17 സാമ്പത്തിക വർഷം അടൂർ പ്രകാശ് 1,67,83,889 രൂപയും, ചിറ്റയം ഗോപകുമാർ 89,73,552 രൂപയും മാത്യു ടി. തോമസ് 1,38,05,765 രൂപയും രാജു ഏബ്രഹാം 80,84,241 രൂപയും ചെലവഴിച്ചിട്ടുണ്ട്.

വീണാ ജോർജ് മുൻ എംഎൽഎ ഫണ്ടായിരുന്ന 83,92,917/ രൂപ ചെലവഴിച്ചതായി രേഖയുണ്ടെങ്കിലും ആയത് മുൻ എംഎൽഎ കെ ശിവദാസൻ നായർക്ക് അനുവദിച്ചിരുന്നതും അദ്ദേഹത്തിന്റെ കാലയളവിൽ ചെലവഴിക്കുന്നതിന് പ്രൊപ്പോസൽ നൽകിയതുമാണ്. അത് താൻ ചെലവഴിച്ചതാണെന്ന് അവകാശപ്പെടാൻ വീണാ ജോർജിന് സാധിക്കില്ല. മുൻ എംഎൽഎയുടെ ഫണ്ട് ഉൾപ്പടെ വീണാ ജോർജിന്റെ എംഎൽഎ ഫണ്ടിൽ 1,76,01,414 രൂപ അവശേഷിക്കുന്നുണ്ട്. അതിൽ 76,01,414 രൂപ മുൻ ഫണ്ടാണ്. 2016-17 സാമ്പത്തിക വർഷം നാടിന്റെ വികസനത്തിനായി വിനിയോഗിക്കുവാൻ നൽകിയ ഒരു കോടി രൂപ ഒന്നിനും ചെലവഴിക്കാതെ വീണാ ജോർജിന്റെ ഫണ്ടിൽ ഇന്നും നീക്കിയിരിപ്പായി അവശേഷിക്കുകയാണെന്നും വിവരാവകാശ രേഖ പറയുന്നു.

ഈ വിവരം പുറത്തു വിട്ടതിന് എംഎൽഎ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും വിവരാവകാശ മറുപടി തെറ്റാണെന്ന് അറിയിച്ചുവെന്നും റഷീദ് ആനപ്പാറ പറയുന്നു. അതേസമയം, ശിവദാസൻ നായരുടെ ഫണ്ട് വിനിയോഗിച്ചുവെന്ന് എംഎൽഎ സമ്മതിക്കുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP