Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരുന്നുകളെയും 'വെജിറ്റേറിയൻ' ആക്കുന്നു! മൃഗകോശങ്ങളിൽനിന്നുള്ള ഗുളികകൾക്ക് പകരം സസ്യകോശങ്ങൾ ഉപയോഗിക്കാൻ നീക്കം; സസ്യഭുക്കുകളുടെ വികാരം വ്രണപ്പെടുമെന്ന് ന്യായം; മോദി സർക്കാരിന്റെ നടപടി പരമാബദ്ധമെന്ന് ശാസ്ത്രലോകം; ഇടപെടൽ ബീഫ് നിരോധനത്തിന്റെ തുടർച്ചയോ?

മരുന്നുകളെയും 'വെജിറ്റേറിയൻ' ആക്കുന്നു! മൃഗകോശങ്ങളിൽനിന്നുള്ള ഗുളികകൾക്ക് പകരം സസ്യകോശങ്ങൾ ഉപയോഗിക്കാൻ നീക്കം; സസ്യഭുക്കുകളുടെ വികാരം വ്രണപ്പെടുമെന്ന് ന്യായം; മോദി സർക്കാരിന്റെ നടപടി പരമാബദ്ധമെന്ന് ശാസ്ത്രലോകം; ഇടപെടൽ ബീഫ് നിരോധനത്തിന്റെ തുടർച്ചയോ?

കെ.വി നിരഞ്ജൻ

ന്യൂഡൽഹി: മയിൽ കണ്ണീർകുടിച്ച് പ്രജനനം നടത്തുന്ന ജീവിയാണെന്നും, പശു ഓക്‌സിജൻ ശ്വസിച്ച് ഓക്‌സിജൻ പുറത്തുവിടുന്ന ലോകത്തിലെ ഏക ജീവിയാണെന്നൊക്കെ പ്രചരിപ്പിച്ച് ലോകത്തിനുമുന്നിൽ വികലമായ ശാസ്ത്രബോധത്തിന്റെ പേരിൽ നാണം കെട്ടവരാണ് നാം. ഇപ്പോഴിതാ ഇന്ത്യൻ ശാസ്ത്രലോകത്തിന്റെ കടുത്ത എതിർപ്പ് മറികടന്ന് മരുന്നുകളെപ്പോലും കാവിവത്ക്കരിക്കാനുള്ള ശ്രമത്തിലാണ് മോദി സർക്കാർ!

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുതിയ നീക്കം രോഗികൾക്കായി 'വെജിറ്റേറിയൻ ഗുളികകൾ' എത്തിക്കുകയെന്നതിലാണ്. അതായത് മൃഗകോശങ്ങളിൽനിന്നുള്ള രാസവസ്തുക്കളൊക്കെ ഉപയാഗിച്ച് ഇന്നുണ്ടാക്കുന്ന ക്യാപ്‌സൂളുകൾക്ക് പകരം സസ്യകോശങ്ങൾ ഉപയോഗിക്കാനാണ് തീരുമാനം.ഇതിനായി വെജിറ്റേറിയൻ അല്ലാത്ത ക്യാപ്‌സൂളുകൾ നീക്കംചെയ്യാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഇത് ശുദ്ധ അസംബദ്ധവും വിഡ്ഡിത്തവുമാണെന്ന് പ്രമുഖ ശാസ്ത്രജ്ഞൻ ഒക്കെ പറഞ്ഞിട്ടും കേന്ദ്രം നടപടികളുമായി മുന്നോട്ടുപോവുകയാണ്.ബീഫ് നിരോധനം വെറുമൊരു ഭക്ഷണ പ്രശ്‌നമല്‌ളെന്നും അത് കൃത്യമായ സംഘി അജണ്ടയായിരുന്നെന്നും കൂടി മരുന്നുവിഷയം വെളിപ്പെടുത്തുകയാണ്.

കേന്ദ്രമന്ത്രി മേനകാഗാന്ധിയുടെ ശക്തമായ സമ്മർദ്ദമാണ് ഇതിന് കാരണമായി പറയുന്നത്.നിലവിൽ ജലാറ്റിൻകൊണ്ടാണ് മിക്ക ഗുളികളും പൊതിയുന്നത്.മൃഗകോശങ്ങളിലെ പ്രോട്ടീനായ കൊളാജനിൽ നിന്നാണ് ഇത് എടുക്കുന്നത്.പക്ഷേ ഇത് മൃഗങ്ങളിൽ നിന്നുള്ളതായതിനാൽതന്നെ ലക്ഷക്കണക്കിന്വരുന്ന സസ്യഭുക്കുകളുടെ വികാരം വ്രണപ്പെടുന്നുവെന്നും അവർ ഇത്തരം ക്യാപ്‌സൂളുകൾ ഒഴിവാക്കുന്നുവെന്നുമാണ് 2016 മാർച്ചിൽ മേനക, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദക്ക് നൽകിയ നിവേദനത്തിൽ പറയുന്നത്. ജെയിൻ സമുദായത്തിനിന്നുള്ള ചിലരുടെ പരാതി ഇക്കാര്യത്തിൽ തനിക്ക് കിട്ടിയിട്ടുണ്ടെന്നുമാണ് അവർ പറയുന്നത്.

ഇതേതുടർന്നാണ് പ്രമുഖ ശാസ്ത്രജ്ഞർ അടങ്ങുന്ന ഡ്രഗ് ആൻഡ് ടെക്ക്‌നിക്കൽ അഡൈ്വസറി ബോർഡിന്റെ (ഡി.എ.ടി.ബി) ഉപദേശം സർക്കാർ തേടിയത്. ഇത് ശുദ്ധ അസംബദ്ധമാണെന്നും ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ രംഗത്തെതന്നെ തകർക്കുമെന്നുമായിരുന്നു ഡി.എ.ടി.ബി മറുപടി നൽകിയത്.മൃഗത്തിൽനിന്ന് എടുത്തതായാലും സസ്യത്തിൽ നിന്നെടുത്തതായാലും അവയുടെ കെമിക്കൽ കോമ്പിനേഷൻ ഒന്നാണെന്നും പിന്നെ എങ്ങനെയാണ് ഈ വേർതിരിവ് പറയാൻ കഴിയുകയെന്നും ശാസ്ത്രജ്ഞർ ചോദിച്ചു. മാത്രമല്ല ബാക്ടീരിയയിൽനിന്നും വൈറസിൽനിന്നുവരെ പ്രതിദ്രവ്യങ്ങൾ ശേഖരിച്ച് നാം ആന്റിബയോട്ടിക്കായും വാക്‌സിനായും ഉപയോഗിക്കുന്നുണ്ട്.

ഇവയൊക്കെ എങ്ങനെയാണ് വെജിറ്റേറിയൻ, നോൺവെജിറ്റേറിയൻ എന്ന് തിരിക്കാൻ കഴിയുകയെന്നും ശാസ്ത്ര സംഘം ചോദിച്ചു. കൂടാതെ മൃഗകോശങ്ങളിൽനിന്ന് വേർതിരക്കുന്ന അത്ര എളുപ്പമല്ല സസ്യകോശങ്ങളിൽനിന്ന് കൊളാജൻ വേർതിരിക്കാൻ. ചെലവിലും വലിയ വ്യത്യാസമുണ്ട്. ആ രീതിയിൽ നോക്കുമ്പോൾ മരുന്ന് ഉൽപ്പാദനും വൻതോതിൽ ഇടിയുകയും, വൻ വിലക്കയറ്റം ഉണ്ടാവുകയും ചെയ്യുമെന്നും ശാസ്ത്രസംഘം മുന്നറിയിപ്പ് നൽകി. അവർ നൽകിയ റിപ്പോർട്ടിൽ ഒരു കെമിക്കലിനെ വെജിറ്റേറിയൻ എന്നോ നോൺ വെജിറ്റേറിയൻ എന്നോ വേർതിരിച്ച് കാണാനാവില്‌ളെന്നും ഇത് അശാസ്ത്രീയമാണെന്നും എടുത്തുപറയുന്നുണ്ട്.

എന്നാൽ കേന്ദ്ര സർക്കാർ ഈ വിശദീകരണത്തിലൊന്നും തൃപ്തരായില്ല.വെജിറ്റേറിയൻ ക്യാപ്‌സൂൾ നിർമ്മാണം പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ വെക്കുകയാണ് അവർ ചെയതത്.കേന്ദ്ര ഡ്രഗ് കൺട്രോളർ ജി.എൻ. സിങ്ങിന് ഇതിന്റെ ചുമതലും നൽകി.ഇപ്പോൾ ഇവർ വളരെ വേഗത്തിൽ കാര്യങ്ങൾ മുന്നോട്ടുനീക്കുകയാണ്. ഇതിന്റെ ആദ്യപടിയാണ് വെജിറ്റേറിയൻ അല്ലാത്ത ഗുളികകൾ പ്രോൽസാഹിപ്പിക്കേണ്ട എന്ന തീരുമാനം.കഴിഞ്ഞ മെയ് 21ന് ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഈ വിദഗ്ധ സമിതി യോഗം വെജിറ്റേറിയൻ ക്യാപസ്യൂളുകൾക്കായുള്ള നടപടികൾ ത്വരിതപ്പെടുത്താനാണ് തീരുമാനിച്ചത്.ഡി.ടി.എ.ബിയിലെ ശാസ്ത്രജ്ഞരുടെ എതിർപ്പൊന്നും ഇവിടെ വിലപ്പോയിട്ടില്ല. വെജിറ്റേറിയൻ മരുന്നുകൾ എളുപ്പത്തിൽ ദഹിക്കുമൊന്നൊക്കെയുള്ള തൊടുന്യായങ്ങളാണ് ഇവിടെയും ഉയർത്തുന്നത്.പൗരാണിക ഭാരതത്തിൽ ഇത്തരം മരുന്നുകൾ ചരകനും ശുശുത്രനുമൊക്കെ ഉപയോഗിച്ചിരുന്നുവെന്നാണ് സംഘി ബന്ധമുള്ള ശാസ്ത്രജ്ഞൻ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ കുറേക്കാലമായി സംഘപരിവാറിന്റെ നേതൃത്വത്തിൽ ശാസ്ത്ര-ചരിത്ര-വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിൽ നടക്കുന്ന കാവിവത്ക്കരണത്തിന്റെ ഒടുവിലത്തെ രംഗമാണിതെന്ന് രാമചന്ദ്രഗുഹയെയും അരുദ്ധതിറോയിയേയും പോലുള്ള ബുദ്ധിജീവികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.ഇന്ത്യയിലെ പ്രമുഖരായ ശാസ്ത്രജ്ഞർ നിരന്തരം എതിർത്തിട്ടും മിത്തുകളെയും ഐതീഹ്യങ്ങളെയും പുരാണ കഥകളെയും ശാസ്ത്രസത്യമെന്ന പേരിൽ അവതരിപ്പിക്കുന്ന പരിപാടികളാണ് നിർബാധം നടക്കുന്നത്.

കഴിഞ്ഞവർഷം മുംബൈയിൽ നടന്ന ശാസ്ത്ര കോൺഗ്രസിൽ അവതരിക്കപ്പെട്ട 'പ്രബന്ധങ്ങൾ' ഇത്തരത്തിലായിരുന്നു.ഗ്രഹങ്ങളിൽനിന്ന് ഗ്രഹങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയുന്ന മനുഷ്യൻ ഓടിക്കുന്ന വേദിക്ക് വിമാനമാണ് അതിൽ പ്രധാനം! വേദിക്ക് കാലഘട്ടത്തിൽ നിലനിന്നിരുന്ന ഈ വിമാനം പുനരാവിഷ്‌ക്കരിക്കാൻ കഴിയുമെന്നാണ് പ്രബന്ധകർത്താക്കൾ പറയുന്നത്. അതുപോലെതന്നെ ബ്രഹ്മാസ്ത്രംപോലുള്ള ഒരു ആധുനിക ആയുധത്തെക്കുറിച്ചും ശാസ്ത്ര കോൺഗ്രസിൽ ചർച്ചകൾ വന്നു!

പുഷ്പകവിമാനവും ബ്രഹ്മാസ്ത്രവുമൊക്കെ വെറും പുരാണ കഥകൾമാത്രമാണെന്നും, സങ്കീർണ്ണമായ ബഹിരാകാശ പേടകങ്ങൾക്കല്ലാതെ വിമാനത്തിൽ ഗ്രഹങ്ങളിൽനന്ന് ഗ്രഹങ്ങളിലേക്ക് സഞ്ചരിക്കാനാവില്‌ളെന്നും ആധുനിക ശാസ്ത്രജ്ഞർ കൃത്യമായി പറഞ്ഞിട്ടും ഈ പ്രബന്ധങ്ങൾ അവതരിപ്പക്കാൻ അനുവദി നൽകപ്പെട്ടു. ഫലമോ ലോകരാഷ്ട്രങ്ങളുടെ മുമ്പിൽ ഇന്ത്യ വല്ലാതെ നാണംകെട്ടു. 'ഇന്ത്യയിൽ കെട്ടുകഥകൾ ശാസ്ത്രമാവുന്നു' എന്ന് പരിഹസിച്ചാണ് ന്യയോർക്ക് ടൈംസിൽ ഇതുസംബന്ധിച്ച് ലേഖനം വന്നത്.

ഇപ്പോൾ ആയുഷ് ആൻഡ് യോഗ വകുപ്പ് വന്നതോടെ ഇത്തരം 'പൗരാണിക പ്രപഞ്ചസത്യങ്ങളുടെ' ഗവേഷണത്തിന് കോടികളുടെ ഫണ്ടാണ് കേന്ദ്രസർക്കാർ അനുവദിച്ചത്.അതിലൊന്നാണ് ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാനായി ഹനുമാൻ മരുത്വാമലയിൽനിന്ന് കൊണ്ടുവന്നതായി രാമായണത്തിൽ പറയുന്ന, മരിച്ചയാളെ ജീവിപ്പിക്കാൻ കഴിയുന്ന സകലരോഗത്തിനും ഒറ്റമൂലിയായ മൃതസഞ്ജീവനിക്കായുള്ള അന്വേഷണം. ഇതിനായി ഒരു പ്രത്യകേ 'ഗവേഷണ സംഘത്തെയും' രൂപവത്ക്കിരിച്ചിട്ടുണ്ട്.110വയസ്സുവരെ യൗവനം നിലനിർത്താനുള്ള ശിവഗുളികൾക്കായും ഗവേഷണം പുരോഗമിക്കയാണ്.

പശുവിന്റെ മൂത്രത്തിന്റെ ഔഷധഗുണത്തെക്കുറിച്ച് കെട്ടുകണക്കിന് 'പഠനങ്ങളും ഗവേഷണങ്ങളുമാണ്' ഇപ്പോൾ രാജ്യത്ത് നടക്കുന്നത്.ഇതിന്റെയൊക്കെ ഭാഗമായിട്ടായിരിക്കണം പശു ഓക്‌സിജൻ പുറത്തുവിടുന്ന ദിവ്യമൃഗമാണെന്നൊക്കെയുള്ള ധാരണ പരന്നത്.പക്ഷേ ഗോമൂത്രവും ചാണകുമൊക്കെ സസ്യങ്ങൾക്ക് വളമാണെന്നല്ലാതെ മനുഷ്യന് ഹാനികരംതന്നെയാണെന്നാണ് ആധുനിക ശാസ്ത്രം വളരെ മുമ്പ് എത്തിയ നിഗമനം.

കൃഷിയിലും കാവിവത്ക്കരണം പ്രകടമാണ്. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചർ റിസേർച്ചിനോടുവരെ, കേന്ദ്ര കാർഷിക മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത് 'വേദിക്ക് അഗ്രികൾച്ചറിൽ ' കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്.അതായത് കൃഷിയിടത്തിൽ യാഗവും ഹോമവുമൊക്കെ ചെയ്ത് വിത്തെറിയുക. അങ്ങനെ വന്നാൽ കൂടുതൽ വിളവ് കിട്ടുമത്രേ! ഇതും കോടികൾ ഫണ്ടുകിട്ടുന്ന വലിയൊരു 'ശാസ്ത്ര ശാഖയാണ്'.ഇതിന്റെയൊക്കെ തുടർച്ചയാണ് ഇപ്പോൾ ഔഷധഗവേഷണത്തിലും സംഭവിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP