Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'വാലല്ലാത്തതെല്ലാം അളയിലാക്കി. ഇനിയെന്താ വേണ്ടത്?, ഒരു മന്ത്രി'; 'ഇതിനെക്കാൾ വലിയ പെരുന്നാൾ വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല'; എസ്എൻഡിപി യോഗം എന്ന ആനയെ ഏലക്കകൊണ്ട് എറിഞ്ഞാൽ ഒരു പുല്ലും സംഭവിക്കില്ല; ആന അറിയുക പോലുമില്ല; വിമത നീക്കം നടത്തുന്ന സുഭാഷ് വാസുവിനെതിരെ തുറന്നടിച്ച് വെള്ളാപ്പള്ളി നടേശൻ

'വാലല്ലാത്തതെല്ലാം അളയിലാക്കി. ഇനിയെന്താ വേണ്ടത്?, ഒരു മന്ത്രി'; 'ഇതിനെക്കാൾ വലിയ പെരുന്നാൾ വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല'; എസ്എൻഡിപി യോഗം എന്ന ആനയെ ഏലക്കകൊണ്ട് എറിഞ്ഞാൽ ഒരു പുല്ലും സംഭവിക്കില്ല; ആന അറിയുക പോലുമില്ല; വിമത നീക്കം നടത്തുന്ന സുഭാഷ് വാസുവിനെതിരെ തുറന്നടിച്ച് വെള്ളാപ്പള്ളി നടേശൻ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: തനിക്കെതിരെ വിമത നീക്കം നടത്തുന്ന ബിഡിജെഎസ് ജനറൽ സെക്രട്ടറിയും മാവേലിക്കര എസ്എൻഡിപി യൂണിയൻ പ്രസിഡന്റുമായ സുഭാഷ് വാസുവിനെതിരെ തുറന്നടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മൈക്രോ ഫിനാൻസുമായി ബന്ധങ്ങളിൽ കഴമ്പുണ്ടെന്നു കണ്ടതുകൊണ്ടാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡംഗം, സ്പൈസസ് ബോർഡ് ചെയർമാൻ, എസ്എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം, മാവേലിക്കര യൂണിയൻ തുടങ്ങിയ സ്ഥാനങ്ങൾ സുഭാഷ് വാസുവിന് നൽകി. അതുകൊണ്ട് അർഹതപ്പെട്ട സ്ഥാനങ്ങൾ കിട്ടുന്നില്ലെന്ന ആക്ഷേപത്തിൽ കഴമ്പില്ല. വെള്ളാപ്പള്ളി നടേശൻ എൻജീനിയറിങ് കോളജ് ഹൈജാക്ക് ചെയ്ത് കൈക്കലാക്കി. വാലല്ലത്തതെല്ലാം അളയിലാക്കി. ഇനിയെന്താ വേണ്ടത്?. ഇനി ഒരു മന്ത്രിവേണം അല്ലേയെന്നും പരിഹസിച്ചു.

കേരളത്തിൽ എസ്എൻഡിപിക്ക് 140 ഓളം യൂണിയനുകളുണ്ട്. അതിൽ 14 യൂണിയൻ സെക്രട്ടറിമാരും പ്രസിഡന്റുമാരും ചേർന്ന് തീരുമാനിച്ചാൽ വെള്ളാപ്പള്ളി നടേശൻ വെള്ളത്തിലാകില്ല. എസ്എൻഡിപി യോഗം എന്ന ആനയെ ഏലക്കകൊണ്ട് എറിഞ്ഞാൽ ഒരു പുല്ലും സംഭവിക്കില്ല. ആന അറിയുക പോലുമില്ല. ഇതിനെക്കാൾ വലിയ പെരുന്നാൾ വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നേരത്തെ എസ്എൻഡിപി ഭരണനേതൃത്വം പിടിക്കാൻ ശ്രമിച്ച് പുറത്തുപോയവരിൽ ഒരു വിഭാഗത്തിന്റെ പിന്തുണ സുഭാഷ് വാസുവിനൊപ്പം വിമത നീക്കത്തിലുണ്ട്. അടുത്ത കാലം വരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായിരുന്ന സുഭാഷ് വാസു. എസ്എൻഡിപി താലൂക്ക് യൂണിയൻ പ്രസിഡന്റിന് പുറമെ ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം. എന്നാൽ ബിഡിജെഎസിലെയും എസ്എൻഡിപിയിലെയും ഉന്നത പദവി നൽകാത്തതിനെ ചൊല്ലി സുഭാഷ് വാസുവും നേതൃത്വവുമായി അഭിപ്രായഭിന്നയുണ്ടായി.

പിന്നാലെ എസ്എൻഡിപിയുടെ ഭാരവാഹികളിൽ ചിലരെ തന്റെ പക്ഷത്ത് നിർത്തി വെള്ളാപ്പള്ളിക്കെതിരെ സുഭാഷ് വാസു വിമതനീക്കം ശക്തമാക്കി. അതിനു ശേഷമാണ് മൈക്രോഫിനാൻസ് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

എസ്എൻഡിപി യോഗത്തെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്ന് സുഭാഷ് വാസു ആരോപിക്കുന്നു. യോഗത്തിൽ വലിയ ക്രമക്കേടുകൾ നടക്കുന്നുണ്ട്. വൈകാതെ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തും. സംഘടന പിളർത്താനുള്ള അംഗബലം തന്റെ ഒപ്പമുണ്ടെന്നും സുഭാഷ് വാസു അവകാശപ്പെടുന്നു. നേരത്തെ എസ്എൻഡിപി വിട്ട് പുറത്ത് പോയ ഗോകുലം ഗോപലന്റെ അടക്കം പിന്തുണ സുഭാഷ് വാസുവിന് ഉണ്ടെന്നാണ് സൂചന. ഇതോടൊപ്പം ടി.പി സെൻകുമാറിനെ മുന്നിൽ നിർത്തി ബിജെപിയിലെ ഒരു വിഭാഗവും എസ്എൻഡിപി പിളർത്താൻ ശ്രമിക്കുന്നുണ്ട്. അതേസമയം, സംഘടനയിലെ പൊട്ടിത്തെറിയെക്കുറിച്ച് പരസ്യപ്രതികരണത്തില്ലെന്ന് വെള്ളപ്പാള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും പറഞ്ഞു.

സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം അടക്കം എല്ലാം നൽകിയിട്ടും സുഭാഷ് വാസു നേതൃത്വത്തിന് എതിരെ തിരിഞ്ഞതിൽ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് ഒദ്യോഗിക വിഭാഗം. പരമാവധി താലൂക്ക് യൂണിയനുകളിൽ പ്രമേയം പാസാക്കി സുഭാഷ് വാസുവിനെയും കൂട്ടരെയും പുറത്താക്കാനുള്ള നീക്കം നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP