Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളാപ്പള്ളിക്ക് എതിരെ മത്സരമുറപ്പാക്കി സിപിഐ(എം); എസ് എൻ ഡി പിയിലെ വിമതർക്ക് ശിവഗരി മഠവും പിന്തുണ നൽകും; മകനെ അധികാര കസേരയിൽ എത്തിക്കാനുള്ള ജനറൽ സെക്രട്ടറിയുടെ നീക്കത്തെ ഉയർത്തിക്കാട്ടി എതിർ പാനൽ

വെള്ളാപ്പള്ളിക്ക് എതിരെ മത്സരമുറപ്പാക്കി സിപിഐ(എം); എസ് എൻ ഡി പിയിലെ വിമതർക്ക് ശിവഗരി മഠവും പിന്തുണ നൽകും; മകനെ അധികാര കസേരയിൽ എത്തിക്കാനുള്ള ജനറൽ സെക്രട്ടറിയുടെ നീക്കത്തെ ഉയർത്തിക്കാട്ടി എതിർ പാനൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ് എൻ ഡി പി യൂണിയനിൽ വെള്ളാപ്പള്ളി നടേശന്റെ സർവ്വാധിപത്യമാണ്. നാളെ നടക്കുന്ന തെരഞ്ഞെടുപ്പിൽ വീണ്ടും ജനറൽ സെക്രട്ടറിയായി മത്സരിച്ച് ജയിക്കാൻ ഒരുങ്ങുകയാണ് വെള്ളാപ്പള്ളി. വെള്ളാപ്പള്ളിയുടെ മകൻ തുഷാർ വെള്ളാപ്പള്ളി വൈസ് പ്രസിഡന്റും കുടുംബ സുഹൃത്ത് ഡോക്ടർ സോമൻ പ്രസിഡന്റുമായ പാനലിന് വ്യക്തമായ മുൻതൂക്കമുണ്ട്. എതിരില്ലാതെ തന്നെ ഇവർ തെരഞ്ഞെടുക്കപ്പെടുമെന്നാണ് വിലയിരുത്തൽ. ബഹു ഭൂരിപക്ഷം ശാഖകളിലും മൃഗീയ ഭൂരിപക്ഷമുള്ള വെള്ളാപ്പള്ളിയോട് എതിർത്താൽ പിന്നെ യോഗത്തിനുള്ളിൽ വലിയ സ്ഥാനം പിന്നീട് ഉണ്ടാകില്ല. അതുകൊണ്ട് തന്നെ എതിരില്ലാത്തെ തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു വെള്ളാപ്പള്ളിയും കൂട്ടരും.

എന്നാൽ ബിജെപിയുമായുള്ള വെള്ളാപ്പള്ളിയുടെ കൂട്ടുകെട്ട് ചർച്ചയായതോടെ സിപിഐ(എം) ശക്തമായി രംഗത്ത് എത്തി. ഈഴവരെ ബിജെപി പക്ഷത്ത് കെട്ടാനുള്ള നീക്കം നടക്കില്ലെന്ന് പ്രഖ്യാപിച്ചു. പിന്തുണയുമായി ശിവഗരി മഠത്തിലെ സന്യാസി സമൂഹവും പ്രഖ്യാപനം നടത്തി. ഇതോടെയാണ് യോഗത്തിനുള്ളിൽ വെള്ളാപ്പള്ളിയക്ക് എതിരെ ചില നീക്കങ്ങൾ തുടങ്ങിയത്. സിപിഎമ്മിന്റെ സർവ്വ പിന്തുണയുമുണ്ട്. വെള്ളാപ്പള്ളിയെ ഏകപക്ഷീയ വിജയത്തിന് വിടേണ്ടെന്നാണ് സിപിഐ(എം) തീരുമാനം. അങ്ങനെ നാളത്തെ യോഗം തെരഞ്ഞെടുപ്പിൽ മറ്റൊരു പാനൽ മത്സരിത്തിനെത്തുന്നു. ഞായറാഴ്ച നടക്കുന്ന എസ്.എൻ.ഡി.പി. യോഗം തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിക്കെതിരെ മറ്റൊരു പാനൽ മത്സരിക്കുമെന്നും ഇതിന് ശിവഗിരിമഠം ധർമസംഘം ട്രസ്റ്റിന്റെ പിന്തുണയുണ്ടെന്നും യോഗം മുൻ ജനറൽ സെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ പറഞ്ഞു.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആർ.ഷാജി വെട്ടൂരാൻ, പ്രസിഡന്റ് സ്ഥാനത്തേക്ക് അഡ്വ. ചെറുന്നിയൂർ ജയപ്രകാശ്, ദേവസ്വം സെക്രട്ടറി സ്ഥാനത്തേക്ക് എൻ.ധനേശൻ എന്നിവരാണ് മത്സരിക്കുന്നത്. എസ്.എൻ.ഡി.പി. യോഗം, എസ്.എൻ.ട്രസ്റ്റ് എന്നിവയിൽ വെള്ളാപ്പള്ളി നടേശൻ പുലർത്തുന്ന ആധിപത്യത്തെ ചോദ്യം ചെയ്യാനാണ് എതിർപാനലിൽ മത്സരിക്കുക. വെള്ളാപ്പള്ളിക്കും സോമനും തുഷാറിനും അരയക്കണ്ടി സന്തോഷിനും എതിരെയാണ് സ്ഥാനാർത്ഥികൾ. പരിമാവധി വോട്ട് നേടി യോഗത്തിനുള്ളിൽ വെള്ളാപ്പള്ളിയെ എതിർക്കുന്നവരുമുണ്ടെന്ന് വരുത്തുകയാണ് ലക്ഷ്യം. എസ് എൻ ഡി പിയുമായി അടുത്തു നിൽക്കുന്ന സിപിഐ(എം) സഹയാത്രികർ മുഴുവൻ ഷാജി വെട്ടൂരാന്റെ പാനലിനാകും പിന്തുണ നൽകുക. ഇതിനുള്ള നിർദ്ദേശം സിപിഐ(എം) നൽകി കഴിഞ്ഞു.

90 ലക്ഷത്തോളം വരുന്ന സമുദായംഗങ്ങൾ തന്റെ വരുതിയിലാണെന്ന കുപ്രചാരണം വെള്ളാപ്പള്ളി നടത്തുന്നുണ്ട്. ഈ പേരിൽ രാഷ്ട്രീയകക്ഷികളോട് വിലപേശുന്നു. ബിജെപി. അംഗീകരിക്കാതെ വന്നാൽ സിപിഎമ്മുമായി ചർച്ചയ്ക്ക് തയ്യാറാകുന്നു. യു.ഡി.എഫിൽ നിന്നും പലതും നേടി. ഇപ്പോൾ ട്രസ്റ്റ് വക കോളേജുകളിലെ 125 സീറ്റിലെ നിയമനത്തിന് അംഗീകാരം കിട്ടാൻ വൈകിയപ്പോൾ അവരുമായി പിണക്കത്തിലായി. മകനെ അധികാര കസേരയിൽ എത്തിക്കുകയാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യമെന്നും 16 വർഷം ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന് യോഗത്തിനായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ഗോപിനാഥൻ ആരോപിച്ചു. കിളിമാനൂർ ചന്ദ്രബാബുവിന്റെ പിന്തുണയുമുണ്ട്. ഗോകുലം ഗോപാലൻ, ബിജു രമേശ് എന്നിവർ സംഘടനയ്ക്ക് പുറത്താണ്. എന്നാൽ ഇവർക്കും യോഗത്തിനുള്ളിൽ സാമാന്യം സ്വാധീനമുണ്ട്. ഇതും വെള്ളാപ്പള്ളിക്ക് എതിരായ വോട്ടായി മാറും.

കൊല്ലത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അത് സംഘർഷത്തിലെത്താൻ സാധ്യതയുണ്ട്. വെള്ളാപ്പള്ളിക്ക് എതിരെ മത്സരമുണ്ടായത് കഴിഞ്ഞതിന്റെ മുമ്പത്തെ ടേമിലാണ്. അന്ന് ഗോകുലം ഗോപാലനും ബിജു രമേശും അടക്കമുള്ളവർ മത്സരിച്ചിരുന്നു. അന്ന് വലിയ സംഘർഷമുണ്ടായി. ഇത്തവണയും വെള്ളാപ്പള്ളിക്ക് എതിരെ എതിർശബ്ദമുയരുമ്പോൾ അത് സംഘർഷത്തിന് ഇട നൽകിയേക്കും. ഈ അവസരത്തിൽ ഷാജി വെട്ടൂരാനും സംഘത്തിനും സംരക്ഷണ വലയം തീർത്ത് സിപിഐ(എം) ഉണ്ടാകും. എല്ലാത്തിലും നിർണ്ണായകം ശിവഗിരി മഠത്തിന്റെ പിന്തുണയാണ്. മഠത്തിന്റെ പ്രവർത്തനങ്ങളിൽ കള്ളുക്കച്ചവടക്കാരുടെ പണമുണ്ടെന്ന് പോലും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഇത്തരം ആക്ഷേപമുയർത്തിയ വെള്ളാപ്പള്ളിയ്‌ക്കെതിരെ നിലപാട് എടുക്കണമെന്ന് വോട്ട് ചെയ്യാനെത്തുന്നവരോട് സന്യാസി സമൂഹവും ആവശ്യപ്പെടും.

എന്നാലും യോഗത്തിൽ വെള്ളാപ്പള്ളിയെ അട്ടിമറിക്കാമെന്ന സ്വപ്‌നമൊന്നും എതിർ പാനലിന് ഇല്ല. കാരണം യോഗത്തിന്റെ ഭരണം ഏകപക്ഷീയമായി കൈയാളുന്ന വെള്ളാപ്പള്ളിക്ക് ഒപ്പം അത്രയേറെ സംഘടനാ സംവിധാനമുണ്ട്. എങ്കിലും വെള്ളാപ്പള്ളിയുടെ നയങ്ങളെ എതിർക്കുന്നവർ യോഗത്തിനുള്ളിൽ ഉണ്ടെന്ന് സമൂഹത്തെ അറിയിക്കാനാണ് മത്സരം. വെള്ളാപ്പള്ളിയുടെ ബിജെപി ബന്ധങ്ങളെ പരസ്യമായെതിർത്ത് സിപിഐ(എം) സെക്രട്ടറി പിണറായി വിജയൻ തന്നെ രംഗത്ത് വന്നിരുന്നു. മലബാറിൽ എസ് എൻ ഡി പി യൂണിയനുകളിൽ സിപിഎമ്മിന് വ്യക്തമായ സ്വാധീനമുണ്ട്. ഇത് മുഴുവൻ വെള്ളാപ്പള്ളിക്ക് എതിരായ വോട്ടാക്കാനാണ് നീക്കം.

എന്നാൽ ഒന്നും സംഭവിക്കില്ലെന്നാണ് വെള്ളാപ്പള്ളി പക്ഷത്തിന്റെ നിലപാട്. വലിയ ഭൂരിപക്ഷത്തോടെ ജയിച്ച് തന്റെ നിലപാടുകൾക്ക് യോഗത്തിലുള്ള പിന്തുണ വെള്ളാപ്പള്ളി സമൂഹത്തെ അറിയിക്കുന്ന തെരഞ്ഞെടുപ്പായി ഇത് മാറുമെന്നാണ് അവരുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP