Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്രസമ്മേളനത്തിലൂടെ സമരക്കാർക്കെതിരെ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം സമരം പ്രഖ്യാപിച്ചു തുടക്കം; സമരക്കാരെ ഭിന്നിപ്പിക്കാൻ വെള്ളാപ്പള്ളിയെന്ന വജ്രായുധത്തെ വേണ്ട പോലെ ഉപയോഗിച്ചു മുന്നേറ്റം; പത്തനംതിട്ടയിൽ തുടക്കമിട്ട വിശദീകരണ യോഗം സംസ്ഥാനമൊട്ടുക്ക് വ്യാപിപ്പിച്ചു വെല്ലുവിളിച്ച് മുന്നോട്ട്; ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിസന്ധിയിലായ സർക്കാറിനെ രക്ഷിക്കാൻ പിണറായിയുടെ പൂഴിക്കടകൻ ഇങ്ങനെ

പത്രസമ്മേളനത്തിലൂടെ സമരക്കാർക്കെതിരെ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം സമരം പ്രഖ്യാപിച്ചു തുടക്കം; സമരക്കാരെ ഭിന്നിപ്പിക്കാൻ വെള്ളാപ്പള്ളിയെന്ന വജ്രായുധത്തെ വേണ്ട പോലെ ഉപയോഗിച്ചു മുന്നേറ്റം; പത്തനംതിട്ടയിൽ തുടക്കമിട്ട വിശദീകരണ യോഗം സംസ്ഥാനമൊട്ടുക്ക് വ്യാപിപ്പിച്ചു വെല്ലുവിളിച്ച് മുന്നോട്ട്; ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിസന്ധിയിലായ സർക്കാറിനെ രക്ഷിക്കാൻ പിണറായിയുടെ പൂഴിക്കടകൻ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്. എന്നാൽ, ഈ കോടതി വിധിക്കെതിരായ പ്രക്ഷോഭം എന്ന നിലയിൽ ഇപ്പോൾ നടക്കുന്നത് പിണറായി വിജയൻ നയിക്കുന്ന സർക്കാറിനെതിരായ പ്രതിഷേധമായാണ്. എന്നാൽ, വിധി നടപ്പിലാക്കുമെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമല്ല താനെന്ന് വ്യക്തമാക്കി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിലപാട് സ്വീകരിച്ചത്.

ശബരിമല വിഷയത്തിൽ പന്തളം കൊട്ടാരവും എൻഎസ്എസും സർക്കാറുമായി ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പിന്തുണ നിർണായകമായി മാറിയത്. ഇന്നലെ സുദീർഘമായി നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കുകയുണ്ടായി. നവോത്ഥാന കാലത്തെ കുറിച്ചു ഓർമ്മപ്പെടുത്തി കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. ഈ വിഷയത്തിൽ പ്രതിഷേധിക്കുന്ന സംഘടനകളെയും മുഖ്യമന്ത്രി കാര്യങ്ങൾ എണ്ണിപ്പറഞ്ഞ് പരിഹസിക്കുകയുണ്ടായി. വിശ്വാസികളുടെ വികാരം ആയിരങ്ങളുടെ രൂപത്തിൽ പ്രതിഷേധ സമരമായി രൂപം കൊള്ളുന്ന ഘട്ടത്തിലായിരുന്നു ഏറെ നിർണായകമായ വാർത്താസമ്മേളനം മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് പിന്നാലെയും ശബരിമല വിഷയത്തിൽ ബിജെപിയും ഹിന്ദു സംഘടനകളും പ്രതിഷേധവുമായി മുന്നോട്ടു പോയ ഘട്ടത്തിലാണ് പിണറായി വിജയൻ വജ്രായുധം തന്നെ എടുത്ത് പ്രയോഗിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ തോൽപ്പിക്കുമെന്ന് പറഞ്ഞ് ബിജെപിക്ക് ഒപ്പം കൂടിയ അതേ വെള്ളാപ്പള്ളി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാറിനും വേണ്ടി ശബ്ദിക്കുന്ന അവസ്ഥ വന്നു. മൈക്രോഫിനാൻസ് അടക്കമുള്ള വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന വെള്ളാപ്പള്ളി കിട്ടിയ അവസരത്തിൽ സംസ്ഥാന സർക്കാറിനെ പ്രീതിപ്പെടുത്തി രക്ഷക രൂപത്തിൽ അവതരിച്ചു.

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധിയുടെ മറവിൽ സംസ്ഥാനത്ത് ഹിന്ദുത്വ രാഷ്ട്രീയം വളർത്തിയെടുക്കാമെന്ന ബിജെപിയുടെ മോഹങ്ങൾക്കേറ്റ തിരിച്ചടി കൂടിയായി ഈ സംഭവം. എസ്എൻഡിപിയെ കൂടാതെ കെപിഎംഎസും സമരത്തെ പരസ്യമായി തന്നെ തള്ളിപ്പറഞ്ഞിരുന്നു. ഇതോടെ ശബരിമല സമരം എൻഎസ്എസും ഒരു വിഭാഗം സവർണരും നയിക്കുന്ന സമരമെന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. അയ്യപ്പ ഭക്തരുടെ വികാരം ചൂഷണം ചെയ്ത് ബിജെപിയുടെ വളർച്ച് ആക്കം കൂട്ടാമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, ആ വിലയിരുത്തലിനെ സമർത്ഥമായി തന്നെ പിണറായി വിജയൻ പ്രതിരോധിച്ചു.

വെള്ളാപ്പള്ളിയെ രംഗത്തിറക്കിയത് കൂടാതെ പാർട്ടി സംവിധാനങ്ങൾ ഉപയോഗിച്ചും പ്രതിരോധം തീർക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതിന്റെ സൂചനയാണ് പത്തനംതിട്ടയിൽ വിശദീകരണ യോഗം സംഘടിപ്പിച്ചത് ഒരു തുടക്കമാണ്. ഇനി മറ്റ് ജില്ലകളിലും ബിജെപിയെ തുറന്നു കാണിക്കുന്ന വിധത്തിലുള്ള സമരപരിപാടികൾ നടത്താനാണ് സിപിഎം ഉദ്ദേശിക്കുന്നത്. ഹിന്ദു സമുദായത്തിന്റെ ഏകീകരണം തടയാൻ വേണ്ടിയുള്ള ശ്രമങ്ങൾക്കാണ് സർക്കാർ തുടക്കമിട്ടത്.

വിശ്വാസത്തെ മുൻനിർത്തിയുള്ള സമരത്തിന് മുന്നിൽ ജാതിശ്രേണികളായി വിഭജിച്ച് കിടന്ന ഹിന്ദു സമുഹങ്ങളെ ഒറ്റ രാഷ്ട്രീയ യൂണിറ്റാക്കി പരിവർത്തിപ്പിക്കാൻ കഴിയുമെന്നും അത് അടുത്ത തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നുമായിരുന്നു ബിജെപി നേതൃത്വം സ്വപ്നം കണ്ടത്. അതുകൊണ്ടായിരുന്നു ഇക്കാലമത്രയും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച ആർഎസ്എസ് നിലപാട് മാറ്റിയതും. കിട്ടിയ അവസരത്തിൽ സർക്കാറിനെതിരെ വികാരം ആളിക്കത്തിക്കാൻ അയ്യപ്പവികാരം ഉപയോഗിക്കുകയായിരുന്നു. എന്തായാലും ശബരിമല വിഷയത്തിൽ പിന്നോക്ക വിഭാഗക്കാരുടെ നിലപാടിന് സർക്കാറിന് അനുകൂലമായി വരുമ്പോൾ വരും ദിവസങ്ങളിൽ ഇപ്പോഴുണ്ടായ വികാരങ്ങൾ ശമിക്കുമെന്ന് കരുതുന്നവർ ഏറെയാണ്.

ലിംഗവിവേചനം നിലനിർത്താനുള്ള ഒരു സമരത്തിന്റെ മറവിൽ രാഷ്ട്രീയം നേട്ടമുണ്ടാക്കുക എളുപ്പമല്ല എന്ന് ആദ്യം ബോധ്യപ്പെടുത്തിയത് കെ പി എം എസ് നേതാവ് പുന്നല ശ്രീകുമാറായിരുന്നു. കേരളത്തിൽ തുടക്കമിടുകയും തുടർന്നുവരുന്നതുമായിട്ടുള്ള നവോത്ഥാന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് കോടതി ഈ വിധിയെന്നായിരുന്നു പുന്നല ശ്രീകുമാറിന്റെ പ്രതികരണം. തെരുവിലുണ്ടാകുന്ന ആൾക്കൂട്ടങ്ങളിലാണ് കോടതി വിധി നടപ്പാക്കുന്നതിന്റെ അടിത്തറയായി സർക്കാർ കണ്ടെത്തുന്നതെങ്കിൽ തെരുവിലിറങ്ങാത്ത ലക്ഷോപലക്ഷം ആളുകൾ വിശ്വാസികൾ തന്നെ വിധിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട് എന്നും അദ്ദേഹം നിലപാടെടുത്തു. സുപ്രീം കോടതി വിധിയെ നടപ്പിലാക്കുന്നതിന് വേണ്ടി കേരളത്തിലെ പുരോഗമന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ സമീപനമാണ് സി കെ ജാനുവും സ്വീകരിച്ചത്.

സവർണജാതികൾ മാത്രം ആലോചിച്ച് സമരം നടത്തിയതാണ് വെള്ളാപ്പള്ളിയെ പ്രകോപിച്ചത്. 'തമ്പ്രാക്കൾ തീരുമാനിച്ച് ഒരു സമരം നടത്തുകയാണ്. ഒരു ഹിന്ദു സംഘടനയുമായും ചർച്ച നടത്തിയിട്ടില്ല. 28 ശതമാനം വരുന്ന ഈഴവരെ വിളിച്ച് ആലോചിച്ചിട്ടുണ്ടോ പട്ടിക ജാതി വർഗക്കാരെ വിളിച്ച് ആലോചിച്ചിട്ടുണ്ടോ വിമോചന സമരം നടത്താമെന്നാണോ വിചാരം' ഇങ്ങനെയായിരുന്നു വെള്ളപ്പള്ളിയുടെ ചോദ്യങ്ങൾ. ശബരിമലയുമായി ബന്ധപ്പെട്ട് പഴയ ഒരു കൊട്ടാരത്തിലെ ചിലരും ബിജെപിയും നടത്തുന്നത് തമ്പ്രാക്കന്മാരുടെ സമരമാണെന്നും അതിൽ തങ്ങൾക്ക് പങ്കില്ലെന്ന് തിരിച്ചറിയുകയും ചെയ്തപ്പോഴാണ് അദ്ദേഹത്തിന് പരസ്യമായി നിലപാട് സ്വീകരിക്കേണ്ടിവന്നത്.

ദേവസ്വം ബോർഡ് നിയമന വിഷയവും കിട്ടിയ അവസരത്തിൽ അദ്ദേഹം ഉദാഹരിച്ചു. സവർണ സമുദായക്കാരുടെ കൈയിലാണ് ദേവസ്വം ബോർഡ്. അതിൽ 96 ശതമാനവും സവർണ സമുദായക്കാരാണുള്ളത്. അവർണർ എത്രയുണ്ട്. പിന്നാക്കക്കാരും പട്ടികജാതിക്കാരുമായിട്ട് വെറും നാലു ശതമാനം മാത്രം. ഇവിടെ മാറ്റങ്ങളുണ്ടായിട്ടില്ലേ. ചീരപ്പഞ്ചിറയിൽ സുശീലാ ഗോപാലന്റെ വീട്ടുകാർക്കായിരുന്നു അവിടുത്തെ വെടിവഴിപാടിന്റെ ചുമതല. അത് എങ്ങനെ പോയി അവരുടെ കൈയിൽനിന്ന്. പരമ്പരാഗതമായി ഇരുന്ന ആ ചുമതല പിടിച്ചെടുത്തതല്ലേ. ശബരിമലയിൽ മകരജ്യോതി കാണിച്ചിരുന്നത് അവിടുത്തെ ആദിവാസികളായിരുന്നില്ലേ. അതും പിടിച്ചെടുത്തില്ലേ. ഇതിനാരും പ്രക്ഷോഭത്തിന് പോയില്ലല്ലോ. പിന്നീട് ഇടതുപക്ഷം വന്നിട്ടുപോലും സുശീലാ ഗോപാലന്റെ വീട്ടുകാർക്ക് അത് തിരിച്ചുകിട്ടാൻ അവർ സഹായിച്ചോ. ആരെങ്കിലും സഹായിച്ചോ. എന്നതായിരുന്നു വെള്ളാപ്പള്ളിയുടെ ചോദ്യം.

നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ നായർ വിഭാഗക്കാരനാണ്. ഇദ്ദേഹത്തിന്റെ പല നിലപാടുകളും സർക്കാറിനെയും ബോർഡിനെയും പ്രതിരോധത്തിലാക്കുകയാണ് ഉണ്ടായത്. ഈ വിഷമ ഘട്ടത്തിൽ സർക്കാറിനെ പിന്തുണച്ചാൽ പകരമായി ദേവസ്വം ബോർഡിൽ ഭാവിയിൽ അധ്യക്ഷ സ്ഥാനം അടക്കം വെള്ളാപ്പള്ളി ലക്ഷ്യമിടുന്നുണ്ട്. ഈ ലക്ഷ്യത്തിലേക്ക് കൂടിയാണ് വെള്ളാപ്പള്ളിയുടെ നോട്ടം. എന്തായാലും പിന്നോക്ക് വിഭാഗങ്ങൾ ശബരിമല വിഷയത്തിൽ ഈ നിലപാട് സ്വീകരിച്ചതോടെ സമരങ്ങളുടെ മൂർച്ഛകൂടിയാണ് കുറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP