Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യോഗം-യൂണിയൻ കൗൺസിലർമാർ ഡീൽ ഉറപ്പിക്കും: പണം കൈമാറുന്നത് കണിച്ചുകുളങ്ങരയിലെ അജ്ഞാത കേന്ദ്രത്തിൽ; അശോകൻ പണം വാങ്ങി വലിയ ചാക്കിലാക്കും: നിയമനങ്ങളുടെ വെള്ളാപ്പള്ളി മോഡൽ ഇങ്ങനെ

യോഗം-യൂണിയൻ കൗൺസിലർമാർ ഡീൽ ഉറപ്പിക്കും: പണം കൈമാറുന്നത് കണിച്ചുകുളങ്ങരയിലെ അജ്ഞാത കേന്ദ്രത്തിൽ; അശോകൻ പണം വാങ്ങി വലിയ ചാക്കിലാക്കും: നിയമനങ്ങളുടെ വെള്ളാപ്പള്ളി മോഡൽ ഇങ്ങനെ

ചേർത്തല: വെള്ളാപ്പള്ളി അപാരബുദ്ധിശാലിയാണ്. വെറും ബുദ്ധിശാലിയല്ല, കുരുട്ടുബുദ്ധിശാലി. അതുകൊണ്ടു തന്നെയാണ് എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ. ട്രസ്റ്റിന്റെയും കീഴിലുള്ള കോളജുകളിലും സ്‌കൂളുകളിലും അദ്ധ്യാപക-അനധ്യാപക നിയമനത്തിന് അദ്ദേഹം നേരിട്ടു കോഴ വാങ്ങാത്തത്.

യോഗം-യൂണിയൻ കൗൺസിലർമാരും വിവിധ ശാഖാഭാരവാഹികളും ഇടനിലക്കാരായി നിന്നാണ് കോഴ വാങ്ങുന്നത്. ജോലി ആവശ്യമുള്ളവർ ഇവരെ സമീപിക്കും.

ശാഖാ സെക്രട്ടറിയെയാണ് സമീപിക്കുന്നതെങ്കിൽ അദ്ദേഹം യൂണിയൻ കൗൺസിലറെയും ഇയാൾ യോഗം കൗൺസിലറെയും ബന്ധപ്പെടുത്തും. ഇവരാണ് വെള്ളാപ്പള്ളിയുമായി വിലപേശി ഡീൽ ഉറപ്പിക്കുന്നത്. ഉദ്യോഗാർഥികളും വെള്ളാപ്പള്ളിയും തമ്മിൽ നേരിട്ട് ബന്ധമില്ല. പണവുമായി ചെല്ലേണ്ട ദിവസം ഇടനിലക്കാർ മുഖേനെ വെള്ളാപ്പള്ളി അറിയിക്കും. അന്ന് മുഴുവൻ തുകയും പണമായി കൊണ്ടുചെല്ലണം.

കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിൽ ഇതുമായി ചെന്ന് രാവിലെ കാത്തിരിക്കും. കുറേ സമയം കഴിയുമ്പോൾ അദ്ദേഹം ഓഫീസ് റൂമിലേക്ക് വരും. എന്നിട്ട് പണവുമായി വന്നവരെ വിളിക്കും. ഇടനിലക്കാർ മുറിക്കുള്ളിൽ കാണും. പണവുമായി ചെല്ലുന്നവർ കുടിയാൻ ജന്മിയെ എന്ന പോലെ വെള്ളാപ്പള്ളിയെ വണങ്ങണം. ഒന്ന് ഇരിക്കാൻ പറയാനുള്ള മര്യാദ പോലും ജന. സെക്രട്ടറി കാണിക്കില്ല. കൊണ്ടുവന്നിട്ടുണ്ടോ എന്നൊരു ചോദ്യം മാത്രം. ഉണ്ട് എന്ന് മറുപടി പറയുമ്പോൾ അശോകാ എന്നൊരു വിളി. അശോകൻ പ്രത്യക്ഷപ്പെടും. അശോകനൊപ്പം ചെന്നോളൂ. അശോകൻ മുമ്പിലും ഇടനിലക്കാരും പണവുമായി വന്നവരും പിന്നിലുമായി പുറത്തേക്ക്. അശോകൻ ഒരു കാറിൽ കയറും. ഇടനിലക്കാരും പണവുമായി വന്നവരും അവരുടെ വാഹനത്തിൽ അശോകനെ പിന്തുടരും.

കണിച്ചുകുളങ്ങരയിൽ തന്നെയുള്ള ഒരു അജ്ഞാത കേന്ദ്രത്തിലേക്കാണ് യാത്ര. ഏറെക്കുറെ വിജനമായ ആ കെട്ടിടത്തിലെത്തുമ്പോൾ പണം അശോകനെ ഏൽപ്പിക്കണം. അദ്ദേഹം അത് എണ്ണി നോക്കിയ ശേഷം വലിയ ചാക്കുകളിലേക്ക് മാറ്റി അവിടെയിട്ട് പൂട്ടും. പണം നൽകിയവർ പിന്നെ അവിടെ നിൽക്കരുത്. തിരിഞ്ഞു നോക്കാതെ വീട്ടിൽ പൊക്കോണം. മൂന്നു ദിവസത്തിനകം അപ്പോയിന്റ്‌മെന്റ് ലെറ്റർ കിട്ടും. അശോകൻ വീണ്ടും വെള്ളാപ്പള്ളിയുടെ വസതിയിലേക്ക് മടങ്ങും. അവിടെ ബിഗ് ഷോപ്പറിൽ പണവുമായി പിന്നെയും ആളുകൾ കാത്തിരിക്കുന്നുണ്ടാകും. അവരെയും ഇതു പോലെ രഹസ്യസങ്കേതത്തിൽ എത്തിച്ച് പണം വാങ്ങണം.

അപ്പോയിന്റ്‌മെന്റ് ലെറ്റർ കിട്ടിയവർ പിന്നീട് നിയമനാംഗീകാരം കിട്ടിയില്ലെന്ന പരാതിയുമായി അങ്ങോട്ട് ചെന്നേക്കരുത്. അതൊക്കെ വാങ്ങിയെടുക്കേണ്ടത് സ്വന്തം ഉത്തരവാദിത്തം. ഇവിടം കൊണ്ടു തീരുന്നില്ല ഉദ്യോഗാർഥിയുടെ ദുരിതം. നിയമനത്തിനായി വെള്ളാപ്പള്ളിക്ക് അതാത് ശാഖയുടെയും യൂണിയന്റെയും കത്ത് നൽകേണ്ടതുണ്ട്. അത് നൽകണമെങ്കിൽ യൂണിയന് 1-2 ലക്ഷം വരെ കൊടുക്കണം. നിയമനത്തിന് കൊടുത്ത ലക്ഷങ്ങൾക്ക് ആനുപാതികമായിട്ടാണ് ഇവർക്ക് നൽകേണ്ടത്. ശാഖാകമ്മറ്റിക്ക് 25,000 കൊടുക്കണം. ഇതിന് പുറമേ ഇടനിലക്കാർക്കുമുണ്ട് കമ്മീഷൻ.

25 ലക്ഷത്തിന്റെ നിയമനത്തിന് 5 ലക്ഷം വരെ ഇടനിലക്കാർക്ക് കമ്മീഷൻ ലഭിക്കും. പണം കൈയിലുള്ളവർ മാത്രം ഈഴവ സമുദായത്തിൽ ജീവിച്ചാൽ മതിയെന്നാണ് നടേശന്റെ അപ്രഖ്യാപിത നിയമം. മതിയായ വിദ്യാഭ്യാസയോഗ്യതയുണ്ടായിട്ടും ഈഴവ സമുദായാംഗമായിരുന്നിട്ടും നിയമനത്തിന് കോഴ കൊടുക്കാനില്ലാതെ വെള്ളാപ്പള്ളിയുടെ മുന്നിൽ ഒരു ജോലിക്കായി കരഞ്ഞു കാലുപിടിക്കാൻ എത്തുന്നവരുമുണ്ട്. പണമില്ലെങ്കിൽ പണിയുമില്ല എന്നു പറഞ്ഞ് പുറംകാലു കൊണ്ട് തട്ടിയെറിയും അവരെ. എസ്.എൻ.ഡി.പി ശാഖയുടെയും യൂണിയന്റെയും തലപ്പത്ത് വരുന്നവർക്കും പ്രഖ്യാപിത ലക്ഷ്യമുണ്ട്. ഒന്നുകിൽ അവരുടെ മക്കൾക്കോ മരുമക്കൾക്കോ ജോലി. അല്ലെങ്കിൽ തങ്ങൾക്ക് തന്നെ ഏതെങ്കിലും കോർപ്പറേഷന്റെയോ ദേവസ്വം ബോർഡിന്റെയോ തലപ്പത്ത് സ്ഥാനം. അവിടെയിരുന്നു കൊണ്ട് അവർ ലക്ഷങ്ങൾ സമ്പാദിക്കും. എന്നിട്ട് വെള്ളാപ്പള്ളിക്ക് സ്തുതി പാടും. അവർ നേരിട്ട് പാടില്ല. സമുദായത്തിലെ പട്ടിണിപ്പാവങ്ങളെ കൊണ്ട് പാടിക്കും.

ഇതൊന്നും അറിയാതെ വെള്ളാപ്പള്ളിക്കും പരിവാരങ്ങൾക്കും സിന്ദാബാദ് വിളിക്കുകയാണ് സമുദായത്തിലെ പാവപ്പെട്ടവർ. അവരുടെ ചുരുട്ടിയ മുഷ്ടി കണ്ടാണ് വെള്ളാപ്പള്ളി സമുദായത്തിന്റെ പേര് പറഞ്ഞ് വിലപേശൽ നടത്തുന്നത്. എന്നാൽ, കൂടെ നടക്കുന്നവർ പോലും പാലം വലിക്കുമെന്ന യാഥാർഥ്യം പാവം നടേശൻ അറിഞ്ഞിട്ടില്ല. ജീവിച്ചിരിക്കേ തന്നെ സ്വന്തം പേരിൽ എസ്.എൻ.ഡി.പിക്കായി കോളജും സ്‌കൂളും സ്ഥാപിച്ച് ഗുരുവിനൊപ്പം എത്താനാണ് നടേശന്റെ ശ്രമം. സമുദായാംഗങ്ങൾ തമ്മിൽ നടക്കുന്ന വിവാഹത്തിന് എസ്.എൻ.ഡി.പിയുടെ പത്രിക മുറിക്കേണ്ടതുണ്ട്. നടേശനും അനുയായികൾക്കുമെതിരേ സംസാരിച്ചാൽ വിവാഹം നടക്കില്ല, ജാതി സർട്ടിഫിക്കറ്റ് ലഭിക്കില്ല എന്നിങ്ങനെയുള്ള പേടി കാരണമാണ് പല സമുദായാംഗങ്ങളും പുറമേ ഇവർക്കൊപ്പമാണ് എന്നു നടിക്കുന്നത്. പക്ഷേ, രഹസ്യ ബാലറ്റിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ നടേശവിരുദ്ധ വികാരം ആളിക്കത്തുകയും ചെയ്യും. ഈ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായാൽ സമുദായത്തിന്റെ തലപ്പത്ത് നിന്നും നടേശൻ തെറിക്കാനുള്ള സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP