Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടതി ഉത്തരവുണ്ടായിട്ടും പൊളിക്കാത്ത മുത്തൂറ്റ് കാപ്പിക്കോ റിസോർട്ടും ഡിഎൽഎഫ് ഫ്‌ലാറ്റും; സിനിമാനടി രാധയുടെ ഭർത്താവിന്റെ ഉദയ സമുദ്ര; കൂടാതെ അനേകം റിസോർട്ടുകളും കെട്ടിടങ്ങളും: വേമ്പനാട് കായലിൽ പലയിടത്തും കൈയേറ്റമുണ്ടെന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി സർക്കാർ

കോടതി ഉത്തരവുണ്ടായിട്ടും പൊളിക്കാത്ത മുത്തൂറ്റ് കാപ്പിക്കോ റിസോർട്ടും ഡിഎൽഎഫ് ഫ്‌ലാറ്റും; സിനിമാനടി രാധയുടെ ഭർത്താവിന്റെ ഉദയ സമുദ്ര; കൂടാതെ അനേകം റിസോർട്ടുകളും കെട്ടിടങ്ങളും: വേമ്പനാട് കായലിൽ പലയിടത്തും കൈയേറ്റമുണ്ടെന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി സർക്കാർ

കൊച്ചി: വേമ്പനാട് കായലിൽ പലയിടത്തും കൈയേറ്റമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ റിപ്പോർട്ടുകളാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. കായൽ കൈയേറി നികത്തിയതിന്റെ കൃത്യമായ വിസ്തൃതി കണ്ടെത്താൻ വിശദമായ സർവേ ആവശ്യമാണെന്നും റിപ്പോർട്ടിലുണ്ട്. വൻകിട റിസോർട്ടുകളും ഫ്‌ലാറ്റുകളും അടങ്ങുന്ന ഈ കൈയേറ്റങ്ങൾക്ക് ഒത്താശ ചെയ്യാൻ രാഷ്ട്രീയ-ഉദ്യോഗസ്ഥ വ്യത്യസമില്ലാതെ എല്ലാവരും രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 20 എംഎൽഎമാർ ഒപ്പിട്ട നിവേദനം സമർപ്പിച്ചതും ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഹൈക്കോടതി പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ട് റിസോർട്ടുകൾ പോലും ഇപ്പോഴും നടപടി കൈക്കൊള്ളാത്തതിനാൽ ഇപ്പോഴും യഥേഷ്ടം നിലനിൽക്കുന്നുണ്ട്.

കൈയേറ്റവും തീര പരിപാലന നിയമത്തിന്റെ ലംഘനവും സംബന്ധിച്ചാണ് റിപ്പോർട്ടുകൾ. വേമ്പനാട് കായൽ കൈയേറ്റത്തെക്കുറിച്ച് കോടതി സ്വമേധയാ എടുത്ത ഹർജിയിലാണിത്. കൈയേറ്റം സംബന്ധിച്ച പരാതികളും കേസുകളും കോടതിയിലെത്തിയിട്ടുണ്ട്. ആലപ്പുഴയിൽ നിന്നുള്ള റിപ്പോർട്ടിൽ രണ്ട് റിസോർട്ടുകളുടെ കൈയേറ്റത്തെക്കുറിച്ചാണ് പ്രധാനമായും പറയുന്നത്. ഇതിൽ പ്രധാനം മുത്തൂറ്റ് കാപ്പികോയുടെ റിസോർട്ട് തന്നെയാണെന്നാണ് സൂചന.

കോട്ടയം ജില്ലയിൽ മറവൻതുരുത്ത്, വച്ചൂർ, തലയാഴം, ടി.വി.പുരം, ചെമ്പ്, ഉദയനാപുരം പഞ്ചായത്തുകളിലും വൈക്കം നഗരസഭയിലുമായി 73 ഇടത്താണ് തീരദേശ പരിപാലന വിജ്ഞാപന ലംഘനമുള്ളതെന്ന് റിപ്പോർട്ടിലുണ്ട്. കോട്ടയം കുമരകത്ത് പത്ത് റിസോർട്ടുകൾ ഉൾപ്പെടെ 12 കായൽ കൈയേറ്റത്തെപ്പറ്റിയാണ് അവിടത്തെ ജില്ല കളക്ടറുടെ റിപ്പോർട്ട്.

എറണാകുളം ജില്ലയിൽ കൊച്ചി നഗരസഭ തീര പരിപാലന വിജ്ഞാപനത്തിന്റെ ലംഘനം സംബന്ധിച്ച് 33 കേസ് എടുത്തിട്ടുണ്ടെന്ന് ജില്ല ഭരണകൂടത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. മരട് മുനിസിപ്പാലിറ്റിയിൽ വ്യക്തികളും സ്ഥാപനങ്ങളും ഉൾപ്പെടെ 14 ചട്ട ലംഘനങ്ങളെക്കുറിച്ചാണ് പരാമർശം. ജില്ലയിലെ പത്ത് പഞ്ചായത്തുകളിലായി 230ഓളം ചട്ട ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പള്ളിപ്പുറം, കുഴിപ്പിള്ളി, ഞാറയ്ക്കൽ, ചെല്ലാനം, ചേരാെനല്ലൂർ, ഉദയംപേരൂർ, ഏഴിക്കര, കടമക്കുടി, കുമ്പളം, കുമ്പളങ്ങി എന്നീ പഞ്ചായത്തുകളിലാണ് ചട്ടലംഘനം കണ്ടെത്തിയിട്ടുള്ളത്.

നിയമം ലംഘിച്ചു നിർമ്മിച്ച കെട്ടിടങ്ങളെല്ലാം നിയമവിധേയമാക്കാൻ പിണറായി സർക്കാർ തീരുമാനം കൈക്കൊണ്ടിരുന്നു. കൈയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന ഈ തീരുമാനത്തിനെതിരേ പരസ്യപ്രസ്താവനയുമായി ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ്. അച്യുതാനന്ദൻ രംഗത്തെത്തിയതും ഏതാനും ദിവസം മുമ്പാണ്. ഇതിന് പിന്നാലെയാണ് വേമ്പനാട് കായൽ തീരത്തെ അനധികൃത നിർമ്മാണങ്ങളെ കുറിച്ച് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്.

കൊച്ചിയിലെ ഡിഎൽഎഫ് ഫ്‌ളാറ്റ്, പാണാവള്ളിയിലെ കാപ്പിക്കോ റിസോർട്ട്്, മൂന്നാറിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് അംഗീകാരം നല്കരുതെന്നും നേരത്തെ വി എസ് ആവശ്യപ്പെട്ടിരുന്നു. അനധികൃത നിർമ്മാണങ്ങൾ പലപ്പോഴും കാറ്റിൽപ്പറത്തിയത് തീരദേശങ്ങളിലെ അനധികൃത നിർമ്മാണങ്ങളെയാണ്. ആലപ്പുഴയിലും കോട്ടയത്തും അടക്കം മിക്ക കായൽ തീരങ്ങളിലും അനധികൃത നിർമ്മാണമാണുള്ളത്. വേമ്പനാട് കായൽ തീരത്തുള്ള കാപ്പികോ റിസോർട്ടിനെ അനധികൃത നിർമ്മാണത്തിന് ഒത്താശ ചെയ്യാൻ അടക്കമാണ് ഇപ്പോഴത്തെ നീക്കമെന്ന ആരോപണം ശക്തമാണ്. തലസ്ഥാനത്തെ വൻകിടക്കാരായ നിർമ്മാതാക്കൾക്കും സർക്കാറിന്റെ ഇപ്പോഴത്തെ നീക്കം ഗുണകരമാകും.

മത്സ്യത്തൊഴിലാളിക്കു കുടിൽ കെട്ടാൻ പോലും അനുവാദം കിട്ടാത്ത ചെറായി കടൽത്തീരം മുഴുവൻ കൈയടക്കി റിസോർട്ടു നിർമ്മാണം തകൃതിയായി നടക്കുന്നത് അടക്കമുള്ള വിവരം നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുകയുണ്ടായി. വൻകിട റിസോർട്ട് മുതലാളിമാരായ ക്ലബ് മഹേന്ദ്ര ഉൾപ്പെടെയുള്ളവർ ചെറായിയിൽ പുഴ നികത്തി ഇവിടെ വമ്പൻ റിസോർട്ടുകളുയർത്തിയിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ ഇത്തരം അനധികൃത നിർമ്മാണങ്ങൾക്കെതിരെ സമരം ചെയ്തതും എൽഡിഎഫ് പ്രവർത്തകരായിരുന്നു. അതേകൂട്ടൽ തന്നെയാണ് ഇപ്പോൾ ഇത്തരം നിർമ്മാണങ്ങൾക്ക് കുടപിടിക്കുന്നതും.

ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിൽ തീരദേശ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയും കായൽ കയ്യേറിയും നിർമ്മിച്ച മിനി മുത്തൂറ്റിന്റെയും കുവൈത്ത് ആസ്ഥാനമായ കാപ്പികോ കമ്പനിയുടെ റിസോർട്ടായ ബന്യൻ ട്രീ പൊളിച്ചുമാറ്റാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ വി എസ് പ്രത്യക്ഷത്തിൽ രംഗത്തെത്തിയിരുന്നു. സിനിമാനടി രാധയുടെ ഭർത്താവിന്റെ ഉടമസ്ഥതയിൽ നിർമ്മിക്കുന്ന ഉദയസമുദ്രാ റിസോർട്ടും ചട്ടം ലംഘിക്കുന്ന വിവരം നേരത്തെ മറുനാടൻ മലയാളി ചൂണ്ടിക്കാട്ടിയിരുന്നു.

സർക്കാർഭൂമി കൈയേറി നിർമ്മിച്ച പാണാവള്ളിയിലെ വൻ റിസോർട്ട് പൊളിച്ചുകളയണമെന്ന് ഹൈക്കോടതിവിധി ഉണ്ടായിട്ടും, അനങ്ങാത്ത സർക്കാരിനെതിരെ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു വി എസ് രംഗത്തുവന്നത്. മിനി മുത്തൂറ്റിന്റെയും കാപ്പികോ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ബന്യൻ ടീ റിസോർട്ട് പൊളിക്കാൻ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. 2013ലായിരുന്നു ഉത്തരവ്. പാണാവള്ളി പഞ്ചാത്തതിർത്തിയിൽ തന്നെ ചെറുതുരുത്തുകളിലും കായൽ തീരത്തുമായി പന്ത്രണ്ടോളം റിസോർട്ടുകളാണുള്ളത്. അവയെല്ലാം തീരസംരക്ഷണ നിയമം, നെൽവയൽ നീർത്തട സംരക്ഷണ നിയമം എന്നിവയുടെ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് അനധികൃതമായാണ് നിർമ്മിച്ചിട്ടുള്ളത്. നിയമം ലംഘിച്ച് തീരം കയ്യേറിയുള്ള റിസോർട്ടുകളുടെ നിർമ്മാണത്തിന് പഞ്ചായത്തുൾപ്പടെയുള്ള എല്ലാ ഔദ്യോഗിക തലങ്ങളിൽ നിന്നും റിസോർട്ടുടമകൾക്ക് സഹായം ലഭ്യമായിരുന്നു.

തീരസംരക്ഷണനിയമം ലംഘിച്ചതു ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള സ്വകാര്യ അന്യായത്തെത്തുടർന്ന് കേരള ഹൈക്കോടതി മൂന്നു മാസത്തിനകം ഈ റിസോർട്ടുകൾ പൊളിച്ചുമാറ്റാൻ ജൂലൈ 25ന് ഉത്തരവായതായിരുന്നു. ഇതിനെതിരെ റിസോർട്ടുടമകൾ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടുള്ള പരമോന്നത കോടതിയുത്തരവുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ റിസോർട്ടുടമകൾ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ സമീപിച്ചു. തുടർന്ന് 20തോളം എംഎൽഎമാർ അന്ന് നിവേദനം സമർപ്പിച്ചത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കുകയുമുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP