Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം മലബാർ ഗോൾഡിനെതിരെ വിധി; സമ്മർദ്ദവുമായി പരിചാരകൻ ജഡ്ജിയെ കണ്ടപ്പോൾ കോടതി പിരിയുംമുമ്പ് വിധിയിൽ തിരുത്ത്‌: അതിസമ്പന്നരുടെ മുമ്പിൽ നീതിപീഠം മുട്ട് മടക്കുന്നത് ഇങ്ങനെ

ആദ്യം മലബാർ ഗോൾഡിനെതിരെ വിധി; സമ്മർദ്ദവുമായി പരിചാരകൻ ജഡ്ജിയെ കണ്ടപ്പോൾ കോടതി പിരിയുംമുമ്പ് വിധിയിൽ തിരുത്ത്‌: അതിസമ്പന്നരുടെ മുമ്പിൽ നീതിപീഠം മുട്ട് മടക്കുന്നത് ഇങ്ങനെ

ആവണി ഗോപാൽ

വാർത്ത വായിച്ചാൽ സാധാരണക്കാർക്ക് ചിലപ്പോൾ വിശ്വസിക്കാൻ പറ്റിയെന്ന് വരില്ല. വസ്തുതകളുടെ അടിസ്ഥാനത്തിൽ കോടതി ഒരു വിധി പുറപ്പെടുവിക്കുകയും സമ്മർദ്ദങ്ങൾ കനത്തപ്പോൾ കോടതി പിരിയുംമുമ്പ്‌ വിധി തിരുത്തുകയും ചെയ്യും എന്ന് പറഞ്ഞാൽ ആർക്ക് വിശ്വസിക്കാൻ പറ്റും?

ഇടുക്കിയിലെ പട്ടിണിപ്പാവങ്ങളെ പുറത്താക്കാൻ ദൈനംദിനം പരിസ്ഥിതിപ്രശ്‌നം വിളമ്പുന്ന ചെന്നൈയിലെ ഹരിത ട്രിബ്യൂണലാണ് മലബാർ ഗോൾഡ് മുതലാളിയുടെ സമ്മർദ്ദത്തിന് മുൻപിൽ മുട്ട് മടക്കി തികച്ചും ജനകീയമായ ഒരു വിധി തിരുത്തിയത്.

മലബാർ ഗോൾഡിന്റെ അനധികൃത നിർമ്മാണത്തിനെതിരെ ആദ്യം വിധിച്ച ജഡ്ജി, കോടതി പിരിഞ്ഞ ശേഷം അഭിഭാഷകരെ വിളിച്ച് വരുത്തി വിധി തിരുത്തുകയായിരുന്നു. ഇന്ത്യൻ നീതിന്യായ വക്താക്കളിൽ കേട്ടുകേൾവി ഇല്ലാത്ത ഈ വിധിതിരുത്തൽ പുറത്ത് വിട്ടത് മലബാർ ഗോൾഡിനെതിരെ പാവപ്പെട്ടവർക്ക് വേണ്ടി കോടതിയെ സമീപിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ ആണ്.

മലപ്പുറത്ത് കാക്കഞ്ചേരിയിലെ കിൻഫ്രയുടെ വ്യവസായ പാർക്കിൽ മലബാർ ഗോൾഡിനു സ്വർണ്ണനിർമ്മാണ യൂണിറ്റിനു സ്ഥലം നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് വിചിത്ര സംഭവങ്ങൾ അരങ്ങേറിയത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർമ്മാണാനുമതിയില്ലാതെയാണ് മെർക്കുറി, സയനൈഡ് എന്നിവ ഉപയോഗിക്കുന്ന നിർമ്മാണശാലയ്ക്കുള്ള കെട്ടിടം പണി തുടങ്ങിയതെന്ന് ഇതിനെതിരെ ഹർജി നൽകിയ പ്രദേശവാസികൾ പറയുന്നു. ഭക്ഷ്യവസ്തുക്കൾ അടക്കമുള്ളവ ഉണ്ടാക്കുന്ന കിൻഫ്രയിലെ ഈ യൂണിറ്റിലെ വിഷവസ്തു നിർമ്മാണം അനേകരുടെ ആരോഗ്യത്തിന് ഭീഷണിയാണെന്ന് മറുനാടൻ മലയാളി മുൻപ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ നിയമപരമായ അനുമതികൾ ഒന്നും ബാധകമല്ലാത്ത വിധം ഉന്നത സ്വാധീനമുള്ള മലബാർ ഗോൾഡ് നിർമ്മാണവുമായി മുമ്പോട്ട് പോവുകയായിരുന്നു. കോടികൾ മുടക്കി ദിവസവും പത്രപരസ്യം ചെയ്യുന്നതുകൊണ്ട് ഇവിടുത്തെ വിഷം കഴിച്ച് ആരെങ്കിലും മരിച്ചാൽ പോലും ഭയപ്പെടേണ്ട എന്ന ഹുങ്കായിരുന്നു ഈ നീതി നിഷേധത്തിന്റെ പ്രധാന കാരണം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസിന് സമീപം പ്രവർത്തിക്കുന്ന കിൻഫ്രയുടെ ഫുഡ് പാർക്കിലാണ് മലബാർ ഗോൾഡ് ആഭരണ നിർമ്മാണ ശാല നിർമ്മിക്കാനൊരുങ്ങുന്നത്. നാട്ടുകാരുടെ പരാതി ശക്തമായപ്പോൾ മലിനീകരണ ബോർഡ് സ്ഥലം സന്ദർശിച്ചു. വ്യക്തമായ തെളിവുകളുമായി നാട്ടുകാർ രംഗത്തെത്തിയതോടെ 25 മീറ്റർ പരിധിയിൽ നാല് വീടുകൾ ഉണ്ടെന്നും ചുവപ്പ് പട്ടികയിൽപ്പെട്ട വ്യവസായത്തിനു അനുമതി നൽകുന്നതിനെതിരാണെന്നും ഇവർ റിപ്പോർട്ടും നൽകി. മാത്രമല്ല പരിസര പ്രദേശത്ത് ഭക്ഷണ നിർമ്മാണം അടക്കമുള്ള മാനുഫാക്ച്വറിങ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യവും ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. റെഡ് ക്യാറ്റഗറി വ്യവസായങ്ങൾ ഫുഡ് പാർക്കിൽ വന്നാൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കയറ്റുമതി അനുമതി ലഭിക്കില്ലെന്ന് ആരോപിച്ച് ഫുഡ് പാർക്കിൽ നിലവിൽ പ്രവർത്തിക്കുന്ന 60 ഓളം സ്ഥാപനങ്ങൾ അടുത്തിടെ സമരം നടത്തിയിരുന്നു.

മലിനീകരണ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർക്ക് വേണ്ടി പരിസ്ഥിതി പ്രവർത്തകൻ കൂടിയായ അഭിഭാഷകൻ ഹരീഷ് വാസുദേവൻ ചെന്നൈയിലെ ഗ്രീൻ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഗ്രീൻ ട്രിബ്യൂണൽ കഴിഞ്ഞ ദിവസം ഈ കേസ് പരിഗണിച്ചപ്പോൾ, അനുമതിയില്ലാതെയാണ് കെട്ടിടനിർമ്മാണം നടത്തുന്നതെന്ന് മലിനീകരണ ബോർഡ് സമ്മതിച്ചു. വിധി എതിരാകുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാതിരുന്നതുകൊണ്ടായിരിക്കാം മലബാർ ഗോൾഡിനുവേണ്ടി ഹാജരായത് പ്രധാന അഭിഭാഷകന്റെ ജൂനിയർ ആയിരുന്നു. ജലവായുപരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ ലംഘനമാണിതെന്നും നിർമ്മാണം തടയണമെന്നും ഹരീഷ് വാസുദേവൻ വാദത്തിനിടയിൽ ആവശ്യപ്പെട്ടു. സ്റ്റേയ്ക്കായി ഹരീഷ് ബലം പിടിച്ചതിനാൽ, ഡിസംബർ ഒൻപത് വരെ തൽസ്ഥിതി തുടരാൻ ട്രിബ്യൂണൽ ഉത്തരവിട്ടു. ഇക്കാര്യം ഹരീഷ് വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ച് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

കോടതി വിധി കഴിഞ്ഞ് കുറേ നേരം കഴിഞ്ഞ് മിക്ക അഭിഭാഷകരും പുറത്ത് പോയി. ഹരീഷും തിരിച്ച് പോകാനായി റോഡിൽ ഇറങ്ങി ഓട്ടോ റിക്ഷ കാത്തുനിന്നു. അപ്പോളാണ് മലബാർ ഗോൾഡിനായി ഹാജരാകുന്ന സീനിയർ അഭിഭാഷകൻ പ്രത്യക്ഷപ്പെടുന്നത്. അതേക്കുറിച്ച് ഹരീഷ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഇങ്ങനെയാണ് എഴുതിയത്: 'അര മണിക്കൂർ കഴിഞ്ഞു, രണ്ട് മണിയായതോടെ മിക്ക അഭിഭാഷകരും കോടതി വിട്ടു, ഞാൻ പോകാനായി പുറത്തിറങ്ങി, റോഡരുകിൽ ഓട്ടോ കാത്ത് നിൽക്കുന്നു. മലബാർ ഗോൾഡിനായി ഹാജരാകുന്ന സീനിയർ അഭിഭാഷകൻ വന്ന്, എന്നെ കോടതി വിളിക്കുന്നെന്നും, ജഡ്ജിമാർ കാത്തുനിൽക്കുകയാണെന്നും അറിയിക്കുന്നു. ഞാൻ തിരികെ കോടതിയിലെത്തി. ജഡ്ജിമാർ പിരിയാതെ എനിക്കായി കാത്തിരിക്കുകയായിരുന്നു. ഞാൻ പോയ ശേഷം എന്താണവിടെ നടന്നതെന്ന് എന്നെ പറഞ്ഞുമനസിലാക്കാൻ ശ്രമിച്ച എന്റെ സുഹൃത്ത് അഭിഭാഷകനെ ജഡ്ജി മുച്ചൂടും വിമർശിച്ചു. മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു'.

പിന്നീടാണ് നീതി ന്യായ വ്യവസ്ഥയെ തന്നെ നാണം കെടുത്തുന്ന വിധി തിരുത്ത് സംഭവിച്ചത്. ഹരീഷ് ഇങ്ങനെ പറയുന്നു:

'എന്റെ സാന്നിധ്യത്തിൽ മലബാർ ഗോൾഡിന്റെ അഭിഭാഷകൻ ആ കദന കഥ പറഞ്ഞു. വേദനിക്കുന്ന ഒരു കോടീശ്വരന്റെ കഥ. നിർമ്മാണത്തിനു അനുമതിയില്ലെന്നു അദ്ദേഹം സമ്മതിച്ചു, എങ്കിലും വികസനം തടയരുത്. ജഡ്ജിമാർ എന്റെ നേരെ തിരിഞ്ഞു. നിർമ്മാണാനുമതി കിട്ടിയില്ലെങ്കിൽ പൊളിക്കാൻ ഉത്തരവിടാം, ഈ കേസിനു വിധേയമായിട്ടായിരിക്കും നിർമ്മാണം എന്ന ഉത്തരവുണ്ട്, എന്നിങ്ങനെ പല ലൊട്ടുലൊടുക്ക് ന്യായങ്ങളും നിരത്തിയപ്പോൾ, ഞാനായി കുറ്റക്കാരൻ. ഒടുവിൽ, നേരത്തേയിട്ട ഉത്തരവ് റദ്ദാക്കി. നിയമലംഘനമാണെങ്കിലും നിർമ്മാണം തുടരാൻ മലബാർ ഗോൾഡിനു അനുമതിയായി'

സർക്കാർ, കിൻഫ്ര, പൊല്യൂഷൻ ബോർഡ് എന്നീ അഭിഭാഷകരുടെ അഭാവത്തിലാണ് നേരത്തേയിട്ട, നിർമ്മാണം തടയുന്ന ഉത്തരവ് ട്രിബ്യൂണൽ റദ്ദാക്കിയത്. ഈ കോടതി വിധിയോടെ കിൻഫ്ര പാർക്കിലെ ജനങ്ങളുടെ ആരോഗ്യസ്ഥിതി അപകടമാക്കിയുള്ള മലബാർ ഗോൾഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൂടിയിട്ടുണ്ട്. മാസങ്ങളായി ഇവിടെ നടക്കുന്ന സമരങ്ങളെ മുഖ്യധാരാ മാദ്ധ്യമങ്ങൾ അവഗണിച്ചിരുന്നു. ജൂൺ അഞ്ചിന് കിൻഫ്ര പാർക്കിലെ കമ്പനികൾ അടച്ചിട്ട് കരിദിനം ആചരിക്കുകയും ചെയ്തിരുന്നു. ഇതും വാർത്തയായില്ല. 60ഓളം കമ്പനികളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതിൽ 27 എണ്ണം ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളാണ്. വലിയ തോതിലുള്ള മലിനീകരണം ഉണ്ടാക്കുന്ന ആഭരണ നിർമ്മാണശാല തങ്ങളുടെ കമ്പനികളുടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം കുറക്കുമെന്നാണ് ഇവർ ആരോപിക്കുന്നത്.

ഇവിടെ പ്രവർത്തിക്കുന്ന ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങളുടെ ലൈസൻസ് ഇനി പുതുക്കി കിട്ടില്ലെന്നാണ് പരാതിയിൽ പറയുന്ന മറ്റൊരു പ്രധാന കാര്യം. ഭക്ഷ്യസംസ്‌കരണ കമ്പനികളുടെ 100 മീറ്റർ ചുറ്റളവിൽ റെഡ് കാറ്റഗറി വ്യവസായങ്ങൾ പാടില്ലെന്നാണ് ചട്ടം. അമേരിക്കൻ കമ്പനിയായ എസ്സൻ ന്യൂട്രീഷൻ എന്ന സ്ഥാപനം ആഭരണ നിർമ്മാണശാല വരുന്നു എന്ന കാരണത്താൽ തങ്ങളുടെ സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്ന് ഇവിടുത്തെ വ്യവസായികൾ പറയുന്നു. എസ്സൻ ഫുഡീസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്ഥാപനം പ്രവർത്തന സജ്ജമായിരുന്നു. 45 കോടി രൂപയാണ് ഈ പദ്ധതിയുടെ മുതൽ മുടക്ക്. അന്താരാഷ്ട്ര ഫുഡ് കാറ്റഗറി നിർദ്ദേശങ്ങളുടെ ലംഘനമാകും ആഭരണ നിർമ്മാണ ശാലയുടെ സപീപത്ത് പ്രവർത്തിച്ചാൽ എന്നതിനാലാണ് ഇവർ ഉത്പാദനം ആരംഭിക്കാത്തത്. ഈ കമ്പനി തുറന്നാൽ സമീപവാസികളായ 100 പേർക്ക് തൊഴിൽ ലഭിക്കുമായിരുന്നു എന്നും സമരസമിതി പറയുന്നു.

200 കോടി രൂപ ചെലവിൽ അത്യാധുനിക ആഭരണ നിർമ്മാണ ശാല നിർമ്മിക്കാനാണ് മലബാർ ഗോൾഡ് ഗ്രൂപ്പ് ഇവിടെ ലക്ഷ്യമിടുന്നത്. കമ്പനി പൂർണ തോതിൽ പ്രവർത്തനമാരംഭിച്ചാൽ പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ വെള്ളം വേണ്ടിവരുമെന്നാണ് സമരസമിതി പറയുന്നത്. ഇതിനായി 30 കിണറുകൾ കുഴിക്കാനും പദ്ധതി ഉണ്ടത്രേ. പ്രദേശവാസികളുടെ കുടിവെള്ളം ഇതോടെ മുട്ടുമെന്നാണ് ആരോപണം. കാഡ്മിയം, ഇറിഡിയം, നിക്കൽ, സയനൈഡ്, മെർക്കുറി, സിങ്ക്, കോപ്പർ, വിവിധ ആസിഡുകൾ എന്നിവ വൻതോതിൽ ജലത്തിൽ കലരാൻ ഇടവരുമെന്നും കരുതപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP