Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലമരം എവിടെ കണ്ടാലും പട്ട് ചുറ്റിക്കും; ഘർവാപ്പസിക്ക് പിന്നാലെ പുതിയ തന്ത്രവുമായി പരിവാറുകാർ; ആലപ്പുഴയിലെ ദേവവൃക്ഷ മാതൃക മലബാറിലേക്കും വിഎച്ച്പി വ്യാപിപ്പിക്കും; സംഘർഷമുണ്ടാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്

പാലമരം എവിടെ കണ്ടാലും പട്ട് ചുറ്റിക്കും; ഘർവാപ്പസിക്ക് പിന്നാലെ പുതിയ തന്ത്രവുമായി പരിവാറുകാർ; ആലപ്പുഴയിലെ ദേവവൃക്ഷ മാതൃക മലബാറിലേക്കും വിഎച്ച്പി വ്യാപിപ്പിക്കും; സംഘർഷമുണ്ടാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്

ആലപ്പുഴ : സംസ്ഥാനത്ത് ഘർവാപസിക്കു നേതൃത്വം കൊടുത്ത വി എച്ച് പി മതവിദ്വേഷം വളർത്താൻ പുത്തൻ തന്ത്രവുമായി രംഗത്ത്. പാലമരം ദേവവൃക്ഷമാണെന്ന പ്രചരണമാണ് വി എച്ച് പി ഇപ്പോൾ നടത്തുന്നത്. കേരളത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാവുകൾ സംരക്ഷിക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമെന്നു പറഞ്ഞു പാലമരങ്ങളിൽ ഇവർ പട്ട് ചുറ്റുന്ന ഏർപ്പാടു തുടങ്ങി. മരം എവിടെ നിന്നാലും പ്രശ്‌നമില്ല. അത് സർക്കാർ വസ്തുവിൽ ആയാലും പട്ടു ചുറ്റിക്കാൻ ഇവർക്ക് മടിയില്ല.

പ്രകൃതിയുടെ സംതുലിതാവസ്ഥ നിയന്ത്രിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന കാവുകളിൽ പാലമരങ്ങൾ കാണുക സ്വാഭാവികം. എന്നാൽ ഇതൊരു പ്രത്യേക വിഭാഗത്തിന്റേതാക്കി മാറ്റാനുള്ള സംഘടനയുടെ നീക്കമാണ് പലയിടങ്ങളിലും ആശങ്ക സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാവുകൾ സ്ഥിതിചെയ്യുന്ന ജില്ലയാണ് ആലപ്പുഴ. രണ്ടാം സ്ഥാനം ത്യശൂരിനാണ്.

എന്നാൽ ഇടുക്കി ഒഴിച്ചുള്ള മുഴുവൻ ജില്ലകളിലും കാവുകളുണ്ടെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആധികാരിക സംഘടനയായ കാവ് - പരിസ്ഥിതി സംരക്ഷണ സമിതി വ്യക്തമാക്കിയിട്ടുള്ളത്. ഏകദേശം ഒരുലക്ഷം കാവുകളാണ് സർക്കാർ കണക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ കോഴിക്കോടും മലപ്പുറത്തും മുസ്ലിം സമുദായാംഗങ്ങളുടെ ഉടമസ്ഥതയിലാണ് കാവുകളിൽ മിക്കവയും. പട്ടുചുറ്റൽ വ്യാപിപ്പിച്ചാൽ കാര്യങ്ങൾ കൈവിടും. പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം സർക്കാരിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ആലപ്പുഴയിൽ കഴിഞ്ഞദിവസം മെഡിക്കൽ കോളജ് വളപ്പിൽ നിന്ന പാലമരത്തിൽ ചിലർ ചുവന്ന പട്ടു ചുറ്റി പ്രത്യേക ബോർഡും സ്ഥാപിച്ചു. ഇതു സംഘർഷത്തിന് ഇടയാക്കിയിരുന്നു. വ്യത്യസ്ത മതങ്ങളിൽപ്പെട്ടവർ ആശുപത്രി വളപ്പിൽ തടിച്ചുകൂടിയതോടെ വാക്കേറ്റവും രൂക്ഷമായി. പിന്നീട് വൻ പൊലീസ് സംഘം എത്തിയതോടെയാണ് ഇരുവിഭാഗവും പിരിഞ്ഞത്. എന്നാൽ ബോർഡ് സ്ഥാപിച്ചവർ ഇതു നീക്കം ചെയ്യാൻ തയ്യാറായില്ല. ഇന്നലെ ഈ വിഷയത്തിൽ അമ്പലപ്പുഴ കോടതി ഇടപെട്ട് പട്ടും ബോർഡും അഴിച്ചുമാറ്റി. ഇതോടെ സംഘർഷത്തിന് അയവ് വന്നു.

സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും ഇതു വ്യാപിപ്പിക്കാനുള്ള തീരുമാനമാണ് സംഘടന കൈക്കൊണ്ടിട്ടുള്ളതെന്ന് അറിയുന്നു. ഇതിന്റെ തുടക്കമാണ് ആലപ്പുഴയിൽ അരങ്ങേറിയത്. ഘർവാപസിക്കും തുടക്കമിട്ടത് ആലപ്പുഴയിലാണ്. കായംകുളത്തിനു സമീപമുള്ള ചേപ്പാട് ഘർവാപസി നടത്തി 14 കുടുംബങ്ങളെയാണ് 'കുടുംബ'ത്തേക്ക് മടക്കിയത്. പിന്നീട് കുട്ടനാട്ടിലും ചെങ്ങന്നൂരിലും കൃഷ്ണപുരത്തും ഘർവാപസി നടത്തിയെന്നാണ് വി എച്ച് പി അവകാശപ്പെട്ടത്.

എതായാലും ആൽമരങ്ങളിൽ ദൈവീകത ഉണ്ടെന്നു പ്രചരിപ്പിച്ച് വിളക്കും കൊടിയും നാട്ടി ജനങ്ങൾക്ക് ശുദ്ധവായു ശ്വസിക്കാനുള്ള അവസരം നഷ്ടമാക്കിയവർ ഇപ്പോൾ പാലമരങ്ങളിൽ മതം കലർത്തി പ്രകൃതിയുടെ സംതുലിതാവസ്ഥ തെറ്റിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശാനുസരണം സംസ്ഥാനത്ത് കാവ് - പരിസ്ഥിതി സംരക്ഷണ സമിതി പ്രവർത്തിക്കുന്നുണ്ട്. ഏറെ ടൂറിസം സാദ്ധ്യതയുള്ള കാവുകൾ സംരക്ഷിക്കാൻ ഈ സമിതി മതിയായ നിർദ്ദേശങ്ങൾ സർക്കാരിന് നൽകുന്നുണ്ട്. കോടികൾ വിലമതിക്കുന്ന കാവുകളിൽ അവകാശം സ്ഥാപിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതിസിനെ ഇല്ലായ്മ ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ വി എച്ച് പി നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP