Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`ഒരുത്തനേയും വെറുതെ വിടില്ല`; പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിൽ സർവ്വത്ര അഴിമതിയെന്ന് ജി.സുധാകരൻ; വിജിലൻസ് അന്വേഷണംപ്രഖ്യാപിച്ച് പൊതുമരാമത്ത് മന്ത്രി; പാലം നിർമ്മിച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്തെങ്കിലും അന്വേഷണം രാഷ്ട്രീയമല്ലെന്നും മന്ത്രി സുധാകരൻ; പാലം പണിയിൽ വെള്ളം ചേർത്തവരെ കുരുക്കാനൊരുങ്ങി സർക്കാർ

`ഒരുത്തനേയും വെറുതെ വിടില്ല`; പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിൽ സർവ്വത്ര അഴിമതിയെന്ന് ജി.സുധാകരൻ; വിജിലൻസ് അന്വേഷണംപ്രഖ്യാപിച്ച് പൊതുമരാമത്ത് മന്ത്രി; പാലം നിർമ്മിച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്തെങ്കിലും അന്വേഷണം രാഷ്ട്രീയമല്ലെന്നും മന്ത്രി സുധാകരൻ; പാലം പണിയിൽ വെള്ളം ചേർത്തവരെ കുരുക്കാനൊരുങ്ങി സർക്കാർ

ആർ.പീയൂഷ്‌

കൊച്ചി: നാന്നൂറ് വർഷമെങ്കിലും ഒരു കുഴപ്പവുമില്ലാതെ പോകേണ്ട പാലമാണ് പാലാരിവട്ടത്ത് മൂന്ന് വർഷം പോലും തികയും മുൻപ് തകരുമെന്ന അവസ്ഥ വന്നതിനെ തുടർന്ന് അടച്ച് പൂട്ടിയത്. എന്നാൽ ഇത്രയും വലിയ ഒരു ക്രമക്കേട് വറുതെ വിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല എന്ന വ്യക്തമായ സന്ദേശം നൽകുകയാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ.പാലാരിവട്ടം മേൽപാലത്തിന്റെ നിർമ്മാണം സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്താൻ ഉത്തരവിട്ട് പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ. മേൽപാലം നിർമ്മാണത്തിൽ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടതെന്ന് പാലം സന്ദർശിച്ച ശേഷം മന്ത്രി പ്രതികരിച്ചു.

 വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയ്ക്ക് ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രി എന്ന നിലയിൽ ശുപാർശ കൊടുത്തു. മുഖ്യമന്ത്രിയുമായി കൂടിച്ചേർന്ന് സംസാരിച്ച ശേഷമാണ് അന്വേഷണം പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാണം, മേൽനോട്ടം എന്നിവയിൽ വീഴ്ച വന്നിട്ടുണ്ട്. അറ്റകുറ്റപ്പണിയല്ല, പാലം പുനഃസ്ഥാപിക്കലാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. യു.ഡി.എഫിന്റെ ഭരണകാലത്താണ് നിർമ്മാണം നടന്നതെന്ന് കരുതി യു.ഡി.എഫിനെ കുറ്റം പറയാനാവില്ല എന്നും നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്നും സുധാകരൻ ആരോപിച്ചു. അതിനാലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും പറഞ്ഞു.പാലത്തിന്റെ നിർമ്മാണത്തിൽ ഒരു വീഴ്ചയും ഇല്ലെന്ന് തന്റെ മുന്നിൽ വന്ന് പറയാൻ ഏതെങ്കിലും ഉദ്യോഗസ്ഥന് ധൈര്യമുണ്ടെങ്കിൽ വരട്ടെ എന്നും അങ്ങനെ വരുന്നവരെ അപ്പോൾ തന്നെ ജോലിയിൽ നിന്നും പുറത്താക്കുമെന്നും സുധാകരൻ പറഞ്ഞു

കരാറുകാരനെ സഹായിക്കുന്ന നിലപാടാണ് റോഡ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനും കിറ്റ്കോയും പുലർത്തിയത്. കുറ്റക്കാരെ കണ്ടെത്താൻ വിജിലൻസ് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. അറ്റകുറ്റപ്പണിയുടെ ചെലവ് കരാറുകാരൻ വഹിക്കണമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയുടെ തിലകക്കുറിയെന്ന് കൊട്ടിഘോഷിച്ച് രണ്ടര വർഷം മുൻപ് ഗതാഗതത്തിന് തുറന്ന് കൊടുത്ത മേൽപ്പാലം ഇപ്പോൾ അടച്ച് പൂട്ടി വീണ്ടും പണിയുകയാണ്. യാത്രക്കാർക്ക് പണ്ടത്തേക്കാൾ ദുരിതയാത്രയും. ഇതിനെല്ലാം കാരണം പാലത്തിന്റെ രൂപരേഖ തയാറാക്കിയത് മുതൽ നിർമ്മാണത്തിൽ വരെയുണ്ടായ അഴിമതിയെന്ന് തുറന്ന് പറയുകയാണ് മന്ത്രി. അപാകത നിറഞ്ഞ രൂപരേഖ കിറ്റ്കോ കണ്ണുംപൂട്ടി അംഗീകരിച്ചു. ആവശ്യത്തിന് സിമന്റ് ഉപയോഗിക്കാതെ നടത്തിയ കോൺക്രീറ്റിങ് പോലും മേൽനോട്ടച്ചുമതലയുണ്ടായിരുന്ന റോഡ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കണ്ണടച്ച് അംഗീകരിച്ചു. വകുപ്പ് തലത്തിലും മദ്രാസ് ഐ.ഐ.ടിയും നടത്തിയ അന്വേഷണത്തിലും ഈ ക്രമക്കേട് വ്യക്തമായതിനാൽ ഇനി കുറ്റക്കാരെ കണ്ടെത്തുകയാണ് അടുത്ത ഘട്ടം.

ബലക്ഷയം സംഭവിച്ച് അപകടാവസ്ഥയിലായ പാലാരിവട്ടം ബൈപാസിലെ മേൽപാലം മെയ് ഒന്നിനാണ് അറ്റകുറ്റപ്പണികൾക്കായി ഒരുമാസത്തേക്ക് അടച്ചിട്ടത്. 2014ൽ തറക്കല്ലിട്ടു, 72 കോടി മുടക്കിൽ രണ്ടു വർഷം കൊണ്ട് നിർമ്മാണം, നാടിന്റെ തിലകക്കുറി എന്നൊക്കെ കൊട്ടിഘോഷിച്ച് 2016 ഒക്ടോബർ 12 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലാരിവട്ടം മേൽപ്പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തത്. ഒരുമാസം തികയും മുൻപെ ടാറിളകി പൊളിഞ്ഞ് വാഹനങ്ങൾക്ക് കയറാൻ കഴിയാതെയായപ്പോൾ പലരും നെറ്റിചുളിച്ചു. അന്ന് വേഗത്തിൽ കുഴിയടച്ച് മുഖംമനുക്കിയെങ്കിലും കാര്യങ്ങൾ ഇനിയത്ര എളുപ്പമാകില്ല എന്ന് തന്നെയാണ് ഈ റിപ്പോർട്ട് നൽകുന്ന സൂചന. പാലത്തിന്റെ പിയർ ക്യാപ് അഥവാ തൂണുകൾക്കു മുകളിലെ ഈ നിർമ്മാണത്തിലാണ് വിള്ളൽ വീണിരിക്കുന്നത്. . ഒരു സ്വകാര്യ ഏജൻസി നടത്തിയ പരിശോദനയിൽ മേൽപ്പാലത്തിന്റെ 1,2,3,7,10,12, പിയർ ക്യാപ്പുകൾക്ക് വിള്ളലുണ്ടെന്നാണ് കണ്ടെത്തിയത്. ടോൾ ഒഴിവാക്കാനായി ദേശീയപാത അഥോറിറ്റിയെ മാറ്റി നിർത്തി കേരള ബ്രിഡ്ജസ് ആൻഡ് റോഡ്‌സ് കോർപ്പറേഷനാണ് മേൽപ്പാലം ആർ.ഡി.എസ് കൺസ്ട്രക്ഷൻ എന്ന കമ്പനി വഴി നിർമ്മിച്ചത്.

ഇത്തരം പാലങ്ങൾക്കും മറ്റും ഏറ്റവും കുറഞ്ഞത് 300 മുതൽ 400 വർഷം വരെയെങ്കിലുമാണ് ആയുസ്സ് ഉണ്ടാകേണ്ടത്. രണ്ടര കൊല്ലത്തിനുള്ളിൽ അറ്റകുറ്റപ്പണി നടത്തേണ്ടി വരുന്ന ഒരു മേൽപ്പാലത്തിന് എത്രകൊല്ലം ആയുസ്സ് പ്രതീക്ഷിക്കാമെന്നാണ് നാട്ടുകാരുടെ ചോദ്യം. രണ്ടര കൊല്ലത്തിനുള്ളിലെ അവസ്ഥ ഇതാണെങ്കിൽ, അടുത്ത 10 കൊല്ലത്തിനുള്ളിൽ ഒരു ദാരുണ അപകടത്തോടെ ഈ പാലം നിലംപൊത്തുക തന്നെ ചെയ്യുമെന്നാണ് ഈ രംഗത്തെ പ്രമുഖരായവർ പറയുന്നത്. മൂന്ന് വർഷം തികയും മുമ്പേ മേൽപ്പാലത്തിലെ സ്ലാബുകളിൽ വിള്ളൽ കണ്ടെത്തിയതും പാലത്തിലെ ടാറിളകി റോഡ് തകർന്നതും പാലത്തെ അപകടാവസ്ഥയിലാക്കിയതോടെയാണ് ഗതാഗതം താൽക്കാലികമായി നിർത്തിവച്ച് അറ്റകുറ്റ പണികൾക്കായി മേൽപ്പാലം അടച്ചിടേണ്ടി വന്നത്. കുണ്ടന്നൂർ വൈറ്റില മേൽപ്പാലങ്ങളുടെ പണി നടക്കുന്നതിനാൽ മണിക്കൂറുകളാണ് ഈ ഭാഗങ്ങളിൽ ഗതാഗതം തടസ്സമാകുന്നത്. പാലാരിവട്ടം മേൽപ്പാലം കൂടി അടച്ചതോടെ രൂക്ഷമായ ഗതാഗത കുരുക്കാണ് ദേശീയപാത 66 ൽ ഇടപ്പള്ളി മുതൽ കുണ്ടന്നൂർ വരെ അനുഭവപ്പെടുന്നത്. ഇടറോഡുകളിലും സ്ഥിതി ഇതുതന്നെയാണ്.

പാലം അടച്ചതിനെ തുടർന്ന് പൊലീസ് നടപ്പിലാക്കിയ ഗതാഗത പരിഷ്‌ക്കരണത്തിൽ നട്ടം തിരിയുകയാണ് യാത്രക്കാർ. ഇന്നലെ അർദ്ധരാത്രിയിലാണ് പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചത്. ഇതുമൂലം പാലം കടന്ന് പോകേണ്ട വാഹനങ്ങൾ പാലത്തിന് താഴെയുള്ള സർവ്വീസ് റോഡ് വഴിയാണ് കടന്നു പോകുന്നത്. പാലാരിവട്ടം ജംഗ്ഷനിൽ നിന്നും കാക്കനാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബൈപ്പാസിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഒബ്രോൺമാളിന് തൊട്ടുമുൻപ് വച്ച് വലത്തേക്ക് തിരിഞ്ഞ് സർവ്വീസ് റോഡ് വഴിയും കാക്കനാട് ഭാഗത്തി നിന്നും വരുന്ന വാഹനങ്ങൾ ഇടത്തേക്ക് തിരിഞ്ഞ് മെഡിക്കൽ സെന്റർ ആശുപത്രിയുടെ മുന്നിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് സർവ്വീസ് റോഡ് വഴിയുമാണ് പോകുന്നത്.

പാലത്തിനടിയിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചാണ് പരിഷ്‌ക്കരണം ഏർപ്പെടുത്തിയത്. ഇതുവഴി ക്രോസ് ചെയ്യുന്നതുമൂലം ദോശീയപാതയിൽ നിന്നും വരുന്ന വാഹനങ്ങൾ ഗതാഗതകുരുക്കിൽപെടാതിരിക്കാനാണ് ഇത്തരത്തിൽ പാലത്തിനടിയിലൂടെയുള്ള ഗതാഗതം നിർത്തിവച്ചത്. എന്നാൽ പൊലീസ് ഉദ്ധേശിച്ചതിലും വലിയ പ്രത്യാഘാതമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. തിരിഞ്ഞു പോകുന്ന വാഹനങ്ങൾ ദേശീയപാതയിൽ പ്രവേശിച്ചതോടെ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. പൊലീസിനെ ഈ ഭാഗങ്ങളിൽ ട്രാഫിക് നിയന്ത്രിക്കാൻ നിയോഗിച്ചിട്ടുണ്ടെങ്കിലും ഗതാഗതകുരുക്ക് രൂക്ഷമാവുകയാണ്. ഇതുമൂലം ലക്ഷ്യസ്ഥാനത്തെത്താൻ കഴിയാതെ വലയുകയാണ് യാത്രക്കാർ.

പാലത്തിന്റെ സുരക്ഷയെ കുറിച്ച് ഐഐടി മദ്രാസും പഠനം നടത്തിയിരുന്നു. നിർമ്മാണം നടത്തിയ ആർഡിഎസ് കൺസ്ട്രഷൻസിന് തന്നെയാണ് അറ്റകുറ്റപണികളുടെയും ചുമതല. നിലവിൽ എക്സ്പാൻഷൻ ജോയിന്റും ബെയറിംഗും പുനഃസ്ഥാപിക്കാനുള ശ്രമങ്ങളാണ് പ്രധാനമായും നടക്കുക. ഒപ്പം പാലത്തിലെ വിള്ളലുകളും നികത്തും. ഐഐടി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ ജോലികൾ നടക്കുന്നത്.

ഐ.ഐ.ടി മദ്രാസ് നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്. ഫ്ളൈ ഓവറിന്റെ ആകെ നീളം 632 മീറ്ററാണ്. കാര്യേജ് വേ വീതി 15 മീറ്റർ ( 4 വരി പാത). ഫ്ളൈ ഓവർ ഡിസൈൻ പ്രകാരം പിയർ, പിയർ ക്യാപ്, ഗർഡർ, ഡക്ക് സ്ലാബ് എന്നിവയുടെ കോൺക്രീറ്റ് മിക്സ് എം35(35എൻ/എം.എം സ്വകയർ) ആണ്. എന്നാൽ കോർ കട്ടിങ് നടത്തി ഉറപ്പ് പരിശോദിച്ചപ്പോൾ എം22(22എൻ/എം.എം സ്വകയർ) ആണെന്നാണ് കണ്ടെത്തിയത്. ഗിർഡറുകളുടെ വ്യതിയാനം അനുവദനീയമായതിൽ കൂടുതലാണ്. കണ്ടെത്തിയ വിള്ളലുകളുടെ അളവും അനുവദനീയമായതിൽ കൂടുതലാണ്. 0.22എം.എം ആണ് അനുവദനീയമായ വിള്ളലുകളുടെ അളവ്. എന്നാൽ പാലത്തിൽ കണ്ടെത്തിയിരിക്കുന്ന വിള്ളലുകളുടെ വ്യാപ്തി 0.35 എം.എം ആണ്. ഇങ്ങനെയുണ്ടാവാൻ കാരണം അധികമായുണ്ടാകുന്ന ഡിഫ്ളക്ഷൻ മൂലവും റീ ഇൻഫോഴ്സ്മെന്റിന്റെ കുറവും കോൺക്രീറ്റിന്റെ ഗുണമെന്മ കുറഞ്ഞതുമാണ്. സ്ട്രക്ച്ചറൽ ഡിസൈനിലുണ്ടായ പാളീച്ചയും ഗുണമേന്മയുടെ കുറവുമാണ് ഡിർഡറുകളിൽ ഉണ്ടാകുന്ന അപകടാവസ്ഥയ്ക്ക കാരണം. ലോ വിസ്‌കസ് എപോക്സ് റെസീൻ ഉപയോഗിച്ചുള്ള ഗ്രൗട്ടിങ്ങും കാർബൺ ഫൈബർ ഫാബ്രിക്കും വിനൈൽ എസ്റ്റർ റെസീനും ഉപയോഗിച്ചുള്ള ബലപ്പെടുത്തലുമാണ് കണ്ടെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP