Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ചോറ് ഇങ്ങും കൂറ് അങ്ങുമായി' കറങ്ങി നടന്ന പൊലീസ് ഏമാന്മാരെ കുടുക്കി വിജിലൻസിന്റെ ഓപ്പറേഷൻ തണ്ടർ; സ്റ്റേഷനുകളിൽ രേഖകളില്ലാതെ സ്വർണവും കേസിൽപെടാത്ത വാഹനങ്ങളും മൊബൈൽ ഫോണുകളും; എല്ലാം പ്രളയത്തിൽ ഒഴുകിയെത്തിയതെന്ന് ന്യായം പറച്ചിൽ; ക്വാറി-മണൽ മാഫിയകൾക്കെതിരെ കേസെടുക്കുന്നതിലും വീഴ്ച; സാമ്പത്തിക ഇടപാട് കേസുകൾ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങി അട്ടിമറിയും; 53 പൊലീസ് സ്റ്റേഷനുകളിലെ തട്ടിപ്പും വെട്ടിപ്പും പുറത്തായപ്പോൾ ഇന്റലിജൻസ് റിപ്പോർട്ട് ശരിവച്ച് വിജിലൻസ്

'ചോറ് ഇങ്ങും കൂറ് അങ്ങുമായി' കറങ്ങി നടന്ന പൊലീസ് ഏമാന്മാരെ കുടുക്കി വിജിലൻസിന്റെ ഓപ്പറേഷൻ തണ്ടർ; സ്റ്റേഷനുകളിൽ രേഖകളില്ലാതെ സ്വർണവും കേസിൽപെടാത്ത വാഹനങ്ങളും മൊബൈൽ ഫോണുകളും; എല്ലാം പ്രളയത്തിൽ ഒഴുകിയെത്തിയതെന്ന് ന്യായം പറച്ചിൽ; ക്വാറി-മണൽ മാഫിയകൾക്കെതിരെ കേസെടുക്കുന്നതിലും വീഴ്ച; സാമ്പത്തിക ഇടപാട് കേസുകൾ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങി അട്ടിമറിയും; 53  പൊലീസ് സ്റ്റേഷനുകളിലെ തട്ടിപ്പും വെട്ടിപ്പും പുറത്തായപ്പോൾ ഇന്റലിജൻസ് റിപ്പോർട്ട് ശരിവച്ച് വിജിലൻസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; സംസ്ഥനത്തെ പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. സ്റ്റേഷനുകളിൽ സാമ്പത്തിക തട്ടിപ്പും അനധികൃത ഇടപാടുകളും വ്യാപകമെന്ന് വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനനടത്തിയത്. 'ഓപ്പറേഷൻ തണ്ടർ' എന്ന പേരിലായിരുന്നു പരിശോധന.

വിവിധ സ്റ്റേഷനുകളിൽ രേഖകളില്ലാതെ സ്വർണവും കേസിൽപെടാത്ത വാഹനങ്ങളും മൊബൈൽ ഫോണുകളും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. ക്വാറി-മണൽ മാഫിയകൾക്കെതിരെ കേസെടുക്കുന്നതിലും വ്യാപക വീഴ്ചയെന്നും വിജിലൻസ്. പൊലീസിൽ മാഫിയ ബന്ധവും കൈക്കൂലിയും വർധിക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു മിന്നൽ പരിശോധന.

മണൽ ക്വാറി മാഫിയകളിൽ നിന്ന് കൈക്കൂലി വാങ്ങി അനധികൃത ഇടപാടുകൾക്ക് ഒത്താശ ചെയ്യുന്നുവെന്നും സാമ്പത്തിക ഇടപാട് കേസുകൾ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങി അട്ടിമറിക്കുന്നുവെന്നും അടക്കമുള്ള ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു പരിശോധന. റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് പ്രാഥമിക കണ്ടത്തലെന്ന് വിജിലൻസ് അറിയിച്ചു.

പൊലീസിന്റെ മാഫിയ ബന്ധത്തെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണു നടപടി. കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിലും റെയ്ഡ് നടന്നു. കാസർകോട് ബേക്കൽ, കുമ്പള പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസ് റെയ്ഡ്. മണൽക്കടത്തിന് ഒത്താശ, ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച തുടങ്ങിയവ കണ്ടെത്തി. കുമ്പള, ബേക്കൽ സിഐമാർക്കെതിരെ നടപടിക്കു ശുപാർശ ചെയ്തു. സ്റ്റേഷൻ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയതിന് കണ്ണൂരിൽ മൂന്ന് എസ്എച്ച്ഒമാർക്കെതിരെ നടപടിക്കു ശുപാർശ ചെയ്തിട്ടുണ്ട്.

കാസർകോഡ് ബേക്കൽ കോഴിക്കോട് ടൗൺ എന്നീ സ്റ്റേഷനുകളിൽ യാതൊരു കേസും രേഖയുമില്ലാതെ സ്വർണം പിടിച്ചുവച്ചതായി കണ്ടെത്തി. കരുനാഗപ്പള്ളിയിൽ എൺപതിനായിരം രൂപയുടെയും പയ്യോളിയിൽ 57000 രൂപയുടെയും കോഴിക്കോട് ടൗണിൽ മൂവായിരം രൂപയുടെ ക്രമക്കേടും സ്ഥിരീകരിച്ചു. കണ്ണൂരിലെ കുളവല്ലൂർ, മലപ്പൂറത്തെ അരീക്കോട് കാസർകോട് ബേക്കൽ എന്നിവിടങ്ങളിലാണ് കേസുകളില്ലാതെ വാഹനങ്ങൾ പിടിച്ചിട്ടിരിക്കുന്നത്.

പല സ്റ്റേഷനുകളിൽ നിന്ന് ഇതുപോലെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. നിരപരാധികളിൽ നിന്ന് പണം വാങ്ങാനുള്ള നീക്കമാണിതെന്നാണ് വിജിലൻസിന്റെ നിഗമനം. ചിറയിൻകീഴ്, പന്തളം സ്റ്റേഷനുകളിൽ സാമ്പത്തിക തട്ടിപ്പ് കേസുകൾ നിയമവിരുദ്ധമായി ഒത്തുതീർപ്പാക്കിയിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകും. പരാതികളുണ്ടെങ്കിലും പലയിടത്തും 2012ന് ശേഷം ക്വാറി, മണൽ മാഫിയകൾക്കെതിരെ കേസെടുത്തിട്ടില്ലെന്ന് കണ്ടെത്തി. സ്ഥലപരിശോധന കൂടി നടത്തിയ ശേഷം ഇക്കാര്യത്തിൽ അന്തിമ റിപ്പോർട്ട് തയാറാക്കും.

ഇടുക്കി ജില്ലയിലെ 3 പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ കൈയിൽ കണക്കിൽ പെടാത്ത പണം കണ്ടെത്തി. അടിമാലി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും കണ്ടെത്തി. ആഭരണങ്ങൾ പ്രളയത്തിൽ ഒഴുകി എത്തിയതാണെന്നു പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ബേക്കൽ, കോഴിക്കോട് ടൗൺ സ്റ്റേഷനുകളിൽനിന്നും സ്വർണം പിടിച്ചെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് പൊലീസും രാഷ്ട്രീയക്കാരും ഉൾപ്പെട്ട ഗൂഢസംഘം ഉണ്ടെന്നാണു ഇന്റലിജൻസ് റിപ്പോർട്ട്. ക്വാറി, ലോറി, ബ്ലേഡ് പലിശസംഘങ്ങളുമായി ബന്ധം പുലർത്തുന്നു. എസ്‌ഐമാർ ഉൾപ്പെടെയുള്ള ഇടനിലക്കാർ, മണൽ ലോറികൾ വിട്ടുനൽകുന്നുവെന്നും കണ്ടെത്തി. വാഹനാപകടം അഭിഭാഷകരെ അറിയിച്ച് പൊലീസ് കമ്മിഷൻ വാങ്ങുന്നുണ്ട്. 'ഓപ്പറേഷൻ തണ്ടർ' റെയ്ഡ് ഈ റിപ്പോർട്ടിനെത്തുടർന്നാണ്. പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസ് പരിശോധന അപൂർവമായി മാത്രമാണ് നടക്കാറുള്ളത്.

കാസർഗോഡ് കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്റ്റോപ്പ് മെമോ നൽകിയിരുന്ന മണലൂറ്റ് കേന്ദ്രം പൊലീസ് സഹായത്തോടെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തി. മറ്റ് ചില അനധികൃത ക്വാറികളും പ്രവത്തിക്കുന്നുണ്ടെന്ന് വിവരവും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ഉറപ്പുവരുത്താൻ ക്വാറി ഉടമകളുടെ കൈവശമുള്ള രേഖകളും പരിശോധിക്കണമെന്നാണ് എസ്‌പിമാർ നൽകിയ റിപ്പോർട്ട്. കുമ്പള സ്റ്റേഷനിൽ നിന്ന് സ്വർണം കണ്ടെത്തി. മുന്നേ പിടികൂടിയ തൊണ്ടിമുതലെന്നാണ് സംശയം.

സാമ്പത്തിക തട്ടിപ്പ് കേസുകൾ സ്റ്റേഷനിൽ വച്ച് തീർപ്പാക്കിയതായും കണ്ടെത്തി. ഇതിനായി സംശയമുള്ള കേസ് അന്വേഷണ ഫയലുകൾ വിജിലൻസ് പരിശോധിക്കും. ചില സ്റ്റേഷനുകളിൽ നിന്നും കണക്കിൽപ്പെടാത്ത പണം പിടികൂടിയിട്ടുണ്ട്. കേസ് രജിസ്റ്ററുകൾ മിക്ക സ്റ്റേഷനുകളിലും കൃത്യമായി സൂക്ഷിക്കുന്നില്ല. പരാതിക്കാർക്ക് രസീതുകൾ നൽകുന്നില്ല. കേസിലൊന്നും ഉൾപ്പെടാത്ത നിരവധി വാഹനങ്ങൾ പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചിട്ടിരുന്നുവെന്നും വിജിലൻസ് എസ്‌പിമാരുടെ പരിശോധനാ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം 45 സർക്കാർ വകുപ്പുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. പരിശോധന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 1074 ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയും ശുപാർശ ചെയ്തിരുന്നു. ഇതിൽ തന്നെ ഗുരുതരമായ ക്രമക്കേട് നടത്തിയ കണ്ടെത്തിയ 64 ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെൻഷനാണ് ശുപാർശ ചെയ്തത്. 18 ഉദ്യോഗസ്ഥരാണ് വിജിലൻസിന്റെ കൈക്കുലി കെണിയിൽ കുരുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP