Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിശ തെറ്റിയെങ്കിലും വിക്രം ലാൻഡർ എത്തിയത് ചന്ദ്രോപരിതലത്തിൽ തന്നെ; ലാൻഡർ കണ്ടെത്തിയത് അതിനിർണ്ണായകം; ഓർബിറ്റർ പകർത്തിയ തെർമൽ ഇമേജിൽ ലാൻഡറിന്റെ സ്ഥാനം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് ഐഎസ് ആർഒ; ആശയ വിനിമയം സാധ്യമാക്കാൻ കഠിന പ്രയത്‌നവുമായി ശാസ്ത്രജ്ഞരും; സോഫ്റ്റ് ലാൻഡിംഗിലെ പിഴവിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അവസരമൊരുക്കി വീണ്ടും വിക്രം ലാൻഡർ ചർച്ചകളിൽ; ഇസ്രോ വീണ്ടും മിടുക്കു കാട്ടുമ്പോൾ

ദിശ തെറ്റിയെങ്കിലും വിക്രം ലാൻഡർ എത്തിയത് ചന്ദ്രോപരിതലത്തിൽ തന്നെ; ലാൻഡർ കണ്ടെത്തിയത് അതിനിർണ്ണായകം; ഓർബിറ്റർ പകർത്തിയ തെർമൽ ഇമേജിൽ ലാൻഡറിന്റെ സ്ഥാനം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് ഐഎസ് ആർഒ; ആശയ വിനിമയം സാധ്യമാക്കാൻ കഠിന പ്രയത്‌നവുമായി ശാസ്ത്രജ്ഞരും; സോഫ്റ്റ് ലാൻഡിംഗിലെ പിഴവിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അവസരമൊരുക്കി വീണ്ടും വിക്രം ലാൻഡർ ചർച്ചകളിൽ; ഇസ്രോ വീണ്ടും മിടുക്കു കാട്ടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ബംഗലൂരു: ചന്ദ്രനിലെ സോഫ്റ്റ്‌ലാൻഡിങ്ങിനിടെ കാണാതായ ഇന്ത്യയുടെ ചന്ദ്രയാൻ 2 പര്യവേഷണത്തിന്റെ ഭാഗമായ വിക്രം ലാൻഡർ കണ്ടെത്തിയതായി ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. സെപ്റ്റംബർ ഏഴിന് പുലർച്ചെ സോഫ്റ്റ് ലാൻഡിങ്ങിനുള്ള അവസാന ഘട്ടത്തിലാണ് ചന്ദ്രയാൻ 2 ലാൻഡർ വിക്രം ആശയവിനിമയത്തിലെ തകരാറിനെ തുടർന്ന് ചന്ദ്രോപരിതലത്തിൽ വച്ച് നഷ്ടമായെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചത്. അതിന് ശേഷം വിക്രം ലാൻഡറിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഇസ്രോ. ഇതാണ് വിജയിക്കുന്നത്. ഇനി വിക്രം ലാൻഡറുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ ശ്രമിക്കും. ഇത് വിജയിച്ചാൽ ഇന്ത്യയുടെ ചാന്ദ്രദൗത്യം പൂർണ്ണ വിജയത്തിലേക്ക് എത്തുന്നു.

ചന്ദ്രന്റെ ഉപരിതലത്തിൽ വിക്രം ലാൻഡർ കണ്ടെത്തി. തെർമൽ ഇമേജിലൂടെയാണ് വിക്രം ലാൻഡർ കണ്ടത്. ഇതുവരെ ആശയവിനിമയം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഐഎസ്ആർഒ ഇതിന് ശ്രമിക്കുകയാണ്. ഉടൻ തന്നെ കമ്മ്യൂണിക്കേഷൻ സാധ്യമാകും - കെ ശിവൻ വാർത്താ ഏജൻസി എഎൻഐയോട് സ്ഥിരീകരിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ ചാന്ദ്രപര്യവേഷണം എന്ന റെക്കോഡും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന ലോകത്തിലെ നാലാമത്തെ മാത്രം രാജ്യം എന്ന റെക്കോഡും സ്വന്തമാക്കാനായിരുന്നു ഇന്ത്യയുടെ ശ്രമം. ദൗത്യം ഏതാണ്ട് 95 ശതമാനം വിജയമെന്നായിരുന്നു ഐഎസ്ആർഒയുടെ ആദ്യ പ്രതികരണം.

അവസാനഘട്ടത്തിൽ മാത്രമാണ് പിഴവുണ്ടായിരുന്നത് എന്നാണ് വിലയിരുത്തൽ. ഇത് പിന്നീട് നാസ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ബഹിരാകാശ ഏജൻസികളും ആഗോള മാധ്യമങ്ങളും പ്രശംസിച്ചിരുന്നു. പതിനാല് ദിവസത്തിനകം വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായേക്കുമെന്ന് ഐഎസ്ആർഒ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. ലാൻഡറിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഐഎസ്ആർഒ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചാന്ദ്രദൗത്യം 95ശതമാനവും വിജയകരമാണെന്ന് പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് ഡോ വിജയരാഘവൻ ട്വീറ്റ് ചെയ്തു. ആശയവിനിമയ സംവിധാനം പാളിയെങ്കിലും ചാന്ദ്രശാസ്ത്രത്തിന് കൂടുതൽ സംഭാവനകൾ നൽകാൻ ഈ ദൗത്യത്തിനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓർബിറ്ററിനെ ഭ്രമണപഥത്തിലേക്ക് ചെറുതായി എത്തിച്ചെന്നും ഐഎസ്ആർഒ പിന്നീട് വ്യക്തമാക്കി. നേരത്തെ ഈ ദൗത്യത്തിന് ഒരുവർഷത്തെ കാലാവധിയാണ് പ്രവചിച്ചിരുന്നത്. എന്നാൽ ഇന്ധന ക്ഷമത നിലനിർത്തുന്നതിനാൽ ഏഴ് കൊല്ലം വരെ ദൗത്യം സജീവമായിരിക്കുമെന്നാണ് ഐഎസ്ആർഓ ഇപ്പോൾ വിശദീകരിക്കുന്നത്. പദ്ധതിയിലെ അംഗങ്ങൾ തിരികെ തങ്ങളുടെ ജോലികളിൽ പ്രവേശിച്ചതായും ദൗത്യം പരാജയപ്പെടാനുണ്ടായ കാരണങ്ങൾ ഐഎസ്ആർഒ മേധാവി കെ ശിവന്റെ അധ്യക്ഷതയിൽ വിലയിരുത്തിയതായും ഡോ വിജയരാഘവൻ വ്യക്തമാക്കി. പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരശ്ചീന പ്രവേഗം വർധിപ്പിച്ചതാകാം നിർദ്ദിഷ്ട ദിശയിൽ നിന്ന് ലാൻഡർ മാറിപ്പോകാൻ കാരണമെന്നാണ് ചന്ദ്രയാനിലും മംഗൾയാനിലും ഭാഗഭാക്കായ ഒരു മുതിർന്ന ശാസ്ത്രജ്ഞൻ പ്രതികരിച്ചത്. നിരന്തരം ഭ്രമണപഥം നിരീക്ഷിക്കുന്നതിലൂടെ ലാൻഡർ എവിടെയാണെന്ന് കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്തിലെ നിരീക്ഷണത്തിലൂടെയാണ് ലാൻഡറിനെ ഇപ്പോൾ കണ്ടെത്തിയതെന്നാണ് സൂചന. വിക്രം ലാൻഡറിന് താഴേക്ക് വരും തോറും പ്രവേഗം കുറയേണ്ടതിന് പകരം കൂടിയതോടെ ഇത് വേറെ എവിടേക്കെങ്കിലും മാറിയതാകാമെന്നായിരുന്നു വിലയിരുത്തൽ. കുന്നോ മണൽക്കൂനയോ കാരണം ബന്ധം നഷ്ടപ്പെടാനുള്ള സാധ്യതയാണ് ഐ എസ് ആർ ഒ കാണുന്നത്.

നിയന്ത്രണം നഷ്ടമായ ചന്ദ്രയാന്റെ വിക്രം ലാന്ററിന്റെ ഇനിയുള്ള സാധ്യതകൾ എന്തെല്ലാമാണ് എന്നാണ് ഇപ്പോൾ ഐഎസ്ആർഒ ഉറ്റുനോക്കുന്നത്. ക്രാഷ് ലാൻഡിംഗാണ് സംഭവിച്ചത് എന്ന് ഏകദേശം ഉറപ്പാണ്. അതുകൊണ്ടുതന്നെ ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കാൻ ലാന്ററിന് കഴിഞ്ഞേക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ സംഭവിച്ചത് ക്രാഷ് ലാൻഡിങ് അല്ലെങ്കിൽ പ്രതീക്ഷകൾ വീണ്ടും സജീവമാകും. എന്തുകൊണ്ടാകാം ക്രാഷ് ലാൻഡിങ് നടത്തേണ്ടിവന്നത്? മുൻകൂട്ടി തയാറാക്കിയ പ്രോഗ്രാം ശരിയായി പ്രവർത്തിക്കാത്തത് ആകാമെന്നാണ് വിലയിരുത്തൽ. സ്വയം തീരുമാനമെടുക്കാൻ വിക്രംലാൻഡർ സജ്ജമായിരുന്നു. എന്നാൽ അവസാന നിമിഷം പ്രോഗ്രാം പരാജയപ്പെട്ടിരിക്കാമെന്നും കരുതുന്നു.

മറ്റൊരു സാധ്യതയുള്ളത് ചന്ദ്രന്റെ ഗുരുത്വാകർഷണത്തിന് എതിരായി പ്രവർത്തിച്ച ത്രസ്റ്ററുകളുടെ തകരാറാണ്. നാല് ത്രസ്റ്ററുകൾ വശത്തും ഒരെണ്ണം മധ്യഭാഗത്തുമായി അഞ്ചെണ്ണമാണ് ഉണ്ടായിരുന്നത്. ചന്ദ്രന്റെ പരിതസ്ഥിതിയിൽ ത്രസ്റ്ററുകൾ പണിമുടക്കാനുള്ള സാധ്യത ഏറെയാണ്. ഫലമോ, അതിവേഗതയിൽ ലാന്റർ ഇടിച്ചുകയറിയിരിക്കാമെന്നും വിലയിരുത്തുന്നു. ഇപ്പോഴും ലാൻഡറുമായി ആശയവിനിമയം നടത്താൻ ശ്രമം തുടരുകയാണ്. എന്നാൽ ഇതുവരെ പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല. ക്രാഷ്ലാൻഡിംഗിൽ ആന്റിനകൾ തകർന്നു എന്നാണ് നിഗമനം.

ലാൻഡറിന്റെ നിലവിലെ സ്ഥാനം നിർണയിക്കാൻ സാധിച്ചത് തന്നെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ലാൻഡറിന് സംഭവിച്ചത് ക്രാഷ് ലാൻഡിങ്ങാണോ? സോഫ്റ്റ് ലാൻഡിങ് ആണോയെന്നാണ് പരിശോധിച്ചു വരുന്നത്. നേരത്തെ ചന്ദ്രയാൻ രണ്ട് ദൗത്യത്തിൽ ഐ.എസ്.ആർ.ഒയ്ക്ക് പ്രശംസയുമായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ പോലും രംഗത്ത് വന്നിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ദൗത്യം പ്രചോദനമായെന്ന് നാസ വ്യക്തമാക്കി. ചന്ദ്രയാൻ രണ്ട് നൂറുശതമാനം വരെ വിജയം നേടിയെന്ന് വിലയിരുത്തിയ ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ ഭാവി ദൗത്യങ്ങളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി.

ബഹിരാകാശം കഠിനമെന്ന ആമുഖത്തോടെയാണ് നാസ ചന്ദ്രന്റെ ദക്ഷിണധ്രവം തൊടാനുള്ള ഇന്ത്യൻ ദൗത്യത്തെ പ്രശംസിച്ചത്. സൗരയൂഥത്തിന്റെ നിഗൂഢതകൾ തേടിയുള്ള ഭാവി ദൗത്യങ്ങൾക്ക് ഐ.എസ്.ആർ.യുടെ ശ്രമങ്ങൾ ഉപകരിക്കും. ബഹിരാകാശപര്യവേഷണങ്ങളിൽ സംയുക്ത ശ്രമങ്ങളിലേക്ക് ഉറ്റുനോക്കുന്നതായും നാസ ട്വീറ്റ് ചെയ്തു. ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസിയും ഇസ്രോയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തി . ചന്ദ്രന് രണ്ടുകിലോമീറ്റർ വരെ അടുത്തെത്തിയ ദൗത്യം അഭിനന്ദനാർഹമാണെന്ന് ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസി വ്യക്തമാക്കി. ഇസ്രോയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് പിന്തുണയുമായി യു.എ.ഇ ബഹിരാകാശ ഏജൻസിയും രംഗത്തെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP