Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ഭാഗത്തെ ചിത്രങ്ങൾ നാസയുടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ഇന്ന് പകർത്തും; ലാൻഡറിന്റേത് സോഫ്റ്റ് ലാൻഡിംഗോ ഇടിച്ചിറങ്ങിയതോ എന്ന് വ്യക്തമാകുമെന്ന പ്രതീക്ഷയിൽ ശാസ്ത്ര ലോകം; നാസ പകർത്തുന്ന ചിത്രങ്ങൾ കൈമാറുക ഇസ്രോയ്ക്ക്; ചന്ദ്രയാൻ 2 ദൗത്യം പൂർണ്ണ വിജയമാകാത്തതിന് കാരണം കണ്ടെത്താൻ കിണഞ്ഞ് പരിശ്രമിച്ച് ഐ എസ് ആർ ഒ

വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ഭാഗത്തെ ചിത്രങ്ങൾ നാസയുടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ഇന്ന് പകർത്തും; ലാൻഡറിന്റേത് സോഫ്റ്റ് ലാൻഡിംഗോ ഇടിച്ചിറങ്ങിയതോ എന്ന് വ്യക്തമാകുമെന്ന പ്രതീക്ഷയിൽ ശാസ്ത്ര ലോകം; നാസ പകർത്തുന്ന ചിത്രങ്ങൾ കൈമാറുക ഇസ്രോയ്ക്ക്; ചന്ദ്രയാൻ 2 ദൗത്യം പൂർണ്ണ വിജയമാകാത്തതിന് കാരണം കണ്ടെത്താൻ കിണഞ്ഞ് പരിശ്രമിച്ച് ഐ എസ് ആർ ഒ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ചന്ദ്രയാൻ-2 നടത്തിയത് സോഫ്റ്റ് ലാൻഡിംഗോ അതോ ക്രാഷ് ലാൻഡിംഗോ എന്ന് ഇന്ന് വ്യക്തമാകും. ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ ഭാഗത്തെ ചിത്രങ്ങൾ ഇന്ന് യുഎസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ (എൽആർഒ) പകർത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഈ പ്രദേശത്തിനു മുകളിലൂടെ സഞ്ചരിച്ചാണ് എൽആർഒ ചിത്രം എടുക്കുന്നത്. ഇതോടെ ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡറിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകും. വിക്രം ലാൻഡറുടെ ജീവൻ വീണ്ടെടുക്കാൻ ഐ എസ് ആർ ഒയ്ക്ക് സാധിക്കുമോ എന്ന കാര്യത്തിലും ഇതോടെ വ്യക്തത വരും.

ലൂണാർ പകർത്തുന്ന ചിത്രങ്ങൾ ഇസ്രോയ്ക്ക് നാസ കൈമാറും. ചന്ദ്രയാൻ-2 ഓർബിറ്ററുമായി ബന്ധം നഷ്ടമായ വിക്രം ലാൻഡറുമായി 14 ദിവസത്തിനുള്ളിൽ ആശയവിനിമയം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. സോഫ്റ്റ് ലാൻഡിങ്ങിനു നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വിക്രം ലാൻഡർ ലക്ഷ്യസ്ഥാനം തെറ്റിയത്. അവസാന നിമിഷം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. കഴിഞ്ഞ 7 മുതൽ വിക്രവുമായി ആശയവിനിമയം പുനഃസ്ഥാപിക്കാൻ ഇസ്‌റോ ശ്രമം നടത്തിവരികയാണെങ്കിലും ഫലം കണ്ടിട്ടില്ല. എൽആർഒ പകർത്തുന്ന ചിത്രങ്ങളിലൂടെ വിക്രത്തിന്റെ യഥാർഥ സ്ഥിതി അറിയാൻ ഇസ്‌റോയ്ക്ക് കഴിഞ്ഞേക്കും. വിക്രം ലാൻഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാൻ നാസയും ശ്രമം നടത്തുന്നുണ്ട്.

വിക്രം ലാൻഡറിലെയും അതിനുള്ളിലെ പ്രഗ്യാൻ റോവറിലെയും ബാറ്ററികളുടെ ആയുസ്സ് 20ന് തീരും. 20നു മുൻപ് ലാൻഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള തീവ്ര ശ്രമമാണ് ഇസ്രോ നടത്തുന്നത്. ഇസ്രോയ്ക്ക് പുറമെ നാസയും ലാൻഡറെ ബന്ധപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു. സെപ്റ്റംബർ 7 മുതൽ ചന്ദ്രോപരിതലത്തിൽ ചലനരഹിതമായി കിടക്കുന്ന ലാൻഡറെ ബന്ധപ്പെടാനുള്ള എല്ലാം മാർഗങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് നാസയും ചന്ദ്രനിലെ ഇന്ത്യൻ ലാൻഡറുമായി ബന്ധിപ്പിക്കുന്നതിന് സന്ദേശങ്ങൾ അയച്ചത്. ലാൻഡറുമായി ഒരു കോൺടാക്റ്റ് സ്ഥാപിക്കുന്നതിനായി നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി വിക്രമിലേക്ക് റേഡിയോ സിഗ്‌നലുകൾ കൈമാറി. നാസ/ജെപിഎലിന്റെ ഇസ്രോയുമായുള്ള കരാർ പ്രകാരമാണ് വിക്രമിനെ ഡീപ് സ്‌പേസ് നെറ്റ്‌വർക്ക് (ഡിഎസ്എൻ) വഴി ബന്ധപ്പെടാൻ ശ്രമിച്ചത്.

ലാൻഡറിനു സൂര്യനുമായി സമ്പർക്കം പുലർത്താനുള്ള സമയം സെപ്റ്റംബർ 21നു അവസാനിക്കും. ഇതിനുശേഷം ലാൻഡറിലെ സോളാർ പാനലിന് ഊർജ്ജം പകരാൻ കഴിയില്ല. ലാൻഡറിലേക്ക് സിഗ്‌നൽ അയയ്ക്കുമ്പോൾ ചന്ദ്രൻ ഒരു റേഡിയോ റിഫ്‌ളക്ടറായി പ്രവർത്തിക്കുകയും ആ സിഗ്‌നലിന്റെ ഒരു ചെറിയ ഭാഗം തിരികെ ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. 8,00,000 കിലോമീറ്റർ ചുറ്റിക്കറങ്ങിയതിനു ശേഷമാണ് ഈ സിഗ്‌നലുകൾ ഭൂമിയിൽ എത്തുന്നത്. നാസയുടെ ജെപിഎല്ലിന് മൂന്നു ഡിഎസ്എൻ ഗ്രൗണ്ട് സ്റ്റേഷനുകളുണ്ട്. ഗോൾഡ്‌സ്റ്റോൺ, സൗത്ത് കാലിഫോർണിയ (യുഎസ്), മാഡ്രിഡ് (സ്‌പെയിൻ), കാൻബെറ (ഓസ്ട്രേലിയ) എന്നിവയാണത്. ബഹിരാകാശത്തെ ഏത് ഉപഗ്രഹത്തെയും കണ്ടെത്താൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനായി മൂന്ന് സ്റ്റേഷനുകൾ ഭൂമിയിൽ 120 ഡിഗ്രി അകലെയാണ് സ്ഥിതി ചെയ്യുന്നത്.

അതായത് എല്ലാ സമയത്തും കുറഞ്ഞത് ഒരു സ്റ്റേഷനുമായി ആശയവിനിമയം നടത്താൻ ഉപഗ്രഹങ്ങൾക്ക് സാധിക്കും. ഓരോ സൈറ്റിലും കുറഞ്ഞത് നാല് വലിയ ആന്റിനകൾ അടങ്ങിയിരിക്കുന്നു. നിരവധി ബഹിരാകാശ പേടകങ്ങളുമായി നിരന്തരമായ റേഡിയോ ആശയവിനിമയം നൽകാൻ കഴിവുള്ളതാണ് ഈ സംവിധാനങ്ങൾ. ഇവയ്ക്കും ലാൻഡറുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ചാന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായി വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കു ഇറങ്ങാൻ ഏകദേശം 1.334 കി.മി. ദൂര പരിധിയിൽ വച്ച് ലാൻഡറുമായുള്ള ആശയവിനിമയം നഷടമായതും, ഒടുവിൽ അത് ചന്ദ്രോപരിതലത്തിലേക്കു ഇടിച്ചിറങ്ങിയതാവാം എന്നുള്ള അനുമാനത്തിലാണ് ശാസ്ത്ര ലോകം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ ചില സവിശേഷതകളിലേക്കും കാണാകയങ്ങളുമാണ് ലാൻഡറിന് ലക്ഷ്യം നിഷേധിച്ചതെന്ന ചർച്ചയുമുണ്ട്.

ചന്ദ്രയാൻ-2 ലെ വിക്രം ലാൻഡറുമായി ഭൂമിയിലേക്കുള്ള ബന്ധം നഷ്ടപ്പെട്ടതോടെ ഇസ്രോ ഗവേഷകരും പുറത്തുനിന്നുള്ള വിദഗ്ധരും ലാൻഡറുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ലാൻഡറിൽ നിന്ന് സിഗ്‌നൽ ലഭിക്കാനുള്ള സാധ്യത മങ്ങുന്നുവെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. വിക്രം ലാൻഡറുമായി ബന്ധപ്പെടാൻ ഓർബിറ്ററിന് ഇതുവരെ സാധിച്ചിട്ടില്ല. ലാൻഡർ കിടക്കുന്ന സ്ഥലം നേരത്തെ തന്നെ കണ്ടെത്തിയെങ്കിലും ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല. സിഗ്‌നൽ ലഭ്യമാക്കാൻ എല്ലാ വഴികൾ നോക്കിയിട്ടും ലക്ഷ്യം കണ്ടില്ല. ഒരു ചാന്ദ്ര ദിവസമാണ് (ഭൂമിയിലെ 14 ദിവസങ്ങൾ) വിക്രം ലാൻഡറിന് ചന്ദ്രനിൽ ദൗത്യമുള്ളത്. ഇനി ദിവസങ്ങൾ മാത്രമേ മാത്രമേ ലാൻഡറിന് ആയുസ് ശേഷിക്കുന്നൊള്ളൂ. ഇതിനു ശേഷം ലാൻഡറുമായി ഒരിക്കലും ബന്ധം സ്ഥാപിക്കാൻ കഴിയില്ല.

ലാൻഡറിലെ ബാറ്ററി ചാർജ് തീർന്നുകൊണ്ടിരിക്കുകയാണ്. ദിവസം കഴിയുന്തോറും പ്രതീക്ഷ മങ്ങുകയാണെന്ന് ഐഎസ്ആർഒ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ഐഎസ്ആർഒ ട്രാക്കിങ് ആൻഡ് കമാൻഡിങ് നെറ്റ്‌വർക്കിലെ സംഘം ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. സോളാർ പാനലുകൾ ഉപയോഗിച്ച് ബാറ്ററികൾ റീചാർജ് ചെയ്യാനാകും. എന്നാൽ ആ പ്രതീക്ഷയും ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. സിഗ്‌നലുകൾ സ്വീകരിക്കാൻ കഴിയാത്ത വിധം വിക്രം ലാൻഡറിന് പ്രശ്‌നങ്ങൾ സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്. സെപ്റ്റംബർ എട്ടിനാണ് ചന്ദ്രോപരിതലത്തിൽ വിക്രമിനെ കണ്ടെത്തിയതായി ഇസ്റോ അറിയിച്ചത്. ലാൻഡർ ചന്ദ്രോപരിതലത്തിൽ പതിച്ചതായും തകർന്നിട്ടില്ലെന്നുമാണ് നിഗമനം. ഓർബിറ്റർ (2,379 കിലോഗ്രാം ഭാരം, എട്ട് പേലോഡുകൾ), 'വിക്രം' (1,471 കിലോഗ്രാം, നാല് പേലോഡുകൾ), 'പ്രജ്ഞാൻ' (27 കിലോഗ്രാം, രണ്ട് പേലോഡുകൾ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിരുന്നു ചന്ദ്രയാൻ -2 ബഹിരാകാശ പേടകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP