Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൈക്കിലെ തീ അടുക്കളയ്ക്കു പുറത്തിരുന്ന സിലിണ്ടറിലെത്തിയപ്പോൾ പൊട്ടിത്തെറിച്ചു; വീട് ആളിക്കത്തുമ്പോൾ അതിസാഹസികമായി സഹോദര പുത്രിയെ വിമല രക്ഷിച്ചു; സിപിഎം അക്രമത്തിനിടെ പരിക്കേറ്റ കുടുംബനാഥയുടെ മരണത്തിൽ ഞെട്ടി കഞ്ചിക്കോട്; രാഷ്ട്രീയ ആയുധമാക്കാൻ ഉറച്ച് ബിജെപിയും

ബൈക്കിലെ തീ അടുക്കളയ്ക്കു പുറത്തിരുന്ന സിലിണ്ടറിലെത്തിയപ്പോൾ പൊട്ടിത്തെറിച്ചു; വീട് ആളിക്കത്തുമ്പോൾ അതിസാഹസികമായി സഹോദര പുത്രിയെ വിമല രക്ഷിച്ചു; സിപിഎം അക്രമത്തിനിടെ പരിക്കേറ്റ കുടുംബനാഥയുടെ മരണത്തിൽ ഞെട്ടി കഞ്ചിക്കോട്; രാഷ്ട്രീയ ആയുധമാക്കാൻ ഉറച്ച് ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കഞ്ചിക്കോട്ട് രാഷ്ട്രീയസംഘർഷത്തിനിടെ ഗ്യാസ് സിലിൻഡർ പൊട്ടി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചതിനെ സിപിഎമ്മിനെതിരെ രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി. ചടയൻകാലായ് ശ്രീവത്സത്തിൽ കണ്ണന്റെ ഭാര്യ വിമലയാണ് (33) മരിച്ചത്. ഡിസംബർ 28നാണ് ഇവരെ പൊള്ളലേറ്റ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേസംഭവത്തിൽ പൊള്ളലേറ്റ ഇവരുടെ ഭർത്താവിന്റെ സഹോദരൻ രാധാകൃഷ്ണൻ ജനുവരി ആറിന് മരിച്ചിരുന്നു. ബിജെപി. പ്രവർത്തകരാണ് ഇവർ.

വീട്ടുമുറ്റത്ത് നിർത്തിയിരുന്ന ബൈക്കുകളിൽ പടർന്ന തീയണയ്ക്കാൻ വിമലയും ഭർത്താവ് കണ്ണനും ജ്യേഷ്ഠൻ രാധാകൃഷ്ണനും ശ്രമിക്കുന്നതിനിടെ സമീപത്തിരുന്ന ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളായ മൂന്ന് സിപിഐ(എം). പ്രവർത്തകർ റിമാൻഡിലാണ്. വിമലയ്ക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു. ഞായറാഴ്ച രാത്രി വൃക്കകളുടെ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലേക്ക് മാറ്റിയിരുന്നു. 19 ദിവസത്തെ നരകയാതനക്കുശേഷം വിമല മരണത്തിന് കീഴടങ്ങി.

പാലക്കാട്ട് വീട്ടമ്മയെ ചുട്ടുകൊന്ന സിപിഐ(എം) നടപടിക്കെതിരെ മനുഷ്യ മനസാക്ഷി ഉണരണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്. സമാധാനത്തോടെ ജീവിക്കാൻ മുട്ടിലിഴഞ്ഞ് പിണറായി വിജയനെ സമീപിക്കാൻ കേരളത്തിലെ അമ്മമാർ തയ്യാറല്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ സ്ത്രീകൾക്ക് സമാധാനപരമായി ജീവിക്കാൻ ആവുന്നില്ലെങ്കിൽ ഭോപ്പാലിൽ മുഖ്യമന്ത്രിയെ വഴിതടഞ്ഞതുപോലെയുള്ള സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കും. മനുഷ്യനെ ചുട്ടുകൊല്ലുന്ന സിപിഐ(എം) ഭീകരതയ്ക്കെതിരെ ഈ മാസം 20 ന് ജില്ലാ തലങ്ങളിൽ അമ്മമാരുടെ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും. ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ഡിസംബർ 28ന് പുലർച്ചെയായിരുന്നു ആക്രമണം. ഒരേവളപ്പിലാണ് സഹോദരന്മാരുടെ വീടുകൾ. ഏറ്റവും മുമ്പിലുള്ള രാധാകൃഷ്ണന്റെ വീടിന് നേരെയായിരുന്നു ആക്രമണം. വീട്ടുമുറ്റത്ത് വച്ചിരുന്ന ബൈക്കുകൾ കത്തിക്കുകയായിരുന്നു. ബൈക്കിൽ നിന്നുള്ള തീ അടുക്കളക്ക് പുറത്തിരുന്ന പുതിയ ഗ്യാസ് സിലിണ്ടറിലേക്ക് പടർന്ന് പൊട്ടിത്തെറിച്ചു. തീ വീടിനുള്ളിലേക്ക് പടർന്നു. സ്ഫോടനത്തിൽ സിലിണ്ടർ വച്ചിരുന്നു സ്ഥലം അരയടിയോളം താഴ്ന്നു. മൂന്നു ബൈക്കുകളും ഒരു സൈക്കിളുമാണ് കത്തിനശിച്ചത്. മേൽക്കൂരയും സ്ഫോടനത്തിൽ ദൂരേക്ക് തെറിച്ചു. വൈക്കോൽ കൂനയ്ക്കും തൊഴുത്തിനും അക്രമികൾ തീയിട്ടിരുന്നു. പശുക്കളെയും ആടുകളെയും പെട്ടെന്ന് അഴിച്ചുമാറ്റിയതിനാൽ അവക്ക് ഒന്നും സംഭവിച്ചില്ല. ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ എന്നിവ കത്തിയമർന്നു. വീടിനകത്തേക്ക് തീപടർന്നയുടൻ രാധാകൃഷ്ണന്റെ മകളെ അതിസാഹസികമായാണ് വിമല രക്ഷിച്ചത്. ഇതിനിടെ വിമല അപകടത്തിൽപെടുകയായിരുന്നു.

രണ്ടുമാസമായി കഞ്ചിക്കോട്ട് സിപിഐ(എം)-ബിജെപി സംഘർഷമാണ്. ആർഎസ്എസ് ബിജെപി പ്രവർത്തകർക്കു നേരെയുള്ള ആക്രമണങ്ങളിൽ 11 ബൈക്കുകളും ഒരു ഓട്ടോറിക്ഷയും ഒരു കാറും നിരവധി വീടുകളും നശിപ്പിച്ചു. പ്രതികൾക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും ചുമത്തിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇനിയും പലരും അറസ്റ്റിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ കഞ്ചിക്കോട് സ്വദേശികളായ ജയൻ (30), അനീഷ് (32), പ്രസാദ് (28) എന്നിവർ റിമാൻഡിലാണ്.

ബിജെപി. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ശിവരാജൻ, സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ കോയമ്പത്തൂരിലെ ആശുപത്രിയിൽനിന്ന് ഏറ്റുവാങ്ങിയ മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മൃതദേഹപരിശോധനയ്ക്കുശേഷം വിലാപയാത്രയായി മൂന്നരയോടെ കഞ്ചിക്കോട്ടേക്ക് എത്തിച്ചു. ബിജെപി. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സിന്ധു രാജൻ തുടങ്ങിയവരടക്കം വലിയൊരു നേതൃനിര അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. മതപരമായ ചടങ്ങുകൾക്കുശേഷം കഞ്ചിക്കോട് ശ്മശാനത്തിൽ ശവസംസ്‌കാരം നടന്നു.

തമിഴ് നാട്ടിലെ കാരമടക്കടുത്ത ചിന്നത്തൊട്ടിപ്പാളയം വെള്ളാദി ഗ്രാമത്തിൽ ആറുമുഖം കൗണ്ടറുടെയും രാജമ്മാളുടെയും മകളാണ് വിമല. സംഭവത്തിൽ പൊള്ളലേറ്റ ഭർത്താവ് കണ്ണൻ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മക്കൾ: അക്ഷയ, അശ്വിൻ. സഹോദരങ്ങൾ: പ്രകാശ്, മയിലമ്മ, കലാമണി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP