Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ചടക്ക നടപടി എടുക്കാൻ വിധം ഞാൻ ചെയ്ത കുറ്റം എന്താണെന്ന് വ്യക്തമാക്കണം; എങ്ങനെയാണ് ഞാൻ പ്രസ്‌ക്ലബിന് അപകീർത്തിയുണ്ടാക്കിയത്? ഇക്കാര്യങ്ങൾ എന്തുകൊണ്ട് വിശദീകരിക്കുന്നില്ല? സങ്കേതം വിഷയത്തിലെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി വിനു വി ജോൺ

അച്ചടക്ക നടപടി എടുക്കാൻ വിധം ഞാൻ ചെയ്ത കുറ്റം എന്താണെന്ന് വ്യക്തമാക്കണം; എങ്ങനെയാണ് ഞാൻ പ്രസ്‌ക്ലബിന് അപകീർത്തിയുണ്ടാക്കിയത്? ഇക്കാര്യങ്ങൾ എന്തുകൊണ്ട് വിശദീകരിക്കുന്നില്ല? സങ്കേതം വിഷയത്തിലെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി വിനു വി ജോൺ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രസ്‌ക്ലബിലെ അനധികൃത ബാറിനെ കുറിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിൽ തിരുവനന്തപുരം പ്രസ് ക്ലബ് ഭരണസമിതി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയുമായി ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ കോ-ഓഡിനേറ്റിങ് എഡിറ്റർ വിനു വി ജോൺ രംഗത്ത്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രസ്‌ക്ലബിനെ അപതീർത്തിപ്പെടുത്തും വിധം പെരുമാറിയെന്നാണ് തനിക്കെതിരെ ഉയർന്ന ആരോപണം. എന്നാൽ, ഇത് എന്താണെന്ന് വ്യക്തമാക്കണമെന്നമെന്നും എങ്കിൽ മാത്രമേ വിശദമായ മറുപടി നൽകാമെന്നും വ്യക്തമാക്കിയാണ് വിനു വി ജോൺ പ്രസ് ക്ലബ് സെക്രട്ടറിക്ക് കത്തു നൽകിയത്.

ജൂലൈ 26ന് പ്രസ് ക്ലബ്ബിന്റെ അച്ചടക്ക സമിതി ചേർന്നെന്നും താങ്കളുടെ വിഷയത്തിൽ അച്ചടക്ക നടപടിക്ക് പര്യാപ്തമായ കുറ്റം കണ്ടെത്തിയെന്ന് കാണിച്ചാണ് വിനുവിന് നേരത്തെ കാരണം കാണിക്കൽ നോട്ടീല് നൽകിയത്. പ്രസ് ക്ലബ്ബിനെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തും വിധം താങ്കളുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടായതായി ജൂലൈ 10ന് ചേർന്ന ജനറൽ ബോഡിയിൽ ചർച്ചയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക സമിതിയുടെ തീരുമാനമെന്നും കാരണം കാണിക്കൽ നോട്ടീസിൽ വിശദീകരിക്കുന്നു. എന്നാൽ, പ്രസ്‌ക്ലബിലെ സങ്കേതത്തെ കുറിച്ചുള്ള ട്വീറ്റിന്റെ പേരിലാണ് നടപടിയെന്ന കാര്യം നോട്ടീസിൽ വ്യക്തമാക്കിയിരുന്നില്ല. അതുകൊണ്ട് തന്നെയാണ് വിനു എന്താണ് താൻ ചെയ്ത കുറ്റമെന്ന് വിശദീകരിക്കുന്നതും.

പ്രസ്‌ക്ലബ് സെക്രട്ടറിക്ക് വിനു നൽകിയ മറുപടി ഇങ്ങനെയാണ്:

ബഹുമാനപ്പെട്ട പ്രസ് ക്‌ളബ് സെക്രട്ടറി,
01.8.2016
അച്ചടക്ക നടപടി എടുക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് 28.07.2016 ൽ അയച്ച കത്ത് കിട്ടി. സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രസ് ക്‌ളബിനെ അപകീർത്തിപ്പെടുത്തുന്നു എന്ന ആരോപണത്തിൽ വ്യക്തത വരുത്തണമെന്ന് അപേക്ഷിക്കുന്നു. അച്ചടക്ക നടപടി എടുക്കാൻ പര്യാപ്തമാം വിധം ഞാൻ ചെയ്ത കുറ്റം എന്താണെന്ന് കത്തിൽ വ്യക്തമല്ല. കത്തിൽ സൂചിപ്പിച്ച തരത്തിൽ 2016 ജൂലൈയിൽ ചേർന്ന ജനറൽ ബോഡിയിൽ എനിക്കെതിരെ ഉയർന്ന ആരോപണം എന്താണ്? ആ ചർച്ചയുടെ വിശദാംശങ്ങൾ മിനിറ്റ്‌സിൽ കാണുമല്ലോ. എന്നെ അറിയിക്കാനാവാത്ത വിധം രഹസ്യ സ്വഭാവം അതിനുണ്ടോ? എന്താണ് 2016 ജൂലൈ 26ന് ചേർന്ന അച്ചടക്ക സമിതി ച!ച്ച ചെയ്തത്? എങ്ങനെയാണ് ഞാൻ പ്രസ്‌ക്‌ളബിന് അപകീർത്തിയുണ്ടാക്കിയത്? ഇക്കാര്യങ്ങൾ അറിയാതെ വിശദീകരണം തരാൻ കഴിയില്ലെന്ന് അങ്ങേക്കറിയാമല്ലോ. മേൽ സൂചിപ്പിച്ച കാര്യങ്ങൾ അറിയിക്കുമ്പോൾ വിശദമായ മറുപടി നൽകാം. സാമാന്യ നീതി അനുസരിച്ച് പ്രസ് ക്‌ളബ് ഭരണ സമിതി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രസ് ക്ലബിന്റെ ഭരണഘടനക്ക് അനുസൃതമായി പ്രവർത്തിക്കാൻ ഞാൻ എപ്പോഴും സന്നദ്ധനാണ്.

വിനയപൂർവ്വം,
വിനു വി ജോൺ
സീനിയർ കോ ഓഡിനേറ്റിങ് എഡിറ്റർ (ഔട്ട്പുട്ട്)
ഏഷ്യാനെറ്റ് ന്യൂസ്

കാര്യകാരണങ്ങൾ വ്യക്തമാക്കാതെയുള്ള നടപടിക്ക് അതേനാണയത്തിൽ തന്നെയാണ് വിനു മറുപടി നൽകിയിരിക്കുന്നത്. തന്നെ പുറത്താക്കാൻ പര്യാപ്തമായ അച്ചടക്ക ലംഘനം എന്തെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടതോടെ പ്രസ്‌ക്ലബും വെട്ടിലായി. അനധികൃത ബാറിനെതിരെയാണ് വിനു ട്വീറ്റ് ചെയ്തിരുന്നത്. നിയമം ലംഘിച്ചുള്ള ഈ ബാറിനെതിരെ ട്വീറ്റ് ചെയ്തതിന്റെ ഭാഗമായി പ്രതികാര നടപടിയുടെ ഭാഗമായാണ് കാരണം കാണിക്കൽ നോട്ടീസെന്നതും വ്യക്തമായിരുന്നു. വിനുവിന്റെ വിശദീകരണം എന്തുതന്നെ ആയാലും പ്രസ് ക്ലബ്ബിൽ നിന്ന് പുറത്താക്കാൻ തന്നെയാണ് നീക്കമെന്നാണ് വ്യക്തമാകുന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിൽ ചേരിതിരുവുകൾ ഉണ്ടായിരുന്നു. ചിത്ര വിചിത്രം എന്ന പരിപാടിയിലെ ഏലസ് വിവാദം സംഭവങ്ങൾ ആളിക്കത്തിച്ചു. ഇതേ തുടർന്നുള്ള സമ്മർദ്ദങ്ങളാണ് പ്രസ് ക്ലബ്ബിന്റെ പെട്ടെന്നുള്ള കാരണം കാണിക്കൽ നോട്ടീസിന് കാരണമെന്നാണ് വാദം. വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിനു വി ജോണിനെ ഏഷ്യാനെറ്റിൽ നിന്ന് പുറത്താക്കാനും നീക്കമുണ്ടായിരുന്നു. എന്നാൽ വിനു വി ജോണിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അനുകൂലിക്കുകയാണ് ഏഷ്യാനെറ്റ് ചെയ്ത്. ഇതിൽ പ്രതിഷേധിച്ചാണ് കെപി ജയ്ദീപ് ഏഷ്യാനെറ്റിൽ നിന്ന് രാജിവച്ച് ന്യൂസ് 18 കേരളയിലേക്ക് ചേക്കേറാനൊരുങ്ങുന്നത്. ഇതിനിടെയുണ്ടായ ഏലസ് വിവാദം ഏഷ്യാനെറ്റിലെ ജയ്ദീപ് വിഭാഗത്തെ ചൊടുപ്പിച്ചു. ഇതിന്റെ പ്രതിഫലനമാണ് വിനു വി ജോണിനെതിരെയുള്ള പ്രസ് ക്ലബ്ബിന്റെ ഷോകോസ് നോട്ടീസ്.

പ്രസ് ക്ലബ് ഭരണസമിതിയിൽ ഏഷ്യാനെറ്റിൽ വിനു വി ജോണിനെ എതിർക്കുന്നവർക്ക് വ്യക്തമായ മേധാവിത്വമുണ്ട്. അതുകൊണ്ട് തന്നെ വിനുവിന്റെ ആദ്യത്തെ വിശദീകരണം തന്നെ തള്ളാനാണ് സാധ്യത. പ്രസ് ക്ലബ്ബിലെ സങ്കേതത്തിൽ മദ്യക്കച്ചവടം നടക്കുന്നുവെന്ന ആരോപണത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയാൽ മാത്രമേ വിശദീകരിക്കുകയുള്ളൂ എന്ന വിനുവിന്റെ മറുപടിയോടെ നടപടി എളുപ്പത്തിലാകാനും സാധ്യതയില്ല.

പ്രസ് ക്ലബ്ബിലെ തന്നെ അംഗങ്ങളായ വി എസ് ശ്യാംലാലും മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ ചന്ദ്രമോഹനും സോഷ്യൽ മീഡിയയിലൂടെ സങ്കേതത്തിലെ മദ്യപാനത്തിന് സ്ഥിരീകരണം നൽകിയിട്ടുണ്ട്. മദ്യം വാങ്ങി എത്തിക്കാനും മറ്റുള്ള സംവിധാനം വിശദീകരിച്ചായിരുന്നു ചന്ദ്ര മോഹന്റെ പോസ്റ്റ്. മറ്റൊരു മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സങ്കേതത്തിലെ വെള്ളമടിയെ ന്യായീകരിച്ച് കലാകൗമുദിയിൽ ലേഖനവും എഴുതി. അതുകൊണ്ട് തന്നെ സങ്കേതത്തിൽ നിയമ വിരുദ്ധയമായി മദ്യപാനം നടക്കുന്നുവെന്ന് വ്യക്തമാണ്. പ്രസ് ക്ലബ്ബ് പൊതു സ്ഥലമല്ലെന്നും അതുകൊണ്ട് സ്വകാര്യസ്ഥലമായി കണ്ട് മദ്യപാനം നിയമവിരുദ്ധമല്ലെന്നുമാണ് ഈ മാദ്ധ്യമ പ്രവർത്തകർ വാദിച്ചിരുന്നത്. എന്നാൽ അവിടെ ബാറും അത്യാധുനിക സംവിധാനങ്ങളും ഉണ്ടെന്ന് ഏവർക്കും അറിയാവുന്നതുമാണ്. അതുകൊണ്ട് തന്നെയാണ് സങ്കേതത്തിലെ മദ്യപാനത്തെ പരാമർശിക്കാതെ വിനു വി ജോണിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നത്.

ഹിന്ദുവിലെ എ വിനോദും മംഗളത്തിലെ ഋഷി കെ മനോജും മാതൃഭൂമി ന്യൂസിലെ സീജി കടയ്ക്കലുമാണ് അച്ചടക്ക സമിതിയിലെ അംഗങ്ങൾ. കാൽ നൂറ്റാണ്ടിലേറെയായി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മദ്യശാല എക്‌സൈസ് അധികൃതർ ഇടപെട്ട് പൂട്ടിച്ചുവെന്ന് മറുനാടൻ മലയാളിയെ പോലെ മാദ്ധ്യമം പത്രവും റിപ്പോർട്ട് ചെയ്തിരുന്നു. എക്‌സൈസ് കമ്മീഷണർ ഋഷിരാജ്‌സിങ് മുൻകൈയെടുത്താണ് സങ്കേതം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബാർ പൂട്ടിച്ചത്. ലൈസൻസ് ഇല്ലാതെ കഌുകളിൽ മദ്യ വിൽപനയോ മദ്യപാനമോ അനുവദിക്കില്ലെന്ന് എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥർ പ്രസ്സ് ക്ലബ് ഭാരവാഹികളെ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP