Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജില്ലാ സഹകരണബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് പത്തനംതിട്ട ഡിസിസി അംഗം തട്ടിയത് ലക്ഷങ്ങൾ; പണം തിരികെ ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ നൽകാമെന്ന് ഉറപ്പ്; പണം കൊടുക്കാതെ മുങ്ങിയ നേതാവിനെ പുറത്താക്കി മുഖം രക്ഷിച്ച് കോൺഗ്രസും

ജില്ലാ സഹകരണബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് പത്തനംതിട്ട ഡിസിസി അംഗം തട്ടിയത് ലക്ഷങ്ങൾ; പണം തിരികെ ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ നൽകാമെന്ന് ഉറപ്പ്; പണം കൊടുക്കാതെ മുങ്ങിയ നേതാവിനെ പുറത്താക്കി മുഖം രക്ഷിച്ച് കോൺഗ്രസും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലാ സഹകരണബാങ്കിൽ പ്യൂൺ, സ്വീപ്പർ തസ്തികകളിൽ ഒഴിവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 18 പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും ജില്ലാ കോൺഗ്രസ് കമ്മറ്റിയംഗം തട്ടിയെടുത്തത് ലക്ഷങ്ങൾ. തങ്ങൾ പറ്റിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ഉദ്യോഗാർഥികൾ പണം തിരികെ ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ നൽകാമെന്ന് ഉറപ്പ്. ഉറപ്പ് വിശ്വസിച്ച് പോയവരെ പറ്റിച്ചു കൊണ്ട് നേതാവും കുടുംബവും മുങ്ങി.

ഡിസിസി അംഗവും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ എംഎൻ വിശാഖ് കുമാറിനും ഭാര്യയ്ക്കുമെതിരെയാണ് ആരോപണം. ജില്ലാ സഹകരണബാങ്കിലെ അക്കൗണ്ടന്റായ ഇയാൾ ചില ഉന്നത കോൺഗ്രസ് നേതാക്കളുടെ പേരുപറഞ്ഞാണ് പാവപ്പെട്ടവരുടെ പക്കൽ നിന്നും പണം വാങ്ങിയത്. സംഭവത്തെ തുടർന്ന് പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ വീടിനു മുന്നിൽ കുടിൽ കെട്ടി സമരം ആരംഭിച്ചതോടെ വിശാഖ് കുമാർ ഒളിവിൽ പോയതായി പരാതിക്കാർ പറയുന്നു. ജോലി വാഗ്ദാനം ചെയ്ത് ഒരാളിൽ നിന്നും 83,000 രൂപാ വീതം രണ്ടുവർഷം മുമ്പാണ് വിശാഖ് കുമാർ വാങ്ങിയത്.

ആഴ്ചകൾക്കുള്ളിൽ ജോലി കിട്ടുമെന്നായിരുന്നു വാഗ്ദാനം. ജോലി ഉടൻ ലഭിക്കുമെന്നതിനാൽ ടി.സി വാങ്ങണമെന്ന് ഇയാൾ നിർബന്ധിച്ചതിനെ തുടർന്ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ വിദ്യാർത്ഥിനിയായ എം ശ്രീലക്ഷ്മി പഠനം പാതി വഴി ഉപേക്ഷിച്ചു. വെണ്ണിക്കുളത്ത് പോളിടെക്നിക് പഠിച്ചു കൊണ്ടിരുന്ന വിആർ ശ്രുതിയും ഇയാളുടെ വാക്ക് വിശ്വസിച്ച് പഠനം ഉപേക്ഷിച്ച് ടിസി വാങ്ങിയവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. കുമ്പനാട് ഫെലോഷിപ്പിലെ ജീവനക്കാരിയായിരുന്ന ബി പ്രസീദ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് പുതിയ ജോലിക്കായുള്ള കാത്തിരിപ്പ് തുടർന്നിട്ട് രണ്ടുവർഷം കഴിഞ്ഞു.

ജില്ലാ സഹകരണ ബാങ്കിൽ താത്കാലിക അടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന മുള്ളാർ വിളയിൽ രമ്യാ തങ്കപ്പന്റെ സഹോദരിയോട് ജോലി സ്ഥിരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 23 ലക്ഷം രൂപ കൈപ്പറ്റി. വിശാഖ്കുമാറിന്റെ അയൽവാസിയായ ഇവർ ഭൂമി പണയം വച്ചാണ് പണം നൽകിയത്. ഇപ്പോൾ ഇവർ ജപ്തി നടപടി നേരിടുകയാണ്. ജോലി ലഭിക്കാതെ വന്നതോടെ പണം ചോദിച്ച് നാട്ടുകാർ എത്തുമ്പോൾ ഒഴിഞ്ഞു മാറുകയാണ് വിശാഖ് ചെയ്യുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് കൊടുമൺ പൊലീസ് മൂന്നുമാസം മുമ്പ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും നടപടിയൊന്നും എടുത്തിട്ടില്ലെന്ന് പരാതിക്കാർ പറയുന്നു.

ബാങ്കിലെ വെറും അക്കൗണ്ടന്റായ വിശാഖ് കുമാറിന് ജോലി വാങ്ങി തരാൻ കഴിയുമോ എന്ന സംശയം പണം കൊടുക്കുന്നതിന് മുമ്പ് പലരും ഉന്നയിച്ചിരുന്നു. കോൺഗ്രസ് ഉന്നത നേതൃത്വവും ബാങ്ക് പ്രസിഡന്റും അറിഞ്ഞാണ് താൻ പണം മേടിക്കുന്നതെന്നായിരുന്നു വിശാഖിന്റെ മറുപടി. ജോലി ലഭിക്കില്ലെന്ന് ഉറപ്പു വന്നതോടെ നാട്ടുകാർ വിശാഖ് കുമാറിനോട് പണം ആവശ്യപ്പെടാൻ ചെന്നപ്പോൾ ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കുടുംബസംഗമ പരിപാടിയിൽ പങ്കെടുക്കാൻ വരുന്നുണ്ടെന്നും അദ്ദേഹത്തിന്റെയും ജില്ലാ ബാങ്ക് പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽ പണം മടക്കി നൽകാമെന്നുമായിരുന്നു മറുപടി. എന്നാൽ ഈ ഉറപ്പും പാലിക്കപ്പെട്ടില്ല. ഒടുവിൽ നാട്ടുകാർ കൂട്ടത്തോടെ വിശാഖിന്റെ വീട്ടിൽ ചെന്ന് പണം ചോദിക്കാൻ ഒരുങ്ങിയപ്പോൾ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മുൻ മണ്ഡലം പ്രസിഡന്റും എത്തി മൂന്നു ദിവസത്തിനകം പണം വാങ്ങി തരാമെന്ന് ഉറപ്പു നൽകി. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വിശാഖ് കുമാർ ഒളിവിൽ പോയ വിവരമാണ് അറിയാൻ കഴിഞ്ഞത്.

പണം മടക്കി നൽകരുതെന്ന് മുൻകൂട്ടി നിശ്ചയിച്ചാണ് ഇയാൾ നാട്ടുകാരെ വഞ്ചിച്ചതെന്ന് പട്ടികജാതി ക്ഷേമസമിതി പറയുന്നു. പലരും അക്കൗണ്ട് മുഖേന പണം നൽകാമെന്ന് പറഞ്ഞിട്ടും നേരിട്ട് നൽകിയാൽ മതിയെന്ന് വിശാഖ് കുമാർ വാശിപിടിച്ചത് ഇതിന്റെ സൂചനയാണ്. അടൂർ ഡിവൈഎസ്‌പിയെ പരാതിക്കാർ നേരിൽകണ്ട് പ്രശ്നം അവതരിപ്പിച്ചെങ്കിലും വിശാഖ്കുമാർ മുൻകൂർ ജാമ്യം നേടിയതിനാൽ കസ്റ്റഡിയിൽ എടുക്കാൻ തടസമുണ്ടെന്നായിരുന്നു മറുപടി. ഇപ്പോൾ മുൻകൂർ ജാമ്യത്തിന്റെ കാലാവധി കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് കൂട്ടാക്കാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും പട്ടികജാതി ക്ഷേമ സമിതി കുറ്റപ്പെടുത്തി. പണം ലഭിക്കില്ലെന്ന് ഉറപ്പുവന്നതിനാൽ ഇപ്പോൾ വഞ്ചിതരായ നാട്ടുകാർ പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ വിശാഖ്കുമാറിന്റെ വീടിനു മുന്നിൽ സത്യാഗ്രഹം ഇരിക്കുകയാണ്.

വിശാഖ് കുമാറിനെ ഒളിവിൽ കഴിയാൻ സഹായിക്കുന്നവർ പ്രാദേശിക കോൺഗ്രസ് നേതാക്കളാണെന്നും വികെ മുരളി, എരാമൻ, എസ് അരുൺ, ടി ജോസഫ്, രമ്യാ തങ്കപ്പൻ, പുഷ്പരാജ് എന്നിവർ പറഞ്ഞു. അതേസമയം, നാട്ടുകാർ പ്രക്ഷോഭം തുടങ്ങിയതോടെ വിശാഖിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തുവെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP