Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാക്കിളി പൊന്മകളേ നിൻ പൂവിളി യാത്രാമൊഴിയാണോ നിൻ മൗനം പിൻവിളിയാണോ.... എന്ന് പാടി അച്ഛൻ കുഴഞ്ഞ് വീണ് മരണത്തിലേക്ക് നടന്നത് അറിയാതെ മംഗല്യ പട്ടണിഞ്ഞ് മകൾ; മകളുടെ കല്ല്യാണം മുടങ്ങിയാൽ അച്ഛന്റെ ആത്മാവിന് ശാന്തി ലഭിക്കില്ലെന്ന് പറഞ്ഞ് മരണം മറച്ചു വച്ച് വിവാഹം; സോഷ്യൽ മീഡിയ കണ്ണീരിലെഴുതിയ എസ് ഐയുടെ മരണത്തിലെ ആന്റി ക്ലൈമാക്‌സ് ഇങ്ങനെ

രാക്കിളി പൊന്മകളേ നിൻ പൂവിളി യാത്രാമൊഴിയാണോ നിൻ മൗനം പിൻവിളിയാണോ.... എന്ന് പാടി അച്ഛൻ കുഴഞ്ഞ് വീണ് മരണത്തിലേക്ക് നടന്നത് അറിയാതെ മംഗല്യ പട്ടണിഞ്ഞ് മകൾ; മകളുടെ കല്ല്യാണം മുടങ്ങിയാൽ അച്ഛന്റെ ആത്മാവിന് ശാന്തി ലഭിക്കില്ലെന്ന് പറഞ്ഞ് മരണം മറച്ചു വച്ച് വിവാഹം; സോഷ്യൽ മീഡിയ കണ്ണീരിലെഴുതിയ എസ് ഐയുടെ മരണത്തിലെ ആന്റി ക്ലൈമാക്‌സ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വികാര നൗകയുമായ് തിരമാലകളാടിയുലഞ്ഞു... കണ്ണീരുപ്പു കലർന്നൊരു മണലിൽ വേളിപ്പുടവ വിരിഞ്ഞു.. രാക്കിളി പൊന്മകളേ... നിൻ പൂവിളി യാത്രാമൊഴിയാണോ... നിൻ മൗനം.... പിൻവിളിയാണോ....-പിത്യസ്‌നേഹം മാത്രം നിറഞ്ഞ് കൈതപ്രം ദാമോദരൻ എഴുതിയ വരികൾ. അതിന് കണ്ണീരിന്റെ സംഗീതം നൽകിയ രവീന്ദ്രൻ. യേശുദാസ് എന്ന അതുല്യ പ്രതിഭയുടെ സ്വരമാധുര്യം. എല്ലാത്തിനും ഉപരി മമ്മൂട്ടിയുടെ അത്യുജ്ജല പെർഫോമൻസ്. മലയാളിയുടെ മനസ്സിൽ നൊമ്പരം മാത്രം കോരിയിട്ടതാണ് അമരത്തിലെ ഈ ഗാനം. കതിർമണ്ഡപത്തിൽ ഇരിക്കുമ്പോഴും ആർച്ചയുടെ മനസ് ആർത്തിരമ്പുകയായിരുന്നു. തന്റെ അച്ഛന് എന്തുപറ്റിയെന്ന് അറിയാതെ അവൾ വിവാഹിതയായി. കരമന പൊലീസ് സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്പെക്ടർ വിഷ്ണുപ്രസാദിന്റെ മരണം അങ്ങനെ മലയാളിയുടെ മനസ്സിലെ നോവും നൊമ്പരമായി..... അമരത്തിലെ പാട്ടുപോലെ.

കൊല്ലം പുത്തൻതുറ സ്വദേശിയായ വിഷ്ണുപ്രസാദിന്റെ മകളുടെ വിവാഹം ഇന്നലെ ചവറ പരിമഠം ക്ഷേത്രത്തിൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ആഘോഷച്ചടങ്ങുകളുടെ ഭാഗമായി നടന്ന ഗാനമേളയിൽ പാടിക്കൊണ്ടിരിക്കെയാണ് അച്ഛൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണകാരണം. അമരം എന്ന ചിത്രത്തിലെ രാക്കിളി പൊന്മകളേ എന്ന് തുടങ്ങുന്ന പാട്ട് പാടുന്നതിനിടെയാണ് അത്യാഹിതം ഉണ്ടായത്. രാക്കിളി പൊന്മകളേ നിൻ പൂവിളി യാത്രാമൊഴിയാണോ....നിൻ മൗനം, പിൻവിളിയാണോ..എന്ന് പാടിയതും വിഷ്ണുപ്രസാദ് കുഴഞ്ഞുവീഴുകയായിരുന്നു. വേദിയിൽ നിന്ന് പാട്ടു പാടുന്ന വീഡിയോ, അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് നിരവധി പേരാണ് സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തത്. ഇതോടെ ഈ അച്ഛന്റെ മരണം സോഷ്യൽ മീഡിയ വേദനയോടെ ചർച്ചയാക്കി. അപ്പോഴും മകൾ ആർച്ച ഒന്നും അറിഞ്ഞിരുന്നില്ല. നെഞ്ചു വേദനയെ തുടർന്ന് അച്ഛൻ ആശുപത്രിയിലാണെന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നത്.

വിവാഹം കഴിഞ്ഞപ്പോഴും അച്ഛൻ എത്തിയില്ല. ഉടൻ വരുമെന്ന് ആശ്വസിപ്പിച്ചു ബന്ധുക്കൾ അവളെ വരനോടൊപ്പം യാത്രയാക്കി. മകൾ സുമംഗലിയാകുന്നതു സ്വപ്നം കണ്ടു കാത്തിരുന്ന അച്ഛന്റെ ആത്മാവിന് ശാന്തി നൽകാനായിരുന്നു വീട്ടുകാരും നാട്ടുകാരും ഇത്തരമൊരു ഇടപെടൽ നടത്തിയത്. വിവാഹത്തലേന്നു സംഘടിപ്പിച്ച ഗാനമേളയ്ക്കിടെ രാത്രി 9.30നു സ്റ്റേജിൽ കുഴഞ്ഞുവീണാണു വിഷ്ണു പ്രസാദ് മരിച്ചത്. പാട്ടു പാടിക്കൊണ്ടിരുന്ന വിഷ്ണുപ്രസാദ് സ്റ്റേജിൽ വീഴുന്നതു കണ്ട് ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിവാഹമേളം ഉയരേണ്ട വീട് ശോകമൂകമായെങ്കിലും ഇക്കാര്യങ്ങളൊന്നും ആർച്ചയെ അറിയിച്ചില്ല. വരന്റെ ബന്ധുക്കളിൽ ചിലരെയും അടുത്ത ബന്ധുക്കളെയും മാത്രമാണു വിവരം അറിയിച്ചത്.

ആർച്ച ഒന്നും അറിയാതിരിക്കാൻ ദുഃഖം ഉള്ളിലൊതുക്കി സന്തോഷം അഭിനയിച്ചു വീട്ടുകാർ. പരിമണം ദുർഗാദേവി ക്ഷേത്രം വക ഓഡിറ്റോറിയത്തിൽ കടയ്ക്കൽ സ്വദേശി വിഷ്ണുപ്രസാദ് ആർച്ചയുടെ കഴുത്തിൽ താലികെട്ടി. തുടർന്ന് ഇരുവരും വരന്റെ വീട്ടിലേക്കു പോയി. അച്ഛന്റെ മരണ വിവരം ഇന്നു സംസ്‌കാരത്തിനു തൊട്ടുമുൻപ് മാത്രം ആർച്ചയെ അറിയിച്ചാൽ മതിയെന്നാണു ബന്ധുക്കളുടെ തീരുമാനം. വിരമിക്കാൻ ഒരു വർഷം ബാക്കി നിൽക്കെയാണു വിഷ്ണുപ്രസാദിന്റെ മരണം. സംസ്‌കാരം ഇന്ന് 4ന്. ജെ.സുഷമയാണു ഭാര്യ. അനുപ്രസാദ്, ആര്യ പ്രസാദ് എന്നിവരാണു മറ്റു മക്കൾ. മരുമകൻ: വി.ഷാബു.

വിവാഹം മാറ്റിവെക്കുന്നതിലെ ബുദ്ധിമുട്ടുമൂലം മകളെ മരണവിവരം അറിയിക്കേണ്ടെന്ന് അവസാന നിമിഷം ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ബന്ധുക്കൾ ആർച്ചയോട് പറഞ്ഞിരുന്നത്. വിവാഹമേളം ഉയരേണ്ട വീട് ശോകമൂകമായെങ്കിലും ഇക്കാര്യങ്ങളൊന്നും ആർച്ച അറിഞ്ഞില്ല. വിവാഹ വേദിയിലും സന്തോഷം അഭിനയിക്കാൻ പാടുപെടുകയായിരുന്നു ബന്ധുക്കൾ. നിശ്ചയിച്ചുറപ്പിച്ചത് പോലെ വിഷ്ണുപ്രസാദ് ആർച്ചയുടെ കഴുത്തിൽ താലികെട്ടി. തുടർന്ന് ഇരുവരും വരന്റെ വീട്ടിലേക്കു പോയി.

വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതിനാൽ മരണവിവരം മക്കളെയും ഭാര്യയെയും അറിയിച്ചില്ല. അത്യാസന്ന നിലയിൽ ചികിത്സയിലാണെന്നേ പറഞ്ഞുള്ളു. നിശ്ചയിച്ച പ്രകാരം നീണ്ടകര പരിമണം ക്ഷേത്രം ഓഡിറ്റോറിയത്തിൽ ആർച്ച വിവാഹിതയായി. കതിർ മണ്ഡപത്തിൽ നിന്നിറങ്ങുമ്പോഴും ആർച്ച അച്ഛന്റെ വിവരം തിരക്കി. സുഖം പ്രാപിച്ച് വരുന്നുവെന്ന ബന്ധുക്കളുടെ മറുപടി കേട്ടാണ് അവൾ ഭർതൃഗൃഹത്തിലേക്ക് യാത്രയയത്. കുടുംബാംഗങ്ങളെ ഇന്ന് രാവിലെ മരണവിവരം അറിയിക്കും.

ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് കൊല്ലം എ.ആർ. ക്യാമ്പിൽ പൊതുദർശനത്തിന് വച്ചശേഷം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP