Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗഹൃദങ്ങൾ ചോദ്യം ചെയ്തത് വേദനിപ്പിച്ചു; വീടുവിട്ടിറങ്ങിയത് അച്ഛനോടും അമ്മയോടും വൈരാഗ്യം തീർക്കാൻ; ഉറങ്ങിയത് ട്രെയിനിൽ; ഫ്രഷ് ആയത് സ്റ്റേഷനിലെ ശുചിമുറികളിലും; മൂന്നു ദിവസത്തിനിടയിൽ ഒരു ദിവസം മാത്രം കുളി; കഴിച്ചത് വിശപ്പടക്കാനുള്ള ഭക്ഷണം; പിടി വീഴുമെന്ന് മനസ്സിലാക്കിയത് ഫെയ്‌സ് ബുക്ക് മെസേജുകളിൽ നിന്ന്; എറണാകുളത്ത് നിന്ന് കോഴിക്കോട്; അടുത്ത ട്രെയിനിൽ തിരുവനന്തപുരം; പിന്നീട് കൊച്ചി; വീണ്ടും കൊല്ലം; ഒടുവിൽ മാതാപിതാക്കളുമായി പൊലീസ് സ്‌റ്റേഷനിൽ നിന്ന് വിഷ്ണുപ്രിയയുടെ മടക്കയാത്രയും

സൗഹൃദങ്ങൾ ചോദ്യം ചെയ്തത് വേദനിപ്പിച്ചു; വീടുവിട്ടിറങ്ങിയത് അച്ഛനോടും അമ്മയോടും വൈരാഗ്യം തീർക്കാൻ; ഉറങ്ങിയത് ട്രെയിനിൽ; ഫ്രഷ് ആയത് സ്റ്റേഷനിലെ ശുചിമുറികളിലും; മൂന്നു ദിവസത്തിനിടയിൽ ഒരു ദിവസം മാത്രം കുളി; കഴിച്ചത് വിശപ്പടക്കാനുള്ള ഭക്ഷണം; പിടി വീഴുമെന്ന് മനസ്സിലാക്കിയത് ഫെയ്‌സ് ബുക്ക് മെസേജുകളിൽ നിന്ന്; എറണാകുളത്ത് നിന്ന് കോഴിക്കോട്; അടുത്ത ട്രെയിനിൽ തിരുവനന്തപുരം; പിന്നീട് കൊച്ചി; വീണ്ടും കൊല്ലം; ഒടുവിൽ മാതാപിതാക്കളുമായി പൊലീസ് സ്‌റ്റേഷനിൽ നിന്ന് വിഷ്ണുപ്രിയയുടെ മടക്കയാത്രയും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അച്ഛനും അമ്മയോടുമുള്ള വൈരാഗ്യം തീർക്കാനാണ് വീട്ടിൽ നിന്നും ഇറങ്ങിപുറപ്പെട്ടതെന്നു വിഷ്ണു പ്രിയ. പക്ഷെ വൈരാഗ്യം തീർത്തോ എന്ന പൊലീസിന്റെ ചോദ്യത്തിന് മറുപടിയുമില്ല. വിഷ്ണുപ്രിയയെ കണ്ടെത്തിയതിൽ മാതാപിതാക്കളും സന്തുഷ്ടർ. വിഷ്ണുപ്രിയയെക്കുറിച്ച് കൂടുതൽ ഒന്നും പറയാതെ വേഗം വിഷ്ണുപ്രിയയേയും കൂട്ടി പൊലീസ് സ്റ്റേഷൻ വിട്ടിറങ്ങാനാണ് അമ്മയും ബന്ധുക്കളും തിടുക്കം കാട്ടിയത്. പൊലീസിനോട് എല്ലാം വെളിപ്പെടുത്തിയതിന്റെ ആശ്വാസത്തിൽ വിഷ്ണുപ്രിയയും. വിഷ്ണുപ്രിയയുമായി ബന്ധപ്പെട്ട മൂന്നു ദിവസത്തെ തിരോധാനനാടകത്തിനു ഇന്നലെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിൽ പരിസമാപ്തിയായത് ഇങ്ങിനെ.

വീട്ടിൽ നിന്ന് ഒളിച്ചോടിയതിന് ശേഷമുള്ള രണ്ടു ദിവസങ്ങളിൽ വിഷ്ണുപ്രിയ നടത്തിയത് നിരന്തര ട്രെയിൻ യാത്രകൾ. നിരവധി ട്രെയിൻ ടിക്കറ്റുകൾ ആണ് വിഷ്ണുപ്രിയയിൽ നിന്ന് ചോറ്റാനിക്കര പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ വ്യക്തമായത് നിരന്തര ട്രെയിൻ യാത്രകളെക്കുറിച്ചുള്ള വിശദാംശങ്ങളും. വിഷ്ണുപ്രിയയിൽ നിന്ന് കണ്ടെത്തിയ ട്രെയിൻ ടിക്കറ്റുകൾ കണ്ടു ഞെട്ടിയാണ് ചോറ്റാനിക്കര പൊലീസ് വിഷ്ണുപ്രിയയെ ചോദ്യം ചെയ്ത തുടങ്ങിയത്. എറണാകുളത്ത് നിന്ന് കോഴിക്കോട്, കോഴിക്കോട് നിന്ന് അടുത്ത ട്രെയിനിൽ തിരുവനന്തപുരം, തിരുവനന്തപുരത്ത് നിന്ന് കൊച്ചി, കൊച്ചിയിൽ നിന്ന് വീണ്ടും കൊല്ലം തുടങ്ങി നിരന്തരം ട്രെയിൻ യാത്രകൾ. ഈ യാത്രകളിൽ ബന്ധപ്പെട്ടത് അതാത് സ്ഥലത്തെ ഫെയ്സ് ബുക്ക് സുഹൃത്തുക്കളെയും.

വീട്ടിൽ നിന്നുള്ള ഒളിച്ചോട്ടത്തിൽ വിഷ്ണുപ്രിയ ഉറങ്ങിയത് ട്രെയിനിൽ മാത്രം. ഫ്രഷ് ആയത് റെയിൽവേ സ്റ്റേഷനിലെ ശുചിമുറികളിൽ നിന്നും. മൂന്നു ദിവസത്തിനിടയിൽ ഒരു ദിവസം മാത്രം കുളി. വിശപ്പടക്കാൻ മാത്രമുള്ള ഭക്ഷണവും. ചില സ്റ്റേഷനിൽ എത്തിയപ്പോൾ മാത്രം ആ സ്റ്റേഷൻ പരിസരത്തുള്ള ഫെയ്സ് ബുക്ക് സുഹൃത്തുക്കളെ വിളിച്ചു. ഞാൻ നിങ്ങളുടെ സ്റ്റേഷന് അടുത്തുകൂടി കടന്നുപോവുകയാണ്. ഇത്തരം മെസേജുകൾ വിഷ്ണുപ്രിയയിൽ നിന്നും ലഭിച്ചപ്പോൾ സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടിയത് വിഷ്ണുപ്രിയയുടെ ഒളിച്ചോട്ടത്തിന്റെ കാര്യവും അച്ഛൻ ശിവജി ഈ ഒളിച്ചോട്ടം ചൂണ്ടിക്കാട്ടി നടത്തിയ ഫെയ്സ് ബുക്ക് കുറിപ്പും. ഇതോടെയാണ് തനിക്ക് പിടിവീഴും എന്ന് വിഷ്ണുപ്രിയ മനസിലാക്കിയതും ചടയമംഗലത്തെ സുഹൃത്തിന്റെ പിന്തുണ തേടിയതും. ഈ സുഹൃത്ത് ചടയമംഗലം പൊലീസിൽ വിവരം നല്കിയതോടെയാണ് ഒളിച്ചോട്ട നാടകത്തിനു പരിസമാപ്തിയാകുന്നതും.

വിഷ്ണുപ്രിയയുടെ വീട് വയനാടാണ്. നാല് പെൺകുട്ടികൾ ഉള്ള കുടുംബമാണ് ഇവരുടേത്. ഈ നാലു പെൺകുട്ടികളിൽ ഏറ്റവും ഇളയ മകളാണ് വിഷ്ണുപ്രിയ. പ്ലസ് ടു കഴിഞ്ഞു ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് വിഷ്ണുപ്രിയ. പക്ഷെ വീട്ടിൽ അമ്മയുമായും അച്ഛനായും ഇടയ്ക്കിടെ പിണക്കം. ഫെയ്സ് ബുക്ക് സൗഹൃദങ്ങളിൽ മുഴുകുന്നത് വീട്ടിൽ ഇഷ്ടമുള്ള കാര്യമല്ല. ഈ കാര്യത്തിൽ അമ്മയുമായും അച്ഛനായും എപ്പോഴും പിണക്കവും. 31 ന് വിഷ്ണുപ്രിയ അമ്മയുടെ ചോറ്റാനിക്കരയുള്ള വീട്ടിലായിരുന്നു. ഫെയ്സ് ബുക്ക് സൗഹൃദത്തിന്റെ പേരിലാണ് അമ്മയുമായി വിഷ്ണുപ്രിയ ഉടക്കുന്നത്.

എങ്കിൽ പിന്നെ അമ്മയ്ക്ക് പണികൊടുക്കാം എന്ന് കരുതി വീട്ടിൽ നിന്നും ഇറങ്ങി നേരെ കോഴിക്കോടിന്. അതിന്നിടയിൽ ഒളിച്ചോടാൻ തീരുമാനവും എടുത്തു. അതിനുശേഷമാണ് ട്രെയിൻ വീടാക്കി വിഷ്ണുപ്രിയ ഒളിച്ചോടിയത്. വിഷ്ണുപ്രിയയ്ക്കുണ്ടായിരുന്ന ഫെയ്സ് ബുക്ക് സൗഹൃദങ്ങൾ ആണ് ഈ ഒളിച്ചോട്ടത്തിൽ യുവതിക്ക് തുണയായതും. വിഷ്ണുപ്രിയയുടെ ഫെയ്സ് ബുക്ക് സൗഹൃദങ്ങളെ അച്ഛനുമമ്മയും എതിർത്തെങ്കിലും പെൺകുട്ടിയെ വീണ്ടെടുക്കാൻ വിഷ്ണുപ്രിയയുടെ മാതാപിതാക്കൾ ആധാരമാക്കിയതും ഇതേ ഫെയ്സ് ബുക്ക് സൗഹൃദങ്ങളെയാണെന്നത് ഈ ഒളിച്ചോട്ട നാടകത്തെ വേറിട്ടതാക്കി മാറ്റുകയും ചെയ്യുന്നു.

എറണാകുളത്ത് നിന്നും കോഴിക്കോടിനുള്ള ട്രെയിൻ യാത്രയ്ക്കിടെ 31 നു കാണാതായ വിഷ്ണുപ്രിയയെ രണ്ടാം തീയതി ഞായറാഴ്ചയാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും കൊല്ലം പൊലീസം റയിൽവേ പൊലീസും കണ്ടെടുക്കുന്നത്. ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിൽ തിരോധാനവുമായി ബന്ധപ്പെട്ട് കേസ് ഉള്ളതിനാൽ കൊല്ലം പൊലീസ് നേരെ ചോറ്റാനിക്കര പൊലീസിൽ വിഷ്ണുപ്രിയയെ ഹാജരാക്കുകയായിരുന്നു. ഈ ദിവസങ്ങളിൽ വിഷ്ണുപ്രിയ എവിടെയായിരുന്നു. ആരാണ് ഒപ്പം ഉണ്ടായിരുന്നത്. എന്തിനു ട്രെയിൻ യാത്രയ്ക്കിടെ ഒളിച്ചോടാൻ ശ്രമം നടത്തി എന്നീ കാര്യങ്ങളാണ് പൊലീസ് അറിയാൻ ശ്രമിച്ചത്. പെൺകുട്ടിയും മാതാപിതാക്കളൂം ഇന്നലെ എറണാകുളം ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നു.

എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് വയനാട് കാക്കവയൽ സ്വദേശിയായ പതിനേഴുകാരി വിഷ്ണുപ്രിയയെ കാണാതായത്. ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ കാണാതായതിനെ തുടർന്ന് അച്ഛൻ ശിവാജി സഹായം അഭ്യർത്ഥിച്ച് ഫെയ്സ് ബൂക്കിലൂടെ രംഗത്ത് വന്നിരുന്നു. അച്ഛന്റെ ഈ കുറിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. കിട്ടിയവർ എല്ലാം ഈ പെൺകുട്ടിയെ കണ്ടെത്താൻ ഉത്സാഹിച്ച് എല്ലാ ഗ്രൂപ്പുകളിലും ഷെയർ ചെയ്തിരുന്നു. വിഷ്ണുപ്രിയയെ കണ്ടെത്തുന്നതിൽ ഒരു നിർണ്ണായകമായ നീക്കം നടത്തിയത് ചടയമംഗലം പൊലീസായിരുന്നു. വിഷ്ണുപ്രിയയുടെ ഫെയ്സ് ബുക്ക് സുഹൃത്തായ ഒരു യുവാവാണ് വിഷ്ണുപ്രിയ അയച്ചതായി പറയുന്ന ഫെയ്സ് ബുക്ക് മെസ്സെജുമായി ചടയമംഗലം പൊലീസിൽ എത്തുന്നത്. ഞായറാഴ്ച വൈകീട്ടാണ് യുവാവ് സ്റ്റേഷനിൽ എത്തുന്നത്.

ചടയമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള യുവാവിന് പെൺകുട്ടി ഒരു സന്ദേശം കൈമാറിയിരുന്നു. ഞാൻ രാത്രി പത്തുമണിയോടെ ഒരു ട്രെയിനിൽ കൊല്ലത്ത് എത്തും. നീ പ്ലാറ്റ്ഫോമിൽ ഉണ്ടായിരിക്കണം. നീ കൂടി എത്തിയില്ലെങ്കിൽ ഞാൻ വേറെ എവിടേക്കെങ്കിലും പോകും എന്ന സന്ദേശമാണ് പെൺകുട്ടി കൈമാറിയത്. ഈ സന്ദേശം ചടയമംഗലം പൊലീസിൽ ലഭിച്ചതോടെ പൊലീസ് ഉണർന്നു പ്രവർത്തിച്ചു. കൊല്ലം സ്റ്റേഷനിൽ ഞാൻ ഉണ്ടായിരിക്കും എന്ന് പറഞ്ഞു പെൺകുട്ടിക്ക് മെസ്സേജ് നൽകാൻ പൊലീസ് നിർദ്ദേശം നൽകി. അപ്പോൾ തന്നെ കൊല്ലം പൊലീസ് കൺട്രോൾ റൂമിൽ വിവരം നൽകി.

അറിയിപ്പ് ലഭിച്ചതോടെ കൊല്ലം പൊലീസും കൊല്ലം റെയിൽവേ പൊലീസും ജാഗ്രതയിലായി. പെൺകുട്ടി പ്ലാറ്റ് ഫോമിൽ ഇറങ്ങിയതോടെ പൊലീസും റെയിൽവേ പൊലീസും പെൺകുട്ടിയെ കസ്റ്റഡിയിലാക്കി. അതിനുശേഷം പെൺകുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചു. ഇതോടെ മാതാപിതാക്കൾ എത്തുകയും പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു. തുടർന്നാണ് എല്ലാവരും ഇന്നലെ കൊച്ചി ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിൽ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP