Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മയും അമ്മൂമ്മയും അലക്കാൻ പോയപ്പോൾ കൂടെയുണ്ടായിരുന്ന ആദിദേവ് പാറക്കല്ലിൽ കാൽ വഴുതി പുഴയിൽ വീണു; അഞ്ചു വയസ്സുകാരനെ രക്ഷിക്കാനിറങ്ങി രാധയും രാജുലയും കയത്തിൽപ്പെട്ടു; മുങ്ങുന്ന മൂവരെയും മുങ്ങിയെടുത്തത് പതിനേഴുകാരിയുടെ ധീരത; പരാധീനതകൾക്കിടയിലും നാട്ടുകാരുടെ അഭിമാനമായ വിസ്മയയുടെ കഥ

അമ്മയും അമ്മൂമ്മയും അലക്കാൻ പോയപ്പോൾ കൂടെയുണ്ടായിരുന്ന ആദിദേവ് പാറക്കല്ലിൽ കാൽ വഴുതി പുഴയിൽ വീണു; അഞ്ചു വയസ്സുകാരനെ രക്ഷിക്കാനിറങ്ങി രാധയും രാജുലയും കയത്തിൽപ്പെട്ടു; മുങ്ങുന്ന മൂവരെയും മുങ്ങിയെടുത്തത് പതിനേഴുകാരിയുടെ ധീരത; പരാധീനതകൾക്കിടയിലും നാട്ടുകാരുടെ അഭിമാനമായ വിസ്മയയുടെ കഥ

എംപി റാഫി

കോഴിക്കോട്: പുഴയിൽ മുങ്ങിയ മൂന്ന് ജീവനുകൾ രക്ഷിച്ച പ്ലസ് ടു വിദ്യാർത്ഥിനിയുടെ ധീരത നാടിന് അഭിമാനമാകുന്നു. ബാലുശേരി വാകയാട് ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനി വിസ്മയ (17) യാണ് ധീരതയിലൂടെ നാടിന് മാതൃകയായിരിക്കുന്നത്. കോട്ടൂർ പുതിയേട്ടിൽ ഓട്ടോ തൊഴിലാളിയായ ചന്ദ്രന്റെ ഏകമകളാണ് വിസ്മയ.

അയൽവാസികളായ രാധ (52), രാജുല (33), ചെറുമകൻ ആദിദേവ് (5) എന്നിവരെയാണ് വിസ്മയ സാഹസികമായി രക്ഷപ്പെടുത്തിയത്. ഇവർ മുങ്ങിത്താഴുന്നത് കണ്ട വിസ്മയ ആത്മധൈര്യം കൈവിടാതെ നീന്തി പോയി മൂന്ന് പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. വാകയാട് രാമൻ പുഴയുടെ പടത്തു കടവ് ഭാഗത്ത് കൂട്ടുകാരോടൊപ്പം ഇരിക്കുകയായിരുന്ന വിസ്മയ മൂവരും മുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ജീവനുകൾ രക്ഷിക്കാനായി ആഴങ്ങളിലേക്ക് ഊളിയിട്ടു.

അമ്മയും അമ്മൂമയും അലക്കാൻ പോയപ്പോൾ കൂടെയുണ്ടായിരുന്ന ആദിദേവ് പാറക്കല്ലിൽ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അമ്മയും അമ്മൂമയും അപകടത്തിൽപ്പെടുന്നത്. അമ്മൂമ ചെറുമകനെ രക്ഷിക്കാനുള്ള ശ്രമം വിഫലമാവുകയും മുങ്ങിത്താഴുകയും ചെയ്തു. ഈ സമയം ഇരുവരെയും രക്ഷിക്കാനായി കുട്ടിയുടെ അമ്മയും ചാടി. മൂവരും മുങ്ങുന്ന ദൃശ്യമാണ് വിസ്മയ കാണുന്നത്. ഉടനെ മറ്റൊന്നും ചിന്തിക്കാതെ വിസ്മയ ജീവനുകൾ രക്ഷിക്കാനായി പുഴയിലേക്ക് ചാടി. ഈ സമയം മുങ്ങിയ മകനെ പിന്നെ കാണുന്നില്ല. ആദിദേവിന്റെ ഷർട്ടിന്റെ തുമ്പ് കൈപിടിയിൽ ലഭിച്ച വിസ്മയ കോരിയെടുത്ത് കരക്കെത്തിച്ചു.

അമ്മൂമയേയും തള്ളി കരക്കെത്തിച്ചെങ്കിലും കുട്ടിയുടെ അമ്മ മുങ്ങുന്നതു കണ്ട വിസ്മയ വീണ്ടും തിരിച്ചെത്തി രക്ഷപ്പെടുത്തി കരക്കെത്തിച്ചു. വിസ്മയയുടെ സാഹസത്തിന് കുളിക്കടയിലുണ്ടായിരുന്ന മറ്റു സ്ത്രീകളുടേയും സഹായവും പിന്തുണയും ലഭിച്ചിരുന്നു. വിസ്മയ എത്തിയില്ലായിരുന്നെങ്കിൽ തങ്ങളുടെ ജീവൻ രക്ഷപ്പെടില്ലായിന്നുവെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറയുന്നു. മാതൃകാപരമായ പ്രവർത്തിയോടെ വിസ്മയ നാടിന്റെ അഭിമാനമായിരിക്കുകയാണിപ്പോൾ. എന്നാൽ നാട്ടിലെ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ളവരും ഏതാനും നാട്ടുകാരും മാത്രമാണ് ഈ മിടുക്കിയെ ആദരിക്കാനെത്തിയത്. അധികൃതരാരും ഇതുവരെ തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പും ജീവൻ പണയം വെച്ച് മറ്റൊരു ജീവൻ കൂടി വിസ്മയ രക്ഷിച്ചിട്ടുണ്ട്. ധൈര്യം കൈമുതലായ ഈ പെൺകുട്ടി നാടൻപാട്ടു വേദികളിലും വിസ്മയമാണ്. പ്ലസ് ടുവിന് 75 ശതമാനം മാർക്കോടെയാണ് ഇത്തവണ വിജയിച്ചത്. വാടക വീട്ടിലാണ് മാതാപിതാക്കളോടൊപ്പം വിസ്മയ കഴിയുന്നത്. അഞ്ച് സെന്റ് ഭൂമിയിൽ, സർക്കാറിൽ നിന്നുള്ള രണ്ട് ലക്ഷം രൂപയും നാട്ടുകാരുടേയും സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ വീടുപണി തുടങ്ങിയെങ്കിലും സാമ്പത്തിക പ്രയാസം കാരണം വീടുപണി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ദുതി തക്കയങ്ങളെല്ലാം മറന്ന്, ഏക മകളായ വിസ്മയ ധീരതയിലൂടെ നാട്ടുകാരുടെ അഭിമാനമായി മാറിയ സന്തോഷത്തിലാണ് ഈ കുടുംബം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP