Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'പാവം തട്ടാനെന്ത് പിഴച്ചു? സ്വർണം വിളക്കാൻ തട്ടാന്മാർക്ക് സയനൈഡ് ആവശ്യമില്ല; വെറുതേ ജാതിയിൽ തൊട്ടു കളിക്കല്ല സേട്ടാ, പണി കിട്ടാതെ നോക്കിക്കോണം.. വിശ്വകർമ്മജർ ആരാണെന്ന് അറിവുള്ളവരോട് തിരക്കിയിട്ടു വേണം ഈ പണിക്കിറങ്ങാൻ'; ജോളി ട്രോളുകളിൽ വിശ്വകർമ്മജർക്കിടയിൽ കടുത്ത പ്രതിഷേധം; 'പൊന്മുട്ടയിടുന്ന താറാവ്' എന്ന സത്യൻ അന്തിക്കാട് സിനിമയ്ക്ക് ശേഷം വിശ്വകർമ്മ തട്ടാൻ സമുദായം നേരിടുന്ന കടുത്ത പ്രതിസന്ധിയായി ജോളിയുടെ സീരിയൽ കൊലപാതകങ്ങൾ

'പാവം തട്ടാനെന്ത് പിഴച്ചു? സ്വർണം വിളക്കാൻ തട്ടാന്മാർക്ക് സയനൈഡ് ആവശ്യമില്ല; വെറുതേ ജാതിയിൽ തൊട്ടു കളിക്കല്ല സേട്ടാ, പണി കിട്ടാതെ നോക്കിക്കോണം.. വിശ്വകർമ്മജർ ആരാണെന്ന് അറിവുള്ളവരോട് തിരക്കിയിട്ടു വേണം ഈ പണിക്കിറങ്ങാൻ'; ജോളി ട്രോളുകളിൽ വിശ്വകർമ്മജർക്കിടയിൽ കടുത്ത പ്രതിഷേധം; 'പൊന്മുട്ടയിടുന്ന താറാവ്' എന്ന സത്യൻ അന്തിക്കാട് സിനിമയ്ക്ക് ശേഷം വിശ്വകർമ്മ തട്ടാൻ സമുദായം നേരിടുന്ന കടുത്ത പ്രതിസന്ധിയായി ജോളിയുടെ സീരിയൽ കൊലപാതകങ്ങൾ

എം മനോജ് കുമാർ

തിരുവനന്തപുരം: മരണത്തിന്റെ മാലാഖയായി മാറിയ ജോളി സൃഷ്ടിച്ച സീരിയൽ കൊലപാതകങ്ങൾ വിശ്വകർമ്മ സമൂഹത്തിനെയും അസ്വസ്ഥമാക്കുന്നു. 20 ലക്ഷത്തോളമുള്ള കേരളത്തിലെ വിശ്വകർമ്മ സഭാംഗങ്ങൾ ജോളി നടത്തിയ സീരിയൽ കൊലപാതകങ്ങൾക്ക് ശേഷം അസ്വസ്ഥരാണ്. കൊലപാതകങ്ങൾക്കായി ജോളി ഉപയോഗിച്ച സയനൈഡ് ജൂവലറി വഴി ലഭിച്ചതാണ് എന്ന വിവരം പുറത്തുവന്ന ശേഷം വിശ്വകർമ്മജർക്ക് നേരെ സോഷ്യൽ മീഡിയ നടക്കുന്ന പ്രചാരണങ്ങളാണ് സഭാ അംഗങ്ങളെ അസ്വസ്ഥമാക്കുന്നത്. 'തട്ടാൻ' എന്ന് എന്തിനാണ് വിളിക്കുന്നത് എന്ന് ഇപ്പോഴാണ് മനസിലാകുന്നത് എന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് വിശ്വകർമ്മജർക്കെതിരെ നടക്കുന്നത്. തട്ടാൻ എന്നാൽ തട്ടുന്നവൻ എന്ന രീതിയിൽ വ്യാപക പ്രചാരണങ്ങളാണ് ട്രോളുകളിലൂടെ സോഷ്യൽ മീഡിയയിൽ വിശ്വകർമ്മജർക്കെതിരെ നടക്കുന്നത്.

ആരെയെങ്കിലും തട്ടാൻ വിചാരിച്ച് തട്ടാന്റെ അടുത്തു പോയാൽ തട്ടൽ നടക്കും എന്നാണ് ജോളിയുടെ സീരിയൽ കൊലപാതകങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയ പറയുന്നത്. തങ്ങൾ മനസാ വാചാ അറിയാത്ത കാര്യം എന്തിനു സമുദായത്തിന്റെ ചുമലിൽ ചുമത്തുന്നു എന്നാണ് വിശ്വകർമ്മ സമുദായാംഗങ്ങൾ ചോദിക്കുന്നത്. രണ്ടു ലക്ഷത്തോളമുള്ള ആഭരണ തൊഴിലാളികളിൽ നൂറു പേരിലും താഴെ മാത്രമാണ് സയനൈഡ് കൈവശം വയ്ക്കുന്നത്. വിശ്വകർമ്മജരായ ആഭരണ തൊഴിലാളികളിൽ മുക്കാൽ ഭാഗവും ആഭരണ നിർമ്മിതിയിൽ സയനൈഡ് ഉപയോഗിക്കുന്നില്ല. ഗോൾഡ് പ്ലേറ്റിഗിലാണ് സയനൈഡ് ഉപയോഗിക്കുന്നത്. ആഭരണ നിർമ്മിതി നടത്തുന്ന വിശ്വകർമ്മജർ ഗോൾഡ് പ്ലേറ്റിങ് നടത്തുന്നില്ല. പിന്നെ എന്തിനാണ് തട്ടാന്മാർ സയനൈഡ് കൈവശം വയ്ക്കുന്നു ഈ സയനൈഡ് കൈമാറുന്നു എന്ന വ്യാജ പ്രചാരണം ട്രോളുകൾ വഴി അഴിച്ചുവിടുന്നത്- സമുദായാംഗങ്ങളിൽ നിന്നും ചോദ്യം ഉയരുന്നു.

സയനൈഡ് കൈവശം വയ്ക്കാൻ ലൈസൻസ് വേണം. സർക്കാർ അനുശാസിക്കുന്ന മാനദണ്ഡങ്ങളുമുണ്ട്. ഇതൊന്നും അറിയാത്ത ആളുകളാണ് വ്യാജപ്രചാരണത്തിന്റെ പിന്നിൽ സമുദായാംഗങ്ങൾ മറുനാടനോട് പ്രതികരിച്ചു. സത്യൻ അന്തിക്കാടിന്റെ പൊന്മുട്ടയിടുന്ന താറാവ് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം സമുദായം അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധിയാണ് ജോളി നടത്തിയ കൊലപാതകങ്ങൾക്ക് ശേഷം സമുദായം അഭിമുഖീകരിക്കുന്നത്. പൊന്മുട്ടയിടുന്ന തട്ടാൻ എന്ന സിനിമയിൽ തട്ടാൻ ഭാസ്‌ക്കരൻ എന്ന ശ്രീനിവാസൻ കഥാപാത്രം താൻ സ്‌നേഹിക്കുന്ന, ഉർവശി അവതരിപ്പിക്കുന്ന സ്‌നേഹലത എന്ന കഥാപാത്രത്തിനു പത്തു പവന്റെ മാല ഉണ്ടാക്കി നൽകുന്നുണ്ട്. ഉർവശിയെ തന്നിൽ അടുപ്പിച്ച് നിർത്താൻ പ്രണയം മൂത്ത സമയത്ത് ശ്രീനിവാസൻ ഉർവശിക്ക് 10 പവന്റെ മാല നിർമ്മിച്ച് നൽകുന്നുണ്ട്. പക്ഷെ ഇത് മുക്ക് പണ്ടമായിരുന്നു. ഉർവശിയെ വിവാഹം കഴിച്ച ജയറാമിന്റെ പവിത്രൻ ഈ മാല പണയം വയ്ക്കാൻ പോയപ്പോഴാണ് മാല മുക്കുപണ്ടമാണെന്ന് മനസിലാക്കുന്നത്. ഈ മാല വന്ന വഴി അന്വേഷിച്ചാണ് പിന്നീട് സിനിമ മുന്നോട്ടു നീങ്ങുന്നത്.

സിനിമയുടെ പേര് തന്നെ വിവാദം സൃഷ്ടിച്ചിരുന്നു. പൊന്മുട്ടയിടുന്ന തട്ടാൻ എന്നായിരുന്നു ആദ്യ പേര്. സമുദായ എതിർപ്പ് കനത്തപ്പോൾ പിന്നീട് പേര് പൊന്മുട്ടയിടുന്ന താറാവ് എന്നാക്കി മാറ്റുകയായിരുന്നു. മലയാളത്തിലെ ഈ ഹിറ്റ് സിനിമ റിലീസ് ചെയ്തപ്പോൾ തകർന്നത് വിശ്വകർമ്മ സമുദായത്തിന്റെ വിശ്വാസ്യതയായിരുന്നു. പിന്നീട് ആരും തട്ടാന്മാരുടെ അടുത്ത് സ്വർണം ഉണ്ടാക്കാൻ പോകാതെയായി. തട്ടന്മാരുടെ വിശ്വാസ്യത മുഴുവൻ സംശയ നിഴലിലാക്കി എന്നാണ് ഈ സിനിമ സമുദായത്തിനു വരുത്തിയ ദുഷ്‌പ്പേര്. ഈ സിനിമയ്ക്ക് ശേഷം ആളുകൾ സ്വർണാഭരണങ്ങൾക്ക് തട്ടാന്മാരുടെ അടുത്ത് പോകാതെയായി. അന്തിക്കാട് സിനിമ കേരളത്തിൽ തകർത്തോടിയപ്പോൾ ഒപ്പം കുഴി തോണ്ടപ്പെട്ടത് വിശ്വകർമ്മ സമുദായത്തിന്റെ അടിത്തറ തന്നെയാണ്.

ഈ സമയത്ത് കേരളം ജൂവലറികളുടെ ഉദയത്തിനു സാക്ഷ്യം വഹിക്കുകയും ചെയ്തു. ഇതോടെ തട്ടാൻ എന്നകൺസെപ്റ്റിന് തന്നെ മാറ്റം വരുകയും ചെയ്തു. പൊന്മുട്ടയിടുന്ന താറാവ് സൃഷ്ടിച്ച അനുരണനങ്ങൾ ഇപ്പോഴും വിശ്വകർമ്മ സമുദായത്തിനെ വേട്ടയാടിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് മരണത്തിന്റെ മാലാഖ വഴി സയനൈഡ് ആഘാതം കൂടി സമുദായത്തിനു നേരിടേണ്ടി വരുന്നത്. തങ്ങൾ ആഭരണ നിർമ്മിതിക്ക് സയനൈഡ് ഉപയോഗിക്കുന്നില്ല. സ്വർണം വിളക്കാൻ സയനൈഡ് ആവശ്യവുമില്ല. ഇതൊന്നും അറിയാത്തവരാണ് 'സ്വർണം വിളക്കാൻ സയനൈഡ് ഉപയോഗിക്കുന്ന ആളെ തട്ടാൻ എന്ന് വിളിക്കുന്നത് എന്തിനാണെന്ന് ഇപ്പോൾ മനസിലായി...'എന്ന് പോസ്റ്റിടുന്നത്-സമുദായാംഗങ്ങൾ ആരോപിക്കുന്നു.

'സ്വർണം വിളക്കാൻ സയനൈഡ് ഉപയോഗിക്കുന്ന ആളെ തട്ടാൻ എന്ന് വിളിക്കുന്നത് എന്തിനാണെന്ന് ഇപ്പോൾ മനസിലായി...' എന്ന പോസ്റ്റിനു നേരെ വ്യാപകമായ കമന്റുകൾ ആണ് സമുദായാംഗങ്ങൾ പോസ്റ്റ് ചെയ്യുന്നത്. വിളക്കാൻ തട്ടന്മാർക്ക് സയനൈഡ് ആവശ്യമില്ല. 'പാവം തട്ടാനെന്ത് പിഴച്ചു', ''സ്വർണം വിളക്കാൻ സയനൈഡ് ഉപയോഗിക്കുന്നു എന്ന് എവിടുന്ന് കിട്ടിയ അറിവാണ്, ''ജാതിയിൽ തൊട്ടു കളിക്കല്ല സേട്ടാ, പണി കിട്ടാതെ നോക്കിക്കോണം....വിശ്വകർമ്മജർ ആരാണെന്ന് അറിവുള്ളവരോട് തിരക്കിയിട്ടു വേണം ഈ പണിക്കിറങ്ങാൻ...എന്ന് തുടങ്ങി വളരെയധികം കമന്റുകളാണ് പോസ്റ്റിനു താഴെ വിശ്വകർമ്മജർ പോസ്റ്റ് ചെയ്യുന്നത്. സമുദായത്തിന്റെ പ്രതിഷേധം ഇപ്പോൾ അരങ്ങു തകർക്കും വിധം വ്യാപിക്കുകയുമാണ്. മുൻപ് അന്തിക്കാട് സിനിമ വന്നപ്പോഴുള്ള പ്രശ്‌നം മുന്നിൽ കാണുന്നതിനാൽ വളരെ ശക്തമായാണ് സമുദായ അംഗങ്ങൾ ഈ പ്രശ്‌നത്തിലിടപെട്ട് പ്രതികരിക്കുന്നത്.

സ്വർണ നിർമ്മിതിയിൽ സയനൈഡ് എന്തിനു ഉപയോഗിക്കുന്നു?

സയനൈഡ് മാരകമായ വിഷമാണ്. ചുകപ്പ് കലർന്ന മഞ്ഞ കളർ ആണ് സ്വർണ്ണത്തിന്റെ യഥാർത്ഥ വർണ്ണം. ഇത് ആളുകൾക്ക് ഇഷ്ടമാവില്ല. എല്ലാവർക്കും സ്വർണ്ണത്തിനു നല്ല മഞ്ഞ കളർ തന്നെ വേണം. സ്വർണത്തിന്റെ നിറം ശുദ്ധ മഞ്ഞയാക്കാനാണ് സയനൈഡ് ഉപയോഗിക്കുന്നത്. ഗോൾഡ് പ്ലേറ്റിങ് നടത്തുമ്പോൾ മാത്രമാണ് സയനൈഡ് ഉപയോഗിക്കുന്നത്. ആഭരണ നിർമ്മിതിയിൽ ഉപയോഗിക്കുന്നില്ല. സ്വർണം വിളക്കുമ്പോൾ സയനൈഡ് ആവശ്യവുമില്ല. ആഭരണനിർമ്മാണത്തിൽ ഉപയോഗിക്കുന്ന സ്വർണം 22 കാരറ്റ് ആണ് (916). അതിന്റെ നിറം കടയിൽ പോയി വാങ്ങുന്ന മഞ്ഞനിറമുള്ള ലോഹമല്ല.. കോപ്പർ അടങ്ങിയ കൂട്ട് ലോഹമാണ് 22 കാരറ്റ് സ്വർണം... നിറം ഏകദേശം ചെമ്പ് നിറം.. ആഭരണം നിർമ്മിച്ചു കഴിഞ്ഞു പോളിഷിങ്. കട്ട് വർക്കുകൾ ഒക്കെ ചെയ്ത ശേഷം ഈ ചുവന്നിരിക്കുന്ന സ്വർണത്തെ അതിന്റെ യഥാർത്ഥ നിറമായ മഞ്ഞ നിറത്തിലേക്ക് (24 കാരറ്റ് അഥവാ 99.9 )കൊണ്ട് വരുവാനുള്ള അത്യാവശ്യ ഘടകമാണ് പൊട്ടാസ്യം സയനൈഡ്.

നൈട്രിക് ആസിഡും ഹൈഡ്രോക്ലോറിക് ആസിഡും ചേർന്ന മിശ്രിതത്തിൽ അല്പം തനിത്തങ്കം (24 കാരറ്റ് ) ലയിപ്പിച്ചശേഷം അതിൽ സയനൈഡ് ഇട്ടു ലയിപ്പിച്ച വെള്ളത്തിൽ കൂട്ടി യോജിപ്പിച്ചു ചൂടാക്കുന്നു. ഈ സമയം ആഭരണങ്ങൾക്കു നല്ല മഞ്ഞ നിറം ലഭിക്കുന്നു.. സയനൈഡ് വെള്ളത്തിൽ ലയിച്ചിരിക്കുന്ന 24 കാരറ്റ് സ്വർണം 22 കാരറ്റ് ആയുള്ള സ്വർണത്തിൽ പുറമെ കോട്ടിങ് ആയി വന്നു 24 കാരറ്റിന്റെ നിറത്തിൽ അതായതു മഞ്ഞ നിറത്തിൽ എത്തിച്ചേരുന്നു.. ഇതിനാണ് സ്വർണാഭരണ നിർമ്മാണത്തിൽ സയനൈഡ് ഉപയോഗിക്കുന്നത്. പക്ഷെ ഹോൾമാർക്ക് സമയത്തിൽ സയനൈഡ് സ്വർണത്തിൽ ഉണ്ടായിരിക്കില്ല.

സയനൈഡ് പൂർണമായും മാറ്റിയ ശേഷമാണ് ഹോൾമാർക്ക് ചെയ്യാൻ കൊണ്ടുപോകുന്നത്. അതുകൊണ്ട്തന്നെ സയനൈഡ് അംശം സ്വർണത്തിന്റെ ഉപയോഗ സമയത്ത് വരില്ല. യഥാർത്ഥ വസ്തുതകൾ ഇങ്ങിനെയായിരിക്കെ സോഷ്യൽ മീഡിയകളിൽ വ്യാജ ട്രോളുകൾ ആണ് സമുദായത്തിന്നെതിരെ വരുന്നത്-സമുദായഅംഗങ്ങൾ ആരോപിക്കുന്നു. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ പൊലീസിന് ഉൾപ്പെടെ പരാതി നൽകാനാണ് ഇപ്പോൾ സമുദായ സഭാംഗങ്ങളുടെ നീക്കം. വിശ്വകർമ്മജരെ മുഴുവൻ ആക്ഷേപിച്ച് വരുന്ന ട്രോളുകൾ സത്യൻ അന്തിക്കാട് സിനിമ പോലെ തന്നെ തങ്ങൾക്ക് ദോഷം വരുത്തിയതായി ഇവർ കണക്കു കൂട്ടുന്നു. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ ട്രോളുകൾക്കും സമുദായ ശത്രുക്കൾക്കും എതിരെ ശക്തമായി നീങ്ങാനാണ് സമുദായത്തിന്റെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP