Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇര കൂറുമാറിയതോടെ വെറുതേ വിടപെട്ടവർക്കെല്ലാം ഇപ്പോൾ ആശ്വസിക്കാം; 18 വർഷത്തെ ഒളിവു ജീവിതം മതിയാക്കി 24 കേസുകളിലെയും ഒന്നാം പ്രതി എത്തിയപ്പോൾ കോടതിയിൽ നടന്നത് നാടകീയ രംഗങ്ങൾ; ഇവനെ മരിച്ചാലും മറക്കില്ല, ഇവനാണ് എന്റെ ജീവിതം തകർത്തത് എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് യുവതി; പോക്‌സോ നിയമം നിലവിൽ ഇല്ലാതിരുന്നതിനാൽ അന്നു രക്ഷപെട്ടവരിൽ നടൻ ജഗതി ശ്രീകുമാർ വരെ: വിതുര കേസിൽ പിടികിട്ടാപ്പുള്ളിയെ കോടതിയിൽ എത്തിച്ചപ്പോൾ നടന്നത്

ഇര കൂറുമാറിയതോടെ വെറുതേ വിടപെട്ടവർക്കെല്ലാം ഇപ്പോൾ ആശ്വസിക്കാം; 18 വർഷത്തെ ഒളിവു ജീവിതം മതിയാക്കി 24 കേസുകളിലെയും ഒന്നാം പ്രതി എത്തിയപ്പോൾ കോടതിയിൽ നടന്നത് നാടകീയ രംഗങ്ങൾ; ഇവനെ മരിച്ചാലും മറക്കില്ല, ഇവനാണ് എന്റെ ജീവിതം തകർത്തത് എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് യുവതി; പോക്‌സോ നിയമം നിലവിൽ ഇല്ലാതിരുന്നതിനാൽ അന്നു രക്ഷപെട്ടവരിൽ നടൻ ജഗതി ശ്രീകുമാർ വരെ: വിതുര കേസിൽ പിടികിട്ടാപ്പുള്ളിയെ കോടതിയിൽ എത്തിച്ചപ്പോൾ നടന്നത്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളത്തിൽ വിവാദമായ പെൺവാണിഭ കേസുകളിൽ പ്രധാനപ്പെട്ടതാണ് വിതുര പെൺവാണിഭ കേസ്. നിരവധി പ്രമുഖർ ഉൾപ്പെട്ട ഈ പ്രമാദമായ കേസ് പതിയെ തേഞ്ഞുമാഞ്ഞു പോകുകയായിരുന്നു. സൂര്യനെല്ലി കേസിലെ പെൺകുട്ടിയെ പോലെ വിതുരയിലെയും പെൺകുട്ടി അനുഭവിച്ചത് വലിയ പീഡനങ്ങളായിരുന്നു. രണ്ടു കേസുകളും ഒന്നര ദശകം കഴിഞ്ഞിട്ടും കോടതി മുറികളിലും ഇപ്പോഴും നീതി ലഭിക്കാത്ത അവസ്ഥയിലാണ്. കേസിലെ പ്രമാണിമാരെല്ലാം പെൺകുട്ടി കൂറുമാറിയതോടെ രക്ഷപെട്ടു. എന്നാൽ, ഇപ്പോഴും കേസ് പല കോടതികളായി തുടരുന്നു.

വിതുര പീഡനക്കേസിലെ മൂന്നാം ഘട്ട വിചാരണ പ്രത്യേക കോടതിയിൽ തുടങ്ങിയപ്പോൾ ഇന്നലെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കേസിലെ ഒന്നാം പ്രതി കൊല്ലം കടയ്ക്കൽ ജുബൈന മൻസിലിൽ സുരേഷിനെ (45) പീഡനത്തിനിരയായ യുവതി കോടതിയിൽ തിരിച്ചറിഞ്ഞു. കേസ് ആരംഭിച്ച ആദ്യ ദിവസം തന്നെ ഒന്നാം പ്രതിയുടെ അഭിഭാഷകൻ വക്കാലത്ത് ഒഴിയുന്നതായി അറിയിച്ചെങ്കിലും കോടതി യുവതിയുടെ മൊഴി രേഖപ്പെടുത്താൻ നിർദേശിച്ചു. 23 ന് കേസ് വീണ്ടും കോടതി പരിഗണിക്കും.

കേസുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്തിട്ടുള്ള 24 കേസുകളിലും ഒന്നാം പ്രതിയാണ് സുരേഷ്. അന്വേഷണ സമയത്ത് പൊലീസിന് സുരേഷിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഒന്നാം പ്രതിയെ ഒഴിവാക്കിയാണ് ആദ്യ രണ്ടു ഘട്ടങ്ങളിലും വിചാരണ നടന്നത്. രണ്ടു ഘട്ടത്തിലെയും എല്ലാ പ്രതികളെയും കോടതി വിട്ടയച്ച ശേഷമാണ് 18 വർഷം ഒളിവിലായിരുന്ന സുരേഷ് കോടതിയിൽ കീഴടങ്ങിയത്. പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിനിയായ പെൺകുട്ടിയെ സുരേഷ് പലർക്കായി കാഴ്ചവയ്ക്കുകയായിരുന്നു എന്നാണ് കേസ്.

കോടതി മുറിയിൽ നാടകീയ രംഗങ്ങൾ വിതുര പീഡന കേസിൽ ഒന്നാം പ്രതി സുരേഷിനെ തിരിച്ചറിയാമോ എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തെ തുടർന്നു കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. 'ഇവനെ മരിച്ചാലും മറക്കില്ല, ഇവനാണ് എന്റെ ജീവിതം തകർത്തത്' എന്നു പറഞ്ഞ് യുവതി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത്. ഇതോടെ യുവതി വല്ലാതെ ബുദ്ധമുട്ടി. മൊഴി രേഖപ്പെടുത്തുന്നതിനിടെ പല തവണ യുവതിക്ക് ശാരീരിക ബുദ്ധിമുട്ട് നേരിട്ടു. തുടർന്ന് വിസ്താരം തടസ്സപ്പെട്ടു. കേസിന്റെ ആദ്യഘട്ട വിചാരണകളിൽ യുവതി പ്രതികളെ തിരിച്ചറിയില്ലെന്ന് മൊഴി നൽകിയതോടെയാണ് എല്ലാവരെയും വിട്ടയച്ചത്. കൂറു മാറിയതായി അന്നു കോടതി പ്രഖ്യാപിച്ചിരുന്നു.

നേരത്തെ കേസിൽ രണ്ട് ഘട്ടമായി കോടതി പരിഗണിച്ച 15 കേസുകളിലെ 20 പ്രതികളെയും കോടതി വെറുതെവിടുകയായിരുന്നു. വിചാരണയ്ക്കിടെ പെൺകുട്ടി തിരിച്ചറിയാതിരുന്നതിനാലാണ് പ്രതികളെ കോടതി വെറുതേവിട്ടത്. പെൺകുട്ടി കൂറുമാറിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. ചലച്ചിത്രനടൻ ജഗതി ശ്രീകുമാർ വരെ ഉൾപ്പെട്ട പെൺവാണിഭ കേസാണ് വിതുര. 20 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ ജഗതി ശ്രീകുമാറിനെ നേരത്തെ തന്നെ കോടതി വെറുതേ വിട്ടിരുന്നു. ജേക്കബ് മുത്തേടൻ, മാജൻ, അസീസ് എന്നിവരെയും കോടതി വെറുതേ വിട്ടു. പോക്‌സോ നിയമം പ്രാബല്യത്തിൽ വരാത്ത കാലത്തായതിനാലാണ് ജഗതി അടക്കമുള്ളവർ കേസിൽ കുടുങ്ങിയതായി അറിയുന്നത്.

വിതുര പെൺവാണിഭക്കേസിലെ പ്രധാന പ്രതികളിലൊരാളായ മുൻ അഡ്വക്കറ്റ് ജനറൽ കെ.സി. പീറ്റർ അടക്കം ആറു പ്രതികളെ പ്രത്യേക കോടതി ജഡ്ജി എസ്. ഷാജഹാൻ കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. കൊച്ചി സ്വദേശി സുനിൽ തോമസിനെ കഴിഞ്ഞ ദിവസം കോട്ടയത്തെ പ്രത്യേക കോടതി വിട്ടയച്ചിരുന്നു. കേസിൽ ആലുവ മുൻ ഡി.വൈ.എസ്‌പി പി. മുഹമ്മദ് ബഷീറിനെയും നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. പ്രതിയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് പെൺകുട്ടി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതു കണക്കിലെടുത്തും മറ്റ് തെളിവുകൾ ഇല്ലാത്തതിനാലുമാണ് ഇവരെ വെറുതെ വിട്ടത്. ഇതിന് മുൻപ് മുൻ എക്സൈസ് കമ്മീഷണർ ടി.എം.ശശിയെയും കോട്ടയത്തെ പ്രത്യേക കോടതി ജഡ്ജി എസ്.ഷാജഹാൻ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടിരുന്നു.

1995 നവംബറിലാണ് വിതുര കേസിനാസ്പദമായ സംഭവമുണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വിതുര സ്വദേശിനിയായ അജിത, പെൺകുട്ടിക്ക് ജോലി വാഗ്ദാനം ചെയ്തുകൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിന് കൈമാറുകയായിരുന്നുവെന്നാണ് കേസ്. 23 കേസുകൾ വിതുര പീഡനവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. സിനിമാ നടൻ ജഗതിയുടെ പേരുമായി ബന്ധപ്പെട്ടാണ് വിതുര പെൺവാണിഭക്കേസ് മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. ഏറെക്കാലത്തെ നിയമപോരാട്ടത്തിനൊടുവിൽ ജഗതിയെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞതിനാൽ പ്രതികളെ ഓർക്കാൻ കഴിയുന്നില്ല എന്ന് വിചാരണയുടെ രണ്ടാം ഘട്ടത്തിൽ ഹാജരായ പെൺകുട്ടി കോടതിയിൽ പറഞ്ഞിരുന്നു. ഇടയ്ക്ക് കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ ഹാജരാകാതിരുന്ന പെൺകുട്ടിയെ കോടതി വിമർശിച്ചിരുന്നു. അതേസമയം കോടതിയും കേസുമല്ല, തനിക്ക് കുടുംബമാണ് പ്രധാനപ്പെട്ടതെന്നും ഇനിയുള്ള കാലമെങ്കിലും സ്വസ്ഥമായി കഴിയാൻ അനുവദിക്കണമെന്ന് യുവതി അഭ്യർത്ഥിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

തിരുവനന്തപുരത്തിനടുത്ത വിതുരയിൽ നിന്നും പെൺവാണിഭ സംഘം കടത്തിക്കൊണ്ട് പോയി ചൂഷണത്തിനിരയാക്കിയത്. അവളുടെ വീട്ടിലെ കടുത്ത ദാരിദ്ര്യവും കൊടും പട്ടിണിയും നിസഹായവസ്ഥയും മുതലെടുത്താണ് നരാധമർ അവളെ നിരന്തര പീഡനത്തിന് വിധേയയാക്കിയത്. സിനിമയിലഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞാണ് ഇടനിലക്കാരി അവളെ വലയിലാക്കിയത്. അതിസുന്ദരിയായ, മിടുക്കിയായ, ബുദ്ധിമതിയായ ഈ പെൺകുട്ടിയെ തന്ത്രപരമായി വലയിൽ വീഴ്‌ത്താൻ ഗൂഢാലോചനക്കാർക്കു കഴിഞ്ഞു.

സംഭവം നടന്ന് 19 വർഷം കഴിഞ്ഞപ്പോൾ ഈ കേസ് ഒരിടത്തും അവസാനിക്കുകയില്ലെന്ന് മനസ്സിലാക്കിയ പെൺകുട്ടി വിവാഹിതയായി. ഇവർക്ക് കുഞ്ഞും ജനിച്ചു. പെൺകുട്ടി വിവാഹിതയായി എന്നറിഞ്ഞപ്പോൾ മാധ്യമങ്ങളിൽ അതു വലിയ വാർത്തയും ചൂടേറിയ ചർച്ചയും ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP