Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞങ്ങൾ പെൺകുട്ടികൾക്ക് ഈ നാട്ടിൽ ജീവിക്കണം; വാളയാർ കേസിൽ നീതി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ കാമ്പയിൻ; ദളിത് സഹോദരിമാരുടെ മരണത്തിന് ഉത്തരവാദികൾ ആരായാലും രക്ഷപ്പെടില്ലെന്നും കുറ്റക്കാർക്ക് കർശനശിക്ഷ വാങ്ങികൊടുക്കുമെന്ന പിണറായിയുടെ പഴയ ഫേസ്‌ബുക്ക് പോസ്റ്റും വ്യാപകമായി പ്രചരിക്കുന്നു; പരമാവധി ശിക്ഷ പോവട്ടെ.. എന്തെങ്കിലും ശിക്ഷ കിട്ടിയിരുന്നെങ്കിൽ എന്നു പറഞ്ഞു കമന്റുകൾ; കേസ് പുനരന്വേഷണ ആവശ്യം ശക്തമാകവേ വിധിക്കെതിരെ അപ്പീൽ നൽകാൻ പൊലീസ്

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞങ്ങൾ പെൺകുട്ടികൾക്ക് ഈ നാട്ടിൽ ജീവിക്കണം; വാളയാർ കേസിൽ നീതി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ കാമ്പയിൻ; ദളിത് സഹോദരിമാരുടെ മരണത്തിന് ഉത്തരവാദികൾ ആരായാലും രക്ഷപ്പെടില്ലെന്നും കുറ്റക്കാർക്ക് കർശനശിക്ഷ വാങ്ങികൊടുക്കുമെന്ന പിണറായിയുടെ പഴയ ഫേസ്‌ബുക്ക് പോസ്റ്റും വ്യാപകമായി പ്രചരിക്കുന്നു; പരമാവധി ശിക്ഷ പോവട്ടെ.. എന്തെങ്കിലും ശിക്ഷ കിട്ടിയിരുന്നെങ്കിൽ എന്നു പറഞ്ഞു കമന്റുകൾ; കേസ് പുനരന്വേഷണ ആവശ്യം ശക്തമാകവേ വിധിക്കെതിരെ അപ്പീൽ നൽകാൻ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ''വാളയാർ സഹോദരിമാരുടെ മരണത്തിന് ഉത്തരവാദികൾ ആരായാലും രക്ഷപ്പെടില്ല. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കർശന ശിക്ഷ തന്നെ വാങ്ങികൊടുക്കും''- രണ്ട് വർഷങ്ങൾക്ക് മുമ്പ് വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണം വാർത്ത ആയ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ്് ഇങ്ങനെയായിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ ഉറപ്പെല്ലാം പാഴായി. വാളയാറിലെ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതികളായ നാല് പേരെയു കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടു. അന്വേഷണ ഘട്ടത്തിലും പ്രോസിക്യൂഷൻ വേളയിലും അട്ടിമറിക്കപ്പെട്ട കേസ് ഇപ്പോൾ വീണ്ടും സജീവമായി ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം അതിന്റെ പ്രതിഫലനങ്ങൾ കണ്ടു തുടങ്ങി.

ഇതിനിടെയാണ് മുഖ്യമന്ത്രിയെ പഴയ വാക്കുകൾ കുത്തിപ്പൊക്കിയത്. ആഭ്യന്തര കൈയാളുന്ന മുഖ്യമന്ത്രിയുടെ വാക്കിന് ഈ നാട്ടിൽ വിലയില്ലേ എന്ന ചോദ്യമാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഉയരുന്നത്. മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് ഇങ്ങനെ:

'കൊച്ചു പെൺകുട്ടികൾ അടക്കം ലൈംഗിക ആക്രമണത്തിനിരയാകുന്ന സംഭവങ്ങൾ സർക്കാർ അത്യധികം ഗൗരവത്തോടെയാണ് കാണുന്നത്. പൊലീസ് അതിശക്തമായ നടപടി എടുക്കും. കുറ്റവാളികൾ ആരായാലും നിയമത്തിനു മുന്നിലെത്തിച്ചു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കും. ബാലലൈംഗിക പീഡനത്തെ ന്യായീകരിച്ചു രംഗത്തിറങ്ങുന്നവരെ ഒന്നാംതരം സമൂഹ വിരുദ്ധരായേ കാണാൻ കഴിയൂ. കുഞ്ഞുങ്ങൾക്ക് നേരെ ലൈംഗിക ഉദ്ദേശ്യത്തോടെ നീളുന്ന ഏതു കയ്യും കുറ്റവാളിയുടേതാണ്. അതിനു ന്യായീകരണം ചമയ്ക്കുന്നവരും കുറ്റമാണ് ചെയ്യുന്നത്. അവർ ഒരു പരിഗണനയും അർഹിക്കുന്നില്ല.

സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടി സ്വീകരിക്കും.ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കും. ഇതിനായി പത്തു വർഷത്തെ വിവരങ്ങൾ ശേഖരിക്കാൻ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.വാളയാർ സഹോദരിമാരുടെ മരണത്തിന് ഉത്തരവാദികൾ ആരായാലും രക്ഷപ്പെടില്ല. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കർശന ശിക്ഷ തന്നെ വാങ്ങികൊടുക്കും.'

ഈ പോസ്റ്റിന് കീഴെ പെൺകുട്ടികൾക്ക് നീതി ആവശ്യപ്പെട്ട് നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി. കുറ്റക്കാർക്ക് പരമാവധി ശിക്ഷ പോവട്ടെ.. എന്തെങ്കിലും ശിക്ഷ കിട്ടിയിരുന്നെങ്കിൽ എന്നു പറഞ്ഞുകൊണ്ടാണ് കമന്റുകൾ. ഫേസ്‌ബുക്ക് പോസ്റ്റിനു താഴെ ഹരീഷ് വാസുദേവൻ എഴുതിയത് ഇങ്ങനെയാണ്:

''വാളയാർ റേപ്പ് കേസിലെ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കും എന്നത് ഇന്നാട്ടിലെ മുഖ്യമന്ത്രിയുടെ പരസ്യമായ ഉറപ്പാണ്. ഒരു പ്രത്യേക കേസിൽ നീതി നടപ്പാക്കും എന്ന് ഇന്നാട്ടിലെ ഓരോ പൗരനും ആഭ്യന്തര വകുപ്പിന്റെ ഉറപ്പാണ് അത്. അത് നഗ്‌നമായി ലംഘിക്കപ്പെട്ടു. പ്രതികൾ രക്ഷപ്പെട്ടു. ആരാണ് പ്രോസിക്യൂഷൻ നടത്തിപ്പിൽ മുഖ്യമന്ത്രിയുടെ ഉറപ്പ് കീറി കാറ്റിൽ പറത്തിയത്? ഇന്നാട്ടിലെ മുഖ്യമന്ത്രിയുടെ ഉറപ്പ് ഒരു തമാശയാക്കി മാറ്റിയ ആൾക്ക് ഒരു വെറും സസ്പെൻഷൻ മതിയോ? ഇത്തരക്കാർ ഇനി സർവ്വീസിൽ വേണോ? ദൃക്സാക്ഷിയായ അമ്മ പറഞ്ഞ മൊഴിയിൽ പോലും വൈരുദ്ധ്യം ഉണ്ടെങ്കിൽ പ്രോസിക്യൂട്ടർ എന്ത് ചെയ്യുകയായിരുന്നു? മുഖ്യമന്ത്രിയുടെ വാക്കിനു അപമാനമുണ്ടാക്കുന്നവർ സർവ്വീസിൽ തുടരണോ എന്നു തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. പക്ഷെ അത് ജനങ്ങളോട് പറയാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്.''

ഇങ്ങനെ നിരവധി പേരാണ് നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നത്. അതിനിടെ വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട കേസിൽ സർക്കാർ തലത്തിലുള്ള വീഴ്ച ചർച്ചയാകുമ്പോൾ സാമൂഹിക മാധ്യമങ്ങളിൽ കാമ്പയിനുമായി പെൺകുട്ടികൾ രംഗത്തുവന്നു. ഞങ്ങൾ പെൺകുട്ടികൾക്ക് ഈ നാട്ടിൽ ജീവിക്കണം, പെൺകുട്ടികൾക്ക് നീതി വേണം എന്നീ ആവശ്യങ്ങളുമായാണ് ചെറിയ കുട്ടികൾ ഉൾപ്പെടെ പ്ലക്കാർഡ് പിടിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമം ആരോപണം മുറുകവേ വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങുകയാണ് സർക്കാർ. തെളിവുകളുടെ അഭാവത്തിൽ കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതിയുടെ വിധിക്ക് എതിരെയാണ് പൊലീസ് അപ്പീൽ നൽകുക. വിധിപ്പകർപ്പ് കിട്ടിയാലുടൻ അപ്പീൽ നൽകും. ഇത് സംബന്ധിച്ച് നിയമോപദേശം കിട്ടിയതായി തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി എസ് സുരേന്ദ്രൻ അറിയിച്ചു. പൊലീസും നിയമവകുപ്പും ചേർന്നാണ് അപ്പീൽ തയ്യാറാക്കുക.

കഴിഞ്ഞ ദിവസമാണ് പ്രതികൾക്കെതിരെ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന നിരീക്ഷണത്തിൽ പാലക്കാട് ഒന്നാം അഡീഷണൽ സെഷൻസ് പോക്‌സോ കോടതി വാളയാർ കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്. പ്രതികൾക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ലെന്ന് കാട്ടിയാണ് വാളയാർ കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ടത്. കേസ് ഗൗരവമായി കൈകാര്യം ചെയ്യുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതിഷേധം. പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുന്നതിന് പൊലീസിന് നിയമോപദേശം കിട്ടിയതായി തൃശൂർ റേഞ്ച് ഐജി എസ് സുരേന്ദ്രൻ അറിയിച്ചിരുന്നു.

വിധി പകർപ്പ് കിട്ടിയാലുടൻ അപ്പീൽ തയ്യാറാക്കുമെന്നും അന്വേഷണത്തിൽ വീഴ്ചയുണ്ടായില്ലെന്നുമാണ് ഐജി പറഞ്ഞത്. വിചാരണ പൂർത്തിയായി വിധി പറഞ്ഞ കേസ് ആയതിനാൽ പുനരന്വേഷണം നിയമപരമായി സാധ്യമല്ലെന്നും പുനർവിചാരണയ്ക്ക് അപേക്ഷിക്കുക എന്നതാണ് ചെയ്യാനാകുന്നതെന്നും നിയമവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്. അന്വേഷണം അട്ടിമറിച്ചതാണോ എന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. കോടതി വിധിക്കെതിരെ സമൂഹ മാധ്യമങ്ങളിലക്കം പ്രതിഷേധം രൂക്ഷമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP