Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വി മധു മൂത്തമകളോട് മോശമായി പെരുമാറുന്നത് അച്ഛൻ കണ്ടത് ജന്നാലയിലൂടെ; ചേച്ചിയെ മരിച്ച നിലയിൽ കണ്ട ദിവസം മധു വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത് കണ്ടത് ഇളയ കുട്ടി; രണ്ടു പെൺകുഞ്ഞുങ്ങളെയും നഷ്ടമായതോടെ എല്ലാ കാര്യങ്ങളും പൊലീസിനോട് പറഞ്ഞിട്ടും മധുവിനെ പൊലീസ് വിട്ടയച്ചത് അറസ്റ്റ് ചെയ്ത ഉടൻ; പൊലീസ് സഹായത്തോടെ പ്രതികൾ പുല്ലുപോലെ രക്ഷപെട്ടത് മധു സിപിഎം പ്രവർത്തകനായതിനാലെന്നും ഉള്ളുപൊട്ടി ഒരമ്മ

വി മധു മൂത്തമകളോട് മോശമായി പെരുമാറുന്നത് അച്ഛൻ കണ്ടത് ജന്നാലയിലൂടെ; ചേച്ചിയെ മരിച്ച നിലയിൽ കണ്ട ദിവസം മധു വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത് കണ്ടത് ഇളയ കുട്ടി; രണ്ടു പെൺകുഞ്ഞുങ്ങളെയും നഷ്ടമായതോടെ എല്ലാ കാര്യങ്ങളും പൊലീസിനോട് പറഞ്ഞിട്ടും മധുവിനെ പൊലീസ് വിട്ടയച്ചത് അറസ്റ്റ് ചെയ്ത ഉടൻ; പൊലീസ് സഹായത്തോടെ പ്രതികൾ പുല്ലുപോലെ രക്ഷപെട്ടത് മധു സിപിഎം പ്രവർത്തകനായതിനാലെന്നും ഉള്ളുപൊട്ടി ഒരമ്മ

മറുനാടൻ മലയാളി ബ്യൂറോ

വാളയാർ: പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളോട് കേസിലെ പ്രതിയായ വി മധു മോശമായി പെരുമാറുന്നത് അച്ഛൻ നേരിട്ട് കണ്ടിരുന്നു എന്നും അമ്മ. പെൺകുട്ടികളുടെ പിതാവിന് സുഖമില്ലാതെ വീട്ടിലിരുന്ന ഒരു ദിവസമാണ് മൂത്ത കുട്ടിയോട് മധു മോശമായി പെരുമാറുന്നത് പിതാവ് കണ്ടത്. സ്‌കൂൾ അവധിയായിരുന്ന സമയത്ത് പെൺകുട്ടികളുടെ അച്ഛൻ കാലിന് സുഖമില്ലാതെ വീട്ടിൽ ഇരിക്കുകയായിരുന്നു. അന്ന് അച്ഛനെ കാണാനെന്ന വ്യാജേന പ്രതികളിലൊരാളായ വി മധു വീട്ടിലെത്തിയിരുന്നു.

അച്ഛനെ കണ്ട ശേഷം ഷെഡ്ഡിൽ പോയിവരാമെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി. ഷെഡ്ഡിന് പിന്നിലൂടെ വന്ന് വീട്ടിലെത്തി മൂത്ത പെൺകുട്ടിയെ വിളിക്കുകയായിരുന്നു. അച്ഛന് വെള്ളം വേണമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ വിളിച്ചത്. അച്ഛൻ ജനൽ വഴി നോക്കുബോൾ മധു മകളെ ചുമരിൽ ചേർത്ത് നിർത്തിയിരിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് അമ്മ പറയുന്നു. അച്ഛൻ വിളിച്ചതോടെ മധു ജനൽ വഴി ചാടി പോവുകയായിരുന്നു. ഈ സമയം കുട്ടികളുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. അമ്മ പണിക്ക് പോയ സമയത്തായിരുന്നു ഇത്.

പണി കഴിഞ്ഞ തിരിച്ചുവന്ന അമ്മ കണ്ടത് വീടിന്റെ പടിയിലിരുന്ന് കരയുന്ന അച്ഛനെയാണ്. വിവരം അന്വേഷിച്ചപ്പോഴാണ് മകൾക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് അച്ഛൻ പറയുന്നത്.ഇതെ കുറിച്ച് അപ്പോൾ തന്നെ അമ്മ മകളോട് ചോദിച്ചു. അപ്പോഴാണ് മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞാൽ മധു തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി അമ്മയോട് പറയുന്നത്. അന്ന് എന്നാൽ കുടുംബം മധുവിനെതിരെ പൊലീസിൽ പരാതി നൽകിയില്ല. പിന്നീട് കുട്ടി മരിച്ച ദിവസമാണ് പൊലീസിൽ ഇക്കാര്യങ്ങളെല്ലാം പറയുന്നത്.

തങ്ങൾക്ക് പറ്റിയ അബദ്ധവും ഇതാണെന്ന് അമ്മ പറയുന്നു. അന്ന് പൊലീസിൽ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നുവെങ്കിൽ മക്കളെ നഷ്ടപ്പെടില്ലായിരുന്നു. മൂത്ത കുട്ടി മരിച്ചതിന്റെ കാരണം പീഡനമാണെന്ന് പറഞ്ഞിരുന്നുവെങ്കിൽ രണ്ടിൽ ഒരാൾ മാത്രം പുറത്ത് പണിക്ക് പോവുകയും രണ്ടാമത്തെ കുട്ടിയെ നോക്കാൻ ഒരാൾ വീട്ടിലും ഉണ്ടായിരുന്നേനെ എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

മൂത്തകുട്ടി മരിച്ച ദിവസം മധു വീട്ടിൽ നിന്ന് പോകുന്നത് ഇളയ കുട്ടി കണ്ടിരുന്നു. ഇതും പൊലീസിനോട് പറഞ്ഞിരുന്നു. പക്ഷേ അറസ്റ്റ് ചെയ്ത് ഉടൻ തന്നെ മധുവിനെ പൊലീസ് വിട്ടയക്കുകയായിരുന്നു. മധു പ്രദേശത്തെ സിപിഐഎം പ്രവർത്തകൻ ആയിരുന്നുവെന്നും പെൺകുട്ടികളുടെ അമ്മ വാർത്താചാനലായ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.

ഓരോ കാരണം പറഞ്ഞ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെങ്കിലും ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് അവരെ പോസ്റ്റുമോർട്ടം റിപ്പോർട്ട് നൽകാതെ തിരിച്ചയക്കുമായിരുന്നു. എന്നാൽ രണ്ടാമത്തെ കുട്ടി മരണപ്പെടുന്നത് വരെ കുടുംബത്തിൽ നിന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് മറച്ചുവെച്ചുവെന്നും, രണ്ട് കുട്ടികളുടേയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒരുമിച്ചാണ് ലഭിക്കുന്നതെന്നും അമ്മ പറഞ്ഞു.

പെൺകുട്ടികളുടെ മരണത്തിൽ പരാതി നൽകിയ ശേഷം ഇവരുടെ വീട്ടിൽ കല്ലേറുണ്ടായിരുന്നുവെന്നും അമ്മ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രണ്ട് പെൺകുട്ടികളുടേയും മരണകാരണം പീഡനമാണെന്ന് കണ്ടിട്ടും എന്തുകൊണ്ടാണ് പ്രതികളെ വെറുതെ വിട്ടതെന്ന് തനിക്ക് അറിയില്ലെന്നും അമ്മ ചാനലിനോട് പറഞ്ഞു.

വാളയാർ കേസിന്റെ നാൾവഴികൾ ഇങ്ങനെ..

2017 ജനുവരി 13: അട്ടപ്പള്ളത്ത് 13 വയസ്സുകാരിയായ പെൺകുട്ടിയെ വീട്ടിലെ കഴുക്കോലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നു.

2017 മാർച്ച് 4: സഹോദരിയായ നാലാംക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ കഴുക്കോലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുന്നു. നാലാംക്ലാസുകാരിക്ക് ഉത്തരത്തിൽ തൂങ്ങാനാവില്ലെന്ന പ്രാഥമിക കണ്ടെത്തലിൽ കുട്ടിയുടെ മരണത്തിൽ സംശയമുന്നയിക്കപ്പെടുന്നു. നാലാംക്ലാസുകാരിയുടെ സഹോദരിയായ 13 വയസ്സുകാരി സമാനസാഹചര്യത്തിലാണ് മരിച്ചതെന്നതും സംശയത്തിന് ബലം കൂട്ടി. ആദ്യമരണത്തിലെ ഏക ദൃക്സാക്ഷിയും ഈ നാലാംക്ലാസുകാരിയായിരുന്നു.

2017 മാർച്ച് 6: പൊലീസ് പെൺകുട്ടികളുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. അന്നത്തെ എ.എസ്‌പി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.

2017 മാർച്ച് 7: മരിച്ച സഹോദരിമാർ രണ്ടുപേരും ലൈംഗികപീഡനത്തിനിരയായതായി പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞെന്ന് തൃശ്ശൂർ റെയ്ഞ്ച് ഐ.ജി. എം.ആർ. അജിത് കുമാർ, പോസ്റ്റ്‌മോർട്ടത്തിന് മേൽനോട്ടംവഹിച്ച ഡോക്ടർമാർ എന്നിവർ അറിയിക്കുന്നു. മൂന്നുപേരെ ചോദ്യംചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുക്കുന്നു.

2017 മാർച്ച് 8: ആദ്യമരണത്തിന്റെ കേസന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നാരോപണം. അന്വേഷണത്തിന് ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാന് ചുമതല നൽകിയതായി സംസ്ഥാനപൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണസംഘത്തെ പുനഃസംഘടിപ്പിച്ചു. മൂത്തകുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി സൂചനയുണ്ടായിട്ടും അന്വേഷണത്തിൽ വീഴ്ചവരുത്തിയ വാളയാർ എസ്‌ഐ. പി.സി. ചാക്കോയെ ഒഴിവാക്കി. പ്രത്യേക അന്വേഷണസംഘത്തിന്റെ ചുമതല അന്നത്തെ നർക്കോട്ടിക് സെൽ ഡിവൈ.എസ്‌പി. എം.ജെ. സോജന് കൈമാറി. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് മാറ്റമെന്നാണ് പൊലീസിന്റെ വിശദീകരണം. മൂത്തകുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിലുണ്ടായ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പാലക്കാടിന്റെ ചുമതലയുണ്ടായിരുന്ന മലപ്പുറം എസ്‌പി. ദേബേഷ് കുമാർ ബെഹ്‌റയ്ക്ക് കൈമാറാൻ രാജേഷ് ദിവാന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ തീരുമാനം.

2017 മാർച്ച് 9: ബന്ധുവടക്കം രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പാമ്പാംപള്ളം കല്ലങ്കാട് വി. മധു, ഇടുക്കി രാജാക്കാട് നാലുതൈക്കൽ വീട്ടിൽ ഷിബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാളയാർ എസ്‌ഐ. പി.സി. ചാക്കോക്ക് സസ്‌പെൻഷൻ. എസ്‌പി.യുടെ റിപ്പോർട്ടിലാണ് നടപടി. ആരോപണം നേരിടുന്ന ഡിവൈ.എസ്‌പി. വാസുദേവൻ, സിഐ. വിപിൻദാസ് എന്നിവരുടെപേരിൽ വകുപ്പുതല അന്വേഷണത്തിന് തൃശ്ശൂർ റെയ്ഞ്ച് ഐ.ജി.യുടെ ഉത്തരവ്.

2017 മാർച്ച് 10: പെൺകുട്ടികളുടെ അമ്മയുടെ സഹോദരിയുടെ മകനടക്കം മറ്റുരണ്ടുപേർ കൂടി അറസ്റ്റിൽ. പാമ്പാംപള്ളം കല്ലങ്കാട് എം. മധു, ആലപ്പുഴ ചേർത്തല സ്വദേശി പ്രദീപ്കുമാർ എന്നിവരെയാണ് അറസ്റ്റുചെയ്തത്.

2017 മാർച്ച് 13: പ്രതിചേർക്കപ്പെട്ടവരെ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷനൽകി.

2017 മാർച്ച് 14: നാലുദിവസത്തേക്ക് നാലുപേരെയും കസ്റ്റഡിയിൽ വിട്ടു. ചോദ്യംചെയ്യൽ തുടങ്ങി.

2017 മാർച്ച് 15: തെളിവെടുപ്പ് തുടങ്ങി.

2017 മാർച്ച് 17: മരിച്ച പെൺകുട്ടികളുടെ ഏഴുവയസുള്ള സഹോദരനെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഏറ്റെടുത്തു. സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. മാതാപിതാക്കൾക്ക് എപ്പോൾ വേണമെങ്കിലും കുഞ്ഞിനെ കാണാൻ അനുമതി.

2017 മാർച്ച് 18: കേസിൽ പതിനാറുകാരൻ കൂടി അറസ്റ്റിലായി. ജുവനൈൽ ഹോമിലേക്കുമാറ്റി

2017 ഏപ്രിൽ 25: പൊലീസ് വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിച്ച യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പാമ്പാപള്ളം വണ്ടാഴിക്കാരൻ പ്രവീണിനെയാണ് (29) വീട്ടിൽനിന്ന് അരക്കിലോമീറ്റർ അകലെ വിജനമായ പ്രദേശത്തെ മരക്കൊമ്പിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇളയ പെൺകുട്ടിയുടെ മരണം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം പ്രവീണിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രവീൺ മരിക്കുന്നതിന് രണ്ടുദിവസംമുമ്പ് വീണ്ടും ചോദ്യം ചെയ്തിരുന്നു.

2017 ജൂൺ 22: സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തിയ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പതിനാറുകാരൻ ഒഴികെയുള്ള നാലാളുടെ പേരിലാണ് കുറ്റപത്രം സമർപ്പിച്ചത്. പോക്‌സോ, ആത്മഹത്യ പ്രേരണാ കുറ്റം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം എന്നീ വകുപ്പുകളിലാണ് കേസ്.

2019 ഒക്ടോബർ 15: മൂന്നാംപ്രതിയായി പേരുചേർക്കപ്പെട്ട ചേർത്തലസ്വദേശി പ്രദീപ്കുമാറിനെ തെളിവുകളുടെ അഭാവത്തിൽ പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വെറുതെ വിട്ടു.

2019 ഒക്ടോബർ 25: പ്രതിചേർക്കപ്പെട്ട വി. മധു, എം. മധു, ഷിബു എന്നീ മറ്റ് മൂന്നുപേരെക്കൂടി കോടതി വെറുതെ വിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP