Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചട്ടം ലംഘിച്ചത് രാഷ്ട്രത്തലവനേക്കാൾ വലിയവൻ താനെന്ന് കരുതിയ മോദി; സല്യൂട്ട് സ്വീകരിക്കാതിരുന്നതിന് ഹമീദ് അൻസാരിയെ കുറ്റം പറയുന്നവർ കൈപൊക്കാതെ നിൽക്കുന്ന വാജ്‌പേയിയുടെ ഈ ചിത്രം കണ്ടിട്ടുണ്ടോ?

ചട്ടം ലംഘിച്ചത് രാഷ്ട്രത്തലവനേക്കാൾ വലിയവൻ താനെന്ന് കരുതിയ മോദി; സല്യൂട്ട് സ്വീകരിക്കാതിരുന്നതിന് ഹമീദ് അൻസാരിയെ കുറ്റം പറയുന്നവർ കൈപൊക്കാതെ നിൽക്കുന്ന വാജ്‌പേയിയുടെ ഈ ചിത്രം കണ്ടിട്ടുണ്ടോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്പഥിലെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ദേശീയഗാനം ആലപിച്ചപ്പോൾ ഉപരാഷ്ട്രപതി ഹമീദ് അൻസാരി അഭിവാദ്യം അർപ്പിച്ചില്ലെന്ന് ആരോപണം ഉന്നയിക്കുന്നവർ ഈ ചിത്രം ശ്രദ്ധിക്കുക. ബിജെപിയുടെ മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ എബി വാജ്‌പേയ് എന്താണ് ചെയ്തതെന്ന് ശ്രദ്ധിച്ചാൽ വിവാദത്തിലെ അർത്ഥ ശൂന്യത വ്യക്തമാകും. യാഥാർത്ഥത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി മനോഹർ പരീക്കറുമായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ തെറ്റ് ചെയ്തത് എന്നാണ് വാജ്‌പേയുടെ ചിത്രം വ്യക്തമാക്കുന്നത്.

ദേശീയഗാനം ആലപിക്കുമ്പോൾ പ്രോട്ടോകോൾ അനുസരിച്ച് വിശിഷ്ടാതിഥിയാണ് അഭിവാദ്യം അർപ്പിക്കേണ്ടത്. യൂണിഫോമിലുള്ള സൈനിക ഉദ്യോഗസ്ഥരും പൊലീസുകാരുമെല്ലാം സല്യൂട്ട് ചെയ്യണം. മറ്റുള്ളവർ ഈസമയം അറ്റൻഷനായി നിൽക്കണം. അതുകൊണ്ട് തന്നെ റിപ്പബ്ലക്ദിന പരേഡിൽ പരമോന്നതവ്യക്തിയായ രാഷ്ട്രപതിയാണ് അഭിവാദ്യം അർപ്പിക്കേണ്ടത്. ബാക്കിയുള്ളവർ അതായത് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ മിണ്ടാതെ നിന്നാൽ മതി. ഈ പ്രോട്ടോകോൾ ഇത്തവണ തെറ്റിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി മനോഹർ പരിക്കറുമാണ്. പഴികേട്ടത് ഹമീദ് അൻസാരിയും. ഒടുവിൽ സോഷ്യൽ മീഡിയ തന്നെ ഉപരാഷ്ട്രപതിക്ക് പ്രതിരോധം തീർക്കാനെത്തി.

സോഷ്യൽ മീഡയയിൽ പ്രചരിച്ച ചിത്രം ഉപരാഷ്ട്രപതി ഹമീദ് അൻസാരിയെ വിവാദത്തിലെത്തിച്ചിരുന്നു. എന്നാൽ ഹമീദ് അൻസാരി തെറ്റൊന്നും ചെയ്തില്ലെന്ന് വ്യക്തമാക്കിയും ഫോട്ടോ സോഷ്യൽ മീഡിയയിൽ എത്തി. അതും വൈറലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് വിമർശിക്കുന്നില്ലെങ്കിലും അദ്ദേഹത്തെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന ഫോട്ടോയാണ് പ്രചരിക്കുന്നത്. ഹമീദ് അൻസാരിയെ ദേശ ദ്രോഹിയാക്കാനുള്ള ശ്രമത്തിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് വൈറൽ ഫോട്ടോയിലെ വിവരണത്തിലൂടെ വിമർശിക്കുന്നത്.

റിപ്പബ്ലിക് ദിന പരേഡിൽ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി ഇന്ത്യൻ പതാകക്ക് സല്യൂട്ട് ചെയ്തില്ല എന്ന് പറഞ്ഞ് മാർക്ക് ചെയ്ത ഒരു ഫോട്ടോ കണ്ടപ്പോഴേക്ക് അദ്ദേഹത്തെ ദേശവിരുദ്ധനും പാക്കിസ്ഥാൻ ചാരനുമെന്നൊക്കെ വിളിക്കാൻ തുടങ്ങിയ ചിലരെ സോഷ്യൽ മീഡിയയിൽ കണ്ടു. ഇത്തരം അളിഞ്ഞ ദേശസ്‌നേഹികളേക്കാൾ ദേശവിരുദ്ധർ വേറെയില്ല എന്നതാണ് സത്യം. ഈ ചടങ്ങിൽ പ്രസിഡന്റ് മാത്രമാണ് പതാകയെ സല്യൂട്ട് ചെയ്യേണ്ടതെന്നും ബാക്കിയുള്ളവർ ആദരപൂർവ്വം നില്ക്കുകയാണ് വേണ്ടതെന്നുമുള്ള ചട്ടമാണ് ഉപരാഷ്ട്രപതി പാലിച്ചത്-പോസ്റ്റിലെ വിവരണം വ്യക്തമാക്കുന്നു.

ചട്ടമറിയാത്ത ചിലർ കൂട്ടത്തിൽ സല്യൂട്ടടിച്ചു എന്നതായിരുന്നു സത്യത്തിൽ വിഷയമാകേണ്ടിയിരുന്നത്. പക്ഷേ ദേശസ്‌നേഹത്തിന്റെ ഹോൾസെയിൽ വിതരണം ഏറ്റെടുത്ത പൊട്ടന്മാർക്ക് ഉപരാഷ്ട്രപതിയുടെ പേരും മതവും നോക്കി ചീട്ടിറക്കാനായിരുന്നു താത്പര്യം. ഇത്തരം അളിഞ്ഞ ദേശസ്‌നേഹികൾ സന്ദർഭം കിട്ടുമ്പോഴെക്കെ ഇതുപോലുള്ള ചീട്ടിറക്കും. അത്രയും ബുദ്ധിയും വകതിരിവുമേ ദൈവം അവർക്ക് നല്കിയിട്ടുള്ളൂ എന്ന് കരുതി സമാധാനിക്കാം. പക്ഷേ അത്തരം ചീട്ടുകളിൽ വീഴാതെ നോക്കുക എന്നതാണ് സ്വല്പം വകതിരിവുള്ളവർ ചെയ്യേണ്ടതെന്നാണ് അൻസാരിയെ അനുകൂലിക്കുന്നവരുടെ നിലപാട്.

എ.പി.ജെ അബ്ദുൽ കലാം രാഷ്ട്രപതിയായിരുന്ന സമയത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി ദേശീയ പതാകയെ സല്യൂട്ട് ചെയ്യാതിരുന്ന ചിത്രമാണ് ട്വിറ്ററിൽ വൈറലാകുന്നത്. അതായത് മോദിയും മനോഹർ പരീക്കറും വാജ്‌പേയി ചെയ്യാത്തത് ചെയ്തു. ചട്ടമറിയാത്ത ഇവരുടെ ചെയ്തി ഹമീദ് അൻസാരിക്ക് വിനയായി എന്നാണ് പോസ്റ്റ് പറഞ്ഞുവയ്ക്കുന്നത്.

റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി മനോഹർ പരീക്കർ എന്നിവർ ദേശീയപതാകയെ അഭിവാദ്യം ചെയ്യുകയും ഉപരാഷ്ട്രപതി അങ്ങനെ ചെയ്യാതെയുമിരുന്ന ചിത്രമാണ് ട്വിറ്ററിൽ വൈറലായി പ്രചരിച്ചത്. ഉപരാഷ്ട്രപതി ഹമീദ് അൻസാരിക്കെതിരെയുള്ള അഭിപ്രായപ്രകടനങ്ങൾ അതിരുകടന്നതോടെ ഉപരാഷ്ട്രപതിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അതേസമയം വേദിയിലുണ്ടായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യമന്ത്രി സുഷമ സ്വരാജും ത്രിവർണ പതാകയെ സല്യൂട്ട് ചെയ്യാതിരുന്നത് സോഷ്യൽ മീഡിയക്ക് വിഷയമായിരുന്നില്ല. ഹമീദ് അൻസാരി മാത്രമാണ് ഇതിന്റെ പേരിൽ ആക്രമിക്കപ്പെട്ടതെന്ന വിമർശനവുമുണ്ട്.

പ്രോട്ടോകോൾ പ്രകാരം ദേശീയ ഗാനം ആലപിക്കുമ്പോൾ രാഷ്ട്രപതിയും യൂണിഫോമിലുള്ളവരും മാത്രം ദേശീയ പതാകയെ സല്യൂട്ട് ചെയ്താൽ മതിയെന്ന് അൻസാരിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയും വ്യക്തമാക്കിയിരുന്നു. സാധാരണ വേഷത്തിലുള്ള ഉപരാഷ്ട്രപതി പതാകയെ സല്യൂട്ട് ചെയ്യേണ്ടെന്നും അറിയിച്ചു. അതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വാജ്‌പേയുടെ ചിത്രം നിറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP