Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മെഡിക്കൽ കോളേജിന് 50 ഏക്കർ കൊടുത്തത് ശ്രേയംസിനെ കൽപ്പറ്റക്കാരുടെ കണ്ണിലുണ്ണിയാക്കാൻ; ഇടത് സുനാമിയിൽ മകൻ തോറ്റതോടെ സോഷ്യലിസ്റ്റിന്റെ ആദ്യ ലക്ഷ്യം പൊളിഞ്ഞു; റോഡ് നിർമ്മാണത്തിനായി വെട്ടിമാറ്റിയത് അഞ്ചേ മുക്കാൽ ഹെക്ടറിലെ തടികൾ; വീരേന്ദ്രകുമാർ ഇടതു പക്ഷത്തെത്തിയപ്പോൾ പുതിയ ട്വിസ്റ്റ്; ചന്ദ്രപ്രഭാ ട്രസ്റ്റിന്റെ ഭൂമി കൊള്ളില്ലെന്ന് പിണറായി സർക്കാരിന്റെ കണ്ടെത്തിൽ; ഭൂമി തിരിച്ച് ചോദിച്ച് മാതൃഭൂമി മുതലാളി; കൽപ്പറ്റ മെഡിക്കൽ കോളേജിലെ 'പുതിയ ഭൂമി വാങ്ങൽ' ആർക്കു വേണ്ടി?

മെഡിക്കൽ കോളേജിന് 50 ഏക്കർ കൊടുത്തത് ശ്രേയംസിനെ കൽപ്പറ്റക്കാരുടെ കണ്ണിലുണ്ണിയാക്കാൻ; ഇടത് സുനാമിയിൽ മകൻ തോറ്റതോടെ സോഷ്യലിസ്റ്റിന്റെ ആദ്യ ലക്ഷ്യം പൊളിഞ്ഞു; റോഡ് നിർമ്മാണത്തിനായി വെട്ടിമാറ്റിയത് അഞ്ചേ മുക്കാൽ ഹെക്ടറിലെ തടികൾ; വീരേന്ദ്രകുമാർ ഇടതു പക്ഷത്തെത്തിയപ്പോൾ പുതിയ ട്വിസ്റ്റ്; ചന്ദ്രപ്രഭാ ട്രസ്റ്റിന്റെ ഭൂമി കൊള്ളില്ലെന്ന് പിണറായി സർക്കാരിന്റെ കണ്ടെത്തിൽ; ഭൂമി തിരിച്ച് ചോദിച്ച് മാതൃഭൂമി മുതലാളി; കൽപ്പറ്റ മെഡിക്കൽ കോളേജിലെ 'പുതിയ ഭൂമി വാങ്ങൽ' ആർക്കു വേണ്ടി?

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: വയനാട് ഗവ.മെഡിക്കൽ കോളേജിനായി കോട്ടത്തറ വില്ലേജിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് ദാനം ചെയ്ത 50 ഏക്കർ ഭൂമിയിൽ പ്രകൃതിദുരന്ത സാധ്യയുണ്ടെന്നു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി.എസ്‌ഐ) റിപ്പോർട്ട് ചെയ്തെന്ന പ്രചാരണത്തിലൂടെ ഇടത് സർക്കാർ ലക്ഷ്യമിടുന്നത് ഖജനാവിൽ നിന്ന് പണം ധൂർത്തടിക്കാൻ തന്നെ. സൗജന്യമായി ലഭിച്ച 50 ഏക്കർ കാപ്പിത്തോട്ടം വേണ്ടെന്നുവെച്ച് മെഡിക്കൽ കോളേജിനായി വാങ്ങുന്നതും വയനാട്ടിലെ പരിസ്ഥിതിലോല പ്രദേശമാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഇനി നിർമ്മാണവും മറ്റും നടക്കാൻ സാധ്യത കുറവാണ്. അടിക്കടിയുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളെ തുടർന്നാണ് ഇത്. ഈ സാഹചര്യത്തിലാണ് വസ്തു സർക്കാരിന് നൽകി പണമുണ്ടാക്കാനുള്ള നീക്കം. ഭരണമുന്നണിയിലെ ഉന്നതർ നടത്തുന്ന അഴിമതിയാണ് ഇതെന്ന് വിവരങ്ങൾ പുറത്തു വരികയാണ്.

പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുള്ള സ്ഥലമാണ് എന്നതാണ് സ്ഥലമുപേക്ഷിക്കലിന് കാരണമായി സർക്കാർ പറയുന്നത്. എന്നാൽ കഴിഞ്ഞ രണ്ടുപ്രളയകാലത്തും ഒരു പ്രകൃതിദുരന്തവും സംഭവിക്കാത്തതാണ് സൗജന്യമായി ലഭിച്ച ഈ സ്ഥലം. എംപി വീരേന്ദ്രകുമാറിന്റെ കുടുംബ ട്രസ്റ്റാണ് കല്പറ്റയിലെ ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ്. കൽപ്പറ്റയിലെ എംഎൽഎ ആയിരിക്കുമ്പോൾ ശ്രേയംസ് കുമാർ പ്രത്യേക താൽപ്പര്യമെടുത്താണ് ഭൂമി വിട്ടു നൽകിയത്. മെഡിക്കൽ കോളേജ് എത്തിച്ച് കൽപ്പറ്റക്കാരുടെ കണ്ണിലുണ്ണിയാകാനായിരുന്നു ശ്രേയംസിന്റെ ശ്രമം. യുഡിഎഫിനൊപ്പമായിരുന്നു അന്ന് ശ്രേയംസും വീരേന്ദ്രകുമാറും. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രേയംസ് തോറ്റു. സിപിഎം അധികാരത്തിലെത്തി. പിന്നീട് വീരേന്ദ്രകുമാറിന്റെ ജനതാദൾ ഇടതു പക്ഷത്തും എത്തി. ഈ രാഷ്ട്രീയ സാഹചര്യത്തിനിടെയിലും വീരേന്ദ്രകുമാറിന്റെ ഭൂമി വേണ്ടെന്ന് വയ്ക്കുകയാണ് പിണറായി സർക്കാർ.

2015 ജൂലൈ 12ന് ശിലാസ്ഥാപനം നടത്തി. വർഷങ്ങൾ കഴിഞ്ഞിട്ടും മെഡിക്കൽ കോളേജ് ഭൂമിയെ മുരണിക്കരയുമായി ബന്ധിപ്പിക്കുന്ന പാതയുടെ നിർമ്മാണം പോലും പൂർത്തിയായില്ല. ഏകദേശം അഞ്ചേമുക്കാൽ ഹെക്ടർ തോട്ടമാണ് റോഡ് നിർമ്മാണത്തിനായി തരംമാറ്റിയത്. മെഡിക്കൽ കോളേജിനായി വിട്ടുകൊടുത്ത ഭൂമിയിലെ മരങ്ങൾ സർക്കാർ അനുവാദത്തോടെ ചന്ദ്രപ്രഭ ട്രസ്റ്റ് മുറിച്ചുവിറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. സർക്കാരിനു അവകാശപ്പെട്ട ഭൂമിയാണ് മെഡിക്കൽ കോളേജിനായി സർക്കാർ ദാനമായി സ്വീകരിച്ചതെന്നും ആരോപണം ഉയർന്നിരുന്നു. മെഡിക്കൽ കോളേജ് നിർമ്മിക്കുന്നില്ലെങ്കിൽ സൗജന്യമായി നൽകിയ ഭൂമി തിരികെനൽകണമെന്നാണ് ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നിലപാട്. ഇതോടെ മരംമുറിച്ച് മാറ്റിയ ഭൂമി വീരേന്ദ്രകുമാറിന്റെ ട്രസ്റ്റിന് വിട്ടുകൊടുക്കാനുള്ള തന്ത്രമാണോ നടക്കുന്നതെന്ന സംശയവും സജീവമാണ്.

മെഡിക്കൽ കോളേജിന് ആധുനിക വയനാടിന്റെ ശില്പികളിലൊരാളായ എം.കെ. ജിനചന്ദ്രന്റെ പേരുനൽകുക, വയനാട്ടിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന അഞ്ച് വിദ്യാർത്ഥികൾക്ക് പ്രവേശത്തിന് സംവരണം നൽകുക എന്നീ ഉപാധികളോടെയാണ് ട്രസ്റ്റ് ഭൂമി നൽകിയത്. ഇവയംഗീകരിച്ച് ഈ പദ്ധതിക്ക് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടു. പിന്നീടുവന്ന ഇടതുസർക്കാർ നിർമ്മാണോദ്ഘാടനം നടത്തുകയും ചെയ്തു. റോഡ് നിർമ്മാണമടക്കം പാതിവഴിയിലെത്തിയപ്പോഴാണ് ഈ ഭൂമി അനുയോജ്യമല്ലെന്ന് പറഞ്ഞ് ഇപ്പോഴത്തെ സർക്കാർ പദ്ധതി ഉപേക്ഷിക്കുന്നത്. വീരേന്ദ്രകുമാർ നൽകിയ സ്ഥലം പരിസ്ഥിതി ദുർബലപ്രദേശമാണ് എന്നുപറയുന്നത് ഏത് പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ ചോദിക്കുന്നു.

കഴിഞ്ഞവർഷം വയനാട്ടിൽ കൂടുതൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടായ വൈത്തിരി പഞ്ചായത്തിലെ ചേലോട് എസ്റ്റേറ്റിന്റെ 50 ഏക്കറാണ് സർക്കാർ പുതുതായി കണ്ടെത്തിയ സ്ഥലമെന്നതാണ് വലിയ വൈരുധ്യം. വീരേന്ദ്രകുമാർ നൽകിയ സ്ഥലത്ത് കെട്ടിടം നിർമ്മിക്കുന്നതിനുമുമ്പ് കൂടുതൽ പരിശോധന വേണമെന്ന് കഴിഞ്ഞവർഷം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി.എസ്‌ഐ) ശുപാർശ ചെയ്തിരുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ മാർഗനിർദ്ദേശമനുസരിച്ചുള്ള ജിയോ ടെക്‌നിക്കൽ പരിശോധനയാണ് ശുപാർശ ചെയ്തത്. പാരിസ്ഥിതികപ്രശ്‌നങ്ങളെ ചെറുക്കാനാവശ്യമായ മുൻകരുതലുകൾ നിർദ്ദേശിക്കാനും സ്ഥലത്തിന്റെ ശേഷി ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. ഈ സ്ഥലത്ത് കെട്ടിടനിർമ്മാണം പാടില്ലെന്ന് ജി.എസ്‌ഐ. പറഞ്ഞിട്ടില്ല.

മെഡിക്കൽ കോളേജിനായി യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് സൗജന്യമായി ലഭിച്ച കല്പറ്റ വില്ലേജിലെ 50 ഏക്കർ ഉള്ളപ്പോൾ വലിയ വിലകൊടുത്ത് വേറെ ഭൂമി വാങ്ങുന്നതെന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനം ഇത്രയും സാമ്പത്തിക പ്രതിസന്ധിയിലുഴലുമ്പോൾ ഇത്ര വൻഭാരം കൂടി തലയിലേറ്റുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP