Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായിയുടെ മകൻ അബുദാബിയിൽ ബാങ്കിൽ; കോടിയേരിയുടെ മക്കൾ ബിസിനസിലും സിനിമയിലും; ഇ.പി.ജയരാജന്റെ മക്കൾ ഗൾഫിൽ ബിസിനസുകാർ; എ.കെ.ആന്റണിയുടെ മക്കൾ ഐടിയിലും സിനിമയിലും; ഉമ്മൻ ചാണ്ടിയുടെ മകൻ സുപ്രീംകോടതി അഭിഭാഷകൻ; ഏറ്റവും കൂടുതൽ മക്കൾ രാഷ്ട്രീയക്കാരുള്ളത് യുഡിഎഫിലാണെങ്കിലും രാഷ്ട്രീയക്കാരല്ലാത്ത മക്കൾ തലവേദനയാകുന്നത് പലപ്പോഴും എൽഡിഎഫ് നേതാക്കൾക്ക്; നേതാക്കളുടെ മക്കൾ എന്തുചെയ്യുന്നുവെന്ന് അന്വേഷിച്ച് സോഷ്യൽ മീഡിയ

പിണറായിയുടെ മകൻ അബുദാബിയിൽ ബാങ്കിൽ; കോടിയേരിയുടെ മക്കൾ ബിസിനസിലും സിനിമയിലും; ഇ.പി.ജയരാജന്റെ മക്കൾ ഗൾഫിൽ ബിസിനസുകാർ; എ.കെ.ആന്റണിയുടെ മക്കൾ ഐടിയിലും സിനിമയിലും; ഉമ്മൻ ചാണ്ടിയുടെ മകൻ സുപ്രീംകോടതി അഭിഭാഷകൻ;  ഏറ്റവും കൂടുതൽ മക്കൾ രാഷ്ട്രീയക്കാരുള്ളത് യുഡിഎഫിലാണെങ്കിലും രാഷ്ട്രീയക്കാരല്ലാത്ത മക്കൾ തലവേദനയാകുന്നത് പലപ്പോഴും എൽഡിഎഫ് നേതാക്കൾക്ക്; നേതാക്കളുടെ മക്കൾ എന്തുചെയ്യുന്നുവെന്ന് അന്വേഷിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്ന് പറഞ്ഞ പോലെയാണ് കേരളത്തിലെ പല രാഷ്ട്രീയക്കാരുടെയും അനുഭവം. അടുത്ത കാലത്തായി ഇടതുനേതാക്കൾക്കാണ് ശനിദശ. മക്കൾ തന്നെ നേതാക്കന്മാർക്ക് കുരുക്കായി മാറുക. കോടിയേരി ബാലകൃഷ്ണനാണ് ഏറ്റവുമൊടുവിൽ പഴി കേൽക്കേണ്ടി വന്നത്. കഴിഞ്ഞ വർഷം സിപിഎം പാർട്ടി സംസ്ഥാന സമ്മേളനത്തിലേക്ക് നീങ്ങുന്നതിന് തൊട്ടുമുമ്പാണ് കോടിയേരിയുടെ മൂത്തമകൻ ബിനോയിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം വന്നത്.

ബിനോയ് ദുബായിൽ 13 കോടിയുടെ തട്ടിപ്പ് നടത്തി നാട്ടിലേക്ക് മുങ്ങിയെന്നായിരുന്നു അന്ന് ഉയർന്ന ആരോപണം. എന്നാൽ, മകനെതിരെ കേസുകളില്ലെന്നും ആരോപണങ്ങൾ അയാൾ വിശദീകരിക്കുമെന്നും കോടിയേരി ന്യായം പറഞ്ഞു. ഏറ്റവുമൊടുവിൽ, മുംബൈയിലെ യുവതിയുടെ പീഡനപരാതി ഉയർന്നപ്പോഴും കുടുംബാംഗങ്ങൾ ചെയ്യുന്ന തെറ്റിന്റെ പാപഭാരം തനിക്ക് ഏറ്റെടുക്കാനാവില്ലെന്ന് പറഞ്ഞാണ് കോടിയേരി ഒഴിഞ്ഞത്. മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ ഏറെപ്പഴികേട്ടവരാണ് കോൺഗ്രസുകാർ. രാഹുൽ ഗാന്ധി തന്നെ മക്കൾ രാഷ്ട്രീയത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം അതിന്റെ മികച്ച ഗുണഭോക്താവാണെങ്കിലും. ഏതായാലും രാഷ്ട്രീയ നേതാക്കളുടെ മക്കൾ ഇപ്പോൾ എന്തു ചെയ്യുന്നു എന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയയിൽ പലരും.

കോൺഗ്രസിന്റെ സമുന്നത നേതാവും പ്രവർത്തക സമിതി അംഗവുമായ എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയെ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ സംസ്ഥാന കൺവീനറായി തിരഞ്ഞെടുപ്പ് കാലകത്ത് നിയമിച്ചിരുന്നു. ഈ നിയമനം മക്കൾ രാഷ്ട്രീയമാണെന്ന് പല രാഷ്ട്രീയ നിരീക്ഷകരും പരിഹസിച്ചു. മക്കൾ രാഷ്ട്രീയത്തെ എക്കാലവും എതിർത്തിരുന്നയാളാണ് ആദർശ ധീരനായ എ.കെ.ആന്റണി. അടിയന്തരാവസ്ഥക്കാലത്ത് മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ ഇന്ദിരാഗാന്ധിയെ എതിർത്ത അദ്ദേഹം പിൽക്കാലത്ത് ഗാന്ധി കുടുംബ വാഴ്ച അംഗീകരിക്കുകയും, കെ.കരുണാകരന്റെ മകന് തിരഞ്ഞെടുപ്പിൽ സീറ്റ് വാങ്ങി നൽകുകയും ചെയ്തു. ഇപ്പോൾ സ്വന്തം മകനെ ഡിജിറ്റൽ മീഡിയ സെൽ വഴി കേരള രാഷ്ട്രീയത്തിൽ കെട്ടിയിറക്കാനാണ് ആന്റണി ശ്രമിക്കുന്നതെന്ന് ആരോപണം ഉയർന്നു. അങ്കുശമില്ലാത്ത കാപട്യമേ, മണ്ണിൽ ആന്റണിയെന്നു വിളിക്കട്ടെ നിന്നെ ഞാൻ! എന്നാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കർ അന്ന് പരിഹസിച്ചത്. എന്നാൽ, ആക്ഷേപങ്ങൾക്കപ്പുറം പുതിയ തലമുറ കരിയറിസ്റ്റുകളാണെന്ന കാര്യം സമ്മതിക്കാതെ വയ്യ. അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാലയിലും തിരുവനന്തപുരം എൻജിനീയറിങ്ങ് കോളജിലും പഠിച്ച അനിൽ നിരവധി ഐ.ടി. കമ്പനികളിൽ പ്രവർത്തിച്ചശേഷമാണു കെപിസിസി. ഡിജിറ്റൽ മീഡിയ സെൽ ചുമതലക്കാരനായത്. ആന്റണിയുടെ ഇളയമകൻ അജിത് പോൾ ആന്റണി ചലച്ചിത്രമേഖലയിലാണ്.

ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പഠിക്കുന്ന കാലം മുതലേ രാഷ്ട്രീയത്തിലുണ്ടെങ്കിലും നിയമബിദുദമെടുത്ത് ഇപ്പോൾ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുകയാണ്. അമിറ്റി സർവകലാശാലയിൽ ഗസ്റ്റ് ഫാക്കൽറ്റിയുമാണ്. ഉമ്മൻ ചാണ്ടിയുടെ മൂത്തമകൾ മറിയം, ടെക്നോപാർക്ക് ജീവനക്കാരിയാണ്. രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഇളയമകൾ അച്ചു ഉമ്മൻ ഇപ്പോൾ യു.എ.ഇയിൽ ചാർട്ടേഡ് കൺസൾട്ടന്റാണ്.
ജി. കാർത്തികേയന്റെ മകൻ കെ.എസ്. ശബരീനാഥൻ ടാറ്റ കമ്പനിയിലെ മികച്ച ജോലി രാജിവച്ചാണ് രാഷ്ടീയത്തിലേക്ക് കടന്ന് വന്നതും എംഎൽഎയായതും.

വീണ്ടും ഇടതുപക്ഷത്തേക്ക് വന്നാൽ, കോടിയേരിയുടെ ഇളയമകൻ ബിനീഷ്, പ്രമുഖവ്യവസായി രവി പിള്ളയുടെ സ്ഥാപനത്തിൽ വൈസ് പ്രസിഡന്റായിരുന്നു. ചലച്ചിത്രനടൻ കൂടിയായ ബിനീഷ് ഇപ്പോൾ കൊച്ചിയിലും തിരുവനന്തപുരത്തുമായി വ്യവസായ സംരംഭങ്ങൾ നടത്തുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ സിഇഒ. ആയിരുന്നു. വീണ ഇപ്പോൾ ബെംഗളുരുവിലെ എക്സാലോജിക് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എംഡിയാണ്. പിണറായിയുടെ മകൻ വിവേക് കിരൺ ബർമിങ്ങാം സർവകലാശാലയിൽനിന്ന് എം.ബി.എ. സമ്പാദിച്ച് അബുദാബിയിൽ എച്ച്.എസ്.ബി.സി. ബാങ്കിലാണ്. വി എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ ഐ.എച്ച്.ആർ.ഡി. അഡീഷണൽ ഡയറക്ടറായി നിയമിച്ചതു വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പി.കെ. ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ പൊതുമേഖലാസ്ഥാപനമായ കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എം.ഡിയായി നിയമിച്ചത് ബന്ധുവായ ഇ.പി. ജയരാജന് പാരയായിരുന്നു. വ്യവസായ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നുവെങ്കിലും പിന്നീട് തിരിച്ചുവരാൻ കഴിഞ്ഞു. സുധീറും ബിസിനസ് മേഖലിയാണ്. ഇ.പി. ജയരാജന്റെ മക്കളായ ജെയ്സണും ജിതിനും ഗൾഫിലെ വ്യവസായികളാണ്.

മന്ത്രി കെ.കെ.ശൈലജയുടെ മകൻ ലസിത് കണ്ണൂർ വിമാനത്താവളത്തിലെ സാങ്കേതികവിഭാഗത്തിൽ ഉന്നതോദ്യോഗസ്ഥനാണ്. എം.ടെക്. ബിരുദധാരിയാണ്. ശൈലജയുടെ മറ്റൊരു മകൻ ശോഭിത് എൻജിനീയറിങ് ബിരുദധാരിയാണ്. ഗൾഫിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. സിപിഎം. കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകൻ ജെയ്ൻരാജ് ഗൾഫിലെ ഫാൻസി ഷോപ്പിൽ സെയിൽസ്മാനായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. മറ്റൊരു മകൻ ആശിഷ് രാജ് കേരളത്തിനു പുറത്ത് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. സിപിഎം. കേന്ദ്രസമിതിയംഗം എം വി ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ചലച്ചിത്രസംവിധായകൻ രഞ്ജിത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. അരിയിൽ ഷുക്കൂർ വധക്കേസിൽ ശ്യാംജിത്തും പ്രതിയായിരുന്നു. എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവന്റെ മകൻ മഞ്ചേരി കോടതിയിൽ അഭിഭാഷകനാണ്. മന്ത്രി സി. രവീന്ദ്രനാഥിന്റെ മക്കളായ ഡോ. ലക്ഷ്മിദേവിയും ജയകൃഷ്ണനും വിദേശത്തു ജോലിചെയ്യുന്നു. മന്ത്രി എ.സി. മൊയ്തീന്റെ മകൾ ഡോ. ഷീബ തൃശൂർ ആയുർവേദ ജില്ലാ ആശുപത്രിയിൽ ഡോക്ടറാണ്. മന്ത്രി ജി. സുധാകരന്റെ മകൻ അബുദാബിയിൽ ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥനാണ്.

വീണ്ടും പ്രതിപക്ഷത്തേക്ക് വന്നാൽ, രമേശ് ചെന്നിത്തലയുടെ മൂത്തമകൻ ഡോ. രോഹിത് അമൃത ആശുപത്രിയിൽ എം.ഡി. വിദ്യാർത്ഥി. ഇളയമകൻ രമിത്ത് സിവിൽ സർവീസ് പരീക്ഷയിൽ 210-ാം റാങ്കുകാരനാണ്. കെപിസിസി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഏകമകൾ ഡൽഹിയിൽ നിയമവിദ്യാർത്ഥിയാണ്. കെപിസിസി. മുൻഅധ്യക്ഷൻ വി എം. സുധീരന്റെ മകൻ സരിൻ വിദേശത്തു സോഫ്റ്റ്‌വേർ എൻജിനീയർ. വിവാഹിതയായ മകൾ സലീല തൃശൂരിൽ കൗൺസലിങ് വിദഗ്ധയാണ്. യു.ഡി.എഫ്. കൺവീനർ കൂടിയായ ബെന്നി ബെഹനാൻ എംപിയുടെ മകൻ വേണു തോമസും സോഫ്റ്റ്‌വേർ എൻജിനീയറാണ്. ബെന്നി സ്ഥാനാർത്ഥിയായ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണു മകൾ വീണ വിവാഹിതയായത്.

കെപിസിസി. മുൻഅധ്യക്ഷൻ എം.എം. ഹസന്റെ ഏകമകൾ തിരുവനന്തപുരത്തു പ്രീസ്‌കൂൾ നടത്തുന്നു. മരുമകൻ പ്രമുഖ കമ്പനിയുടെ ദക്ഷിണേഷ്യൻ മേധാവി. മുന്മന്ത്രി വി എസ്. ശിവകുമാർ എംഎ‍ൽഎയുടെ ഒരു മകൾ അമൃതാ ഡെന്റൽ കോളജിലും മറ്റേയാൾ പ്ലസ്ടുവിനും പഠിക്കുന്നു. മുന്മന്ത്രി അടൂർ പ്രകാശ് എംപിയുടെ മകൾ അനന്തപുരി ആശുപത്രിയിൽ ഡോക്ടറാണ്. കോൺഗ്രസ് വക്താവ് പി.സി. ചാക്കോയുടെ രണ്ടുമക്കളും ഡോക്ടർമാരാണ്. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ രണ്ടുമക്കളും എൻജിനീയറിങ് ബിരുദധാരികൾ. കെ. സുധാകരൻ എംപിയുടെ മൂത്തമകൻ സംജോഗ്, എം.ബി.എ. കഴിഞ്ഞ്, സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്നു. രണ്ടാമത്തെ മകൻ സൗരഭ് പാലക്കാട് നെഹ്റു കോളജിൽ പഠനം പൂർത്തിയാക്കി.

ഏറ്റവും കൂടുതൽ മക്കൾ രാഷ്ട്രീയക്കാരുള്ളത് യുഡിഎഫിൽ തന്നെയെന്ന കാര്യത്തിൽ സംശയമില്ല. രാഷ്ട്രീയ ചാണക്യനായിരുന്ന കെ.കരുണാകരന്റെ രണ്ടുമക്കൾ, കെ.മുരളീധരനും, പത്മജ വേണുഗോപാലും രാഷ്ട്രീയത്തിൽ തിളങ്ങിനിൽക്കുന്നു. എംഎൽഎയായിരുന്ന മുരളീധരൻ ഇപ്പോൾ എംപിയായി. കോൺഗ്രസ് നേതാവിയിരുന്ന ജോർജ്ജ് ഈഡന്റെ മകനായ ഹൈബി ഈഡൻ എൻഎസ് യുവിന്റെ ദേശീയ പ്രസിഡന്റ് ആയിരുന്നു. എറണാകുളത്ത് നിന്ന് ജയിച്ച് എംഎൽഎ ആയ ഹൈബി ഇപ്പോൾ എംപിയായി. ഇനിയുമുണ്ട് മക്കൾ രാഷ്ട്രീയക്കാർ അനവധി. ഏതായാലും പുതുതലമുറയിൽ പലരും രാഷ്ട്രീയത്തേക്കാളേറെ ബിസിനസിലും കോർപറേറ്റ് മേഖലയിലുമൊക്കെ ശ്രദ്ധ പുലർത്തുന്നവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP