Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നാറിലെ സ്ത്രീ തൊഴിലാളി വിജയത്തിന് പിന്നിൽ തമിഴ് തീവ്രവാദികളെന്ന ആരോപണത്തിന് വി എസ് നൽകിയ മറുപടി കൊണ്ടത് സിപിഐ(എം) നേതാക്കൾക്ക് തന്നെ; മൂന്നാറിൽ ട്രേഡ് യൂണിയനുകൾ ഇനി എന്തുചെയ്യും?

മൂന്നാറിലെ സ്ത്രീ തൊഴിലാളി വിജയത്തിന് പിന്നിൽ തമിഴ് തീവ്രവാദികളെന്ന ആരോപണത്തിന് വി എസ് നൽകിയ മറുപടി കൊണ്ടത് സിപിഐ(എം) നേതാക്കൾക്ക് തന്നെ; മൂന്നാറിൽ ട്രേഡ് യൂണിയനുകൾ ഇനി എന്തുചെയ്യും?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികൾ സമരം ചെയ്ത് നേടിയെടുത്ത വിജയം ഏറ്റവും തിരിച്ചടിയായത് സിഐടിയു അടക്കമുള്ള ട്രേഡ് യൂണിയനുകൾക്കാണെന്ന കാര്യത്തിൽ ആർക്കുമൊരു സംശയവുമില്ല. സമരത്തിന് പിന്തുണ അർപ്പിക്കാനെന്ന വിധത്തിൽ എത്തിയ വി എസ് ഒഴികെയുള്ള നേതാക്കളെയെല്ലാം സ്ത്രീകൾ ആട്ടിയോടിച്ചപ്പോൾ തീർത്തും മുഖം പോയത് ട്രേഡ് യൂണിയൻ നേതാക്കൾക്കായിരുന്നു. മൂന്നാറിലെ തോട്ടം തൊഴിലാളി മേഖലയിൽ ഇനി ട്രേഡ് യൂണിയൻ നേതാക്കൾ എന്തുചെയ്യുമെന്ന പ്രസക്തമായ ചോദ്യമാണ് ഇതോടെ ഉയരുന്നത്. മുതലാളിക്ക് ഒത്താശ ചെയ്യുന്ന തൊഴിലാളി നേതാക്കൾക്കെതിരായ പ്രതിഷേധേയമായിരു്‌നു മൂന്നാറിടെ കോടമഞ്ഞിനെ പോലും സമരച്ചൂടിലേക്ക് നയിച്ചത്. ആരുടെയും പിന്തുണയില്ലാതെ സ്ത്രീശക്തിയിൽ സമരം വിജയിപ്പിച്ചതോടെ തൊഴിലാളി സംഘടനകളുടെ സ്ഥാനം ചവറ്റുകുട്ടയിലായി.

ഇപ്പോൾ തോട്ടം തൊഴലാൡസമരത്തിന് പിന്നിൽ തമിഴ് തീവ്രവാദി ഗ്രൂപ്പൂകളുണ്ടെന്ന് പറഞ്ഞ് ജാള്യത മറയ്ക്കാൻ ശ്രമക്കുമ്പോൾ അതിനെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഇത്തരത്തിൽ പ്രസ്താവന നടത്തിയപ്പോൾ അതിന് വി എസ് അച്യുതാനന്ദൻ നൽകിയ മറുപടി സിപിഐ(എം) നേതാക്കൾക്കെതിരായ ഒളിയമ്പു കൂടിയായിരുന്നു. മൂന്നാറിൽ തേയിലത്തോട്ടം തൊഴിലാളികളായ സ്ത്രീകൾ നടത്തിയത് ഐതിഹാസിക സമരമാണെന്നും സമരത്തിന് പിന്നിൽ തമിഴ് തീവ്രവാദികൾ ആണെന്ന ട്രേഡ് യൂനിയൻ നേതാക്കളുടെ ആരോപണം അവരെ അടുപ്പിക്കാത്തതിന്റെ ജാള്യം മറയ്ക്കാനാണെന്നുമായിരുന്നു വിഎസിന്റെ മറുപടി.

ഭർത്താക്കളുടെ പോലും പിന്തുണ ഇല്ലാതെയാണ് അവർ സമരം ചെയ്തത്. ട്രേഡ് യൂനിയൻ നേതാക്കളിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി സമരക്കാർ തന്നോട് പറഞ്ഞു. ടാറ്റയിൽനിന്നും കണ്ണൻദേവൻ കമ്പനിയിൽനിന്നും പണം വാങ്ങി ട്രേഡ് യൂനിയൻ നേതാക്കൾ ബംഗ്‌ളാവുകളിൽ താമസിക്കുന്നതായും തൊഴിലാളി സ്ത്രീകൾ തന്നോട് പറഞ്ഞു. തങ്ങളെ അടിച്ചമർത്താൻ കഴിയില്ലെന്ന് സ്ത്രീതൊഴിലാളികളുടെ സമരം തെളിയിച്ചതായും വി എസ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

നേരത്തെ കരിമണൽ വ്യവസായി കർത്തയ്ക്ക് വേണ്ടി സമരം ചെയ്യാനെത്തിയ സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം മൂന്നാർ വിഷയത്തിൽ ഒരു വാക്ക് പോലും പറഞ്ഞിരുന്നില്ല. മുതലാളികൾക്ക് അനുകൂല നിലപാടാണ് കരീം സ്വീകരിക്കുന്നതെന്ന ആരോപണം ശക്തമായ വേളയിൽ തന്നെയാണ് ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ മൗനം എന്നതും ഏറെ ശ്രദ്ധേയമായിരുന്നു. കൂടാതെ സമരപന്തലിൽ എത്തിയ സിപിഐ(എം) നേതാക്കളെ സമരക്കാർ ഓടിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു വിഎസിന്റെ പ്രസ്താവന.

വിവാദമായതോടെ കെ.പി സഹദേവൻ തന്നെ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിഐടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും പ്രസ്താവന തള്ളി രംഗത്ത് എത്തിയിരുന്നു. സഹദേവന്റെ പ്രസ്താവന പ്രസ്താവന മാദ്ധ്യമങ്ങൾ തെറ്റായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് നേതാക്കൾ പറഞ്ഞത്.

സഹദേവൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. കുറച്ച് തൊഴിലാളികൾ സംഘടിച്ച് പെട്ടെന്ന് ഉണ്ടായ സമരമല്ല ഇത്. സമരം ആസൂത്രിതമായിരുന്നു. മൊബൈൽ ഫോണിലൂടെയായിരുന്നു സമരക്കാർക്ക് നിർദ്ദേശങ്ങൾ നൽകപ്പെട്ടിരുന്നത്. ഇതുകൊണ്ടാണ് സമരത്തിന് ഇത്രയും ഏകോപനമുണ്ടായത്. സമരക്കാർക്ക് ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കിട്ടിയത് എവിടെ നിന്നാണെന്ന് അന്വേഷിക്കണം. തമിഴ് തൊഴിലാളികളുടെ ലക്ഷ്യമെന്തെന്നും തീവ്രവാദബന്ധം അന്വേഷിക്കണമെന്നുമായിരുന്നു സഹദേവന്റെ ആവശ്യം. സിഐടി.യുവിന്റെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്റ് റോയ് കെ.പൗലോസ് ആവശ്യപ്പെട്ടിരുന്നു.

തമിഴ് തീവ്രവാദികളാണ് സമരത്തിനുപിന്നിൽ എന്നായിരുന്നു തുടക്കം മൂന്നാർ സമരത്തിന്റെ തുടക്കം മുതലുള്ള പ്രചാരണം. എന്നാൽ, കൊളുന്തുനുള്ളുന്ന പാവപ്പെട്ട തൊഴിലാളികൾ നടത്തുന്ന സമരത്തിനെതിരെ നടക്കുന്ന ഈ പ്രചാരണം പൊലീസ് മുളയിലേ നുള്ളി. ഉന്നത പൊലീസുദ്യോഗസ്ഥരാരും ഇക്കാര്യം ഒരുശതമാനംപോലും ശരിവച്ചില്ല. തൊഴിലാളികളോട് ഏറ്റവും അനുഭാവപൂർണമായ നിലപാടാണ് അവർ സ്വീകരിച്ചതും.

സമരം അവസാനിച്ചപ്പോൾ ട്രേഡ് യൂണിയനുകളാണ് ഏറ്റവും അപ്രസക്തമായത്. സമരം തീരുമ്പോൾ തൊഴിലാളികൾ ഏറ്റവും നന്ദി പറയുന്നതും മാദ്ധ്യമങ്ങൾക്കാണ്. റിപ്പോർട്ടർമാരെയുംമറ്റും എടുത്തുയർത്തിയും മുദ്രാവാക്യം വിളിച്ചുമൊക്കെയാണ് അവർ സന്തോഷം പങ്കിട്ടത്.

പഠിപ്പുള്ള മക്കൾ വളർന്നുവന്നത് തൊഴിലാളികളുടെ ചിന്തകളിൽ മാറ്റംവരുത്തിയിട്ടുണ്ടെന്നതു സത്യമാണ്. മാനേജ്‌മെന്റ് പഠിച്ചവരും ഇംഗ്ലീഷ് പഠിച്ചവരുമെല്ലാം യുവതലമുറയിലുണ്ട്. ഇത്രയുംകാലം പേടികാരണം തുറന്നുപറയാൻ കഴിയാതിരുന്ന കാര്യങ്ങൾ ഇനി പറഞ്ഞാലും കുഴപ്പമില്ല എന്ന സ്ഥിതിയിലേക്കെത്തിക്കാൻ, ചിന്തയിലെ മാറ്റങ്ങൾ സാഹചര്യമൊരുക്കി. കമ്പനി പറയുന്നതിന്റെ സത്യവും മിഥ്യയും വേർതിരിച്ചെടുക്കാൻ തൊഴിലാളികൾക്കു കഴിയുന്നു. എന്തു പറയണം എന്തു പറയരുത് എന്ന ധാരണ സ്ത്രീകൾക്കുണ്ട്. അവർ നന്നായി ഗൃഹപാഠം ചെയ്തിട്ടുമുണ്ട്. പിന്നിലുള്ള ശക്തിയാരെന്ന ചോദ്യത്തിന് തൊഴിലാളിയായ ഗോമതി പറഞ്ഞ ഉത്തരം ശ്രദ്ധേയമാണ്'പതിനായിരം സ്ത്രീകളുടെ ശക്തി'.

കലക്കവെള്ളത്തിൽ മീൻ പിടിക്കാനായിരുന്നു പിന്നീട് ചിലരുടെ ശ്രമം. സമരംചെയ്യുന്ന തൊഴിലാളികളെ സ്വന്തം അക്കൗണ്ടിലാക്കാനുള്ള ശ്രമം പക്ഷേ, വിഫലമായി. തങ്ങൾ കൂടെയുണ്ടെന്നു പ്രഖ്യാപിച്ചു വന്നവരെയെല്ലാം തൊഴിലാളികൾ ഓടിച്ചുവിട്ടു. ചിലർക്കു തല്ലുകിട്ടി. മറ്റുചിലർക്ക് ഭാഗ്യംകൊണ്ട് തല്ലുകിട്ടാതെ പോയി. ചിലർ പ്രതിഷേധം മനസ്സിലാക്കി സ്വയം ഒഴിഞ്ഞുപോയി. വേറെ ചിലരാകട്ടെ, തങ്ങൾ പിന്തുണച്ചേ അടങ്ങൂ എന്നമട്ടിൽ അവിടെത്തന്നെ ഒട്ടും ജാള്യമില്ലാതെ നിന്നു.

അതേസമയം സ്ത്രീശക്തിയുടെ വിജയം എന്ന നിലിയിൽ മൂന്നാറിലെ ട്രേഡ് യൂണിയനുകളുടെ ഭാവി ഇനി തങ്ങൾ നിശ്ചയിക്കുമെന്ന് തന്നെയാണ് സ്ത്രീ തൊഴിലാളികളുടെ പക്ഷം. ഇ എസ് ബിജിമോളെ പേലെ കൂടുതൽ സ്ത്രീ നേതാക്കളെ മുന്നോട്ട് കൊണ്ടുവന്ന് പിടിച്ചു നിൽക്കാനാവും ഇനി ട്രേഡ യൂണിയനുകളുടെ ശ്രമം. അല്ലാത്തപക്ഷം ട്രേഡ് യൂണിയനുകളുടെ ഭാവിയും തീർത്തും അപകടത്തിലാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP