Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യാസിൻ പോവുമ്പോൾ വിജിലൻസ് തലപ്പത്ത് ആരെ പ്രതിഷ്ഠിക്കും..? പിണറായിക്ക് ഉത്തരം കിട്ടാത്ത സമസ്യയായി വിജിലൻസ് ഡയറക്ടർ കസേര; കഴിവും പ്രാപ്തിയും കുറഞ്ഞെന്ന് ദുഷ്‌പേര് കേട്ട ശ്രീലേഖയ്ക്ക് കസേര നൽകിയാൽ കാര്യങ്ങൾ കടുപ്പമാവും; വിശ്വസതനായ തച്ചങ്കരിയെയും പരിഗണിക്കുന്നു; അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള ജേക്കബ് തോമസിനെ സസ്‌പെൻഷനിൽ ഒതുക്കിയ പിണറായി വിജിലൻസ് മേധാവിയായി ആരെ എത്തിക്കുമെന്ന് ഉറ്റുനോക്കി കേരളം

യാസിൻ പോവുമ്പോൾ വിജിലൻസ് തലപ്പത്ത് ആരെ പ്രതിഷ്ഠിക്കും..? പിണറായിക്ക് ഉത്തരം കിട്ടാത്ത സമസ്യയായി വിജിലൻസ് ഡയറക്ടർ കസേര; കഴിവും പ്രാപ്തിയും കുറഞ്ഞെന്ന് ദുഷ്‌പേര് കേട്ട ശ്രീലേഖയ്ക്ക് കസേര നൽകിയാൽ കാര്യങ്ങൾ കടുപ്പമാവും; വിശ്വസതനായ തച്ചങ്കരിയെയും പരിഗണിക്കുന്നു; അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള ജേക്കബ് തോമസിനെ സസ്‌പെൻഷനിൽ ഒതുക്കിയ പിണറായി വിജിലൻസ് മേധാവിയായി ആരെ എത്തിക്കുമെന്ന് ഉറ്റുനോക്കി കേരളം

പി വിനയചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന വിജിലൻസിന്റെ തലപ്പത്തേക്ക് ആരു വരും..? കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 28ന് ഇപ്പോഴത്തെ ഡയറക്ടർ ബി.എസ്. മുഹമ്മദ് യാസിൻ വിരമിക്കുകയാണ്. ഏറെ ശക്തനൊന്നുമല്ലെങ്കിലും യാസിൻ അവസാന കാലഘട്ടത്തിൽ കുറേ റെയ്ഡുകൾ നടത്തി. പൊലീസ് സ്റ്റേഷനുകളിലെ കൂട്ട റെയ്ഡുകളിലൂടെ സർക്കാരിന്റെ പിന്തുണ പിടിച്ചുപറ്റിയിരുന്നു. അദ്ദേഹം വിരമിക്കുമ്പോൾ പകരക്കാരനെ കണ്ടെത്താൻ വലയുകയാണ് പിണറായി സർക്കാർ.

വിജിലൻസ് മേധാവിയാക്കാൻ ഐ.പി.എസുകാരുടെ കുറവൊന്നുമില്ല കേരളത്തിൽ. ഇഷ്ടം പോലെ ഐ.പി.എസുകാർ റെഡിയാണ്. പക്ഷേ, പിണറായിക്ക് വിശ്വസ്തനായ ആളെയേ വിജിലൻസ് മേധാവിയാക്കൂ. നേരത്തേ ജേക്കബ് തോമസിനെ വിജിലൻസ് തലപ്പത്ത് നിയമിച്ച് കൈ പൊള്ളിയതാണ് പിണറായിക്ക്. ജേക്കബിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ സർക്കാരിനും ഗുണമാകുമെന്ന് കണ്ട് വിജിലൻസ് മേധാവിയാക്കിയപ്പോൾ വലംകൈയായ ഇ.പി. ജയരാജനെ ബന്ധുനിയമനക്കേസിൽ കുടുക്കി പുറത്താക്കാൻ ജേക്കബ്‌തോമസ് വഴിയൊരുക്കി. പാർട്ടിയിൽ നിന്ന് ഏറെ വിമർശനത്തിന് ഇടയാക്കി ഇത്.

പിന്നാലെ അന്നത്തെ ചീഫ്‌സെക്രട്ടറി കെ.എം.എബ്രഹാം അടക്കമുള്ളവരുടെ അനധികൃത സ്വത്തുക്കൾ പിടിക്കാൻ തുടങ്ങി. ടോംജോസിനെ മഹാരാഷ്ട്രയിലെ ഭൂമിക്കേസിൽ കുരുക്കി. ഐ.എ.എസുകാർ കൂട്ടത്തോടെ സർക്കാരിന് എതിരായി. അങ്ങനെ ജേക്കബ്‌തോമസിന്റ കസേര കണ്ട് ആരും പനിക്കേണ്ടെന്ന് നിയമസഭയിൽ വീമ്പുപറഞ്ഞ പിണറായിക്ക് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തെ മാറ്റേണ്ടിവന്നു. അന്ന് മാറ്റിയ ജേക്കബ് തോമസ് ഇന്നുവരെ സർവീസിൽ തിരിച്ചെത്തിയിട്ടില്ല. ഒന്നര വർഷത്തിലധികമായി അദ്ദേഹത്തെ സസ്‌പെൻഷനിൽ നിറുത്തിയിരിക്കുകയാണ്.

ഇനി ഇപ്പോഴത്തെ കാര്യം. ചെറുതും വലുതുമായ അഴിമതികൾ സർക്കാരിലും ഭരണത്തിലുമെല്ലാം നടക്കുന്നത് പരസ്യമായ രഹസ്യമാണ്. കെ.ടി.ജലീൽ അടക്കമുള്ള മന്ത്രമാർ കുരുക്കുകളിൽ നിന്ന് കുരുക്കുകളിലേക്ക് പോവുന്നു. യാസിൻ വിജിലൻസ് മേധാവിയും ലോക്‌നാഥ് ബെഹറ പൊലീസ് മേധാവിയുമായിരുന്ന കാലഘട്ടം പിണറായിക്ക് ആശ്വാസത്തിന്റേതായിരുന്നു. എല്ലാ കാര്യവും ബെഹറ നോക്കിക്കൊള്ളും. യാസിനാണ് വിജിലൻസ് തലപ്പത്തെങ്കിലും ബെഹറയായിരുന്നു ഭരണം. ബെഹറ അറിയാതെ വിജിലൻസിൽ ഒരു ഇല പോലും അനങ്ങില്ല എന്നതായിരുന്നു സ്ഥതി. അതിനാൽ ഏത് അഴിമതി ആരോപണമോ പരാതിയോ വന്നാലും സർക്കാർ കുലുങ്ങില്ലായിരുന്നു. പുതിയ ഡയറക്ടറെ നിയമിക്കുമ്പോൾ അത് സർക്കാരിനും പാർട്ടിക്കും അഭിമതനായിരിക്കണം എന്നതാണ് പിണറായി നേരിടുന്ന വലിയ വെല്ലുവിളി.

യാസിൻ പോവുമ്പോൾ നിലവിലെ ജയിൽ മേധാവി ശ്രീലേഖയ്ക്ക് ഡി.ജി.പി പദവി ലഭിക്കും. ഡി.ജി.പിയായി ഇവിടെ വിലസാമെങ്കിലും കേന്ദ്രം ഈ സ്ഥാനക്കയറ്റം അംഗീകരിക്കില്ല. അഡി.ഡി.ജി.പിയുടെ ശമ്പളമേ ലഭിക്കൂ. യാസിന്റെ സ്ഥാനക്കയറ്റവും കേന്ദ്രം അംഗീകരിച്ചിരുന്നില്ല. നേരത്തേ വിജിലൻസിൽ അഡി.ഡി.ജി.പിയായിരുന്നപ്പോൾ കഴിവുകേടിന്റെ പേരിൽ വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന് പുറത്തു പോവേണ്ടി വന്നയാളാണ് ശ്രീലേഖ. കൺസ്യൂമർഫെഡിലെ വമ്പൻ അഴിമതി പിടിച്ചെങ്കിലും പിന്നീട് ഫലപ്രദമായ നിയമനടപടിയെടുക്കാൻ കഴിഞ്ഞില്ല. ഇന്റലിജൻസിലിരിക്കെയാണ് ശ്രീലേഖ ഏറ്റവും വലിയ പിഴവു വരുത്തിയത്. ആറ്റുകാലിലെ നിമിഷ എന്ന പെൺകുട്ടിയെ ഒരു യുവാവ് മതംമാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർക്കാൻ സിറിയയിലേക്ക് കടത്തുന്നു എന്ന് തെളിവുകൾ സഹിതം നിമിഷയുടെ അമ്മ ശ്രീലേഖയ്ക് വിവരം നൽകി. എന്നാൽ ബി.ഡി.എസ് വിദ്യാർത്ഥിനിയായ നിമിഷ കാമുകനൊപ്പം കറങ്ങാൻ പോയതായിരിക്കുമെന്നും കുറച്ചു ദിവസം കഴിയുമ്പോൾ മടങ്ങി എത്തുമെന്നുമായിരുന്നു ശ്രീലേഖയുടെ മറുപടി.

ഏതാനും ദിവസത്തിനകം നിമിഷയെ കാമുകൻ സിറിയയിലേക്ക് കടത്തി. ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന ആദ്യ മലയാളി പെൺകുട്ടി ഇവരാണ്. സിറിയയിലെത്തിയെന്ന് വാട്‌സ്ആപിൽ നിമിഷ അമ്മയ്ക്ക് സന്ദേശം അയച്ചു. ഇതോടെ കേസ് എൻ.ഐ.എ ഏറ്റെടുത്തു. അപ്പോഴാണ് ശ്രീലേഖയ്ക്ക് കാര്യത്തിന്റെ ഗൗരവം പിടികിട്ടിയത്. ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നുവെന്ന് തെളിവുകൾ സഹിതം വിവരം കിട്ടിയിട്ടും ഇന്റലിജൻസിലെ മുതിർന്ന ഉദ്യോഗസ്ഥ നടപടിയെടുത്തില്ലെന്ന കുറ്റം അവരുടെ ഐ.പി.എസ് കളയാൻ പര്യാപ്തമായിരുന്നു. ഇതോടെ സമുദായ പ്രീണനം നടത്തി ശ്രീലേഖ നിമിഷയുടെ കേസിൽ നിന്ന് ഒഴിവായി. പിന്നീട് എൻ.ഐ.എ മൊഴിയെടുത്തപ്പോൾ ശ്രീലേഖയുടെ പേര് ഒഴിവാക്കിയാണ് അമ്മ മൊഴി നൽകിയത്. ഇത്രയും കാര്യക്ഷമത ഇല്ലാത്ത ഉദ്യോഗസ്ഥയെ വിജിലൻസ് തലപ്പത്ത് ഇരുത്തിയാൽ സർക്കാരിന്റെ കാര്യം പോക്കാണ് എന്നാണ് പിണറായിയുടെ വിലയിരുത്തൽ.

1987 ബാച്ചിൽപെട്ട അരുൺകുമാർ സിൻഹ, ടോമിൻ തച്ചങ്കരി, സുധേഷ്‌കുമാർ എന്നിവരിൽ സുധേഷിനെയൊഴികെ സംസ്ഥാനത്ത് ഡി.ജി.പി സ്ഥാനക്കയറ്റ പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള നിരവധി വിജിലൻസ് കേസുകൾ തച്ചങ്കരിക്ക് എതിരെയുണ്ട്. വിജിലൻസ് കേസുകളിൽ പ്രതിയായ ആളെ ആ ഏജൻസിയുടെ തലപ്പത്ത് നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്ന നിയമോപദേശം സർക്കാരിന് കിട്ടിയിട്ടുണ്ട്. പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരനായ തച്ചങ്കരി വിജിലൻസ് ഡയറക്ടറായാലും അത്ഭുതപ്പെടാനില്ല. മറ്റൊരു യോഗ്യൻ അരുൺകുമാർ സിൻഹ, പ്രധാനമന്ത്രി മോദിക്കടക്കം സുരക്ഷ നൽകുന്ന എസ്‌പി.ജിയുടെ തലവനാണ്. അദ്ദേഹം കേന്ദ്രത്തിലെ ഗ്ലാമർ ജോലി കളഞ്ഞ് കേരളത്തിലേക്ക് ഉടൻ തിരിച്ചുവരില്ല.

സ്റ്രാഫിൽ പെട്ട പൊലീസുകാരനെ മകൾ മർദ്ദിച്ച കേസിൽപെട്ട സുധേഷ് കുമാറിനെയും വിജിലൻസിലേക്ക് പരിഗണിച്ചേക്കില്ല. ഇവരേക്കാളെല്ലാം സീനിയറായ1985 ബാച്ചിലെ ഉദ്യോഗസ്ഥനായ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് പക്ഷേ സർക്കാരിന് അഭിമതനല്ല. അദ്ദേഹത്തിന് ക്രമസമാധാന ചുമതല നൽകാതെ എക്‌സൈസിൽ തളച്ചിട്ടിരിക്കുകയാണ് പിണറായി സർക്കാർ. 1986 ബാച്ചിൽപെട്ട ഫയർഫോഴ്സ് മേധാവി എ. ഹേമചന്ദ്‌റൻ, സ്റ്റേറ്റ് ക്‌റൈം റെക്കോർഡ്സ് വിഭാഗം മേധാവി എൻ. ശങ്കർ റെഡ്ഡി എന്നിവരും ഡി.ജി.പിമാരാണെങ്കിലും സർക്കാരിന് താത്പര്യമില്ലാത്തവരാണ്. സോളാർ കേസിലെ വിവാദങ്ങൾ ഹേമചന്ദ്രനും ബാർകോഴയിലെ ഇടപെടലുകൾ ശങ്കർറെഡ്ഡിക്കും പാരയായി മാറുകയാണിപ്പോൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP