Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പരീക്കുട്ടി'യോട് ഒന്നുകൂടി ആ പാട്ട് പാടാൻ മോഹൻലാൽ; 'ഒരു കിളിയായിരുന്നെങ്കിൽ ഞാൻ... നിന്നരികിൽ പാറി വന്നേനെ... എന്ന് മത്സരാർഥി പാടിയപ്പോൾ 'ബിഗ് ബോസ് സീസൺ ടു'വിലെ കൈയടിക്കൊപ്പം കവിത സോഷ്യൽ മീഡിയയിലും വൈറൽ; കവിത എഴുതിയത് താനാണെന്ന് അവകാശപ്പെട്ട് പലരും കൈപൊക്കിയപ്പോൾ ഊറിച്ചിരിച്ച് വള്ളിക്കുന്നം കടുവിനാൽ സ്വദേശി; ബിഗ്‌ബോസിലെ ആ കവിതയുടെ പിന്നിലെ റിയൽ ഹീറോ മറുനാടനോട് മനസ് തുറക്കുന്നു

'പരീക്കുട്ടി'യോട് ഒന്നുകൂടി ആ പാട്ട് പാടാൻ മോഹൻലാൽ; 'ഒരു കിളിയായിരുന്നെങ്കിൽ ഞാൻ... നിന്നരികിൽ പാറി വന്നേനെ... എന്ന് മത്സരാർഥി പാടിയപ്പോൾ 'ബിഗ് ബോസ് സീസൺ ടു'വിലെ കൈയടിക്കൊപ്പം കവിത സോഷ്യൽ മീഡിയയിലും വൈറൽ; കവിത എഴുതിയത് താനാണെന്ന് അവകാശപ്പെട്ട് പലരും കൈപൊക്കിയപ്പോൾ ഊറിച്ചിരിച്ച് വള്ളിക്കുന്നം കടുവിനാൽ സ്വദേശി; ബിഗ്‌ബോസിലെ ആ കവിതയുടെ പിന്നിലെ റിയൽ ഹീറോ മറുനാടനോട് മനസ് തുറക്കുന്നു

ആർ പീയൂഷ്

കൊച്ചി: ബിഗ് ബോസ്സ് സീസൺ 2 ൽ മത്സരാർത്ഥിയായ പരീക്കുട്ടി പാടിയ ഒരു കിളിയായിരുന്നെങ്കിൽ ഞാൻ... നിന്നരികിൽ പാറി വന്നേനെ... എന്ന കവിതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. യൂട്യൂബിൽ വർഷങ്ങളായി കേൾക്കുന്ന ഈ കവിത ആരാണ് എഴുതിയതെന്നോ ചിട്ടപ്പെടുത്തിയതെന്നോ ആർക്കും അറിയില്ല. എന്നാൽ ചിലർ തങ്ങൾ എഴുതി ചിട്ടപ്പെടുത്തിയതാണ് എന്ന വാദവുമായി വന്നത് ബിഗ്ബോസ്സിലൂടെ കവിത കേട്ടപ്പോഴാണ്. മനോഹരമായ ഈ കവിതയുടെ പിതൃത്വത്തിനായി എല്ലാവരും മത്സരിക്കുമ്പോൾ യഥാർത്ഥ രചയിതാവ് ഇതെല്ലാം കണ്ട് മനസ്സിൽ ഊറി ചിരിക്കുകയായിരുന്നു.

ആലപ്പുഴ വള്ളികുന്നം കടുവിനാൽ സ്വദേശി ഹരിലാൽ ഐക്കരയാണ് മനോഹരമായ വരികളുള്ള ഈ പ്രണയ നൊമ്പര കവിത രചിച്ചത്. 2002 ലാണ് ഹരിലാൽ കവിത എഴുതിയത്. മൂന്ന് വർഷം പിന്നിട്ട ശേഷമാണ് കവിത ദശ്യാവിഷ്‌ക്കാരം നടത്തി സിഡി ഇറക്കിയത്. പിന്നീട് ഇദ്ദേഹം യൂട്യൂബിൽ ഷെയർ ചെയ്യുകയും ചെയ്തു. പിന്നീട് പലരും ഈ കവിത വേദികളിൽ പാടുകയും ഒരുപാട് കയ്യടികൾ നേടുകയും ചെയ്തു. വർഷങ്ങൾ പിന്നിട്ടപ്പോഴും കവിത പലരുടെയും ചുണ്ടുകളിൽ കൂടി പാറിപ്പറന്നു നടന്നു. ചിലർ തങ്ങളുടെ സൃഷ്ടിയാണ് എന്ന് പറഞ്ഞ് പ്രചാരണവും നടത്തി. ഇതിനിടയിലാണ് ബിഗ്ബോസ്സ് സീസൺ 2 ൽ ജൂൺ 14 ന് പരീക്കുട്ടി ഈ കവിത പാടിയത്. മനോഹരമായ ഈ കവിത ബിഗ്ബോസ്സിൽ വലിയ ചർച്ചയായിരുന്നു. മോഹൻലാൽ പരീക്കുട്ടിയെ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.

പിന്നീട് 18 ന് വീണ്ടും അവതാരകനായ മോഹൻലാൽ പരീക്കുട്ടിയോട് അന്ന് പാടിയ ഒരു കിളിയായിരുന്നെങ്കിൽ ഞാൻ എന്ന ഗാനം ഒന്നുകൂടി ആലപിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ പരീക്കുട്ടി ആ ഗാനം വീണ്ടും പാടുകയും നിറകയ്യടി വാങ്ങുകയും ചെയ്തു. ഇതോടെ കവിത സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. അപ്പോഴും ആരും പറഞ്ഞില്ല കവിതയുടെ സൃഷ്ടാവ് ആരാണെന്ന്. എപ്പിസോഡ് കണ്ട ഹരിലാലിന്റെ സുഹൃത്തുക്കളാണ് കവിത ബിഗ്ബോസ്സിൽ കൂടി പരീക്കുട്ടി പാടിയത് വിളിച്ചറിയിച്ചത്. തന്റെ സൃഷ്ടിയാണ് ഇതെന്ന് മറ്റുള്ളവർ അറിയുന്നില്ലല്ലോ എന്ന വിഷമംമാത്രമേ ഉള്ളൂ എന്ന് ഹരിലാൽ മറുനാടൻ മലയാളിയോട് പറഞ്ഞു. കവിത പിറന്ന വഴി ഹരിലാൽ മറുനാടൻ മലയാളിയോട് പങ്കു വയ്ക്കുന്നു.

'ബിഗ്ബോസിൽ ലാലേട്ടൻ പരീക്കുട്ടിയെകൊണ്ട് പാടിച്ച ആ ഗാനം എഴുതിയതും പാടിയതും ഞാനാണ്. പലരും അത് ഏറ്റു ചൊല്ലുന്നുണ്ടെങ്കിലും പലർക്കും അറിയില്ല ഞാനാണ് അതിന്റെ സൃഷ്ടാവ് എന്ന്. 2002 ലാണ് നീ എന്റെ സ്വന്തം എന്ന തലക്കെട്ടോടെയാണ് ഒരു കിളിയായിരുന്നെങ്കിൽ ഞാൻ... നിന്നരികിൽ പാറി വന്നേനെ... എന്ന കവിത എഴുതുന്നത്. പിന്നീട് 2006 ൽ റെജി പ്രയാർ സിഡി ഇറക്കി. സിഡിയുടെ പ്രകാശനം കടുവിനാൽ പരിയാരത്തുകുളം ദേവീക്ഷേത്രത്തിൽ വച്ച് വയലാർ രാമവർമ്മയുടെ സഹധർമ്മിണി ഭാരതി തമ്പരുരാട്ടിയും മകൾ ഇന്ദുലേഖയും കവി അനിൽ പനച്ചൂരാനും ചേർന്ന് പ്രകാശനം നടത്തി. അന്ന് മുതൽ ഈ കവിത കോളേജ് ക്യാമ്പസുകളിലും യുവാക്കൾക്കിടയിലും വലിയ പ്രചാരം നേടിയിരുന്നു. പലരും ഈ കവിത പലരും പല രീതികളിൽ പാടുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അതിലൊന്നും തന്നെ എന്റെ പേര് പരാമർശ്ശിക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞ ആഴ്ച ബിഗ്ബോസിൽ ഈ കവിത ചൊല്ലിയപ്പോൾ എന്റെ സുഹൃത്തുക്കളാണ് വിളിച്ചു പറഞ്ഞത്, കവിത ടിവി ഷോയിലൊക്കെ പാടുന്നുണ്ട്. നിന്റെ പേര് മാത്രം എങ്ങും കേൾക്കുന്നില്ല എന്ന്. അങ്ങനെയാണ് ഇനിയും വൈകാതെ കവിതയുടെ സ്രഷ്ടാവ് ഞാനാണ് എന്ന് എല്ലാവരെയും അറിയിക്കണം എന്ന് തീരുമാനിച്ചത്.

കുറച്ചു കവിതകൾ എഴുതിയ ശേഷം ഒരു സിഡി ഇറക്കണം എന്നാഗ്രഹിച്ച് ബിജു പി കടുവിനാലിനെ കണ്ടപ്പോൾ റെജി പ്രയാറുമായി ബന്ധപ്പെടാൻ പറയുകയും റെജി എന്റെ കവിതകൾ കേട്ട ശേഷം സിഡി ഇറക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഓഡിയോ സിഡിയായിരുന്നു ആദ്യം ഇറക്കിയത്. പിന്നീട് ദൃശ്യാവിഷ്‌ക്കാരം ചെയ്തു. അന്നത്തെക്കാലത്ത് സോഷ്യൽ മീഡിയ സജീവമല്ലാത്തതിനാൽ എന്റെ ചുറ്റുവട്ടത്തുള്ളവർമാത്രമേ അറിഞ്ഞിരുന്നുള്ളൂ. പിന്നീട് 2016ലാണ് യൂട്യൂബിൽ ഷെയർ ചെയ്തത്. അതോടെ പലരും കവിത ഓരോ രീതിയിൽ പാടി ഷെയർ ചെയ്യാൻ തുടങ്ങി. ഇപ്പോൾ കവിതയുടെ പിതൃത്വം ഉന്നയിച്ച് പലരും വരാൻ തുടങ്ങിയതോടെയാണ് ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തെണ്ടി വന്നത്'എന്നും ഹരിലാൽ പറയുന്നു.

ഹരിലാലിന് സ്‌ക്കൂൾ കാലഘട്ടത്തിലുണ്ടായിരുന്ന ഒരു പ്രണയമായിരുന്നു ഈ മനോഹര കവിതയുടെ പിറവിയുടെ മുഖ്യ കാതൽ. കോളേജ് കാലഘട്ടം വരെ നീണ്ട പ്രണയത്തിനൊടുവിൽ മറ്റൊരാളുടെ താലി ചരടിന് മുന്നിൽ തല കുനിക്കേണ്ടി വന്നു ആ പ്രണയിനിക്ക്. വിരഹ ദുഃഖം അത്രമേൽ ഹരിലാലിനെ തളർത്തി. ആ തളർച്ച മാറുവാൻ വേണ്ടിയാണ് അക്ഷരങ്ങളിലൂടെ തന്റെ പ്രണയം കോറിയിടാൻ തുടങ്ങിയത്. ഇന്നവൾ മറ്റൊരാളുടെ ഭാര്യയായി കുട്ടികളുടെ അമ്മയായി ജീവിക്കുമ്പോഴും പഴയ പ്രണയത്തിന്റെ ഓർമ്മയിൽ നീറി ജീവിക്കുകയാണ് ഇദ്ദേഹം

സഫലമാകാതെ പോയ പ്രണയത്തിന്റെ സുഖമുള്ള നോവും നൊമ്പരവുമായി ഇപ്പോഴും വിവാഹം കഴിക്കാതെ കവിതകളിൽ കൂടി തന്റെ പ്രണയം ലോകത്തോട് വിളിച്ചു പറയുകയാണ് ഈ കവി. പുതിയൊരു ചലച്ചിത്രത്തിന് വേണ്ടിയുള്ള ഗാനങ്ങളുടെ രചനയിലാണ് ഹരിലാൽ ഇപ്പോൾ. മനസ്സിലെ ഒരിക്കലും വറ്റാത്ത പ്രണയവുമായി തന്റെ തൂലിക ചലപ്പിച്ചു കൊണ്ടേയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP