Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കന്യാസ്ത്രീത്വവും പൗരോഹിത്യവും ഒരിക്കൽ അകത്ത് കടന്നാൽ പുറത്തേക്ക് കടക്കാൻ വാതിലില്ലാത്തത്; സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത പ്രായത്തിൽ ചെറിയ പെൺകുട്ടികളെ കന്യാസ്ത്രീ ജീവിതത്തിലേക്ക് കൊണ്ട് പോകുന്നതിന് പിന്നിൽ മറ്റൊന്നുകൂടിയുണ്ടെന്ന് എല്ലാവർക്കും അറിയാം; കത്തോലിക്കാ സഭ എന്തിനാണ് കന്യാസ്ത്രീകളെ ഭയക്കുന്നതെന്നും ബെന്യാമിൻ

കന്യാസ്ത്രീത്വവും പൗരോഹിത്യവും ഒരിക്കൽ അകത്ത് കടന്നാൽ പുറത്തേക്ക് കടക്കാൻ വാതിലില്ലാത്തത്; സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത പ്രായത്തിൽ ചെറിയ പെൺകുട്ടികളെ കന്യാസ്ത്രീ ജീവിതത്തിലേക്ക് കൊണ്ട് പോകുന്നതിന് പിന്നിൽ മറ്റൊന്നുകൂടിയുണ്ടെന്ന് എല്ലാവർക്കും അറിയാം; കത്തോലിക്കാ സഭ എന്തിനാണ് കന്യാസ്ത്രീകളെ ഭയക്കുന്നതെന്നും ബെന്യാമിൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കന്യാസ്ത്രീത്വവും പൗരോഹിത്യവും ഒരിക്കൽ അകത്ത് കടന്നാൽ പുറത്തേക്ക് കടക്കാൻ വാതിലില്ലാത്ത ഒന്നാണ് എഴുത്തുകാരൻ ബെന്യാമിൻ. കൊച്ചി പ്രസ് ക്ലബ്ബിൽ സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയായ 'കർത്താവിന്റെ നാമത്തിൽ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബെന്യാമിൻ.

കത്തോലിക്കാ സഭ എന്തിനാണ് കന്യാസ്ത്രീയെ ഭയക്കുന്നത്. കന്യാസ്ത്രീ മഠത്തിൽ നിന്ന് എന്നെങ്കിലും പുറത്ത് പോകുന്നവരെ 'മഠം ചാടികൾ' എന്ന് സമൂഹം മുദ്രകുത്തുന്നു. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത പ്രായത്തിൽ വിശ്വാസത്തിന്റെ പേരിൽ ചെറിയ പെൺകുട്ടികളെ ആകർഷിച്ച് കന്യാസ്ത്രീ ജീവിതത്തിലേക്ക് കൊണ്ട് പോകുന്നു. എന്നാൽ, അതിന് പിന്നിൽ മറ്റൊന്ന് കൂടിയുണ്ടെന്ന് എല്ലാവർക്കും അറിയാമെന്നും ബെന്യാമിൻ പറഞ്ഞു.

അത് തുറന്ന് പറയുന്നതിനെ സഭ എന്തിനാണ് ഭയക്കുന്നതെന്ന് ബെന്യാമിൻ ചോദിച്ചു. മാർപ്പാപ്പ പോലും കന്യാസ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമത്തിൽ മാപ്പ് പറഞ്ഞിട്ടുള്ളതാണെന്നും ബെന്യാമിൻ കൂട്ടിച്ചേർത്തു. സഭയെ നയിക്കുന്നത് തെറ്റായ ആളുകളാണ്. സഭയുടെ ഭാഗത്ത് തെറ്റ് ഉണ്ടെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ഇത്തരം എഴുത്തുകളെ സഭ ഭയപ്പെടുന്നതെന്നും ബെന്യാമീൻ കൂട്ടിച്ചേർത്തു. എഎംഐ സന്യാസിനി സഭാംഗമായ സിസ്റ്റർ ലിസിയ ജോസഫ് പുസ്തകത്തിന്റെ പ്രകാശനവും വിതരണവും തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും അത് തള്ളി പോയിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് പരാതിയുണ്ടെങ്കിൽ പൊലീസിനെ സമീപിക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.

ഡിസി ബുക്സ് ആണ് സിസ്റ്റർ ലൂസിയുടെ പുസ്തകം പ്രസിദ്ധീകരിച്ചത്. കണ്ണൂരിൽ പുസ്തകം വിൽപനക്ക് വെച്ചതിന്റെ പേരിൽ ഡിസിയുടെ പുസ്തകമേള നിർത്തിവെപ്പിക്കാൻ ശ്രമം നടന്നു. കന്യാസ്ത്രീ ആയ ശേഷം തനിക്കെതിരെ നാല് തവണ പീഡനശ്രമം നടന്നതായി സിസ്റ്റർ ലൂസി പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. കന്യാസ്ത്രീ മഠങ്ങളിൽ സന്ദർശകർ എന്ന വ്യാജേന വൈദികർ എത്തുന്നുവെന്നും കന്യാസ്ത്രീകളെ അവർ പീഡനത്തിന് ഇരയാക്കുന്നു എന്നും സിസ്റ്റർ ലൂസി പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. തനിക്ക് അറിയാവുന്ന ഒരു കന്യാസ്ത്രീ, മഠത്തിനുള്ളിൽ വെച്ച് പ്രസവിച്ചുവെന്നും അതിന് ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചുവെന്നും സിസ്റ്റർ ലൂസി പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.

നിഷേധിക്കപ്പെട്ട അവകാശങ്ങൾ വീണ്ടെടുക്കാനും അന്തസോടെ ജീവിക്കുവാനുമുള്ള ബോധവൽക്കരണമാണ് താൻ ആത്മകഥ എഴുതിയതിനും 'ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി' എന്ന ഫേസ്‌ബുക്ക് കൂട്ടായ്മ രൂപീകരിച്ചതിനും പിന്നിലുള്ളതെന്ന് സിസ്റ്റർ ലൂസി പറഞ്ഞു. താനടക്കമുള്ള ആയിരകണക്കിന് കന്യാസ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം വേണം .ചർച്ച് ആക്റ്റ് നടപ്പിലാക്കുക എന്നതാണ് ഇതിനു പരിഹാരം. കേരള സംസ്‌കാരത്തിൽ ഇത്തരത്തിലുള്ള അപചയം ചൂണ്ടിക്കാണിച്ചിട്ടും വനിത കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും നടപടികൾ എടുക്കാത്തത് ദുഃഖകരമാണ് എന്നും ലൂസി പറഞ്ഞു.

മനുഷ്യാവകാശനിഷേധങ്ങളെ പുറത്തുകൊണ്ടുവരുന്നതിനൊപ്പം ഇപ്പോഴും പീഡനങ്ങൾ ഏറ്റുവാങ്ങി കഴിയുന്ന കന്യാസ്ത്രീകൾക്കും അവരുടെ കുടുംബത്തിനും പ്രതികരിക്കാനുള്ള ഊർജവും ആർജവവും നൽകുക എന്നതാണ് ആത്മകഥയടക്കം എഴുതിയതിന് പിന്നിലുള്ളത്. 34 വർഷത്തെ തന്റെ ജീവിതാനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്. പുസ്തകം പുറത്തിറക്കിയ പ്രസാധകനടക്കമുള്ളവർക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ അപലപിക്കപ്പെടേണ്ടതാണ്. സിസ്റ്റർ ലൂസി പറഞ്ഞു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP