Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദർ തെരേസയുടെ വിശുദ്ധീകരണ ചടങ്ങിന് പോയ ജസ്റ്റിസ് കുര്യൻ ജോസഫ് മന്ത്രിയും ഉദ്യോഗസ്ഥരും ഒരുക്കിയ വിരുന്നിൽ നിന്നും മുങ്ങിയത് എന്തുകൊണ്ട്? ഇറ്റാലിയൻ മറൈനുകളുടെ കേസിൽ പേരുദോഷം കേൾക്കാതിരിക്കാൻ സുപ്രീംകോടതി ജഡ്ജി വത്തിക്കാനിൽ ഒരുക്കിയ നാടകം ചർച്ചയാകുന്നു

മദർ തെരേസയുടെ വിശുദ്ധീകരണ ചടങ്ങിന് പോയ ജസ്റ്റിസ് കുര്യൻ ജോസഫ് മന്ത്രിയും ഉദ്യോഗസ്ഥരും ഒരുക്കിയ വിരുന്നിൽ നിന്നും മുങ്ങിയത് എന്തുകൊണ്ട്? ഇറ്റാലിയൻ മറൈനുകളുടെ കേസിൽ പേരുദോഷം കേൾക്കാതിരിക്കാൻ സുപ്രീംകോടതി ജഡ്ജി വത്തിക്കാനിൽ ഒരുക്കിയ നാടകം ചർച്ചയാകുന്നു

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: മദർ തെരേസയുടെ വിശുദ്ധീകരണ ചടങ്ങിന് ഇറ്റലിയിൽ പോയ സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫ് അവിടെ മന്ത്രിയും ഉദ്യോഗസ്ഥരും ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ മുങ്ങിയത് വൻ വിവാദമാകുന്നു. ഉന്നത ഇറ്റാലിയൻ ഒഫീഷ്യലുകൾ പങ്കെടുത്ത വിരുന്നായിരുന്നു അത്. ഇറ്റാലിയൻ മറൈനുകളുടെ കേസിൽ പേരുദോഷം കേൾക്കുന്നത് ഒഴിവാക്കാനാണ് കഴിഞ്ഞയാഴ്ച വത്തിക്കാനിലൊരുക്കിയ വിരുന്നിൽ നിന്നും കുര്യൻ മുങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ പങ്കെടുക്കുന്നത് ഒഴിവാക്കാനായി താൻ ഇറ്റലിയിലെ ഒരു ബന്ധുവിനെ കാണാൻ പോയതാണെന്ന് പറഞ്ഞ് കുര്യൻ നാടകം കളിക്കുകയായിരുന്നുവെന്ന ആരോപണവും ശക്തമാണ്.

തന്റെ പ്രഫഷനുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് കുര്യൻ വിരുന്നിൽ നിന്നും മാറി നിന്നതെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 2012ൽ കേരള തീരത്ത് രണ്ട് ഇറ്റാലിൻ മറൈനുകൾ രണ്ട് മീൻപിടിത്തക്കാരെ വെടിവച്ച് കൊന്ന കേസിലെ വിചാരണ നടത്തിയ ബെഞ്ചിലെ ഒരംഗമായിരുന്നു കുര്യനെന്നും അതിനാലാണ് അദ്ദേഹം ഇറ്റാലിയൻ ഒഫീഷ്യലുകൾ പങ്കെടുത്ത വിരുന്നിൽ നിന്നും മാറി നിന്നതെന്നാണ് ചില റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഈ കേസിനെ തുടർന്ന് ഇന്ത്യയും ഇറ്റലിയും തമ്മിൽ ഉരസലുകളുമുണ്ടായിരുന്നു. കേസിൽ പ്രതികളായ മറൈനുകളായ മാസിമിലിയാനോ ലാട്ടോറെയും സാൽവടോർ ഗിറോനെയും തങ്ങളെ ഇന്ത്യയിൽ വച്ച് വിചാരണ ചെയ്യരുതെന്ന് സമർപ്പിച്ച ഹരജിയിൽ വാദം കേട്ടിരുന്നത് കുര്യനും മറ്റ് ജസ്റ്റിസുമാരായ അനിൽ ആർ ദേവും അമിതാവ റോയും ചേർന്ന ബെഞ്ചായിരുന്നു. ഈ ആവശ്യമുന്നയിച്ച് മറൈനുകൾക്കൊപ്പം ഇറ്റാലിയൻ സർക്കാരും ഈ ബെഞ്ചിന് മുന്നിൽ ഹരജി സമർപ്പിച്ചിരുന്നു.

ഈ ഡിന്നറിനിടെ മറൈനുകളുടെ പ്രശ്‌നം ഉയർന്ന് വരുമെന്ന് ജസ്റ്റിസ് കുര്യൻ ഭയപ്പെട്ടിരുന്നുവെന്നും അതിനാലാണ് അദ്ദേഹം അതിൽ നിന്നും മാറി നിന്നതെന്നുമാണ് റിപ്പോർട്ട്. കുര്യൻ ഡിന്നറിൽ നിന്നും മാറി നിന്നിരുന്നുവെന്ന കാര്യം മിനിസ്ട്രി ഓഫ് എക്‌സ്റ്റേണൽ അഫയേർസിലെ (എംഇഎ) മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.കുര്യൻ വിരുന്നിനെത്തിയില്ലെന്ന കാര്യം അധികം ഉദ്യോഗസ്ഥന്മാരൊന്നും അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞവർ അദ്ദേഹത്തെ തിരക്കുന്നുണ്ടായിരുന്നുവെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ശ്രദ്ധയിൽ ഇക്കാര്യം പെട്ടിരുന്നുവെന്നും പ്രസ്തുത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു.

എന്നാൽ വിരുന്നിന് ശേഷം ര ണ്ട് മണിക്കൂർ കഴിഞ്ഞ് കുര്യൻ ഇന്ത്യൻ സംഘത്തോടൊപ്പം കൂടിച്ചേരുകയും ചെയ്തിരുന്നു. റോമിലെ ഒരു ബന്ധുവിനെ കാണാൻ പോകേണ്ടതിനാൽ തനിക്ക് ഡിന്നറിന് എത്താൻ സാധിക്കില്ലെന്ന് കുര്യൻ പറഞ്ഞുവെന്നാണ് ഇതിൽ പങ്കെടുത്തിരുന്ന മറ്റൊരു മന്ത്രിയായ ഭക്ഷ്യസംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രിയായ ഹർസിംറാത്ത് കൗർ ബാദൽ വെളിപ്പെടുത്തിയിരിക്കുന്നത്.വത്തിക്കാനിലെ വിശുദ്ധീകരണ ചടങ്ങിനിടെ വെള്ള പൈജാമയും കുർത്തയുമണിഞ്ഞായിരുന്നു കുര്യൻ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇന്ത്യൻ സംസ്‌കാരം പ്രദർശിപ്പിക്കാനാണിതെന്നായിരുന്നു ഇതെന്ന് കുര്യൻ പറഞ്ഞതായും പ്രസ്തുത ഒഫീഷ്യൽ വെളിപ്പെടുത്തുന്നു.

സുഷമാ സ്വരാജിനൊപ്പം കുര്യൻ പോപ്പ് ഫ്രാൻസിസിനെയും സന്ദർശിച്ചിരുന്നു. പോപ്പിനൊപ്പമുള്ള ഫോട്ടോയിട്ട് സുഷമ തങ്ങളുടെ കൂടിക്കാഴ്ചയെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ മറൈൻ കേസിൽ ഇറ്റലി സുപ്രീംകോടതിയിൽ പുതിയൊരു അപേക്ഷ കൂടി വ്യാഴാഴ്ച സമർപ്പിച്ചിരുന്നു. ഈ കേസിൽ ഏത് രാജ്യത്തിനാണ് വിചാരണ നടത്തുന്നതിനുള്ള അവകാശമെന്ന് അന്താരാഷ്ട്ര ട്രിബ്യൂണൽ തീരുമാനിക്കുന്നത് വരെ ലാട്ടോറെയെ ഇറ്റലിയിൽ തന്നെ കഴിയാൻ അനുവദിക്കണമെന്ന് അപേക്ഷിച്ച് കൊണ്ടുള്ള ഹരജിയായിരുന്നു ഇത്. ഈ ഹരജി സമർപ്പിക്കപ്പെട്ടിരിക്കുന്നത് കുര്യൻ ജോസഫ് കൂടി ഉൾപ്പെട്ട ബെഞ്ചിന് മുന്നിലാണ്. ഇത് സംബന്ധിച്ച വാദം സെപ്റ്റം 20ന് കേൾക്കാനിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP