Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിമൽ ജ്യോതിക്കെതിരെ ചെറുവിരൽ അനക്കരുതെന്ന് എസ്എഫ്‌ഐക്ക് പാർട്ടി ഉന്നതങ്ങളിൽ നിന്ന് വിലക്ക്; സമരത്തിനെത്തിയ എംഎസ്എഫുകാരെ തല്ലിച്ചതയ്ക്കാൻ ഗുണ്ടകളെ ഏർപ്പാടാക്കി കോൺഗ്രസ് നേതാക്കളും; പാമ്പാടിയിലും മറ്റക്കരയിലും ഉറഞ്ഞുതുള്ളിയവർ കത്തോലിക്ക സഭയുടെ കോളേജിന് മുന്നിൽ വിനീത വിധേയരായത് ഇങ്ങനെ

വിമൽ ജ്യോതിക്കെതിരെ ചെറുവിരൽ അനക്കരുതെന്ന് എസ്എഫ്‌ഐക്ക് പാർട്ടി ഉന്നതങ്ങളിൽ നിന്ന് വിലക്ക്; സമരത്തിനെത്തിയ എംഎസ്എഫുകാരെ തല്ലിച്ചതയ്ക്കാൻ ഗുണ്ടകളെ ഏർപ്പാടാക്കി കോൺഗ്രസ് നേതാക്കളും; പാമ്പാടിയിലും മറ്റക്കരയിലും ഉറഞ്ഞുതുള്ളിയവർ കത്തോലിക്ക സഭയുടെ കോളേജിന് മുന്നിൽ വിനീത വിധേയരായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വിദ്യാർത്ഥി പീഡനത്തെ തുടർന്ന് പാമ്പാടിയിൽ നെഹ്‌റു കോളേജും കോട്ടയത്ത് മറ്റക്കര ടോംസ് കോളേജും അടിച്ചുതകർക്കാൻ മുന്നിൽ നിന്ന എസ്എഫ്‌ഐ കണ്ണൂർ ശ്രീകണ്ഠാപുരം ചെമ്പേരിയിലെ വിമൽ ജ്യോതി എൻജിനീയറിങ് കോളേജിനെതിരെ ഫൈൻകൊള്ളയുൾപ്പെടെ വൻ ആരോപണങ്ങൾ ഉയർന്നിട്ടും സമരത്തിനിറങ്ങാതിരുന്നത് കോളേജ് നടത്തുന്ന കത്തോലിക്ക സഭ മാനേജ്‌മെന്റിനെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായാണെന്ന ആക്ഷേപം ശക്തമാകുന്നു.

പാമ്പാടിയിലും കോട്ടയത്തും എസ്എഫ്‌ഐ സമരത്തിനിറങ്ങുകയും കോളേജ് കെട്ടിടം അടിച്ചുപൊളിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും പൊലീസ് വിദ്യാർത്ഥികളെ 'മയത്തോടെ' ആണ് കൈകാര്യം ചെയ്തത്. എന്നാൽ വിമൽജ്യോതി കോളേജ് അധികൃതർക്കെതിരെ മുസഌംലീഗ് വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിനെ പൊലീസ് കൈകാര്യംചെയ്തത് അതിരൂക്ഷമായാണ്.

വിമൽജ്യോതിക്കെതിരെ എസ്എഫ്‌ഐ സമരം നടത്തിയില്ലെന്നതും അവിടെ സമരത്തിനിറങ്ങിയ എംഎസ്എഫുകാരെ പൊലീസും കോളേജ് ഏർപ്പെടുത്തിയ ഗുണ്ടകളും ചേർന്ന് ശരിക്കും കൈകാര്യം ചെയ്യുകയും അറസ്റ്റുചെയ്ത് കൊണ്ടുപോകുകയും ചെയ്തുവെന്നതും ഇക്കാര്യത്തിൽ സർക്കാരും കോളേജ് മാനേജ്‌മെന്റിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിന് തെളിവാണെന്ന് ആക്ഷേപം ഉയരുകയാണിപ്പോൾ.

സഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോളേജിനെതിരെ ചെറുവിരലനക്കരുതെന്ന് സിപിഐ(എം) ഉന്നതങ്ങളിൽ നിന്നുതന്നെ എസ്എഫ്‌ഐക്കും യുവജന സംഘടനയായ ഡിവൈഎഫ്‌ഐക്കും കർശന നിർദ്ദേശം നൽകിയതായാണ് വിവരം. കോളേജിനെതിരെ നടക്കുന്ന സമരത്തെ തടയാൻ പൊലീസിനും പാർട്ടി തലത്തിൽ നിന്നുതന്നെ നിർദ്ദേശം പോയതായാണ് സൂചനകൾ.

മാത്രമല്ല, വിഷയത്തിൽ എക്കാലത്തും സ്വാശ്രയ കോളേജുകൾക്കൊപ്പം നിൽക്കുന്ന കോൺഗ്രസ്സും വിമൽജ്യോതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ തടയാൻ കൂട്ടുനിൽക്കുന്നതായി വിദ്യാർത്ഥികൾ തന്നെ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞദിവസം കോളേജിലേക്ക് മാർച്ച് നടത്തിയ എംഎസ്എഫ് പ്രവർത്തകരെ തടയാൻ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ആണ് മാനേജ്‌മെന്റിനെ പ്രതിരോധിക്കാൻ ഗുണ്ടാസംഘങ്ങൾ അണിനിരന്നതെന്ന് അവർ പറയുന്നു.

ഇവർക്ക് നിർദ്ദേശങ്ങൾ നൽകി മാനേജ്‌മെന്റ് പ്രതിനിധികളായ അച്ചന്മാരും കൂടെയുണ്ടായിരുന്നെന്നും അവർ പറയുന്നു. കോളേജിനകത്തേക്ക് പുറത്തുനിന്നുള്ള ഗുണ്ടാസംഘത്തെ കയറ്റിയത് അകത്തുള്ള വിദ്യാർത്ഥികളെ വിരട്ടാൻകൂടി ഉദ്ദേശിച്ചായിരുന്നെന്നും പരസ്യമായി പ്രതിഷേധിച്ചാൽ അതിനെ ഗുണ്ടകളെ വച്ച് നേരിടുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്താനാണ് ഇത്തരത്തിൽ ഗുണ്ടകളെ കോളേജിൽ എത്തിച്ചതെന്നും ആണ് വിദ്യാർത്ഥികൾ പറയുന്നത്.

പെൺകുട്ടികളുടെ ഹോസ്റ്റലിൽ ജിനു അച്ചന്റെ സന്ദർശനം

അതിനിടെ ടോംസ് കോളേജിൽ സംഭവിച്ചതുപോലെ വിമൽജ്യോതി കോളേജിന്റെ പെൺകുട്ടികളുടെ ഹോസ്റ്റലിലും അഡ്‌മിനിസ്‌ട്രേറ്ററുടെ പാതിരാ സന്ദർശനം ഉണ്ടാകാറുണ്ടെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു. ഫാദർ ഡോ. തോമസ് മെൽവെട്ടത്ത് ചെയർമാനും ഫാ. ജിനു വടക്കേ മുളഞ്ഞനാൽ അഡ്‌മിനിസ്‌ട്രേറ്ററുമായ കോളേജാണിത്. ഫാദർ ജിനു ജൂനിയർ പെൺകുട്ടികളെ വിളിച്ച് പ്രത്യേക കഌസ് നൽകാറുണ്ടെന്നും അമ്മമാർ പറഞ്ഞുകൊടുക്കേണ്ട കാര്യങ്ങളാണെന്ന് പറഞ്ഞാണ് ക്ലാസെടുക്കാറെന്നും കുട്ടികൾ വാട്‌സ് ആപ് സന്ദേശത്തിലൂടെ പ്രതികരിച്ചിട്ടുണ്ട്. അതുപോലെ പെൺകുട്ടികളുടെ മുറിയിൽ ലൈറ്റ് ശരിയാക്കാനെന്നും മറ്റും പറഞ്ഞ് പലരും ഇടയ്ക്കിടെ മിന്നൽ സന്ദർശനം നടക്കാറുണ്ടെന്നും വിദ്യാർത്ഥിനികൾ പറയുന്നു. നേരവും കാലവും നോക്കാതെയാണ് ജിനു അച്ചൻ ഗേൾസ് ഹോസ്റ്റലിൽ വരാറുള്ളതെന്നും പെൺകുട്ടികൾ പറയുന്നു.

ഒരുപക്ഷേ, അടുത്ത വിഷ്ണു കേരളത്തിൽ ഉണ്ടാകുമെങ്കിൽ അത് ചെമ്പേരിയിലെ വിമൽജ്യോതിയിൽ ആകുമെന്നും അത് തടയാൻ സമൂഹം ഒരുമിച്ച് ശ്രമിക്കണമെന്നും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പരാതി ഉയർന്നിരുന്നു. ഇത്തരത്തിലുള്ള നിവരധി പരാതികളും മറുനാടൻ മലയാളിക്ക് ലഭിച്ചു. ഈ സാഹചര്യത്തിൽ കത്തോലിക്ക സഭയിലെ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോളേജിനെ പറ്റി ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഒരു സ്വാതന്ത്ര്യവും അനുവദിക്കാതെ ജയിൽ അന്തരീക്ഷം സൃഷ്ടിച്ച് കുട്ടികളെ വിരട്ടി നിർത്തിയാണ് വിമൽജ്യോതിയിൽ എൻജിനീയർമാരെ വാർത്തെടുക്കുന്നതെന്ന് വ്യക്തമാകുന്നു.

വർഷാവർഷം കുമിഞ്ഞുകൂടുന്ന ഫൈൻ കളക്ഷൻ

വിദ്യാഭ്യാസത്തെ എല്ലാരീതിയിലും കച്ചവടവൽക്കരിക്കുന്ന ഒരു സ്ഥാപനമാണ് വിമൽജ്യോതിയെന്ന് അവരുടെ ഓഡിറ്റ് റിപ്പോർട്ടുകളും സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ മൂന്നുവർഷത്തെ ഓഡിറ്റ് റിപ്പോർട്ടുകളിൽ നിന്നുതന്നെ ഫൈനായി ലക്ഷങ്ങളാണ് ഈടാക്കിയിരിക്കുന്നതെന്നും ഓരോ വർഷവും ഇത് കൂടിവരുന്നുവെന്നും കാണാനാകും. 2012-13 സാമ്ബത്തികവർഷം 3,33,422 രൂപയാണ് ഫൈൻ കളക്ഷൻ ഇനത്തിൽ ലഭിച്ചതെങ്കിൽ13-14 വർഷത്തിൽ അത് 6,21,936 രൂപയായി ഉയർന്നു.

തൊട്ടടുത്ത വർഷമായ 2015ൽ ഇത് 9,73,472 രൂപയായാണ് വർധിച്ചത്. ഓരോ വർഷവും മൂന്നുലക്ഷം രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ നിന്നുതന്നെ വിദ്യാർത്ഥികളെ എത്ര നിശിതമായാണ് പിഴിയുന്നതെന്ന വ്യക്തമാകും. ഫൈൻ ഈടാക്കലിൽ കഴിഞ്ഞ വർഷങ്ങളിൽ 200 ശതമാനത്തോളം വർധനവ് ഉണ്ടായി എന്നതുതന്നെ വിദ്യാർത്ഥികളെ എത്രത്തോളം പിഴിയുന്നുവെന്നതിനും പീഡിപ്പിക്കുന്നുവെന്നതിനും തെളിവായി മാറുന്നു.

ഈ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിമൽ ജ്യോതി കോളേജിലേക്ക് കഴിഞ്ഞദിവസം എംഎസ്എഫിന്റെ നേതൃത്വത്തിൽ മാർച്ച് നടന്നതും പൊലീസും കോളേജ് അധികൃതർ ഏർപ്പാടാക്കിയ ഗുണ്ടകളും ചേർന്ന് വിദ്യാർത്ഥികളെ തല്ലിച്ചതച്ചതും. അതേസമയം, മന്ത്രി കെ.സി.ജോസഫിന്റെ പിന്തുണയോടെ പ്രാദേശിക കോൺഗ്രസ് നേതാക്കളും അവർ ഏർപ്പെടുത്തുന്ന ഗുണ്ടകളും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് വിദ്യാർത്ഥികളും പറയുന്നു. ഇവർക്കൊപ്പം പൊലീസും കൂടിയത് സിപിഎമ്മും മാനേജ്‌മെന്റിനെ സുഖിപ്പിക്കാൻ വേണ്ടി നിൽക്കുന്നുവെന്നതിന് തെളിവാണെന്നും എംഎസ്എഫ് നേതൃത്വം സൂചിപ്പിക്കുന്നു.

മാനേജ്‌മെന്റിനെ തുണച്ച് കോൺഗ്രസ്സും സിപിഎമ്മും

എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിലേക്ക് സംഘം ചേർന്നെത്തിയ ഗുണ്ടകൾ പൊലീസ് ഒത്താശയോടെ മാരക അക്രമം അഴിച്ച് വിടുകയായിരുന്നു. സമാധാനപരമായ മാർച്ചിനും ചിരിച്ചാൽപോലും ഫൈനിടുന്ന നടപടിക്കെതിരെ ചിരി സമരത്തിനും ശേഷം നേതാക്കൾ പ്രിൻസിപ്പാളെ കാണുന്നതിനു വേണ്ടി അകത്തേക്ക് പ്രവേശിക്കുമ്പോൾ നേരത്തെ സംഘടിച്ച് എത്തിയ മാനേജ്‌മെന്റ് പ്രതിനിധികൾ ഉൾപ്പെടെയുള്ള അക്രമ സംഘം പ്രവർത്തകർക്ക് നേരെ കല്ലേറു നടത്തുകയായിരുന്നുവെന്നും പിന്നീട് പൊലീസും അവർക്കൊപ്പം കൂടി സമരക്കാരെ മർദ്ദിച്ചുവെന്നും എംഎസ്എഫ് നേതാക്കൾ പറഞ്ഞു.

ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് സി.കെ.നജാഫ്, സെക്രട്ടറി മുഹമ്മദ് കുഞ്ഞി കുപ്പം,നസീർ പുറത്തീൽ,സനീർ ഇരിക്കൂർ,ഫവാസ് പുന്നാട്,ഇജാസ് ആറളം,നൗഫൽ പനോൾ,പി.എ.ഇർഫാൻ തുടങ്ങിയവർക്ക് പരിക്കേറ്റു. പരിക്കേറ്റ ജില്ലാ നേതാക്കൾ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രവർത്തകരെ വിട്ടയക്കുന്നതിനു വേണ്ടി ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മൂസാൻ കുട്ടി നടുവിൽ ഉൾപ്പടെയുള്ളവർ സ്റ്റേഷനിൽ എത്തുകയും ചെയ്തിരുന്നു. കോൺഗ്രസിന്റെ സഹായത്തോടെയാണ് എംഎസ്എഫ് പ്രവർത്തകർക്കെതിരെ ആക്രമണം നടന്നതെന്നത് ലീഗും ഗൗരവത്തോടെയാണ് കാണുന്നത്.

ഏതായാലും സംസ്ഥാനത്തെ മറ്റു കോളേജുകൾക്കെതിരെ സമരത്തിന് മുന്നിട്ടിറങ്ങിയ എസ്എഫ്‌ഐ കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള വിമൽ ജ്യോതി കോളേജിനെതിരെ നിരവധി വാർത്തകൾ വന്നിട്ടും ചെറുവിരൽ അനക്കാത്തത് ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. ഒരുവശത്ത് ഗുണ്ടകളുമായി എത്തി മാനേജ്‌മെന്റിനൊപ്പം കോൺഗ്രസ് നിലകൊള്ളുമ്പോൾ മറുവശത്ത് സർക്കാർ പൊലീസിനെ അണിനിരത്തി പ്രതിഷേധം അടിച്ചമർത്തുകയും ചെയ്യുന്നു. അതിന് പുറമെയാണ് വിദ്യാർത്ഥികളുടെ വിഷയത്തിൽ സമരത്തിന് ഇറങ്ങാതെ എസ്എഫ്‌ഐയെ തടഞ്ഞുകൊണ്ട് പാർട്ടിയും നിലപാട് സ്വീകരിക്കുന്നത്.

കോൺഗ്രസ് നിലപാടിനെ പരസ്യമായി എതിർത്ത് കെഎസ് യു

അതേസമയം മാനേജ്‌മെന്റിന്റെ കുഴലൂത്തുകാരായി പ്രദേശത്തെ കോൺഗ്രസ് നേതാക്കൾ മാറിയെന്ന ആക്ഷേപവുമായി കെഎസ് യു തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ അവിശുദ്ധബന്ധത്തെ പരസ്യമായി ചോദ്യംചെയ്ത് അവർ ഫേസ്‌ബുക്കിലൂടെയും പ്രതികരിച്ചു.
കേരളം ഇന്ന് മൊത്തം വിദ്യാർത്ഥികളുടെ അവകാശങ്ങളെ പറ്റിയും അവർക്ക് നേരെയുള്ള സ്വാശ്രയ മാനേജ്‌മെന്റുകളുടെ കടന്ന് കയറ്റത്തെക്കുറിച്ചും ചർച്ച ചെയ്യുമ്പോൾ, വിദ്യാർത്ഥികളെ പട്ടാള ഭരണത്തിലെന്ന പോലെ കൊണ്ട് പോകുന്ന കണ്ണൂർ ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിലേക്ക് ഒരു വിദ്യാർത്ഥി സംഘടന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചപ്പോൾ അത് തടയാൻ നേതൃത്വം നൽകിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടി ജോഷി കണ്ടത്തിലും ഏരുവേശി കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളിയും?
ഒരു യുവജന നേതാവ് എടുക്കേണ്ട നിലപാടാണോ ഇത്? പ്രത്യേകിച്ചും ഇങ്ങനെയൊരു വിഷയത്തിൽ......പാവപ്പെട്ട കർഷകരായ മലയോര പ്രദേശവാസികളുടെ മക്കൾ വിദ്യാഭ്യാസലോണും മറ്റുമെടുത്ത് രണ്ടറ്റം കൂട്ടിമുട്ടിക്കാർ പാടുപെടുമ്പോൾ ഫൈനിൽ നിന്ന് മാത്രം പത്ത് ലക്ഷം രൂപ വാങ്ങുന്ന മാനേജ്‌മെന്റ് അങ്ങനെയുള്ള നാറിയ പണം കൊണ്ട് ഇവരെയും വിലയ്ക്കെടുത്തോ?- കെഎസ് യു ഫെയ്‌സ് ബുക്കിൽ കുറിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP