Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വം നൽകുന്നതിൽ സംസ്ഥാനത്തിന് ഒരു റോളുമില്ല; അപേക്ഷ പരിശോധിക്കുന്നതും തീർപ്പ് കൽപ്പിക്കുന്നതും കേന്ദ്രം; മോദി സർക്കാർ പൗരത്വം കൊടുക്കുന്നവർക്ക് എല്ലാ ആനുകൂല്യവും നൽകാൻ കേരളവും ബാധ്യസ്ഥർ; പാർലമെന്റ് പാസ്സാക്കുകയും രാഷ്ട്രപതി അനുമതി നൽകുകയും ചെയ്താൽ പിന്നെയുള്ള ഏക വഴി കോടതിയിലെ നിയമപോരാട്ടം; സുപ്രീംകോടതിയും പച്ചക്കൊടി കാട്ടിയാൽ പിണറായിയുടെ എതിർപ്പ് വെള്ളത്തിലെ വരയാകും; ബംഗാളും കേരളവും പഞ്ചാബുമെല്ലാം പൗരത്വ ഭേദഗതി നിയമ പരിധിയിൽ തന്നെ

പൗരത്വം നൽകുന്നതിൽ സംസ്ഥാനത്തിന് ഒരു റോളുമില്ല; അപേക്ഷ പരിശോധിക്കുന്നതും തീർപ്പ് കൽപ്പിക്കുന്നതും കേന്ദ്രം; മോദി സർക്കാർ പൗരത്വം കൊടുക്കുന്നവർക്ക് എല്ലാ ആനുകൂല്യവും നൽകാൻ കേരളവും ബാധ്യസ്ഥർ; പാർലമെന്റ് പാസ്സാക്കുകയും രാഷ്ട്രപതി അനുമതി നൽകുകയും ചെയ്താൽ പിന്നെയുള്ള ഏക വഴി കോടതിയിലെ നിയമപോരാട്ടം; സുപ്രീംകോടതിയും പച്ചക്കൊടി കാട്ടിയാൽ പിണറായിയുടെ എതിർപ്പ് വെള്ളത്തിലെ വരയാകും; ബംഗാളും കേരളവും പഞ്ചാബുമെല്ലാം പൗരത്വ ഭേദഗതി നിയമ പരിധിയിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നുണ്ടെങ്കിലും അത് നടപ്പാകില്ല. ഭരണഘടനാവിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് മുഖ്യമന്ത്പി പറഞ്ഞു. പഞ്ചാബും നിയമത്തിന് എതിരാണ്. പശ്ചിമബംഗാളിനുപിന്നാലെയാണ് സംസ്ഥാനസർക്കാരും നിയമത്തിനെതിരേ രംഗത്തുവരുന്നത്. ഇടതുമുന്നണി ഘടകകക്ഷിയായ ഐ.എൻ.എലും നിയമം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പൗരത്വ ഭേദഗതി ബിൽ നിയമമായ സാഹചര്യത്തിൽ രാജ്യത്തെ ഒരു സംസ്ഥാനത്തിനും അതു നടപ്പാക്കാതിരിക്കാനാവില്ല. പൗരത്വം നൽകുന്നതു സംസ്ഥാനമല്ല, കേന്ദ്ര സർക്കാരാണ്. അതുകൊണ്ട് തന്നെ സംസ്ഥാനം എതിർത്താലും നിയമം നടപ്പിൽ വരും. പാർലമെന്റ് പാസ്സാക്കുകയും രാഷ്ട്രപതി അനുമതി നൽകുകയും ചെയ്താൽ ആ നിയമം രാജ്യത്തെങ്ങും ബാധകമാണെന്നതാണ് വസ്തു. അതുകൊണ്ട് തന്നെ ഈ ബിൽ രാജ്യത്തുടനീളം അംഗീകരിക്കേണ്ട നിയമമായി കഴിഞ്ഞു. പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകുകയും ഗസ്റ്റ് വിജ്ഞാപനം ഇറങ്ങുകയും ചെയ്തു കഴിഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലടക്കം ബില്ലിനെതിരെ വ്യാപക പ്രക്ഷോഭം തുടരുന്നതിനിടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലിൽ ഒപ്പുവെച്ചത്. വ്യാഴാഴ്ച രാഷ്ട്രപതി ഒപ്പുവെച്ച ശേഷം ബിൽ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ നിയമം പ്രാബല്യത്തിലായി.

എന്നാൽ നിയമത്തിൽ ഭരണഘടനാ വിരുദ്ധതയില്ലെന്നാണ് കേന്ദ്ര പക്ഷം. പൗരത്വ ഭേദഗതി ബിൽ ഭരണഘടനയുടെ 14-ാം അനുച്ഛേദം ലംഘിക്കുന്നില്ല. ഈ നിയമപ്രകാരം ന്യൂനപക്ഷം എന്നുപറയുന്നത് അതതു രാജ്യങ്ങളിൽ ന്യൂനപക്ഷമായ വിഭാഗങ്ങളാണ്. ഇന്ത്യയിലെ ന്യൂനപക്ഷം അല്ല. മുസ്ലിം അല്ല. ആ രാജ്യങ്ങളിൽ മതപരമായ വിവേചനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്നതാണ് നിയമംമൂലം ഉദ്ദേശിക്കുന്നത്. ഇതിനെക്കുറിച്ച് മുമ്പുവന്ന സർക്കാരുകൾ നേരത്തേ ചിന്തിച്ചിരുന്നെങ്കിൽ പ്രശ്‌നം ഇത്ര വഷളാവില്ലായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ ഈ രാജ്യം വിഭജിച്ചതുകൊണ്ടും വിഭജിക്കാൻ അനുവദിച്ചുകൊടുത്തതുകൊണ്ടുമാണ് ഈ ബിൽ ആവശ്യമായിവന്നത്. ലിയാക്കത്-നെഹ്രു കരാർ പ്രകാരം രണ്ടു രാജ്യങ്ങളിലെയും ന്യൂനപക്ഷവിഭാഗങ്ങൾക്ക് ഭൂരിപക്ഷ വിഭാഗങ്ങളെപ്പോലെതന്നെ ഭരണത്തിലും രാജ്യത്തിലെ സേനകളിലും മറ്റുമേഖലകളിലും തുല്യപങ്കാളിത്തം ഉറപ്പുനൽകിയിരുന്നു. ഇന്ത്യയിൽ രാഷ്ട്രപതിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസും രാജ്യസഭാ അധ്യക്ഷനും ഇലക്ഷൻ കമ്മിഷണറും ഒക്കെയായിട്ടുണ്ട് ഇവിടത്തെ ന്യൂനപക്ഷങ്ങൾ. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് സംവരണവും സംരക്ഷണവും നൽകുന്നുണ്ടെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.

അതുകൊണ്ട് തന്നെ ഇത് കേരളവും അംഗീകരിക്കേണ്ടി വരും. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും ഈ ബില്ലിനെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്നും കേരളം വ്യക്തമാക്കിക്കഴിഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷികളും ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇത് മാത്രമാണ് ഏക പോംവഴി എന്നതാണ് വസ്തുത. എന്നാൽ കേരളത്തെ ഈ നിയമം നേരിട്ട ബാധിക്കില്ല. ഇവിടെ പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുറവാണ്. ഇവർ അപേക്ഷ നൽകിയാൽ കേന്ദ്രം അത് അംഗീകരിക്കും. ഇതോടെ എല്ലാ ആനുകൂല്യവും നൽകാൻ സംസ്ഥാന സർക്കാരും നിർബന്ധിതമാകും. ബംഗാളിലും സ്ഥിതി ഇതു തന്നെ. ബംഗാളിലെ ഹിന്ദു കുടിയേറ്റക്കാർക്ക് മുഴുവൻ കേന്ദ്ര സർക്കാർ പൗരത്വം നൽകും.

കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള ഒരു വേർതിരിവും അനുവദിക്കില്ല. എല്ലാ മതത്തിൽപ്പെട്ടവർക്കും ഒരു മതത്തിലും പെടാത്തവർക്കും ഇന്ത്യൻ പൗരൻ എന്നനിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഭരണഘടന നൽകിയിട്ടുണ്ട്. ആ അവകാശങ്ങൾ എല്ലാവർക്കും ലഭ്യമാക്കുകയെന്നതാണ് സംസ്ഥാനസർക്കാരിന്റെ നയമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. സവർക്കർ തുടങ്ങിവെച്ച് ഗോൾവാൾക്കറിന്റെ വിചാരധാരയിലൂടെ വളർത്തിയെടുത്ത ഹിന്ദുരാഷ്ട്രം എന്ന അജൻഡ പ്രാവർത്തികമാക്കാനാണ് ആർഎസ്എസ്. ശ്രമിക്കുന്നത്. ഇതിനെതിരേ ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം. പലയിടത്തും ഉയർന്നുവരുന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. എന്നാൽ, പരിധിവിട്ടുപോകരുത് -മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിതനീക്കത്തിന്റെ സന്തതിയാണ് ഈ നിയമം. ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും ചോദ്യംചെയ്യും. കേന്ദ്രസർക്കാർ സൃഷ്ടിക്കുന്നത് മതത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള വേർതിരിവാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഥിതി കുറേക്കൂടി ഗുരുതരമാണ്. അവിടെ 7 സംസ്ഥാനങ്ങളിൽ എല്ലാറ്റിലും ഇപ്പോൾ തന്നെ ബംഗ്ലാദേശിൽ നിന്ന് വൻതോതിൽ കുടിയേറ്റം നടന്നുകഴിഞ്ഞു. അസം, ത്രിപുര, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഭൂരിപക്ഷം ഹിന്ദുക്കളാണ്. മണിപ്പുർ, നാഗാലാൻഡ്, മിസോറം, മേഘാലയ എന്നിവിടങ്ങളിൽ ക്രിസ്ത്യാനികളാണ് ഭൂരിപക്ഷം. ഈ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം ഒരു പോലെയല്ല. എല്ലായിടത്തും പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നുമില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പലേടത്തും ഇന്നർ ലൈൻ പെർമിറ്റ് അനുവദിച്ചിട്ടുണ്ട്. അതു പോലെ പലേടത്തും ഓട്ടോണമസ് ജില്ലാ കൗൺസിലുകളുമുണ്ട്. ഇവയുള്ള പ്രദേശങ്ങളെ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അരുണാചൽപ്രദേശ്, നാഗാലാൻഡ്, മിസോറം എന്നീ സംസ്ഥാനങ്ങൾ പൂർണമായും ഇന്നർ ലൈൻ പെർമിറ്റ് പരിധിയിൽ വരുന്നതാണ്. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ മറ്റു പൗരന്മാർക്ക് ഇവിടെ കയറാനാവില്ല. അസമിലും ത്രിപുരയിലും ചില പ്രദേശങ്ങൾ മാത്രമേ െഎഎൽപിയുടെ കീഴിൽ വരുന്നുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP