Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിവ്യ സ്പന്ദനയുടെ ടച്ചിൽ മോദിയെ ട്വിറ്ററിൽ കടത്തിവെട്ടി രാഹുലിന്റെ വൻ മുന്നേറ്റം; അടുത്ത തിരഞ്ഞെടുപ്പിൽ രാഹുലിനെ ഭരണത്തിലെത്തിക്കാൻ കച്ചകെട്ടി തമിഴ് ചലച്ചിത്ര താരത്തിന്റെ നേതൃത്വത്തിൽ വൻ പെൺപട; ഡിജിറ്റൽ ടീം ചുമതലയേറ്റതോടെ പുതുജീവൻ നേടി കോൺഗ്രസ്സും

ദിവ്യ സ്പന്ദനയുടെ ടച്ചിൽ മോദിയെ ട്വിറ്ററിൽ കടത്തിവെട്ടി രാഹുലിന്റെ വൻ മുന്നേറ്റം; അടുത്ത തിരഞ്ഞെടുപ്പിൽ രാഹുലിനെ ഭരണത്തിലെത്തിക്കാൻ കച്ചകെട്ടി തമിഴ് ചലച്ചിത്ര താരത്തിന്റെ നേതൃത്വത്തിൽ വൻ പെൺപട; ഡിജിറ്റൽ ടീം ചുമതലയേറ്റതോടെ പുതുജീവൻ നേടി കോൺഗ്രസ്സും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തമിഴ് ചലച്ചിത്രതാരം ദിവ്യ സ്പന്ദനയുടെ ടച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ കടത്തിവെട്ടി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി. വിദേശ സന്ദർശനം കഴിഞ്ഞ് അടുത്തിടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടും സജീവമായ രാഹുൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉടൻ എത്തുമെന്ന പ്രചരണം ശക്തമാകുന്നതിനിടെയാണ് സോഷ്യൽ മീഡിയയിൽ വൻ മുന്നേറ്റവുമായി രാഹുൽ എത്തുന്നത്.

മോദി അധികാരത്തിൽ വന്നകാലത്ത് സോഷ്യൽമീഡിയയിലൂടെ നടത്തിയ ശക്തമായ ഇടപെടൽ നിർണായകമായിരുന്നു. അതിനാൽ തന്നെയാണ് രാഹുലും ട്വിറ്ററിലുൾപ്പെടെ പഞ്ച് ഡയലോഗുകളുള്ള ഇടപെടലുമായി സജീവമായതും ഇപ്പോൾ മോദിയെ മലർത്തിയടിച്ചിരിക്കുന്നതും.

ഹിന്ദുസ്താൻ ടൈംസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം രാഹുലിന്റെ ട്വിറ്റർ ജനപ്രീതി വളരെ കൂടിയെന്നാണ് വ്യക്തമാകുന്നത്. കുറച്ചുകാലമായി ട്വിറ്ററിൽ ആക്ടീവ് ആയതോടെ മോദിയെക്കാളും ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനേക്കാളും റീ ട്വീറ്റ് ചെയ്യപ്പെട്ടത് രാഹുലിന്റെ ട്വീറ്റുകളാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ട്വിറ്ററിൽ ഫോളോ ചെയ്യുന്ന രാഷ്ട്രീയ നേതാക്കളാണ് മോദിയും കെജ്രിവാളും. ഇവരെ കടത്തിവെട്ടിയതോടെ രാഷ്ട്രീയ നേതാക്കളിൽ രാഹുലിന്റെ സമ്മതി ഉയർന്നുവെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നേ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമാകാനും രാജ്യത്ത് ശക്തമായ കോൺഗ്രസ് മുന്നേറ്റമുണ്ടാക്കാനുമാണ് രാഹുലിന്റെ ശ്രമമെന്നും ഇതിനായി പ്രത്യേകം ടീമിനെ തന്നെ നിയോഗിച്ചുവെന്നും ആണ് റിപ്പോർട്ടുകൾ.

തമിഴ് ചലച്ചിത്ര താരം കൂടിയായ ദിവ്യാ സ്പന്ദനയാണ് രാഹുലിന്റെ സോഷ്യൽ മീഡിയാ പ്രചരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ദിവ്യയുടെ നേതൃത്വത്തിലുള്ള ടീമിന്റെ ഇടപെടൽ രാഹുലിനും കോൺഗ്രസ്സിനും വലിയതോതിൽ ഗുണം ചെയ്തുവെന്ന വിലയിരുത്തലാണ് വരുന്നത്. പാർട്ടിയിലെ സാധാരണ അണികളിലേക്ക് ഉൾപ്പെടെ ഇടപെടൽ നടത്താനും അവരെ കയ്യിലെടുക്കാനും യോജിച്ച പ്രചരണ തന്ത്രമാണ് ടീം പയറ്റുന്നത്. ഈ രീതിയിലുള്ള സന്ദേശങ്ങളാണ് രാഹുലിന്റേതായി ട്വിറ്ററിൽ വരുന്നതും. ഇതോടെ ജനപ്രീതിയിൽ രാഹുൽ മുന്നിലെത്തുകയും ചെയ്തു. ഈ തന്ത്രം വിജയിച്ചത് കോൺഗ്രസ്സിന് ഗുണകരമാകുന്നു എന്നത് മുഖ്യ രാഷ്ട്രീയ എതിരാളിയായ ബിജെപിയിലും ചർച്ചയായിട്ടുണ്ട്.

ഇതോടെ ഇക്കാര്യത്തിലും വാക്‌പോര് തുടങ്ങിക്കഴിഞ്ഞു. രാഹുൽഗാന്ധിയുടെ മുന്നേറ്റത്തെ തള്ളിക്കളയുന്നുവെന്ന് ബിജെപി നേതാക്കൾ പ്രതികരിക്കുമ്പോൾ അതേസമയം രാഹുലിന്റെയും മോദിയുടെയും ട്വീറ്റുകൾ വ്യാജ അക്കൗണ്ടുകളിൽ നിന്നാണെന്ന് പറഞ്ഞാണ് ആം ആദ്മിയുടെ പ്രതിരോധം.

 

ഇക്കാര്യത്തിൽ തങ്ങൾ വിജയിച്ചുവെന്ന് വ്യക്തമാക്കുന്ന രാഹുലിന്റെ ടീം ലീഡർ ദിവ്യ സ്പന്ദന പറയുന്നത് രാഹുൽ ഇക്കാര്യത്തിൽ വളരെ പുരോഗതി നേടിയെന്നാണ്. ഓരോ വിഷയത്തിലും ശക്തമായി പ്രതികരിക്കുന്നതിൽ രാഹുൽ കരുത്തനായിക്കഴിഞ്ഞു. ഇത്തരത്തിൽ പ്രതികരിക്കുന്നതോടെ കൂടുതൽ പേരുടെ പിന്തുണ ഓൺലൈനിൽ രാഹുലിന് ലഭിക്കുന്നുമുണ്ട്. -സോഷ്യൽ മീഡിയ മേധാവിയായ ദിവ്യ പറയുന്നു.

ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബർ കാലത്ത് രാഹുലിന് 10 ലക്ഷം ഫോളോവേഴ്‌സാണ് കൂടിയത്. മാത്രമല്ല, രാഹുലിനെതിരെ പരിഹാസം ഉയർത്തിയിരുന്നവർ മിക്കവരും ആ ശീലം ഉപേക്ഷിച്ചു. വാഷിങ്ടണിൽ വെച്ച് ട്രംപിനെ മോദി ആലിംഗനം ചെയ്ത് മോദി തിരിച്ചെത്തിയതിന് പിന്നലെ പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റിന്റെ പോസ്റ്റ് വന്നത് ചർച്ചയായിരുന്നു.

ഈ വിഷയത്തിൽ ഉടൻ രാഹുൽ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. 'മോദി ജി വേഗമാവട്ടെ, പ്രസിഡന്റ് ട്രംപിനെ ഒന്നു കൂടെ കെട്ടിപ്പിടിക്കൂ..' എന്ന്. മോദി ട്രംപിനെ കെട്ടിപ്പിടിക്കുന്ന ചിത്രമുൾപ്പെടെ നൽകിയുള്ള ആ ട്വീറ്റ് വൈറലായി മാറുകയും ചെയ്തു. ഒക്ടോബർ 15 ന് നൽകിയ ട്വീറ്റ് 19,700 തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്.

2015 മുതൽ ഇതുവരെയുള്ള ട്വീറ്റുകളുടെ കണക്കുകൾ വിലയിരുത്തിയാണ് രാഹുലിന്റെ മുന്നേറ്റം സ്ഥിരീകരിക്കുന്നത്. 2015 ന്റെ ആദ്യപാദത്തിൽ ആം ആദ്മി ഡൽഹി നിയമസഭയിൽ ഉഗ്രൻ വിജയം കൊയത കാലത്ത് കെജ്രിവാളിനായിരുന്നു മുന്നേറ്റം. കെജ്രിവാളിന്റെ ട്വീറ്റുകൾക്ക് 1,665 റീട്വീറ്റുകളുടെ ശരാശരിയുണ്ടായിരുന്നു. അന്ന് മോദിയുടെ ശരാശരി 1,342 ആയിരുന്നു. പിന്നീട് മോദി മുന്നോട്ടു കുതിച്ചതോടെ കെജ്രിവാൾ രണ്ടാമനായി. 2015 മെയ് മാസത്തിലാണ് രാഹുൽ ആദ്യ റീട്വീറ്റ് ഇട്ടത്.

പക്ഷേ മോദിയെ കടത്തിവെട്ടാൻ കഴിയാതിരുന്ന രാഹുൽ ഇടക്കാലത്ത് ആക്റ്റീവ് അല്ലാതെയുമായി. എന്നാൽ ഈ സെപ്റ്റംബറിൽ സ്ഥിതി മാറി. മോദിയുടെ റീട്വീറ്റ് ശരാശരി 2,506 ആണെങ്കിൽ രാഹുലിന്റേത് 2,784 ആയി മാറിക്കഴിഞ്ഞു. കെജ്രിവാളിന്റേത് 1,722 ഉം. ഒക്ടോബർ മധ്യത്തോടെ രാഹുലിന്റ റിറ്റ്‌വീറ്റ് ശരാശരി 3,812 ആയി ഉയർന്നു. 2015 ന് ശേഷം മോദി ഏറ്റവും പ്രകടനം നടത്തിയ രണ്ട് മാസങ്ങളിലേതിനൊപ്പം രാഹുൽ എത്തിയതോടെയാണ് ഇപ്പോൾ വിഷയം ചർച്ചയായിരിക്കുന്നത്.

മുൻ ഹരിയാന മുഖ്യമന്ത്രി ഭുപേന്ദർ സിങ് ഹൂഡയുടെ മകനും റോത്തക് എംപിയുമായ ദീപേന്ദർ സിങ് ഹൂഡയിൽ നിന്നാണ് രമ്യ എന്നുകൂടി അറിയപ്പെടുന്ന ദിവ്യ സ്പന്ദന കോൺഗ്രസ്സിന്റെ സോഷ്യൽ മീഡിയ ചീഫ് സ്ഥാനം ഏറ്റെടുക്കുന്നത്. കോൺഗ്രസ്സുകാരി കൂടിയായ നടിയുടെ മിടുക്ക് തിരിച്ചറിഞ്ഞ രാഹുൽ തന്നെയാണ് ഇവരെ മീഡിയ സെൽ മേധാവിയാക്കുന്നത്. സോഷ്യൽ മീഡിയയിൽ ബിജെപി ബഹുദൂരം മുന്നിലാണെന്ന് കണ്ടായിരുന്നു ഇത്.

കഴിഞ്ഞ മൂന്നു മാസമായി ദിവ്യ മീഡിയ ടീമിലേക്ക് പ്രൊഫഷണൽസിനെ ഉൾപ്പെടെ നിയമിക്കുകയും ചെയ്തു. ഇതിൽ എൺപത്തഞ്ചു ശതമാനവും സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. ദിവ്യ എത്തുമ്പോൾ കോൺഗ്രസ്സിന്റെ ഡിജിറ്റൽ പോരാളികളായി മൂന്നു സ്ത്രീകൾ മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് ഇത്. ഇനിയങ്ങോട്ട് 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുകയെന്ന വൻ ലക്ഷ്യത്തിലേക്ക് ശക്തമായി മുന്നേറുകയാണ് കോൺഗ്രസ്സിന്റെ ഡിജിറ്റൽ ടീം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP