'വികലാംഗനായ ഒരു മകൻ മാത്രമാണുള്ളത്...സ്വന്തമായി കയറിക്കിടക്കാൻ ഒരു കൂരയില്ല; എങ്ങോട്ട് പോകണമെന്നറിയാതെ റെയിൽവേ സ്റ്റേഷനിൽ വിഷമിച്ചിരുന്ന 76കാരിക്ക് തുണയായത് ദൈവ നിയോഗം പോലെ എത്തിയ വനിതാ കമ്മീഷനംഗം; ഡോ. ഷാഹിദാ കമാലിനോട് നിറകണ്ണുകളോടെ ആ അമ്മ നിസഹായാവസ്ഥ വിവരിച്ചപ്പോൾ കൊല്ലം ഈസ്റ്റ് പൊലീസിനൊപ്പം പത്തനാപുരം ഗാന്ധി ഭവനിലേക്ക്; ഒരു ജീവിതത്തിന് കൂടി തണലായി മതേതര കൂട്ടു കുടുംബം
June 12, 2019 | 05:35 PM IST | Permalink

മറുനാടൻ ഡെസ്ക്
കൊല്ലം: പോകാനിടമില്ലാതെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ വിഷമിച്ചിരുന്ന ഇന്ദിരയെന്ന വയോധികയ്ക്ക് തുണയായി വനിതാ കമ്മീഷൻ. കാസർഗോഡ് നടക്കുന്ന സിറ്റിംഗിൽ പങ്കെടുക്കാനായി, മാവേലി എക്സ്പ്രസിൽ പോകാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയതാണ് കമ്മിഷനംഗം ഡോ. ഷാഹിദാ കമാൽ. ട്രെയിൻ വൈകിയതിനാൽ സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ ഇരിക്കുമ്പോഴാണ് 76 വയസ് പ്രായമുള്ള ഒരു സ്ത്രീ പോകാനിടമില്ലാതെ ഒറ്റയ്ക്കിരിക്കുന്ന വിവരം കമ്മിഷനംഗത്തിന്റെ ശ്രദ്ധയിൽ പെട്ടത്.
ഉടൻ തന്നെ കമ്മിഷനംഗം ഡോ. ഷാഹിദ കമാൽ അവരോട് വിവരങ്ങൾ ആരായുകയും ഗുരുവായൂരാണ് തന്റെ വീടെന്നും വികലാംഗനും, അവിവാഹിതനുമായ ഒരു മകൻ മാത്രമാണ് തനിക്കുള്ളതെന്നും, സ്വന്തമായി വസ്തുവോ വീടോ ഇല്ലെന്നും വയോധിക വ്യക്തമാക്കിയത്. 'താനിവിടെ അമൃതാനന്ദമയീ മഠത്തിൽ വന്നതാണ്'. എന്നാൽ അവിടെ വന്നപ്പോൾ അമ്മ അമേരിക്കയിൽ പോയതിനാൽ കാണാൻ കഴിഞ്ഞില്ലെന്നും, ഇനി എങ്ങോട്ട് പോകണമെന്നറിയാതെ വിഷമിച്ചിരിക്കുകയാണെന്നും അവർ കമ്മിഷനോട് പറഞ്ഞു.
അതെ തുടർന്ന് കമ്മിഷനംഗം ഡോ.ഷാഹിദ കമാൽ ഉടൻ തന്നെ കൊല്ലം ഈസ്റ്റ് ഐഎസ്എച്ച്ഓയെ വിളിച്ച് റെയിൽവേ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയും, റെയിൽവേ സ്റ്റേഷനിൽ എത്തിയ പൊലീസിനോടൊപ്പം പത്തനാപുരം ഗാന്ധിഭവനിലേയ്ക്ക് അയയ്ക്കുകയും ചെയ്തിട്ടാണ് കമ്മിഷനംഗം ഡോ. ഷാഹിദ കമാൽ കാസർഗോഡേക്ക് തിരിച്ചത്.
അശരണർക്ക് താങ്ങായി യൂസഫലിയും
ജീവിതത്തിൽ ആരുമില്ലാതെ ഒറ്റപ്പെട്ടു പോയവർക്ക് ആശ്വാസമാകുന്ന അശരണരുടെ കേന്ദ്രം. ഇവിടേക്ക് വീണ്ടും കാരുണ്യവുമായി എത്തുകയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. മുൻകാലങ്ങളിൽ നിരവധി സഹായങ്ങൾ ഈ സ്ഥാപനത്തിന് അദ്ദേഹം നൽകിയിട്ടുണ്ട്. ഇത്തവണ പത്ത് കോടിയോളം രൂപ ചെലവിട്ട് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടമാണ് അദ്ദേഹം നിർമ്മിച്ചു നൽകുന്നത്. ഗാന്ധിഭവന് സമീപമുള്ള ഒരേക്കർ നാൽപ്പത് സെന്റിൽ നിർമ്മിക്കുന്ന മൂന്ന് നിലക്കെട്ടിടത്തിന്റെ ശിലാസ്ഥാപനം കഴിഞ്ഞ മാസം പത്തനാപുരം ഗാന്ധിഭവനിൽ നടന്നു. ഒരു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് നീക്കം. പൂർണ്ണമായും ശീതീകരിച്ച കെട്ടിടത്തിൽ മൂന്ന് നിലകളിലായി 250 കിടക്കകളുണ്ടാകും.
ലുലു മാളിന്റെ നിർമ്മാണത്തിനു പിന്നിൽ പ്രവർത്തിച്ച അതേ എൻജിനീയറിങ് സംഘമായിരിക്കും ഗാന്ധിഭവന്റെ നിർമ്മാണത്തിനായി പ്രവർത്തിക്കുകയെന്ന് യൂസഫലി അറിയിച്ചു. ഏഴുകോടി രൂപയാണ് ആദ്യം കെട്ടിടത്തിന്റെ ചെലവ് പ്രതീക്ഷിച്ചതെന്നും പിന്നീട് തുക പത്തുകോടി രൂപയായി ഉയരുകയായിരുന്നുവെന്നും യൂസഫലി പറഞ്ഞു. എന്നാൽ തുക എത്ര തന്നെയാണെങ്കിലും താൻ തന്നെ ചെലവ് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന പാശ്ചാത്യസംസ്കാരം പകർത്തുന്ന പ്രവണത കേരളത്തിലും വർധിച്ചുവരുന്നതായി ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം.എ യൂസഫലി പറഞ്ഞു.
മാതാപിതാഗുരു ദൈവം എന്നതാണ് ഭാരതീയ സംസ്കാരം ഉദ്ഘോഷിക്കുന്നത്. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് അച്ഛനമ്മമാരെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നാണ്. എന്നാൽ, അടുത്തകാലത്തായി തെരുവിൽ ഉപേക്ഷിക്കുന്ന വയോധികരുടെ എണ്ണം കൂടുന്നത് ആശാസ്യമായ പ്രവണതയല്ല-അദ്ദേഹം പറഞ്ഞു. കേരളത്തിന് അഭിമാനിക്കാവുന്ന ഒട്ടേറെ നേട്ടങ്ങളുണ്ട്. സാക്ഷരതയിലും സംസ്കാരത്തിലുമെല്ലാം നമ്മൾ ഉയർന്നുനിൽക്കുന്നു. പക്ഷേ, കുടുംബബന്ധങ്ങളുടെ കാര്യത്തിൽ നമ്മൾ പിന്നാക്കം പോകുന്നു. അച്ഛനും അമ്മയ്ക്കും കരുണയും സ്നേഹവും സംരക്ഷണവും കൊടുക്കാത്തവർ നേടിയതൊന്നും നേട്ടങ്ങളല്ലെന്നും എം.എ.യൂസഫലി പറഞ്ഞു.
പൂർണമായി ശീതീകരിച്ച കെട്ടിടത്തിൽ ആധുനിക സംവിധാനങ്ങളും ഒരുക്കും. കൊച്ചി ലുലു മാൾ അടക്കം യൂസഫലിയുടെ കേരളത്തിലെ രണ്ട് സ്ഥാപനങ്ങളിൽ നിന്നുള്ള സാമൂഹ്യപ്രതിബദ്ധതാ ഫണ്ടിൽ നിന്നുള്ള 1.85 കോടി രൂപ യൂസഫലി ഗാന്ധിഭവന്റെ ദൈനംദിന നിർമ്മാണപ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തു. ഗാന്ധിഭവനിലെ 250ഓളം വരുന്ന അന്തേവാസികൾക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടി ജീവിക്കാൻ കഴിയും വിധമാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്.
