Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിധവകൾക്ക് 10,000 രൂപ ധനസഹായമെന്ന വ്യാജപ്രചാരണം വിശ്വസിച്ച് കലക്ട്രേറ്റിലെത്തിയത് ഏഴായിരത്തോളം സ്ത്രീകൾ; പദ്ധതിയെന്തെന്നുപോലുമറിയാതെ കുടുംബശ്രീകളും പ്രചാരകരായി; നിജസ്ഥിതി ബോധ്യപ്പെടുത്തി കലക്ടർ പത്രക്കുറിപ്പ് ഇറക്കിയിട്ടും അപേക്ഷിക്കാൻ വിധവകളുടെ പ്രവാഹം; ഫോറം വിതരണം ചെയ്ത് വിധവകളുടെ പേഴ്‌സിൽ കൈയിട്ടുവാരിയും ചിലർ

വിധവകൾക്ക് 10,000 രൂപ ധനസഹായമെന്ന വ്യാജപ്രചാരണം വിശ്വസിച്ച് കലക്ട്രേറ്റിലെത്തിയത് ഏഴായിരത്തോളം സ്ത്രീകൾ; പദ്ധതിയെന്തെന്നുപോലുമറിയാതെ കുടുംബശ്രീകളും പ്രചാരകരായി; നിജസ്ഥിതി ബോധ്യപ്പെടുത്തി കലക്ടർ പത്രക്കുറിപ്പ് ഇറക്കിയിട്ടും അപേക്ഷിക്കാൻ വിധവകളുടെ പ്രവാഹം; ഫോറം വിതരണം ചെയ്ത് വിധവകളുടെ പേഴ്‌സിൽ കൈയിട്ടുവാരിയും ചിലർ

ഇടുക്കി: ഭർത്താവ് മരിച്ച സ്ത്രീകൾക്ക് സർക്കാർ പതിനായിരം രൂപ വീതം ധനസഹായം നൽകുന്നുവെന്ന വ്യാജപ്രചാരണത്തെ തുടർന്ന് അപേക്ഷ നൽകാൻ ഇടുക്കി കലക്ട്രേറ്റിലേക്ക് വിധവകളുടെ പ്രവാഹം. പ്രചാരണം തെറ്റാണെന്ന് കലക്ടർ അറിയിച്ചിട്ടും ദിനവും ആയിരക്കണക്കിന് സ്ത്രീകളാണ് ജോലിയും കൂലിയുമുപേക്ഷിച്ച് ജില്ലാ ഭരണസിരാകേന്ദ്രത്തിലെത്തുന്നത്.

ഗത്യന്തരമില്ലാതെ അപേക്ഷകൾ സ്വീകരിച്ചുവയ്ക്കുന്ന കലക്ട്രേറ്റിൽ ഇതിനകം ഏഴായിരത്തോളം പേരാണ് സഹായത്തിന് ഫോറം പൂരിപ്പിച്ചു നൽകിയത്. ഇതിനിടെ, അവസരം മുതലെടുത്ത് ഫോറം വിൽക്കുന്നവരും അപേക്ഷ പൂരിപ്പിച്ചു കൊടുക്കുന്നരും വൻ തുകയാണ് പാവപ്പെട്ട സ്ത്രീകളെ പിഴിഞ്ഞുണ്ടാക്കുന്നത്.

ഒരാഴ്ചക്കുമുമ്പാണ് അപേക്ഷയുമായി സ്ത്രീകൾ കലക്ട്രേറ്റിലെക്ക് എത്തിത്തുടങ്ങിയത്. വിധവകൾക്ക് സർക്കാർ 10000 രൂപ വീതം നൽകുമെന്നാണ് പ്രചാരണമുണ്ടായത്. എന്നാൽ ഇതിന്റെ ഉറവിടം എവിടെയാണെന്നു വ്യക്തമായില്ല. വാർത്ത കാട്ടുതീ പോലെ പടർന്നതോടെ കലക്ട്രേറ്റിലേക്ക് അപേക്ഷകർ പ്രവഹിക്കുകയായിരുന്നു. നിജസ്ഥിതിയറിയാതെ കുടുംബശ്രീ പ്രവർത്തകരും പ്രചാരണത്തിൽ പങ്കാളികളായതോടെ ജില്ലയുടെ എല്ലാ ദിക്കിൽനിന്നും അപേക്ഷകരെത്തി.

ഏത് പദ്ധതിപ്രകാരമാണ് അപേക്ഷ ലഭിക്കുന്നതെന്നറിയാതെ കലക്ടറും എ. ഡി. എമ്മും ഉൾപ്പെടെയുള്ളവർ അമ്പരന്നു. സംസ്ഥാന സർക്കാരിന്റെയോ, കേന്ദ്ര സർക്കാരിന്റെയോ പദ്ധതി എന്നറിയാതെ ഉദ്യോഗസ്ഥർ കുഴങ്ങി. സഹായ അപേക്ഷകൾ സ്വീകരിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നു കണ്ടതോടെ കലക്ട്രേറ്റിൽ അപേക്ഷകൾ സ്വീകരിച്ചുവച്ചു. അപേക്ഷ കൈപ്പറ്റിയില്ലെങ്കിൽ ഇവിടെയെത്തുന്ന സ്ത്രീകൾ ബഹളമുണ്ടാക്കുമെന്നതിനാലാണ് സ്വീകരിച്ചത്. അഞ്ചു ദിവസംകൊണ്ട് 4000 അപേക്ഷകൾ ലഭിച്ചു. ബുധനാഴ്ചയിത് ഏഴായിരത്തോളമായി.

ആദ്യമൊക്കെ വെള്ളപേപ്പറിലാണ് കലക്ട്രേറ്റിൽ അപേക്ഷയെത്തിയത്. പിന്നീട് ജനസാന്ത്വനം പദ്ധതിക്കുള്ള അപേക്ഷ എന്ന പേരിൽ ഫോറത്തിലായി. ജില്ലാ ആസ്ഥാനത്തെ ഏതോ അപേക്ഷയെഴുത്തുകാരൻ ഡി. ടി. പിയെടുത്ത് ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുത്താണ് ഫോറം ഉണ്ടാക്കിയതത്രേ. ജനസാന്ത്വനം എന്ന പേരിൽ ഇടതു സർക്കാരിന്റെ പ്രത്യേക പദ്ധതി വരുന്നുവെന്നു നേരത്തെ വാർത്തയുണ്ടായിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടി നടപ്പാക്കിയ ജനസമ്പർക്ക പരിപാടിക്ക് സമാനമായ പദ്ധതിയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നതെന്നും പ്രചാരണമുണ്ടായെങ്കിലും നടപടികളൊന്നുമുണ്ടായതായി ജില്ലാ ഭരണകൂടത്തിന് അറിവില്ല.

അപേക്ഷാഫോറത്തിൽ അപേക്ഷകയുടെ തിരിച്ചറിയൽ രേഖകളായ റേഷൻ കാർഡ്, ആധാർ, വോട്ടർ കാർഡ്, ബാങ്ക് പാസ് ബുക്ക്, മരണ സർട്ടിഫിക്കേറ്റ് എന്നിവയുടെയൊക്കെ വിവരങ്ങൾ ചേർത്ത് കോപ്പികൾ ഒപ്പം വയ്ക്കണമെന്നാണ് പ്രചരിച്ചിരിക്കുന്നത്. ജില്ലാ ആസ്ഥാനത്തെ കടകളിൽ അപേക്ഷാ ഫോമിന് 50 രൂപയാണ് ഈടാക്കുന്നത്. രേഖകളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിന് വേറെ തുകയും. കിട്ടിയ അവസരം പരമാവധി മുതലെടുക്കുകയാണ് ഇക്കൂട്ടർ.

നിലവിൽ വിധവകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് പദ്ധതികളുണ്ട്. വിധവാ പെൻഷനു പുറമേ, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വിധവകൾക്ക് 25000 രൂപയുടെ സാമ്പത്തിക സഹായം ലഭിക്കാൻ ഫാമിലി ബെനിഫിറ്റ് പദ്ധതി പ്രകാരം അതതു വില്ലേജുകളിലാണ് അപേക്ഷ നൽകേണ്ടതെന്ന് കലക്ടർ ജി. ആർ ഗോകുൽ പറഞ്ഞു. വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹധനസഹായത്തിന് 30,000 രൂപ ലഭിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് ഓഫീസുകളിൽ (പഞ്ചായത്ത്, നഗരസഭ) നൽകണം.

ഇതേക്കുറിച്ച് പത്രക്കുറിപ്പിലൂടെ കലക്ടർ വ്യക്തത നൽകിയെങ്കിലും കലക്ട്രേറ്റിൽ വിധവകളുടെ ബാഹുല്യം തുടരുകയാണ്. വ്യാജപ്രചാരണത്തിന്റെ ഉറവിടം കണ്ടെത്താനും അപേക്ഷയുടെ പേരിൽ പകൽക്കൊള്ള നടത്തുന്നവരെ കണ്ടെത്താനും ശ്രമമുണ്ടാകാത്തതിൽ പ്രതിഷേധവും ഉയർന്നു തുടങ്ങിയിട്ടുണ്ട്. നിർധനരും കൂലിവേലക്കാരുമായ സ്ത്രീകളാണ് സ്വന്തം തൊഴിൽദിനം നഷ്ടപ്പെടുത്തിയും കലക്ട്രേറ്റിലെത്തുന്നവരിൽ അധികവും. 100 കിലോമീറ്റർ ദൂരം താണ്ടിയെത്തുന്ന മറയൂർ നിവാസികൾവരെ ഇവരിൽ ഉൾപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP