Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യോഗയുടെ പേരിൽ വീണ്ടും രാഷ്ട്രീയ മത്സരം; ഒന്നാമത് ദേശീയ ഫെഡറേഷൻ കപ്പ് യോഗാ ചാമ്പ്യൻഷിപ്പുമായി സിപിഎമ്മിന്റെ യോഗാ അസോസിയേഷൻ; സി.പി.എം, ബിജെപിയെ വീണ്ടും കടത്തി വെട്ടുമ്പോൾ അതിഥിയായി ഒ രാജഗോപാലും

യോഗയുടെ പേരിൽ വീണ്ടും രാഷ്ട്രീയ മത്സരം; ഒന്നാമത് ദേശീയ ഫെഡറേഷൻ കപ്പ് യോഗാ ചാമ്പ്യൻഷിപ്പുമായി സിപിഎമ്മിന്റെ യോഗാ അസോസിയേഷൻ; സി.പി.എം, ബിജെപിയെ വീണ്ടും കടത്തി വെട്ടുമ്പോൾ അതിഥിയായി ഒ രാജഗോപാലും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥനപ്രകാരമാണ് കഴിഞ്ഞവർഷം മുതൽ ജൂൺ 21ന് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് ഐക്യരാഷ്ട്രസഭ നിർദ്ദേശം നൽകിയത്. കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബിജെപി, ആർഎസ്എസ് നേതൃത്വം ഈ ദിനം രാഷ്ട്രീയമായി മുതലെടുക്കുകയും ചെയ്തു. എന്നാൽ കേരളത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ കയറിയ വേളയിലായിരുന്നു ആദ്യ ലോക യോഗാദിനം. 'ഇന്ത്യൻ മാർഷ്യൽ ആർട്‌സ് ആൻഡ് യോഗ അക്കാദമി' എന്ന സംഘടന രൂപീകരിച്ചുകൊണ്ട് സി.പി.എം സംസ്ഥാന വ്യാപകമായി യോഗാ പ്രകടനം നടത്തിയാണ് കേരളത്തിൽ ബിജെപിയെ ഞെട്ടിച്ചത്.

ഒട്ടേറെ വിമർശനങ്ങൾ പാർട്ടിക്കുള്ളിൽനിന്നും, പുറത്തുനിന്നും ഉയർന്നുവെങ്കിലും അതിനെയെല്ലാം വെല്ലുവിളിച്ച് സിപിഎമ്മിന്റെ സംഘടന മുന്നേറി. കൊല്ലത്ത് സംസ്ഥാന യോഗാ മത്സരം സംഘടിപ്പിച്ചുകൊണ്ടായിരുന്നു അടുത്തവരവ്. അതിനും ജനം കൈയടി നൽകിയതോടെ ദേശീയ ചാമ്പ്യൻഷിപ്പ് നടത്താനൊരുങ്ങുകയാണ് സംഘടന. ഇന്ത്യൻ യോഗാ ഫെഡറേഷനുമായി സഹകരിച്ചാണ് ദേശീയ ചാമ്പ്യൻഷിപ്പ് നടത്തുന്നത്. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനത്തിൽ കേരളത്തിലെ ആദ്യ ബിജെപി എംഎൽഎ ഒ രാജഗോപാൽ മുഖ്യാതിഥിയാക്കിക്കൊണ്ടാണ് സിപിഎമ്മിന്റെ മുന്നേറ്റം. രാജഗോപാൽ പങ്കെടുക്കുമോ എന്ന് അറിയില്ലെങ്കിലും പരിപാടിയുടെ പ്രചരണത്തിൽ അദ്ദേഹത്തിന്റെ പേരും ഉപയോഗിക്കുന്നുണ്ട്.

മാർച്ച് 24 മുതൽ 26 വരെ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടകൻ. 19 സംസ്ഥാനങ്ങളിൽനിന്ന് 231 പേർ മത്സരത്തിൽ പങ്കെടുക്കും. ബംഗാളിൽനിന്ന് 36 പേരാണ് മത്സരിക്കുന്നത്.

യോഗസ്സന, ആർടിസ്റ്റിക്, ആർടിസ്റ്റിക് പെയർ, റിഥ്മിക്, ഫ്രീഫ്‌ളോ ഡാൻസ് എന്നീ വിഭാഗങ്ങളിൽ ജൂനിയർ തലം മുതൽ മത്സരങ്ങൾ നടക്കും. സിപിഎമ്മിന്റെ കീഴിലുള്ള തിരുവനന്തപുരം യോഗാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മത്സരാർത്ഥികൾക്ക് സ്വാഗതമരുളി 500 പേർ അണിനിരക്കുന്ന യോഗാ പ്രകടനവും നടത്തും. ജില്ലയിലെ വിവിധ ഏരിയാ കമ്മിറ്റികളിൽനിന്നുള്ള പ്രവർത്തകരാണ് ഈ പ്രകടനത്തിൽ അണിനിരക്കുന്നത്്്.

എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ ബജറ്റിൽ യോഗയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ഒന്നരക്കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ യോഗയ്ക്ക് ഇത്രയും തുക വകയിരുത്തുന്നത്. ആർഎസ്എസ് ശാഖകളിൽ കളരിയും, ആയുധപ്പയറ്റും പഠിപ്പിക്കുന്നതിന് മറുപടിയായിട്ടാണ് സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ മാർഷ്യൽ ആർട്‌സ് ആൻഡ് യോഗ അക്കാദമി തുടങ്ങിയത്. യോഗയും, കരാട്ടേയുമാണ് ഇവിടെ പഠിപ്പിക്കുന്നത്. അതത് പാർട്ടി ഘടകങ്ങൾ തെരഞ്ഞെടുക്കുന്ന പ്രവർത്തകർക്കാണ് അഡ്‌മിഷനിൽ മുൻഗണന. കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരവും അസോസിയേഷനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP