Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹവാർഷികത്തിന് കേക്കുനൽകി സന്തോഷം പങ്കിട്ടു സുഹൃത്തുക്കളോടു വിനോദയാത്രയുടെ കാര്യം പറഞ്ഞു; തിരികെ ജോലിക്കെത്തുമ്പോൾ മധുരം കൊണ്ടു വരാമെന്ന് പറഞ്ഞു പോയ ഇന്ദു ഇനി മടങ്ങിവരില്ലെന്ന ഞെട്ടലിൽ സഹപ്രവർത്തകർ; കുന്ദമംഗലത്തെ സുഹൃത്തുക്കൾ രഞ്ജിത് കുമാറിനെ നാട്ടുകാർ വിളിച്ചിരുന്നത് രഞ്ജുവെന്ന്; നേപ്പാളിലെ റിസോർട്ടിൽ വിഷപ്പുക ജീവനെടുത്തത് കോഴിക്കോട് സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനി പ്രവർത്തനം തുടങ്ങിയ സമയത്ത്; യുവ എൻജിനീയറുടെയും കുടുംബത്തിന്റെ വിയോഗം വിശ്വസിക്കാനാവാതെ നാട്ടുകാർ

വിവാഹവാർഷികത്തിന് കേക്കുനൽകി സന്തോഷം പങ്കിട്ടു സുഹൃത്തുക്കളോടു വിനോദയാത്രയുടെ കാര്യം പറഞ്ഞു; തിരികെ ജോലിക്കെത്തുമ്പോൾ മധുരം കൊണ്ടു വരാമെന്ന് പറഞ്ഞു പോയ ഇന്ദു ഇനി മടങ്ങിവരില്ലെന്ന ഞെട്ടലിൽ സഹപ്രവർത്തകർ; കുന്ദമംഗലത്തെ സുഹൃത്തുക്കൾ രഞ്ജിത് കുമാറിനെ നാട്ടുകാർ വിളിച്ചിരുന്നത് രഞ്ജുവെന്ന്; നേപ്പാളിലെ റിസോർട്ടിൽ വിഷപ്പുക ജീവനെടുത്തത് കോഴിക്കോട് സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനി പ്രവർത്തനം തുടങ്ങിയ സമയത്ത്; യുവ എൻജിനീയറുടെയും കുടുംബത്തിന്റെ വിയോഗം വിശ്വസിക്കാനാവാതെ നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: യുവ എൻജിനീയറും ഭാര്യയും മകനും നേപ്പാളിലെ കാഠ്മണ്ഡുവിൽ വിഷപ്പുക ശ്വസിച്ച് മരിച്ചെന്ന വാർത്തക കുന്ദമംഗലത്തെ നാട്ടുകരെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. കുന്ദമംഗലം വെളൂർ പുനത്തിൽ മാധവൻ നായരുടെ മകൻ രഞ്ജിത്ത് കുമാർ (37), ഭാര്യ ഇന്ദു ലക്ഷ്മി (32), മകൻ വൈഷ്ണവ് (രണ്ട്) എന്നിവരാണ് വിനോദയാത്രക്കിടെ റിസോർട്ടിലെ മുറിയിൽ വിഷപ്പുക ശ്വസിച്ച് മരിച്ചത്.

രണ്ടാഴ്ച മുമ്പ് കുടുംബസമേതം പഴനിക്ക് പോയിരുന്ന ഇവർ വ്യാഴാഴ്ചയാണ് വീട്ടിൽനിന്ന് നെടുമ്പാശ്ശേരി വഴി ഡൽഹിയിലേക്ക് യാത്രയായത്. അവിടെ നിന്നാണ് സുഹൃത്തുക്കളുടെ കുടുംബങ്ങളോടൊപ്പം നേപ്പാളിലെ പർവതപ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോയത്. യാത്രാസംഘത്തിലെ നാല് കുടുംബങ്ങളിലുള്ള 15പേരിൽ എട്ടുപേർ താമസിച്ച മുറിയിലുള്ളവരാണ് വിഷപ്പുക ശ്വസിച്ച് മരിച്ചത്. സംഘത്തിലെ മറ്റുള്ളവരോടൊപ്പം അടുത്ത മുറിയിൽ കിടന്നുറങ്ങിയ രഞ്ജിത്തിന്റെ മുതിർന്ന മകൻ സിൽവർ ഹിൽസ് സ്‌കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന മാധവ് (ഏഴ്) രക്ഷപ്പെട്ടവരിൽപെടുന്നു.

കാരന്തൂർ സർവിസ് സഹകരണ ബാങ്കിന്റെ എലത്തൂർ ബ്രാഞ്ചിൽ കാഷ്യറാണ് ഭാര്യ ഇന്ദു ലക്ഷ്മി. വിവാഹവാർഷികത്തിന് കേക്കുനൽകി സന്തോഷം പങ്കിട്ടവേളയിലാണ് ഇന്ദുലക്ഷ്മി അടുത്തദിവസം വനോദയാത്ര പോവുന്നകാര്യം സഹപ്രവർത്തകരോട് പറയുന്നത്. ഡൽഹിയിലേക്ക് പോവുന്നെന്നുമാത്രമേ ഇന്ദുവിനും അറിയായിരുന്നുള്ളൂ. നേപ്പാളിലേക്ക് പോവുന്നകാര്യം ഭർത്താവ് രഞ്ജിത്ത്കുമാർ ഇന്ദുവിനോട് പറയാതെ സസ്‌പെൻസായിവെച്ചു. കേക്ക് മുറിച്ച അതേമുറിയിലെ ടി.വി.യിലൂടെ ഇന്ദുവും കുടുംബവും നേരിട്ട അപകടവാർത്ത അറിഞ്ഞതോടെ കാരന്തൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.പി. ശൈലജയ്ക്കും ജീവനക്കാർക്കും അത് താങ്ങാവുന്നതിലുമപ്പുറമായി.

ബാങ്കിന്റെ എലത്തൂരിലെ ഹെഡ് ഓഫീസിൽ ജൂനിയർ ക്ലാർക്കായി മൂന്നുവർഷം മുമ്പാണ് മൊകവൂർ ശ്രീപത്മം വീട്ടിൽ പി.ആർ. ഇന്ദുലക്ഷ്മി ജോലിയിൽ പ്രവേശിച്ചത്. 16-ന് വ്യാഴാഴ്ചയായിരുന്നു ഇന്ദുവിന്റെയും രഞ്ജിത്തിന്റെയും ഒൻപതാം വിവാഹവാർഷികം. ബാങ്കിലെ ജീവനക്കാരൻ ഹാഫിക്കിന്റെ ഭാര്യ ഫരിനാസ് വീട്ടിൽനിന്ന് കേക്ക് ഉണ്ടാക്കി നൽകാറുണ്ട്. ഉച്ചയൂണിന്റെ സമയത്ത് ഫരിനാസിനോട് പറഞ്ഞ് വരുത്തിച്ച കേക്ക് സഹപ്രവർത്തകർക്കൊപ്പം മുറിച്ച് സന്തോഷം പങ്കുവെച്ചു. ഉറ്റസുഹൃത്തുക്കളായ കെ. ജുന, എൻ.പി. ബിജു, ധനീഷ്, അസി. സെക്രട്ടറി എ.പി. നിഷ, വി.ടി. രാഘവൻ എന്നിവരോട് 18-ന് ശനിയാഴ്ച കുടുംബത്തോടൊപ്പം ഡൽഹിയിലേക്ക് പോവുന്നകാര്യം അന്ന് ഭക്ഷണം കഴിക്കുന്നവേളയിൽ ഇന്ദു പറഞ്ഞിരുന്നു.

22-ന് തിരിച്ചെത്തും 23-ന് വ്യാഴാഴ്ച ജോലിക്കെത്തുമ്പോൾ മധുരം കൊണ്ടുവരാമെന്ന് പറഞ്ഞാണ് ഇന്ദു അന്ന് ഓഫീസിൽനിന്ന് ഇറങ്ങിയത്. 18-ന് നെടുമ്പാശ്ശേരിയിൽനിന്നാണ് ഡൽഹിക്കുപോയത്. പുറപ്പെട്ടശേഷം വാട്‌സാപ്പിലോ ഫോണിലോ സഹപ്രവർത്തകരാരുമായി സംസാരിച്ചിട്ടില്ല. ഡൽഹിയിലേക്കെന്നു പറഞ്ഞുപോയ ഇന്ദു നേപ്പാളിൽ മരിച്ചതായി വിവരം ടി.വി.യിൽ കണ്ടപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്ന് ശൈലജ പറഞ്ഞു. ബന്ധുക്കളുമായി സംസാരിച്ചപ്പോഴാണ് ഈ വാർത്ത സ്ഥിരീകരിക്കാനായത്. സുഹൃത്തുക്കളും കുടുംബവുമായി യാത്രപോവുന്നത് എവിടേക്കെന്ന് ഇന്ദു കൃത്യമായി അറിഞ്ഞിരുന്നില്ലെന്ന്, നടുക്കത്തിൽനിന്ന് മുക്തമായിട്ടില്ലാത്ത ജുന പറഞ്ഞു. ബാങ്കിലെ കൗണ്ടറിൽ വായ്പ, നിേക്ഷപ വിഭാഗം കൈകാര്യം ചെയ്തിരുന്ന സീറ്റിൽ ഇരിക്കാൻ ഇനി ഇന്ദു ഉണ്ടാവില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ സഹപ്രവർത്തകർ ഏറെ പാടുപെട്ടു.

ജോലിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും എറണാകുളത്തുമായാണ് താമസമെങ്കിലും ആഴ്ചയിലൊരിക്കലെങ്കിലും കുന്ദമംഗലത്തെ വീട്ടിൽ എത്താറുള്ള രഞ്ജു എന്ന് നാട്ടുകാർ വിളിക്കുന്ന രഞ്ജിത്ത് കുമാറിന് നാട്ടിൽ വലിയ സൗഹൃദവലയമുണ്ട്. നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടാകാറുള്ള രഞ്ജു എഴാം ക്ലാസ് വരെയാണ് കുന്ദമംഗലത്ത് പഠനം നടത്തിയിട്ടുള്ളത്.

പിന്നീട് നടക്കാവിൽ മാതൃസഹോദരിയുടെ വീട്ടിൽ താമസിച്ച് വെസ്റ്റ്ഹിൽ ടെക്‌നിക്കൽ ഹൈസ്‌കൂളിലും തുടർന്ന് ദേവഗിരി കോളജിലുമാണ് പഠിച്ചത്. തിരുവനന്തപുരത്തുള്ള കെ.എസ്.ആർ.ടി.സി എൻജിനീയറിങ് കോളജിൽനിന്ന് ബി.ടെക് ബിരുദത്തിനുശേഷം ബംഗളൂരുവിൽനിന്ന് എം.ടെക് ബിരുദവുമെടുത്തു. തുടർന്ന് തിരുവനന്തപുരം ടെക്‌നോപാർക്കിലും എറണാകുളത്ത് ഇൻഫോപാർക്കിലെ ടാറ്റ കൺസൾട്ടൻസിയിലുമായി ജോലി ചെയ്തു. ഈയടുത്ത് ജോലിയിൽനിന്ന് രാജിവെച്ച് സുഹൃത്തുമായി ചേർന്ന് കോഴിക്കോട് കേന്ദ്രമായി സോഫ്റ്റ്‌വെയർ കമ്പനി പ്രവർത്തനം തുടങ്ങിയ സമയത്താണ് മരണം തട്ടിയെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP