Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാം യുവജന യാത്രയുടെ ആദ്യ ഘട്ടത്തിൽ ലഭിച്ചത് അടുത്ത കാലത്തൊന്നും യൂത്ത് ലീഗിന് ലഭിക്കാത്ത മൈലേജ്; മധ്യ കേരളത്തിൽ പോലും ജാഥയുടെ സ്വീകരണ പരിപാടിയിലേക്ക് ഒഴുകി എത്തിയത് നിരവധി പ്രവർത്തകർ; എന്നാൽ മുപ്പത് വർഷം മുമ്പ് നടന്ന ഒന്നാം യുവജന യാത്രയുടെ ചരിത്രവിജയത്തിന്റെ ഏഴയലത്ത് പോലും രണ്ടാം യുവജനയാത്ര എത്തുന്നില്ലെന്ന് വിലയിരുത്തി പ്രധാന നേതാക്കൾ: ജാഥയിലുട നീളം നടക്കുന്നത് പി.കെ ഫിറോസിന്റെ വൺമാൻ ഷോ എന്ന പരാതിയുമായി പ്രവർത്തകർ

രണ്ടാം യുവജന യാത്രയുടെ ആദ്യ ഘട്ടത്തിൽ ലഭിച്ചത് അടുത്ത കാലത്തൊന്നും യൂത്ത് ലീഗിന് ലഭിക്കാത്ത മൈലേജ്; മധ്യ കേരളത്തിൽ പോലും ജാഥയുടെ സ്വീകരണ പരിപാടിയിലേക്ക് ഒഴുകി എത്തിയത് നിരവധി പ്രവർത്തകർ; എന്നാൽ മുപ്പത് വർഷം മുമ്പ് നടന്ന ഒന്നാം യുവജന യാത്രയുടെ ചരിത്രവിജയത്തിന്റെ ഏഴയലത്ത് പോലും രണ്ടാം യുവജനയാത്ര എത്തുന്നില്ലെന്ന് വിലയിരുത്തി പ്രധാന നേതാക്കൾ: ജാഥയിലുട നീളം നടക്കുന്നത് പി.കെ ഫിറോസിന്റെ വൺമാൻ ഷോ എന്ന പരാതിയുമായി പ്രവർത്തകർ

ടി.പി.ഹബീബ്

കോഴിക്കോട്: അടുത്ത കാലത്തൊന്നും യൂത്ത് ലീഗിന് ലഭിക്കാത്ത മൈലേജാണ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേത്യത്വത്തിൽ നടക്കുന്ന രണ്ടാം യുവജന യാത്രക്ക് ആദ്യ ഘട്ടത്തിൽ ലഭിച്ചത്. മലബാറിൽ മാത്രമല്ല മധ്യ കേരളത്തിലും ആവേശത്തോടെയാണ് പ്രവർത്തകർ ജാഥയുടെ സ്വീകരണ പരിപാടിയിൽ ഒഴുകിയെത്തുന്നത്. എന്നാൽ ജാഥയ്ക്ക് ആദ്യം ലഭിച്ച പൊരിശയും പെരുമയും രണ്ടാം ഘട്ടത്തിൽ നഷ്ടപ്പെട്ട് തുടങ്ങി എന്നതാണ് ഒരു വിഭാഗം യൂത്ത് ലീഗ് നേതാക്കളുടെ ആശങ്ക.

മുപ്പത് വർഷം മുമ്പ് എം.കെ.മുനീറിന്റെ നേത്യത്വത്തിൽ നടന്ന ഒന്നാം യുവജന യാത്രയുടെ ചരിത്രവിജയത്തിന്റെ ഏഴയലത്ത് പോലും രണ്ടാം യുവജനയാത്ര എത്തുന്നില്ലെന്നതാണ് പ്രധാന നേതാക്കൾ വിലയിരുത്തുന്നത്. ഇ.കെ.നായനാരുടെ നേത്യത്വത്തിലുള്ള സംസ്ഥാന സർക്കാറിന് തലവേദന സൃഷ്ടിച്ച് കൊണ്ട് മുന്നേറിയ ആദ്യ യുവജനയാത്ര കെട്ടിലും മട്ടിലും സംഘാടനത്തിലും മുദ്രാവാക്യത്തിലും മികച്ച് നിന്നിരുന്നു. ഒരു ദിവസത്തെ കാൽ നട യാത്ര അവസാനിക്കുന്നിടത്ത് ഒരു വര വരഞ്ഞ് അടുത്ത ദിവസം അവിടെ വെച്ച് തന്നെ ജാഥ തുടങ്ങുന്ന രീതിയായിരുന്നു അവലംബിച്ചിരുന്നത്. മുമ്പിൽ നിന്നും എം.കെ. മുനീർ നയിച്ച ജാഥക്ക് പിന്നിൽ സി. മമ്മൂട്ടിയും എം.സി.ഖമറുദ്ദീൻ തുടങ്ങിയവരുടെ അകമഴിഞ്ഞ സേവനങ്ങളിലൂടെ ജാഥ കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇടം നേടി. എന്നാൽ പാണക്കാട് മുനവ്വറലി തങ്ങളെ പിന്നിൽ നിർത്തി കൊണ്ട് ഇപ്പോൾ ഫിറോസ് ജാഥയിലുട നീളം വൺമാൻ ഷോ കാണിച്ച് കൊണ്ടിരിക്കുന്നുവെന്ന പരാതിയാണ് ഇപ്പോൾ വ്യാപകമായി ഉയർന്നു വന്നിട്ടുള്ളത്.

ജാഥയിലെ സംഘാടനത്തിലെ അപാകതയും ചർച്ചക്കിടെ നൽകുന്നത്. മലപ്പുറം,കോഴിക്കോട് ജില്ലകളിലെ സ്വീകരണ പരിപാടികളിൽ കോൺഗ്രസിനെ കടത്തി വെട്ടി കൊണ്ടുള്ള കസേര പോരുകൾ നടന്നതും ചർച്ചക്കിടയാക്കിയിട്ടുണ്ട്. മുതിർന്ന നേതാക്കളെ വേദിയിലിരുത്തി മണിക്കൂറുകളോളം ഫിറോസിന്റെ പ്രസംഗം കത്തി കയറിയത് മൂലം വേദിയിൽ നിന്നും തടിയെടുത്ത് മുങ്ങിയ മുതിർന്ന നേതാക്കളുടെ എണ്ണവും നിരവധിയാണ്.

'കാൽനട വാഹന യുവജന യാത്രയ്ക്ക് '(വിമർശകർ യുവജനയാത്രക്ക് നൽകിയ പേരാണിത്) വേണ്ടി സിനിമാ താരങ്ങളെ ഹൈലൈറ്റ് ചെയ്യുന്ന രീതിയിൽ നേതാക്കളുടെ കളർ ഫോട്ടോകൾക്ക് അമിത പ്രാധാന്യം കൊടുത്ത നോട്ടീസ് ഇറക്കിയതും ചർച്ചയായിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ ബഹളത്തിൽ നിന്നും പുറത്തു വരാൻ ജാഥയ്ക്ക് സാധിച്ചിട്ടില്ലെന്നതും പാർട്ടിക്കുള്ളിൽ നടത്തിയ പരിശോധനയിലെ പ്രധാന പരാജയത്തിന്റെ കാരണങ്ങളിലൊന്നാണ്. ഗ്രാമങ്ങളിൽ ജാഥയുടെ മുദ്രാവാക്യങ്ങൾ വിശദീകരിച്ച് കൊടുക്കാൻ സാധിക്കാത്തതും പ്രധാന പരാജയങ്ങളിലെന്നാണ്.

സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് തൊടുത്തു വിട്ട ആസ്ത്രമായിരുന്നു കെ.ടി.ജലീലിന്റെ ബന്ധു നിയമന വിവാദം. മന്ത്രി ജലീലിനെ കശക്കിയെറിയാൻ ഫിറോസിന് സാധിച്ചുവെന്നത് നൂറ് ശതമാനം സത്യമെന്ന് എതിരാളികൾ പോലും സമ്മതിക്കും. ഒരാഴ്ചക്കാലം പത്ര ദ്യശ്യ മാധ്യമങ്ങളിൽ വിഷയം സജീവമക്കാനും ഫിറോസിന് സാധിച്ചു. യൂത്ത് ലീഗിന്റെ യുവജന യാത്ര തുടങ്ങുന്നതിന് മുമ്പ് ജാഥക്ക് മിന്നും തിളക്കം ലഭിക്കാൻ ഫിറോസിന്റെ മന്ത്രിക്കെതിരെയുള്ള നിലപാടിലൂടെ സാധിച്ചു.യു.ഡി.എഫിനെ കൊണ്ട് മന്ത്രി കെ.ടി.ജലീലിനെ ബഹിഷ്‌കരിക്കാൻ വരെ തീരുമാനമെടുത്തത് യൂത്ത് ലീഗിന്റെ സമരവീര്യമായിരുന്നു.

യൂത്ത് ലീഗ് ജാഥയിലുട നീളം കെ.ടി.ജലീൽ വിഷയം മാത്രം എടുത്ത് പയറ്റിതുടങ്ങിയതോടെയാണ് യൂത്ത് ലീഗിൽ നിന്നു തന്നെ വിമർശനം ഉയർന്നത്. ഫിറോസിന്റെ വിശ്വവിഖ്യാതമായ അബദ്ധ പ്രസംഗവും വന്നതോടെ സംഗതികൾ കീഴ്മേൽ മറിഞ്ഞു. എം.എസ്.എഫ്,യൂത്ത് ലീഗുകാർ രാഷ്ട്രീയ സാക്ഷരത നേടുന്നതിനോടൊപ്പം ഇന്ത്യൻ രാഷ്ട്രീയ ചരിത്രം പഠിക്കണമെന്ന സി.എച്ചിന്റെ വാക്കുകളെ തളർത്തുന്ന ഭീമാബദ്ധമാണ് ഫിറോസിന് സംഭവിച്ചത്. ട്രോളും ട്രോളിൻ മേൽ ട്രോളുമായി രംഗം കൊഴുത്തതോടെ ജാഥയെ കുറിച്ച് അപസ്വരങ്ങളുയർന്നു.മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രധാന മന്ത്രി മോദിക്കെതിരെയുമുള്ള വിമർശനങ്ങൾ കുറയുകയും ജാഥ കേവലം ജലീലിനെതിരെ മാത്രമാണെന്ന മട്ടിൽ കാര്യങ്ങൾ എത്തുന്ന രീതിയിൽ പ്രസംഗം വന്ന് തുടങ്ങിയതോടെയാണ് നേതാക്കൾക്കിടയിൽ അലോസരങ്ങൾ ഉയർന്നത്.

ജാഥക്കിടയിൽ ഫിറോസ് നടത്തിയ ഏഴ് പത്രസമ്മേളനത്തിലെയും പ്രധാന വിഷയം ജലീലിൽ വിഷയം മാത്രമായിരുന്നു.ജലീനെതിരെ സംസാരിക്കമെന്നതിനെ കുറിച്ച് യൂത്ത് ലീഗ് നേതാക്കൾക്ക് ആർക്കും എതിരഭിപ്രായമില്ല.എന്നാൽ ജാഥയിലെ പ്രധാന വിഷയങ്ങൾ മാറ്റിവെച്ച് സംസാരിക്കേണ്ട വിഷയമാണോ ഇത് എന്നതാണ് നേതാക്കളുടെ ചോദ്യം.കേന്ദ്രത്തിൽ കത്തി നിൽക്കുന്ന മോദിയുടെ റഫേൽ അഴിമതിയെ കുറിച്ചോ സെമിഫൈനൽ മൽസരമെന്ന് വിശേഷിപ്പിച്ച നിയമ സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തിരിച്ചു വരവിനെ കുറിച്ചോ വാചാലമാകേണ്ട സമയത്തും കെ.ടി.ജലീൽ വിഷയം മാത്രം ചർച്ച ചെയ്തതാണ് പ്രവർത്തകർക്കിടയിൽ നിരാശബാധിച്ചത്.

സിപിഎം വിരുദ്ധ ആവോളം നെഞ്ചേറ്റുന്ന എം.കെ.മുനീർ,കെ.എം.ഷാജി തുടങ്ങിയവർക്ക് ലഭിക്കുന്ന അണികളുടെ നിറഞ്ഞ പിന്തുണ തകർക്കാനുള്ള പുതിയ നീക്കവും അണിയറയിൽ സജീവമാണ്. മുനീറും ഷാജിയും പ്രയോഗിക്കുന്ന കടു കടുത്ത മാർകിസ്റ്റ് വിരുദ്ധത തന്നെ ഫിറോസിനെ കൊണ്ടും എടുത്ത് പ്രയോഗിക്കാനുള്ള തന്ത്രവും ഇതിനിടെ നടക്കുന്നുണ്ട്.പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നിറഞ്ഞ പിന്തുണയോടെ പുതിയ നേത്യ തലത്തിൽ പി.കെ.ഫിറോസിനെ പ്രതിഷ്ഠിക്കാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നതെന്ന വാർത്തയും പുറത്ത് വന്നിട്ടുണ്ട്.

യുവജന യാത്രയിൽ വിവാദങ്ങളില്ലാതെ മാന്യതയുടെ കൊടുമുടിയിലാണ് പാണക്കാട് മുനവ്വറലി തങ്ങൾക്ക് ലഭിക്കുന്നത്.സംസ്ഥാന വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരത്തിന്റെ ഫൈസ് ബുക്ക് പോസ്റ്റ് പാർട്ടി അണികളിൽ ഇപ്പോൾ വൈറലായിട്ടുണ്ട്.ഒന്നിച്ച് യാത്ര ചെയ്യുമ്പോൾ മുനവ്വറലി തങ്ങൾ കാണിക്കുന്ന മാന്യതയുടെ നിറഞ്ഞ മാനങ്ങൾ മറ്റ് നേതാക്കൾക്ക് ഏറെ ആഹ്ലാദവും സന്തോഷവും ജനിപ്പിക്കുന്നുണ്ട്.യാത്രാംഗങ്ങളിൽ മുഴുവൻ പേർക്കും ഭക്ഷണവും താമസവുമടക്കം മുഴുവൻ കാര്യങ്ങളും അതീവ താൽപര്യത്തോടെ ശ്രദ്ധിക്കുന്ന മുനവ്വറലി തങ്ങളുടെ പെരുമാറ്റത്തെ കുറിച്ച് ജാഥാംഗങ്ങൾക്ക് പറയാൻ നൂറ് നാവാണ്. നജീബ് കാന്തപുരം എഫ്.ബി.യിൽ കുറിച്ചിരിക്കുന്ന യാത്രാനുഭവങ്ങളാണ് ഇപ്പോൾ വൈറലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP