Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

64 ശതമാനം മലയാളികളും ഭരണത്തിൽ സംതൃപ്തർ; നിരാശപ്പെടുന്നവർ 23 ശതമാനം മാത്രം; 41 ശതമാനം പേർ ഡിസ്റ്റിങ്ഷൻ നൽകിയപ്പോൾ തോറ്റെന്ന് പറഞ്ഞത് 23 ശതമാനം പേർ മാത്രം: പിണറായി സർക്കാരിന്റെ 100 ദിവസത്തെ ഭരണം കേരളം വിലയിരുത്തുന്നത് ഇങ്ങനെ

64 ശതമാനം മലയാളികളും ഭരണത്തിൽ സംതൃപ്തർ; നിരാശപ്പെടുന്നവർ 23 ശതമാനം മാത്രം; 41 ശതമാനം പേർ ഡിസ്റ്റിങ്ഷൻ നൽകിയപ്പോൾ തോറ്റെന്ന് പറഞ്ഞത് 23 ശതമാനം പേർ മാത്രം: പിണറായി സർക്കാരിന്റെ 100 ദിവസത്തെ ഭരണം കേരളം വിലയിരുത്തുന്നത് ഇങ്ങനെ

ടീം മറുനാടൻ

തിരുവനന്തപുരം: കേരള ഭരണത്തിന്റെ 100 ദിവസങ്ങൾ പൂർത്തിയാക്കിയ പിണറായി വിജയൻ സർക്കാറിന് പാസ് മാർക്ക് നൽകി മറുനാടൻ വായനക്കാർ. ഏറെ പ്രതീക്ഷകളുടെ ഭാരവുമായി അധികാരമേറ്റ എൽഡിഎഫ് സർക്കാർ ജനങ്ങളുടെ അഭിലാഷം നടപ്പിലാക്കി മുന്നോട്ടു പോകുന്നു എന്ന നിഗമനമാണ് മറുനാടൻ മലയാളി നടത്തിയ സർവേയിൽ ഉരുത്തിരിഞ്ഞു വന്നത്. സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷം പേരും പിണറായി വിജയൻ സർക്കാറിൽ സംതൃപ്തരാണെന്ന അഭിപ്രായം രേഖപ്പെടുത്തി. സർക്കാറിന്റെ നൂറ് ദിവസത്തെ പ്രവർത്തനത്തിനിടയിൽ നിരവധി വിവാദങ്ങൾ ഉണ്ടായെങ്കിലും അഴിമതി ആരോപണങ്ങളൊന്നും ഉയർന്നിരുന്നില്ല. കൂടാതെ ക്ഷേമപെൻഷൻ വീട്ടിലെത്തിച്ചു നൽകിയും ജേക്കബ് തോമസിനെയും ഋഷിരാജ് സിംഗിനെയും പോലുള്ള ഉദ്യോഗസ്ഥരെ മികച്ച സ്ഥാനങ്ങളിൽ നിയമിച്ചും കൈയടി നേടുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിലാണ് മറുനാടൻ വായനക്കാർ പിണറായി സർക്കാറിന് പാസ്മാർക്ക് നൽകിയത്.

35,900 പേരാണ് മറുനാടൻ മലയാളി സംഘടിപ്പിച്ച സർവേയിൽ ആകെ പങ്കാളികളായത്. ഇതിൽ 41.6 ശതമാനം പേരും പിണറായി സർക്കാറിന് ഡിസ്റ്റിങ്ഷൻ മാർക്ക് നൽകി. പിണറായി ഭരണം വളരെ മെച്ചമാണെന്ന അഭിപ്രായമായണ് ഇവർ രേഖപ്പെടുത്തിയത്. അതേസമയം പ്രതീക്ഷിച്ചതു പോലെ എന്ന അഭിപ്രായം രേഖപ്പെടുത്തി സർക്കാറിനെ പിന്തുണച്ചത് 22.1 ശതമാനം പേരാണ്. ഇങ്ങനെ മൊത്തം 63.7 ശതമാനം പേർ പിണറായി സർക്കാറിനെ പിന്തുണച്ചു കൊണ്ട് സർവേയിൽ പങ്കാളികളായി.

അതേസമയം ഭരണം പിണറായി വിജയൻ സർക്കാറിനെ കോട്ടങ്ങൾ ചൂണ്ടിക്കാട്ടിയവരും കുറവല്ല. ഈ കോട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാറിനെതിരെ വോട്ട് രേഖപ്പെടുത്തിയത്. 36.3 ശതമാനം പേർ പിണറായിയുടെ ഭരണത്തിന് എതിരായി വോട്ട് ചെയ്തു. ഇതിൽ പ്രതീക്ഷിച്ചതിനേക്കാൾ മോശമെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 13.7 ശതമാനം പേരാണ്. നിരാശാജനകമെന്ന അഭിപ്രായം 10.1 ശതമാനവും രേഖപ്പെടുത്തി. പരിതാപകരമെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. 12.5 ശതമാനം പേരാണ്. ചുരുക്കത്തിൽ 100 ദിവസത്തെ ഭരണത്തിലെ നേട്ടങ്ങൾക്ക് പാസ്മാർക്ക് നൽകി ഇനിയും മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകതയെയാണ് മറുനാടൻ സർവേ ചൂണ്ടിക്കാട്ടിയത്.

സർക്കാറിന്റെ നൂറ് ദിവസത്തെ നേട്ടങ്ങളും കോട്ടങ്ങളും ഉൾപ്പെടുത്തിയുള്ള വിവരണത്തോടൊപ്പം 17 ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടായിരുന്നു മറുനാടൻ മലയാളി സർവേ സംഘടിപ്പിച്ചത്. ഇതിൽ ഒന്നാമതായുള്ള ചോദ്യം പിണറായി സർക്കാറിനെ എങ്ങനെ വിലയിരുത്തുന്നു എന്നതായിരുന്നു. ഇത് കൂടാതെ എത്രമാർക്ക് നൽകാം എന്ന മറ്റൊരു ചോദ്യം കൂടി ഉൾപ്പെടുത്തിയിരുന്നു. സർക്കാറിന് എത്രമാർക്ക് നൽകാം എന്നതായിരുന്നു ചോദ്യം. ഇതിൽ സർവേയിൽ പങ്കെടുത്ത 40.3 ശതമാനം പേരും 80 മാർക്കിൽ കൂടുതൽ പിണറായി സർക്കാർ അർഹിക്കുന്നതായി അഭിപ്രായപ്പെട്ടു. 60 മുതൽ 80 മാർക്ക് വരെ മാത്രമേ സർക്കാർ അർഹിക്കുന്നൂള്ളൂവെന്ന് 17 ശതമാനം ആളുകളും 50 മുതൽ 60 ശതമാനം വരെ മാർക്കിന് അർഹരാണെന്ന് 12 ശതമാനം പേരും 40-50 മാർക്കിന് അർഹരാണെന്ന് 8 ശതമാനം പേരും അഭിപ്രായപ്പെട്ടു. അതേസമയം ഭരണം വളരെ മോശമാണെന്ന അഭിപ്രായത്തിൽ 21.7 ശതമാനം പേരാണ് രംഗത്തുവന്നത്.

മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനെ വിലയിരുത്തുന്ന വിധത്തിലുള്ള ചോദ്യവും മറുനാടൻ സർവേയിൽ ഉൾപ്പെടുത്തിയിരുന്നു. പിണറായി വിജയന് പ്രവർത്തിയേക്കാൾ താൽപ്പര്യം പ്രഖ്യാപനത്തിലാണോ എന്നതായിരുന്നു ചോദ്യം. ഈ വിഷയത്തിലും ജനപിന്തുണ നേടാൻ പിണറായിക്ക് സാധിച്ചു. 57.9 ശതമാനം പേർ പിണറായിക്ക് പ്രഖ്യാപനങ്ങളിൽ വലിയ താൽപ്പര്യമില്ല പ്രവൃത്തിയോടാണ് താൽപ്പര്യമെന്ന അഭിപ്രായം രേഖപ്പെടുത്തി. അതേസമയം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്നുവെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 32.9 ശതമാനം പേരാണ്. ഈ വിഷത്തിൽ 9.2 ശതമാനം പേർ അഭിപ്രായങ്ങളൊന്നും രേഖപ്പെടുത്തിയില്ല.

പിണറായി വിജയന്റെ കീഴിൽ കേരളത്തിന്റെ അന്തസ് ഉയർന്നോ എന്ന കാര്യത്തിലും സർക്കാറിന് പിന്തുണ ലഭിച്ചു. 56 ശതമാനം പേർ അന്തസ് ഉയർന്നു എന്ന അഭിപ്രായം രേഖപ്പെടുത്തി. ഇല്ലെന്ന് പറഞ്ഞത് 22.9 ശതമാനം പേരാണ്. എന്നാൽ പിണറായി വിജയൻ സർക്കാറിന് കീഴിൽ കേരളത്തിന്റെ അന്തസ്സ് താഴ്ന്നു എന്ന് പറഞ്ഞത് 14.5 ശതമാനം ആളുകളാണ്. ഈ വിഷയത്തിൽ 6.7 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.

പുതിയ സർക്കാറിന്റെ വികസന പദ്ധതികളെ ക്കുറിച്ച് വലിയ ധാരണ ഇക്കാലയളവിൽ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ കരുതലോടെയാണ് വായനക്കാർ പ്രതികരിച്ചതും. പിണറായിയുടെ വികസന പദ്ധതികൾ വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത് 29.4 ശതമാനം പേരാണ്. പ്രതീക്ഷാജനകം എന്ന അഭിപ്രായം 36.4 ശതമാനം പേരും രേഖപ്പെടുത്തി. ശരാശരിയെന്ന് 15.8 ശതമാനവും നിരാശാജനകം എന്ന് 9.2 ശതമാനവും വളരെ മോശമാണെന്ന് അഭിപ്രായം 9.2 ശതമാനവും രേഖപ്പെടുത്തി.

സർക്കാറിന്റെ നൂറ് ദിവസത്തെ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ചു നിന്നത് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റായിരുന്നു. ജംഗ്ഫുഡ് ടാക്‌സ് അടക്കം ദേശീയ ശ്രദ്ധ ആകർഷിച്ച പ്രഖ്യാപനങ്ങൾ ഉൾപ്പെട്ടതായിരുന്നു ഐസക്കിന്റെ ബജറ്റ്. അതുകൊണ്ട് തന്നെ സംസ്ഥാന ബജറ്റിന് മറുനാടൻ സർവേയിൽ മികച്ച അഭിപ്രായമാണ് ലഭിച്ചത്. 33. 2 ശതമാനം പേർ പിണറായി വിജയൻ സർക്കാറിന്റെ ആദ്യ ബജറ്റ് വളരെ നല്ലതാണെന്ന അഭിപ്രായം രേഖപ്പെടുത്തി. നല്ലതെന്ന അഭിപ്രായം 26 ശതമാനവും ശരാശരിയെന്ന അഭിപ്രായം 24.9 ശതമാനവും രേഖപ്പെടുത്തി. അതേസമയം മോശമാണെന്ന് പറഞ്ഞത് 8.2 ശതമാനം പേരായിരുന്നു. വളരെ മോശമെന്ന് 7.7 ശതമാനം പേർ അഭിപ്രായപ്പെട്ടു.

ബജറ്റിന് കിട്ടിയ പിന്തുണ ഐസക് എന്ന മികച്ച മന്ത്രിക്ക് കിട്ടിയ പിന്തുണ കൂടിയാണ്. ഈ മന്ത്രിസഭയിലെ പരിചയ സമ്പന്നനും മികച്ച മന്ത്രിയും കൂടിയാണ് ഐസക്. പൊതുവിൽ പിണറായി വിജയൻ സർക്കാറിന്റെ ഭരണത്തിന് പിന്തുണ നൽകിയാണ് സർവേ അവസാനിച്ചത്. എന്തലും പല മേഖലകളിലും സർക്കാർ ബഹുദൂരം മുന്നോട്ട് പോകാനുണ്ടെന്ന സൂചനയും സർവേ നൽകുന്നു. തുടർഭരണമെന്ന് എൽഡിഎഫ് നേതാക്കൾ ഇടയ്ക്കിടെ പറയുമ്പോഴും അതിലേക്ക് എത്താൻ വേണ്ടി ഇനിയും ഏറെ പരിശ്രമം ആവശ്യമാണെന്ന വ്യക്തമായ സൂചനയാണ് മറുനാടൻ സർവേ.

17 ചോദ്യങ്ങൾ ഉൾപ്പെടുത്തി മറുനാടൻ നടത്തിയ സർവേയിലെ രണ്ട് ഫല സൂചനകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. 100 ദിവസത്തിനുള്ളിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ മന്ത്രിമാരുടെ വിവരങ്ങളും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളെ കുറിച്ചുള്ള വിലയിരുത്തലിന്റെയും ഫലസൂചനയും സംബന്ധിച്ച വാർത്തയാണ് പുറത്തുവിട്ടത്. മൂന്ന് ദിവസം മുമ്പ് ആരംഭിച്ച സർവേ ഇന്നലെ അർദ്ധരാത്രിയോടെയാണ് അവസാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP