Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നും നടക്കില്ലെന്ന് പറഞ്ഞ ഗെയിൽ പദ്ധതി ഉൾപ്പടെ എന്തും നടക്കുമെന്ന സ്ഥിതിയായി; എതിർക്കുന്നവർപോലും കുറ്റമില്ലെന്ന് പറഞ്ഞത് നിരവധി അവസരങ്ങളിൽ; നാട് മാറ്റം ആഗ്രഹിച്ചപ്പോൾ സർക്കാർ ഒപ്പം നിന്നു; 1000 ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി; മുഖ്യമന്ത്രിക്കൊപ്പം ചടങ്ങിന് ദീപം തെളിയിച്ച് ലിനി സിസ്റ്ററുടെ മക്കളും; 1000 ദിനം കൊണ്ട് കേരളത്തിലുണ്ടായത് സ്വപ്നം കാണാൻ കഴിയാത്ത മുന്നേറ്റമെന്ന് പിണറായി വിജയൻ

ഒന്നും നടക്കില്ലെന്ന് പറഞ്ഞ ഗെയിൽ പദ്ധതി ഉൾപ്പടെ എന്തും നടക്കുമെന്ന സ്ഥിതിയായി; എതിർക്കുന്നവർപോലും കുറ്റമില്ലെന്ന് പറഞ്ഞത് നിരവധി അവസരങ്ങളിൽ; നാട് മാറ്റം ആഗ്രഹിച്ചപ്പോൾ സർക്കാർ ഒപ്പം നിന്നു; 1000 ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി; മുഖ്യമന്ത്രിക്കൊപ്പം ചടങ്ങിന് ദീപം തെളിയിച്ച് ലിനി സിസ്റ്ററുടെ മക്കളും; 1000 ദിനം കൊണ്ട് കേരളത്തിലുണ്ടായത് സ്വപ്നം കാണാൻ കഴിയാത്ത മുന്നേറ്റമെന്ന് പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനം ആഘോഷപരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് നിർവ്വഹിച്ചു. ഒരാഴ്ച നീണ്ട് നിൽക്കുന്ന പരിപാടിയുടെ സമാപനം 27ന് തിരുവനന്തപുരത്ത് നടക്കും.വികസനത്തിലും അടസ്ഥാനസൗകര്യത്തിലും സ്വപ്നം കാണാൻ കഴിയാത്ത മുന്നേറ്റമാണ് 1000 ദിനം കൊണ്ട് കേരളത്തിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാട് മാറ്റം ആഗ്രഹിച്ചപ്പോൾ സർക്കാരതിന് കൂടെനിന്നു, അപ്പോൾ അതിന്റേതായ മാറ്റങ്ങളുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് കടപ്പുറത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെയൊന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്ത ഇവിടെ പലതും നടക്കുമെന്ന ബോധ്യത്തിലേക്ക് മാറ്റാൻ 1000 ദിനം കൊണ്ട് കഴിഞ്ഞു. ഇത്തരം ഇടപെടലുകൾ വിവിധ തലങ്ങളിൽ വരുന്നുണ്ട്. അതിവേഗതയിൽ പല കാര്യങ്ങളും നിർവഹിക്കാനാവുന്നുണ്ട്. സർക്കാരിനെ എതിർക്കുന്നവർക്ക് പോലും ആരോപണം ഉന്നയിക്കാനാവാത്ത വിധം അഴിമതിക്കെതിരായ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്.

പദ്ധതികൾ പറഞ്ഞ കാലയളവിൽ കൃത്യമായി പൂർത്തിയാക്കാനാവുമെന്ന് 1000 ദിനം കൊണ്ട് കാണിച്ചുകൊടുക്കാനായി. മനോഭാവത്തിൽ പോസിറ്റീവായ മാറ്റമുണ്ടാക്കാനായതുകൊണ്ട ഇത്തരം ഒട്ടേറെ ഉദാഹരണങ്ങൾ പറയാനുണ്ടായി.ഗെയിൽ പൈപ്പ് ലൈൻ ഉടൻ ഉദ്ഘാടനം ചെയ്യാനാവുന്ന പപദ്ധതിയാണ്. പ്രളയം വന്നില്ലായിരുന്നെങ്കിൽ ഇതിനകം ഉദ്ഘാടനം കഴിഞ്ഞേനെ. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഒട്ടേറെ വീടുകളിൽ ഗുണം ലഭിക്കും. 30 മുതൽ 35 ശതമാനം വരെ ഇന്ധനവില കുറച്ചുലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വലിയതോതിലുള്ള ഇത്തരം ഇടപെടലുകൾക്ക് ദേശീയപാത വികസനവും ഉദാഹരണമാണ്. എല്ലാ തടസ്സങ്ങളും മാറിയതിനാൽ അധികം വൈകാതെ പണി തുടങ്ങാനാകും. കോവളം-ബേക്കൽ ജലപായയും 2020ൽ പൂർത്തിയാക്കും. ജലപാതയിലൂടെയുള്ള യാത്ര ടൂറിസ്റ്റുകൾക്ക് ഹരം പകരും. 600 കിലോമീറ്ററിൽ 25 കിലോമീറ്ററോളം ഇടവിട്ട് ടൂറിസ്റ്റ് കേന്ദ്രങ്ങളും വരും. തീരദേശ, മലയോര ഹൈവേകളും വരുന്നുണ്ട്. ഇതിനായി 10,000 കോടി രൂയാണ് സംസ്ഥാന സർക്കാർ കണ്ടെത്തിയിട്ടുള്ളത്.

കൂടംകുളം പദ്ധതിയിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള തടസ്സവും മാറി. കൊച്ചി മെട്രോയുടെ വികസനവും വരുന്നുണ്ട്. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായി. ഇതെല്ലാം കാണിക്കുന്നത് നാടിന്റെ പശ്ചാത്തല സൗകര്യത്തിലുണ്ടായ വികസനമാണ്. 1000 ദിനങ്ങൾക്ക് മുമ്പ് ഇത് സ്വപ്നം കാണാൻ കഴിയില്ലായിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വികസനത്തിൽ നല്ല രീതിയിൽ ഇക്കാലത്ത് മുന്നേറിയതായാണ് അനുഭവം.കാലങ്ങളായി കഴിയുന്ന ഭൂമിക്ക് പട്ടയമില്ലാത്തവർക്ക് പട്ടയം കൊടുക്കാനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. ഇതിനകം 1,03,000 പട്ടയം നൽകി.

വികസന മിഷനുകളിലൂടെ സർവതലസ്പർശിയായ സാമൂഹ്യനീതിയിലധിഷ്ഠിതമായ വികസനമാണ് നടപ്പാക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിച്ച് 3,41,000 കുട്ടികൾ കൂടിയത് ചെറിയ കാര്യമല്ല. ആർദ്രം പദ്ധതിയിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മുതൽ മെഡിക്കൽ കോളേജുകൾ വരെ വന്ന മാറ്റവും മുമ്പ് ചിന്തിക്കാൻ കഴിയാത്തതാണ്.
ഹരിതകേരളം മിഷന്റെ ഭാഗമായി എത്ര ഫലപ്രദമായാണ് തദ്ദേശസ്ഥാപനങ്ങളും നാടാകെയും നദികളുടെയും ജലാശയങ്ങളുടെയും വീണ്ടെടുപ്പിനായി ഇറങ്ങിയത്. വിഷ പച്ചക്കറി ഒഴിവാക്കി പച്ചക്കറി ഉത്പാദനത്തിൽ നമ്മൾ സ്വയംപര്യാപ്തതയിലോട്ട് അടുക്കുകയാണ്. വീടില്ലാത്തവർക്കയുള്ള ലൈഫ് പദ്ധതിയും വിവിധഘട്ടങ്ങളിലായി മുന്നേറുകയാണ്.

നാടാകെ അണിനിരത്തി മാറ്റമുണ്ടാക്കുകയാണ്. ഇത്തരം ഒട്ടേറെ കാര്യങ്ങളാണ് വികസനത്തിൽ പ്രധാനം.
വ്യവസായം തുടങ്ങാനാഗ്രഹിക്കുന്നവർക്കും ഇവിടെ ഒന്നും നടക്കില്ല എന്ന വിചാരമായിരുന്നു. ഇതുമാറ്റിയെടുക്കാൻ നിക്ഷേപ സൗഹൃദമാക്കാനുള്ള നിയമം കൊണ്ടുവന്നു. ഇതിനായി നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്തു. അനുമതിക്കായി വിവിധ വകുപ്പുകളിൽ കയറിയിറങ്ങി ശ്വാസംമുട്ടുന്ന അവസ്ഥയില്ല. അപേക്ഷ നൽകി 30 ദിവസത്തിനുള്ളിൽ തീരുമാനമായില്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കി വ്യവസായം ഇനി തുടങ്ങാം.

ഇതുകൊണ്ടുതന്നെ വ്യവസായ ഭീമന്മാരായ നിസാൻ, ഫുജിത്സു തുടങ്ങിയവർ കേരളത്തിലേക്ക് കടന്നുവന്നു. ആയിരംദിനം മുമ്പ് ഇതൊന്നും ചിന്തിക്കാൻ കഴിയില്ലായിരുന്നു. സ്റ്റാർട്ടപ്പുകളുടെ കാര്യത്തിലും കേരളം ഇന്ത്യയിൽ മികച്ച നിലയിലാണ്.
നാട് വികസനം ആഗ്രഹിക്കുമ്പോൾ വഴിമുടക്കാനും ആഗ്രഹിക്കുന്നവർക്ക് ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ പ്രയാസമുണ്ടാകാം. ജനങ്ങളുടെ ഐക്യം ഉണ്ടാകാൻ പാടില്ല എന്ന് ഇത്തരക്കാർ ആഗ്രഹിക്കുന്നുണ്ടാകാം.

കേരളത്തിന്റെയാകെ ജനങ്ങളുടെ ഒരുമയും ഐക്യവുമാണ് നാം ലക്ഷ്യമിടുന്നത്. അതിന്റെ ഫലവുമുണ്ടായി. ഗുണഭോക്താക്കളായ ജനങ്ങൾ മുഴുവൻ അതിന്റെ ഭാഗമായി. ഇത് തകർത്ത് വിവിധ കമ്പാർട്ട്മെന്റുകളിൽ ജനങ്ങളെ മാറ്റാനുള്ള ശ്രമം നടക്കില്ല. നമുക്ക് നവോത്ഥാന പാരമ്പര്യത്തിൽ ഊന്നി വളർത്തിയെടുത്ത സംസ്‌കാരമുണ്ട്. അതിന്റെ ഭാഗമായി ഒരുമയും ഐക്യവും നിലനിന്നുപോകണമെന്നാണ് മഹാഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. മറ്റെല്ലാം തിരച്ചറിയാനും അവജ്ഞയോടെ തള്ളിക്കളയാനും ജനങ്ങൾക്കാകും. നിപ, ഓഖി, പ്രളയം തുടങ്ങിയ ദുരന്തങ്ങൾ നമ്മൾ ഒരുമയോടെ നേരിട്ടു. പക്ഷേ, യു.എ.ഇ ഉൾപ്പെടെയുള്ളവരുടെ സഹായങ്ങൾ സ്വീകരിക്കാതിരിക്കാൻ മുട്ടാപ്പോക്ക് നയം കേന്ദ്രം കൈക്കൊള്ളുകയായിരുന്നു. എന്നാൽ കരഞ്ഞിരിക്കാൻ കേരളം തയാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ 'സേഫ് കേരള' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. പല അപകടങ്ങളും അശ്രദ്ധ മൂലമാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വഴിയരികിൽ അപകടത്തിൽപ്പെട്ടവരെ ഒപ്പമുണ്ടായിരുന്ന ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാനായ സംഭവവും അദ്ദേഹം അനുസ്മരിച്ചു.

ഉദ്ഘാടനചടങ്ങിന് തിരികൊളുത്താൻ മുഖ്യമന്ത്രി പിണറായി വിജയന് ദീപം കൈമാറിയത് നിപ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട ലിനിയുടെ പിഞ്ചുമക്കളായ സിദ്ദാർഥും റിതിനുമാണ്. കുരുന്നുകൾക്ക് മുഖ്യമന്ത്രി ചടങ്ങിൽ ഉപഹാരങ്ങളും കൈമാറി.
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ 'പറഞ്ഞതെല്ലാം ചെയ്തുനിറഞ്ഞു, ഇനി നവകേരള നിർമ്മാണം' എന്ന പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുസ്തകം ഏറ്റുവാങ്ങി.
സാധാരണഗതിയിൽ നേരിടാത്ത ഒട്ടേറെ പ്രതിസന്ധികളെയും പ്രകൃതിദുരന്തങ്ങളെയും നേരിട്ടാണ് സർക്കാർ കഴിഞ്ഞ ആയിരംദിന മുന്നോട്ടുപോയതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ യാഥാർഥ്യമാക്കാൻ കഴിയുമെന്ന് ബോധ്യ്െപപട്ട ദിനങ്ങളാണ് പിന്നിട്ടതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എംപി. വീരേന്ദ്രകുമാർ എംപി, എ. പ്രദീപ്കുമാർ എംഎ‍ൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി തുടങ്ങിയവർ ആശംസകൾ നേർന്നു. തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു നന്ദി പറഞ്ഞു. എംഎ‍ൽഎമാരായ കെ. ദാസൻ, പി.ടി.എ റഹീം, ഇ.കെ. വിജയൻ, കാരാട്ട് റസാഖ്, വി.കെ.സി മമ്മദ്കോയ, ജോർജ് എം. തോമസ്, ട്രാൻസ്പോർട്ട് കമ്മീഷണർ സുദേഷ്‌കുമാർ, ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, ജില്ലാ കളക്ടർ എസ്. സാംബശിവ റാവു തുടങ്ങിയവർ സംബന്ധിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിനെത്തിയത് ആയിരങ്ങളാണ്. വിശാലമായ പന്തലും കടപ്പുറത്തൊരുക്കിയിരുന്ന കസേരകളും നിറഞ്ഞശേഷവും അനേകംപേരാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ഉദ്ഘാടനചടങ്ങിന് തിരികൊളുത്താൻ മുഖ്യമന്ത്രി പിണറായി വിജയന് ദീപം കൈമാറിയത് നിപ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട ലിനിയുടെ പിഞ്ചുമക്കളായ സിദ്ദാർഥും റിതിനുമാണ്. കുരുന്നുകൾക്ക് മുഖ്യമന്ത്രി ചടങ്ങിൽ ഉപഹാരങ്ങളും കൈമാറി.

വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഘോഷയാത്രയായാണ് ആയിരങ്ങൾ കടപ്പുറത്തേക്കെത്തിയത്. ഇതിനുപുറമേ ജനകീയോത്സവത്തിന് നാട്ടുകാരും ഒഴുകിയെത്തിയതോടെ സദസ്സ് നിറഞ്ഞൊഴുകി. ഉദ്ഘാടന ചടങ്ങിന് മുമ്പ് ഗായിക പുഷ്പവതിയുടെ ദ്രാവിഡ ബാന്റും ചടങ്ങിന് ശേഷം ഗായകൻ ഹരിഹരൻ അവതരിപ്പിച്ച ഗസലും കാഴ്ചക്കാർക്ക് വ്യത്യസ്തമായ സംഗീതാനുഭവമായി.

അതിജീവനം മുഖ്യപ്രമേയമായ വേദിയിലാണ് ചടങ്ങുകൾ നടന്നത്. കേരളം കടന്നുവന്ന പ്രളയദുരന്തം ഉൾപ്പെടെ ഓർമിപ്പിക്കാൻ രക്ഷാപ്രവർത്തനം നടത്തിയ വള്ളങ്ങളും വേദിയിൽ ഒരുക്കിയിരുന്നു. പ്രളയം മുക്കിയ ചേന്ദമംഗലത്തിന് കൈത്താങ്ങാകാൻ അവിടെ നിന്നെത്തിച്ച വർണ നൂലുകൾ വേദിയുടെ പശ്ചാത്തലത്തിനും കടപ്പുറത്തെ അലങ്കാരങ്ങൾക്കുമായി ഇഴചേർത്തിരുന്നു. കരിയിലകൾ ചേർത്തൊരുക്കിയ പശ്ചാത്തലവും വ്യത്യസ്തമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP