Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒന്നാം പ്രതിയുമായി സൗഹൃദമുണ്ട് എന്നത് ഫാദർ ജോസ് പുതൃകയിലിനെ കുറ്റക്കാരനായി കരുതാനുള്ള കാരണമല്ലെന്ന് സുപ്രീംകോടതി; സിസ്റ്റർ അഭയ കേസിൽ പുതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടയച്ചതിനെതിരെ സമർപ്പിച്ച ഹർജി തള്ളി

ഒന്നാം പ്രതിയുമായി സൗഹൃദമുണ്ട് എന്നത് ഫാദർ ജോസ് പുതൃകയിലിനെ കുറ്റക്കാരനായി കരുതാനുള്ള കാരണമല്ലെന്ന് സുപ്രീംകോടതി; സിസ്റ്റർ അഭയ കേസിൽ പുതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടയച്ചതിനെതിരെ സമർപ്പിച്ച ഹർജി തള്ളി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അഭയകേസിലെ രണ്ടാം പ്രതി ഫാദർ ജോസ് പുതൃകയലിനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയ വിചാരണ കോടതിയുടെ നടപടി ശരിവെച്ച് സുപ്രീംകോടതി. ഫാദർ ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടയച്ചതിനെതിരെ അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസുമാരായ അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹർജി തള്ളിയത്.

കേസിലെ ഒന്നാം പ്രതി തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവരുമായി സൗഹൃദമുണ്ട് എന്ന കാരണത്താൽ ഫാദർ ജോസ് പൂതൃക്കയിൽ കുറ്റകാരനാണെന്ന് കരുതാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഒരാളുടെ സുഹൃത്തായെന്നതുകൊണ്ട് അവർ ചെയ്യുന്ന കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് കരുതാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഫാദർ ജോസ് പൂതൃക്കയിലിനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയ വിചാരണ കോടതി വിധിയെ ഹൈക്കോടതിയും ശരി വച്ചിട്ടുണ്ട് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അഭയ കൊല്ലപ്പെട്ട ദിവസം രാത്രം ഫാദർ ജോസ് പുതൃക്കയിൽ കോൺവന്റിൽ വന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്.

അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ 4.30ന് രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ കോൺവെന്റിൽ കണ്ടുവെന്ന് ദൃക്സാക്ഷി അടയ്ക്ക രാജു വിചാരണ കോടതിൽ മൊഴി നൽകിയിട്ടുണ്ടെന്ന് ജോമോൻ പുത്തൻപുരയ്ക്കലിന് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ അടയ്ക്ക രാജു മോഷണ കേസിൽ ജയിലിൽ കിടന്നിട്ടുള്ള വ്യക്തിയല്ലേ എന്ന് കോടതി ആരാഞ്ഞു. സാക്ഷി പറയാൻ അടയ്ക്ക രാജു പണം കൈപറ്റിയെന്ന ആരോപണമില്ലേ എന്നും ബെഞ്ചിൽ അംഗമായ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു.

1992 ആണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടത്. 2009 ൽ ആണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. 26 വർഷം മുൻപ് സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ സിബിഐ പ്രതികളാക്കിയ തങ്ങളെ പ്രതിപട്ടികയിൽ നിന്നൊഴിവാക്കണമെന്ന് കാണിച്ച് പ്രതികളായ വൈദികരും കന്യാസ്ത്രീയും ഏഴ് വർഷം മുൻപാണ് കോടതിയിൽ ഹർജി നൽകിയത്. എന്നാൽ വിചാരണ ആരംഭിക്കുന്നത് സമീപകാലത്താണ്. ഫാദർ ജോസ് പുതൃക്കയലിന് എതിരായ ഹർജിയിൽ ഇപ്പോൾ നോട്ടീസ് അയച്ചാൽ കേസിലെ വിചാരണ തടസ്സപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണ തടസ്സപെടുന്ന ഒരു നടപടിയും കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP