Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വണ്ടർലായിലെ പൂളിൽ ആവശ്യത്തിന് വെള്ളം ഇല്ലാത്തതു കൊണ്ട് നടുവടിച്ചു വീണു ശരീരം തളർന്ന് 13 വർഷമായി വീൽചെയറിൽ ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ കൂടിയുണ്ട് ഇവിടെ; ലക്ഷങ്ങൾ ചികിത്സക്ക് മുടക്കി കുടുംബം മുടിഞ്ഞിട്ടും കൊച്ചൗസേഫ് ചിറ്റിലപ്പള്ളി നൽകിയത് ഒരു ലക്ഷം രൂപ മാത്രം; നരകിച്ചു ജീവിക്കുന്ന മലപ്പുറത്തെ വിനോദിനെ ഓർത്തിട്ട് വേണ്ടേ കൊച്ചൗസേഫേ വലിയ വായിൽ മനുഷ്യാവകാശം പറയാൻ? വണ്ടർലാ മുതലാളിയുടെ കണ്ണിൽ ചോരയില്ലായ്മക്ക് തെളിവായി മറ്റൊരു കഥ കൂടി

വണ്ടർലായിലെ പൂളിൽ ആവശ്യത്തിന് വെള്ളം ഇല്ലാത്തതു കൊണ്ട് നടുവടിച്ചു വീണു ശരീരം തളർന്ന് 13 വർഷമായി വീൽചെയറിൽ ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ കൂടിയുണ്ട് ഇവിടെ; ലക്ഷങ്ങൾ ചികിത്സക്ക് മുടക്കി കുടുംബം മുടിഞ്ഞിട്ടും കൊച്ചൗസേഫ് ചിറ്റിലപ്പള്ളി നൽകിയത് ഒരു ലക്ഷം രൂപ മാത്രം; നരകിച്ചു ജീവിക്കുന്ന മലപ്പുറത്തെ വിനോദിനെ ഓർത്തിട്ട് വേണ്ടേ കൊച്ചൗസേഫേ വലിയ വായിൽ മനുഷ്യാവകാശം പറയാൻ? വണ്ടർലാ മുതലാളിയുടെ കണ്ണിൽ ചോരയില്ലായ്മക്ക് തെളിവായി മറ്റൊരു കഥ കൂടി

ആർ പീയൂഷ്

മലപ്പുറം: കൊച്ചൗസേഫ് ചിറ്റിലപ്പള്ളീ ഒരു വിജേഷ് വിജയന്റെ പരാതി മാത്രമേ കോടതി അറിഞ്ഞിട്ടുള്ളൂ. അവിടെ മുൻപ് വിജേഷിന് സംഭവിച്ചപോലെ ഒരപകടം നടന്നിരുന്നു. ഓർക്കുന്നുണ്ടോ താങ്കൾ അവനെ..? പൂളിൽ ആവശ്യത്തിന് വെള്ളം നിറയ്ക്കാതിരുന്നതിനാൽ അതിലേക്ക് എടുത്തു ചാടി നട്ടെല്ല് തകർന്ന് ശരീരം തകർന്ന് പോയ ഒരു ചെറുപ്പക്കാരൻ. വേങ്ങര ഊരകം പുള്ളിക്കല്ല് കൊടക്കാട് വിനോദിനെ. അവനെ ഒടുവിൽ വശത്താക്കി ഒരു ലക്ഷം രൂപ മാത്രം കൊടുത്ത് പരാതിയില്ല എന്നു എഴുതി വാങ്ങി തലവേദനയിൽ നിന്നും ഒഴിവാക്കിയില്ലെ താങ്കൾ. അവൻ ഇന്നെങ്ങനെ ജീവിക്കുന്നു എന്ന് കാരുണ്യ പ്രവർത്തനം നടത്തി നാടു നന്നാക്കാനിറങ്ങിയ താങ്കൾക്ക് അറിയാമോ? അതൊക്കെ നോക്കാൻ എവിടെ സമയം.

സ്വന്തം സ്ഥാപനത്തിലുണ്ടായ അപകടത്തിൽപെട്ട് കിടപ്പിലായ ആ ചെറുപ്പക്കാരന് സഹായം ചെയ്താൽ വാർത്ത കൊടുക്കാൻ കഴിയില്ലല്ലോ. എങ്ങനെ അപകടമുണ്ടായി എന്ന് പത്രക്കാർ ചോദിച്ചാൽ അന്ന് വീഗാലാന്റ് എന്ന് പേരുള്ള ഇന്നത്തെ വണ്ടർലായ്ക്ക് പേരുദോഷമുണ്ടാകില്ലെ. അതിനാലാവും ആ ചെറുപ്പക്കാരനെ താങ്കൾ ബുദ്ധിപൂർവ്വം ഒതുക്കിയത്. ആ ചെറുപ്പക്കാരൻ വിവാഹം കഴിച്ച് ഭാര്യയുമൊത്ത് ജീവിക്കുന്നത് ഏറെ ദുരിതം നിറഞ്ഞ അവസ്ഥയിലാണ്. അരയ്ക്ക് കീഴെ തളർന്നതിനാൽ വീൽചെയറിൽ കഴിഞ്ഞു കൂടുന്ന വിനോദിന് അന്ന് വീഗാലാന്റിൽ സംഭവിച്ചത് എന്താണെന്ന് വിനോദ് തന്നെ പറയും

'2006 വിഷുവിന് ഞാൻ ജോലി ചെയ്യുന്ന മലപ്പുറത്തെ ഒരു ഹോൾസെയിൽ ഷോപ്പിൽ നിന്നും വീഗാലാന്റിലേക്ക് ഒരു വിനോദയാത്ര പോകാമെന്ന് തീരുമാനിച്ചു. ഷോപ്പിലെ സെയിൽസ് വാഹനത്തിലെ ഡ്രൈവറായിരുന്നു ഞാൻ. അങ്ങനെ ഏപ്രിൽ 16 ന് ഞങ്ങൾ എല്ലാവരും കൊച്ചിയിലെ വീഗാലാന്റിലെത്തി(വണ്ടർലാ). പല റൈഡുകളിലും കയറി ഇറങ്ങി ഒടുവിൽ പൂളുകൾ ഉള്ള ഭാഗത്തെത്തി. മുകളിലെ തുരങ്കത്തിലൂടെ താഴേക്ക് ഒഴുകി വന്നപ്പോൾ അടുത്ത കുളത്തിലേക്ക് ഡൈവ് ചെയ്തു. എന്നാൽ വിധി കരുതി വച്ചിരുന്ന ആ കുളത്തിൽ ആവശ്യത്തിന് വെള്ളമുണ്ടായിരുന്നില്ല. കുളത്തിലേക്കുള്ള ചാട്ടത്തിൽ കഴുത്തിന്റെ പിൻഭാഗം കുളത്തിന്റെ തറയിലിടിച്ചു. പിന്നെ ഒരു മരവിപ്പുമാത്രമായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും സെക്യൂരിറ്റി ജീവനക്കാരും താങ്ങിയെടുത്ത് പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ശരീരം അനങ്ങുന്നുണ്ടായിരുന്നില്ല. ഉടൻതന്നെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് നട്ടെല്ല് ഒടിഞ്ഞുപോയി എന്നറിയുന്നത്. മൂന്ന് ദിവസം അവിടെ കിടത്തിയ ശേഷം എന്നെ അമൃതയിലേക്ക് മാറ്റി. അവിടെയും ചികിത്സയിൽ വലിയ മാറ്റമൊന്നുമുണ്ടായില്ല. ശരീരം മുഴുവൻ അനങ്ങാനാവാതെ കിടപ്പിൽ തന്നെയായിരുന്നു.

അമൃതയിൽ കിടന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായതോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി. അവിടെ ഫിസിയോ തെറാപ്പി ചെയ്ത് കൈകൾ ചലിപ്പിക്കാനായി. പിന്നീട് നിരന്തരം ഫിസിയോ തെറാപ്പി ചെയ്ത് ഇരിക്കാനാകും വിധമെത്തി. ഇത്രയുംനാൾ ചികിത്സക്കായി നല്ലൊരു തുക തന്നെ ചെലവായി. മൂന്ന് ദിവസം മെഡിക്കൽ ട്രസ്റ്റിൽ കിടന്ന ചെലവ് മാത്രമേ വീഗാലാൻഡകാർ വഹിച്ചുള്ളൂ. പിന്നീട് തിരിഞ്ഞു നോക്കിയില്ല. സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് മാനേജ്മെന്റിനെ സമീപിച്ചപ്പോൾ കേസിന് പൊയ്ക്കോളൂ നഷ്ടപരിഹാരമൊന്നും തരാൻ കഴിയില്ല എന്നും അറിയിച്ചു. ചികിത്സയ്ക്ക് തന്നെ ലക്ഷങ്ങൾ ചെലവായ സാഹചര്യത്തിൽ കേസു നടത്താനുള്ള ശേഷി കുടുംബത്തിനുണ്ടായിരുന്നില്ല.

അതിനാൽ കേസിന് പോകാതെ എങ്ങനെയെങ്കിലും വീഗാലാന്റുമായി ബന്ധപ്പെട്ട് കുറച്ചു തുക വാങ്ങണമെന്നുണ്ടായിരുന്നുള്ളൂ. കാരണം വീട്ടിലെ സ്ഥിതി അത്ര ദയനീയമായിരുന്നു. പരസഹായമില്ലാതെ ഇരിക്കാനോ വീൽചെയറിൽ കയറാനോ ഒന്നും കഴിയില്ല. ഇതിനിടയിലാണ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് ഇടപെട്ട് ചിറ്റിലപ്പള്ളിയിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങി തന്നത്. അത് തരുമ്പോൾ കുറേ പേപ്പറുകളിൽ ഒപ്പ് ഇട്ടു വാങ്ങി. ഇനി ഒന്നിനും വരരുത് എന്നും പറഞ്ഞു. ഒരു ലക്ഷം കിട്ടുമ്പോൾ ഏഴു ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. കിട്ടുന്നത് കിട്ടട്ടേ എന്ന് കരുതിയാണ് ആ തുക വാങ്ങിയത്. എന്നാൽ വീണ്ടും ചികിത്സയ്ക്കും മറ്റും പോകാൻ പണമില്ലാതായതോടെ ചിറ്റിലപ്പള്ളിയെ സാറിനെ ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു. അതിനായി നിരവധി തവണ ലെറ്ററുകൾ അയച്ചു.

ഒരു ദിവസം അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും വിളിച്ചു. സംസാരിക്കണം എന്ന് പറഞ്ഞ് കത്ത് അയച്ചിരുന്നല്ലോ അദ്ദേഹം ഫോണിലുണ്ട് ലംലാരിച്ചു കൊള്ളൂ എന്നറിയിച്ചു. എന്റെ ദുഃഖങ്ങളെല്ലാം അദ്ദേഹത്തോട് പറഞ്ഞു. എല്ലാം മൂളിക്കേട്ടശേഷം പറഞ്ഞത് ഇങ്ങനെയാണ്. എന്റെ സ്ഥാപനങ്ങളെല്ലാം മക്കൾക്ക് എഴുതി കൊടുത്തു. വീഗാലാൻഡ് മകന്റെ പേരിലാണ്. അതുകൊണ്ട് എനിക്ക് ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്നും പറഞ്ഞു. അതിന് ശേഷമാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനം നടത്തുന്നു എന്ന വിവരം അറിയുന്നത്. അതിൻപ്രകാരം വിളിച്ചന്വേഷിച്ചപ്പോൾ അപേക്ഷ അയക്കാൻ പറഞ്ഞു. അപേക്ഷയിൽ വീഗാലാന്റിൽ വച്ച് അപകടമുണ്ടായി എന്ന് പറയരുതെന്നും മറ്റെവിടെയെങ്കിലും വച്ച് വീണു എന്ന് കാണിച്ചാൽ മതി എന്നും നിർദ്ദേശിച്ചു. അങ്ങനെ അപേക്ഷിച്ചതിൽ വർഷം അൻപതിനായിരം രൂപ തരാം എന്ന് അറിയിപ്പ് കിട്ടി. അത് എനിക്ക് വലിയൊരു ആശ്വാസമായിരുന്നു. എന്നാൽ രണ്ട വർഷം വരെ മാത്രമേ ആ തുക കിട്ടിയുള്ളൂ. മൂന്നാം വർഷം പതിനായിരം രൂപയായി ചുരുങ്ങുകയും പിന്നീട് കിട്ടാതാവുകയുമായിരുന്നു.'

2006 ലാണ് വിനോദിന് അപകടം പറ്റിയത്. ആ വർഷം തന്നെ ഒരു ലക്ഷം രൂപ അന്നത്തെ മന്ത്രിയായിരുന്ന ഇബ്രാഹിംകുട്ടി വിളിച്ചു പറഞ്ഞതു കൊണ്ട് വിനോദിന് കിട്ടി. എന്നാൽ പത്ത് ലക്ഷത്തോളം രൂപ ചികിൽസയ്ക്കായി മുടക്കിയിട്ടാണ് അത് ലഭിച്ചത് തന്നെ. സ്വന്തം സ്ഥാപനത്തിലെ സുരക്ഷാ വീഴ്‌ച്ചകൊണ്ട് സംഭവിച്ച അപകടത്തിൽ തിരിഞ്ഞു നോക്കാൻ പോലും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്ക് മനസ്സ് വന്നില്ല. എന്നാൽ ആ വീഴ്‌ച്ച വിനോദിന്റെ ജീവിതത്തിൽ ഉണ്ടാക്കിയ വീഴ്‌ച്ച വളരെ വലുതായിരുന്നു.

വിനോദ് 13വർഷം കിടക്കയിലും വീൽചെയറിലുമായി തള്ളി നീക്കുകയാണ്. വീഗാലാന്റിൽ വച്ച് വിനോദിന് അപകടമുണ്ടായ ശേഷമാണ് തൃശൂരുകാരൻ വിജേഷിനും അപകടമുണ്ടാകുന്നത്. ആ സമയം കേസിൽകക്ഷിചേരാൻ വിളിച്ചപ്പോൾ കേസു നടത്താൻ പണമില്ലാത്തതിനാൽ പൊകാൻ കഴിഞ്ഞില്ല. കഴിഞ്ഞ 13 വർഷമായി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ചികിത്സയും മറ്റു ചിലവുകളും നടന്നു പോകുന്നത്. ഭാര്യ ഷിജിത വീട്ടിൽ ഇരുന്ന് ഡേറ്റാ എൻട്രി ജോലിയും ചെയ്യുന്നുണ്ട്. പുറത്ത് ജോലിക്ക് പോകണമെന്നുണ്ട്. പക്ഷേ വിനോദിന് അടുത്ത് ഒരാൾ എപ്പോഴും വേണം. അതിനാൽ വീട്ടിൽ തന്നെയിരുന്ന് ജോലി ചെയ്യുകയാണ്. വിനോദിനെ ബന്ധപ്പെടാനുള്ള നമ്പർ: +91-9846235900

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP