Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ തിരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കുക മോദി വിരുദ്ധ വികാരം തന്നെയെന്ന് കേരളത്തിലെ വോട്ടർമാർ; 56 ശതമാനം ഇങ്ങനെ ചിന്തിക്കുമ്പോൾ കേന്ദ്ര ഭരണ നേട്ടങ്ങൾ വോട്ടാകുമെന്ന് പറയാൻ 11 ശതമാനം മാത്രം; കേന്ദ്രസർക്കാർ ഭരണം വളരെ മോശമെന്ന് പ്രതികരിച്ച് 52 ശതമാനം പേർ; കേരളത്തിന്റെ പൊതുവികാരം ബിജെപി സർക്കാരിന് എതിരെന്ന് വ്യക്തമാക്കി മറുനാടൻ സർവേ

ഈ തിരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കുക മോദി വിരുദ്ധ വികാരം തന്നെയെന്ന് കേരളത്തിലെ വോട്ടർമാർ; 56 ശതമാനം ഇങ്ങനെ ചിന്തിക്കുമ്പോൾ കേന്ദ്ര ഭരണ നേട്ടങ്ങൾ വോട്ടാകുമെന്ന് പറയാൻ 11 ശതമാനം മാത്രം; കേന്ദ്രസർക്കാർ ഭരണം വളരെ മോശമെന്ന് പ്രതികരിച്ച് 52 ശതമാനം പേർ; കേരളത്തിന്റെ പൊതുവികാരം ബിജെപി സർക്കാരിന് എതിരെന്ന് വ്യക്തമാക്കി മറുനാടൻ സർവേ

ടീം മറുനാടൻ

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന വിഷയം എന്താണ്? മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി സംഘടിപ്പിച്ച ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഭിപ്രായസർവേയിൽ തെളിയുന്നത് അത് മോദി വിരുദ്ധ വികാരമാണെന്നാണ്. കേരളത്തിന്റെ പൊതുവികാരം കേന്ദ്രത്തിന് എതിരാണെന്നതിന്റെ വ്യക്തമായ സൂചനകളാണ് മറുനാടൻ സർവേയിലൂടെ പുറത്തുവന്നത്.

ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകം ഏതെന്ന ചോദ്യത്തിനോടാണ് വോട്ടർമാർ പ്രതികരിച്ചത്. 56 ശതമാനംപേർ മോദിവിരുദ്ധ വികാരംതന്നെയാണ് പ്രധാന വിഷയമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം കേന്ദ്ര ഭരണ നേട്ടങ്ങൾ വോട്ടാകുമെന്ന് പ്രതികരിച്ചത് വെറും 11 ശതമാനം മാത്രമാണ്. ഈ വിഷയത്തിലെ സർവേ സൂചകങ്ങൾ ഇങ്ങനെയാണ്.

ചോദ്യം: തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന വിഷയമെന്ത്?

  • മോദി വിരുദ്ധ വികാരം- 56%
  • രാഹുൽ തരംഗം- 12% 
  • കേന്ദ്ര ഭരണനേട്ടങ്ങൾ- 11% 
  • ശബരിമല- 9%
  • സംസ്ഥാന സർക്കാറിന്റെ നേട്ടങ്ങൾ- 7% 
  • മറ്റുള്ളവ- 5%

യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടർമാർ ഒരുപോലെ എതിർക്കുന്നതുകൊണ്ട്് കൂടിയാവണം കേരളത്തിൽ മോദി വിരുദ്ധ വികാരം ഇത്ര ശക്തമായിട്ടുള്ളത്. പക്ഷേ നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ധന വിലവർധനയും പാചക വാതക വിലവർധനയും അടക്കമുള്ള നിരവധി വിഷയങ്ങൾ കേരളത്തിലെ സാധാരണക്കാരെയും കേന്ദ്ര സർക്കാറിന് എതിരാക്കിയിരിക്കുന്നു.

ഇതോടൊപ്പം കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ, ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങൾ തൊട്ടുള്ളവ മോദി സർക്കാറിനെതിരായ വികാരം ശക്തമാക്കിയിട്ടുണ്ട്. മലബാറിൽ കത്തിജ്ജ്വലിച്ച് നിൽക്കുന്ന മോദിവിരുദ്ധ വികാരം തെക്കോട്ടുപോകുന്തോറും കുറയുന്നതായും സർവേയിൽ വ്യക്തമായിട്ടുണ്ട്. ഏതൊരു സർവേയിലും ഏറ്റവും അടിസ്ഥാനമായി വരുന്ന ഘടകമാണ് ഭരണ വിരുദ്ധ വികാരം. ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലും കേന്ദ്രത്തിലും ഒരുപോലെ പ്രതിപക്ഷത്തുള്ള കോൺഗ്രസിന് ഈ ആനുകൂല്യം ശരിക്ക് കിട്ടുന്നുണ്ട്.

മാത്രമല്ല, രാഹുൽ ഗാന്ധി കേരളത്തിൽ മൽസരിക്കാൻ എത്തിയതോടെ, മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രാധാന ഗുണഭോക്താവ് കോൺഗ്രസ് ആവുകയാണ്. മറുനാടൻ സർവേയിൽ യുഡിഎഫ് തരംഗം പ്രവചിക്കുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ. ശബരിമല ഒരു പ്രശ്നം തന്നെയാണെങ്കിലും അതിനെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായി കാണുന്നത് 9 ശതമാനം വോട്ടർമാർ മാത്രമേയുള്ളൂ.

എന്നാൽ ശബരിമല വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടെന്ന് പിന്നീടുള്ള സർവേയുടെ അനുബന്ധ ചോദ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇത്ര ശക്തമായ മോദി വികാരമുണ്ടായിട്ടും ബിജെപി പത്തനംതിട്ടയിലും, തിരുവനന്തപുരത്തുമൊക്കെ ശക്തമായ പോരാട്ടം നടത്തുന്നത് ശബരിമല വിഷയം, സ്ഥാനാർത്ഥികളുടെ മികവ്, പാർട്ടിയുടെ സംഘടനാപരമായ വളർച്ച തുടങ്ങിയ വിവിധ കാര്യങ്ങൾ കൊണ്ടുതന്നെയാണ്.

ഈ ചോദ്യത്തിനു പിന്നാലെ കേന്ദ്ര സർക്കാറിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന മറുനാടൻ സർവേയിലെ നേരിട്ടുള്ള ചോദ്യത്തിനും മോദി തരംഗം അസ്തമിക്കുന്നുവെന്നതിന്റെ സൂചകങ്ങളാണ് ലഭിക്കുന്നത്.

ചോദ്യം: കേന്ദ്ര സർക്കാറിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?

  • വളരെ മികച്ചത്- 14%
  • ശരാശരി- 16%
  • വളരെ മോശം-52%
  • അഭിപ്രായമില്ല-18%

അതായത് സർവേയിൽ പങ്കെടുത്ത പകുതിയിലധികം ആളുകൾ മോദി സർക്കാറിന്റെ ഭരണത്തിന് എതിരാണ്. ഫീൽഡ് സർവേയിൽ മറുനാടൻ പ്രതിനിധികൾ നേരിട്ട് കണ്ടതും ഇതേ കാര്യമായിരുന്നു. നോട്ടുനിരോധനം അടക്കമുള്ള കാര്യങ്ങളിൽ അഭിപ്രായം ചോദിച്ചപ്പോൾ ജനം പലപ്പോഴും പൊട്ടിത്തെറിക്കയായിരുന്നു.

പുൽവാമ ഭീകരാക്രമണത്തെ തുടർന്നുണ്ടായ സർജിക്കൽ സ്ട്രൈക്കാണ് മോദി വിരുദ്ധ വികാരത്തെ അൽപ്പം തണുപ്പിച്ചത്. പക്ഷേ അപ്പോളും കേരളത്തിൽ നിലനിൽക്കുന്ന പൊതുവികാരം മോദി സർക്കാറിന് എതിരാണെന്ന് മറുനാടൻ സർവേ സൂചകങ്ങൾ വിലയിരുത്തുന്നു. ഇതിന്റെ ഗുണഫലം അനുഭവിക്കുന്നത് എൽഡിഎഫിനേക്കാൾ യുഡിഎഫ് തന്നെയാണ്. യുഡിഎഫിന് 14 സീറ്റുകളും എൽഡിഎഫിന് ആറു സീറ്റുകളും പ്രവചിക്കുന്ന മറുനാടൻ സർവേ ഫലത്തിൽനിന്ന് അത് വ്യക്തവുമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP