Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രാങ്കോയുടെ രക്തസമ്മർദ്ദം ഉയർന്നുതന്നെ തുടരുന്നു; മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പൊലീസ് കാവലിൽ ചികിത്സ തുടരുന്നു; മജിസ്‌ട്രേറ്റ് ആശുപത്രിയിൽ എത്തി 11ന് മുമ്പ് അറസ്റ്റ് പൂർത്തിയാക്കി ആശുപത്രിയിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിട്ടേക്കും; നിർണായകമാകുക ഹൃദയാഘാത പരിശോധനാ ഫലം; മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം പൊളിയാൻ സാധ്യത

ഫ്രാങ്കോയുടെ രക്തസമ്മർദ്ദം ഉയർന്നുതന്നെ തുടരുന്നു; മെഡിക്കൽ കോളേജിൽ  തീവ്രപരിചരണ വിഭാഗത്തിൽ പൊലീസ് കാവലിൽ ചികിത്സ തുടരുന്നു; മജിസ്‌ട്രേറ്റ് ആശുപത്രിയിൽ എത്തി 11ന് മുമ്പ് അറസ്റ്റ് പൂർത്തിയാക്കി ആശുപത്രിയിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിട്ടേക്കും; നിർണായകമാകുക ഹൃദയാഘാത പരിശോധനാ ഫലം; മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യാനുള്ള  അന്വേഷണ സംഘത്തിന്റെ നീക്കം പൊളിയാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ നെഞ്ചുവേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ തുടരുന്നു. ഫ്രാങ്കോയുടെ രക്തസമ്മർദ്ദം ഉയയർന്നു തന്നെ തുടരുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ തന്നെ കഴിയുകയാണ് അദ്ദേഹം. കനത്ത പൊലീസ് കാവലിലാണ് ബിഷപ്പിന് ചികിത്സ നൽകുന്നത്.

ഇന്നലെ കൊച്ചിയിൽനിന്ന് കൊണ്ടുവരുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിഷപ്പിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ആറു മണിക്കൂർ നിരീക്ഷണത്തിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശം നൽകുകയായിരുന്നു. ഇന്ന് രാവിലെ ബിഷപ്പിന് ഹൃദയാഘാതമുണ്ടോ എന്ന പരിശോധന നടത്തും. ഇതിനായി ഇന്ന് വീണ്ടും രക്തപരിശോധന നടത്തും. ഈ പരിശോധന ഫലമാകും പൊലീസിന്റെ തുടർന്നുള്ള നീക്കങ്ങൾക്ക് നിർണായകമാകുക.

ആരോഗ്യനില തൃപ്തികരമെങ്കിൽ ഇന്നു രാവിലെ 11ന് ബിഷപ്പിനെ പാലാ ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാനായിരുന്നു പൊലീസിന്റെ പദ്ധതി. അല്ലെങ്കിൽ ആശുപത്രിയിൽ എത്തി മജിസ്‌ട്രേറ്റ് നടപടി പൂർത്തിയാക്കും. നേരത്തെ, ബിഷപ്പിനെ തൃപ്പൂണിത്തുറയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ ഉയർന്ന രക്തസമ്മർദം കണ്ടിരുന്നു. ഇസിജിയിൽ നേരിയ വ്യതിയാനം കണ്ടിരുന്നു. അതുകൊണ്ട് ഇന്നും വീണ്ടും പരിശോധന നടത്തും. ബിഷപ്പിന്റെ നെഞ്ചുവേദനയോടെ അന്വേഷണ സംഘവും പ്രതിരോധത്തിലായിട്ടുണ്ട്. മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യാനുള്ള അന്വേഷ സംഘത്തിന്റെ നീക്കം പൊളിയാനാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യത കൂടുതൽ.

വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിന്റെ കടലാസ് ജോലികൾ അവസാനിച്ചതോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. നിയമവിരുദ്ധമായി തടങ്കലിൽ വെക്കൽ, പ്രകൃതി വിരുദ്ധ ലൈംഗികബന്ധം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ചോദ്യം ചെയ്യലിൽ കേസിന് ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങൾ ലഭിച്ചു. തന്റെ ഭാഗം വിശദീകരിക്കുന്നതിന് ആവശ്യമായ സമയം ബിഷപ്പിന് നൽകിയിരുന്നു. അറസ്റ്റിന്റെ കാര്യത്തിൽ ബോധപൂർവമായ താമസമുണ്ടായിട്ടില്ല. ബിഷപ് കുറ്റം സമ്മതിച്ചോ ഇല്ലയോ എന്ന കാര്യം ഇപ്പോൾ പറയാനാവില്ല. രാത്രി കോട്ടയം പൊലീസ് ക്ലബിലേക്കാണ് കൊണ്ടുപോകുന്നത്. സമയം ലഭിച്ചാൽ അവിടെ വീണ്ടും ചോദ്യം ചെയ്യും. ശനിയാഴ്ച രാവിലെ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. രണ്ടു മാസമായി നടന്ന വിശദ അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ഗൂഢാലോചനയാണെന്ന വാദത്തിൽ ആദ്യം മുതൽ ഉറച്ചു നിൽക്കുകയായിരുന്നു ഫ്രാങ്കോ. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനം ഇത് ഖണ്ഡിക്കാനായി. അറസ്റ്റ് സംബന്ധിച്ച് ഒരു സംശയവുമുണ്ടായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരുമായി പലരീതിയിലുള്ള ചർച്ചകൾ ഫോണിലൂടെയും നേരിട്ടും ആവശ്യമായി വന്നപ്പോഴൊക്കെ നടത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഒരുമിച്ച് പരിഗണിച്ചാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നും എസ്‌പി വ്യക്തമാക്കി.

ഇന്നലെ പൊലീസ് ക്ലബ്ബിൽ എത്തിച്ച് ബിഷപ്പിന് താമസസൗകര്യം ഒരുക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഇവിടെ വെച്ച് ചോദ്യം ചെയ്യാനും പദ്ധതിയുണ്ടായിരുന്നു. ക്ലബിൽ താമസത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണു ഇന്നലെ രാത്രി തെള്ളകം പിന്നിട്ടപ്പോൾ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചു വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വാഹന വ്യൂഹം തിരിച്ചു വിട്ടു. ഏഴു വാഹനങ്ങളിലായി വൻ പൊലീസ് സംഘമാണ് ബിഷപ്പിനൊപ്പമുണ്ടായിരുന്നത്. വൈക്കം ഡിവൈഎസ്‌പിയുടെ ജീപ്പിലാണ് ബിഷപ്പ് യാത്ര ചെയ്തിരുന്നത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ വൈദ്യ പരിശോധനയിൽ ബിഷപ്പിന് ഇസിജിയിൽ വ്യതിയാനവും രക്താതിസമ്മർദ്ദവും കണ്ടെത്തിയിരുന്നനു. ഇതേ തുടർന്നു തൃപ്പൂണിത്തുറയിലെ ഡോക്ടർ ഹൃദ്രോഗ വിദഗ്ധന്റെ പരിശോധന വേണമെന്ന് നിർദ്ദേശിച്ചു.

തുടർ യാത്രയിലാണു ബിഷപ്പ് ദേഹാസ്വാസ്ഥ്യമുണ്ടെന്നു പൊലീസിനെ അറിയിച്ചത്. ഉടനെ തന്നെ കോട്ടയം മെഡിക്കൽ കോളജിലേക്കു പോവുകയായിരുന്നു. അവിടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആദ്യഘട്ട പരിശോധനയ്ക്കു ശേഷം കാർഡിയോളജി വിഭാഗത്തിൽ ഇസിജിയും മറ്റു പരിശോധനകളും നടത്തി. ഇതിനിടെ ബിഷപ്പിന്റെ അഭിഭാഷകനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് തടഞ്ഞത് തർക്കത്തിന് ഇടയാക്കി. ഇന്നു 11 മണിക്ക് പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാനായിരുന്നു പൊലീസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഇന്നലെ പൊലീസ് ക്ലബിൽ താമസം ഒരുക്കിയത്. പൊലീസ് ക്ലബിലും പരിസരത്തും കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഏതാനും ദിവസമായി പകൽ ഉപവാസത്തിലാണു ബിഷപ്പ്.

ഉച്ചയോടെ തുടങ്ങിയ ട്വിസ്റ്റുകൾ, കോട്ടയത്തെ ക്രമീകരണങ്ങളും മാറിമറിഞ്ഞു.

ബിഷപ്പിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്നലെ മുതൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അറസ്റ്റു സംബന്ധിച്ച കാര്യങ്ങളിലാണ് ട്വിസ്റ്റുകൾ തുടങ്ങിയത്. ബിഷപ്പിന്റെ ചോദ്യം ചെയ്യലും അറസ്റ്റും നീണ്ടതിനൊപ്പം കോട്ടയത്തെ ക്രമീകരണങ്ങളും മാറി മറിഞ്ഞു. കോടതിയിൽ ഹാജരാക്കാനായി വൈക്കം, ഏറ്റുമാനൂർ, പാലാ, കോട്ടയം ഇതിൽ എവിടേയ്ക്ക് ആയിരിക്കും ബിഷപ്പിനെ കൊണ്ടുവരിക എന്നതായിരുന്നു സംശയം.പാലാ മജിസ്‌ട്രേറ്റ് കോടതിയുടെ നിയമപരിധിലാണു കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ. പാലാ മജിസ്‌ട്രേറ്റ് രണ്ടു ദിവസമായി അവധിയായിരുന്നു. ഇന്നലെ രാവിലെ 10 മണി വരെ ഏറ്റുമാനൂർ മജിസ്‌ട്രേറ്റിനും 10 മണി മുതൽ അഞ്ചു മണി വരെ വൈക്കം മജിസ്‌ട്രേറ്റിനുമായിരുന്നു പാലാ കോടതിയുടെ അധികചുമതല.

ബിഷപ്പ് അറസ്റ്റിലാകുമെന്നു സൂചന ലഭിച്ചതോടെ മാധ്യമപ്രവർത്തകൾ ഉൾപ്പെടെയുള്ളവർ വൈക്കം കോടതി പരിസരതെത്തി. നാട്ടുകാരും കോടതിക്കു മുന്നിൽ തടിച്ചു കൂടി.ഇന്നലെ അഞ്ചു മണിക്കു ശേഷം പാലാ മജിസ്‌ട്രേറ്റ് തിരികെ ചുമതലയേറ്റു. വൈദ്യ പരിശോധനയും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കി ബിഷപ്പിനെ എത്തിക്കേണ്ടത് പാലാ കോടതിയിലായിരുന്നതിനാൽ കോടതിയിലെ മൂന്നു ജീവനക്കാരും മജിസ്‌ട്രേറ്റും ഒരുങ്ങിയിരുന്നു. സുരക്ഷക്രമീകരണങ്ങൾക്കായി കൂടുതൽ പൊലീസും എത്തി. കോടതിയുടെ പിൻ ഗേറ്റിലും പൊലീസ് സുരക്ഷ ഒരുക്കി. രാത്രി എട്ടു മണിയോടെ ബിഷപ്പിനെ ഇന്നലെ കോടതിയിൽ ഹാജരാക്കുന്നില്ലെന്നും പകരം കോട്ടയത്ത് എത്തിക്കുക മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതോടെ പാലായിലെ പിരിമുറുക്കമയഞ്ഞു.

കനത്ത കാവലിൽ കുറവിലങ്ങാട് നാടുകുന്ന് മഠം

ഇന്നലെ രാത്രി എട്ടുമണിയോടെ കൊച്ചിയിൽ നിന്നു മടങ്ങിയെത്തിയപ്പോൾ അഞ്ചു കന്യാസ്ത്രീകളുടെയും മുഖത്തു ചെറിയൊരു പുഞ്ചിരി ഉണ്ടായിരുന്നു. വാഹനത്തിൽ നിന്ന് ഇറങ്ങിയ അഞ്ചുപേരും മാധ്യമങ്ങളെ കണ്ടശേഷം കോൺവന്റിലേക്കു പോയി. മഠത്തിലേക്കുള്ള റോഡിൽ അടക്കം പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ബിഷപ്പിന്റെ അറസ്റ്റിലേക്കു നീങ്ങിയ ഇന്നലെ മഠത്തിന്റെ സുരക്ഷ വീണ്ടും കൂട്ടി. പരാതി നൽകിയ കന്യാസ്ത്രീയും സഹായിയും പ്രാർത്ഥനയിൽ കഴിയുകയാണ്. സന്ദർശകരെ അനുവദിക്കേണ്ടെന്നു പൊലീസുകാർക്കും നിർദ്ദേശം നൽകിയിരുന്നു.

ബിഷപ്പിനെ കുടുക്കിയത് മൊഴികളിലെ വൈരുധ്യം

തെളിവുകളെ പ്രതിരോധിക്കാൻ അവസാനംവരെ ശ്രമിച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടിയായത് സ്വന്തം മൊഴികളിലെ വൈരുധ്യം. കന്യാസ്ത്രീയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകളുമായി ചോദ്യങ്ങളിൽ കുരുക്കിയ അന്വേഷണസംഘത്തിന് മുന്നിൽ ഒടുവിൽ ബിഷപ്പിന് കീഴടങ്ങേണ്ടിവന്നു. രക്ഷപ്പെടാനുള്ള വൃഥാശ്രമത്തിൽ പറഞ്ഞ കള്ളത്തരങ്ങൾ ഒടുവിൽ ബിഷപ്പിനുമേൽ കുരുക്ക് മുറുക്കി.

ആഗസ്റ്റിൽ ജലന്ധറിൽ പൊലീസിന് നൽകിയ മൊഴികളിലെ വൈരുധ്യം നീക്കാനാണ് മൂന്നു ദിവസം ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്തത്. എന്നാൽ, പഴയ ദുർബല മൊഴികളിൽ ഉറച്ചുനിന്നതോടെ അറസ്റ്റിലേക്ക് അധികം ദൂരമുണ്ടായില്ല. നിരപരാധിയാണ്, കന്യാസ്ത്രീക്ക് ദുരുദ്ദേശ്യമുണ്ട്, തെളിവുകൾ എഡിറ്റ് ചെയ്തുണ്ടാക്കിയതാണ്, കന്യാസ്ത്രീ ഭാവഭേദമില്ലാതെ തന്നോടൊപ്പം ചടങ്ങിൽ പങ്കെടുത്തു... ഇതൊക്കെയാണ് ചോദ്യം ചെയ്യലിൽ ഉടനീളം ബിഷപ് നിരത്തിയ വാദങ്ങൾ. ഇതിനെ ഖണ്ഡിക്കുന്ന തെളിവുകളുമായുള്ള ചോദ്യങ്ങൾക്കുമുന്നിൽ പലപ്പോഴും അദ്ദേഹം പതറി. പല ചോദ്യങ്ങൾക്കും ഉത്തരമുണ്ടായില്ല. ചില ചോദ്യങ്ങൾക്ക് ഇല്ല എന്ന മറുപടി മാത്രം. മറ്റുചിലപ്പോൾ നിസ്സഹായനായി കൈകൂപ്പി.

ആദ്യ പീഡനം നടന്ന 2014 മെയ്‌ അഞ്ചിന് രാത്രി കുറവിലങ്ങാട്ടെ സന്റെ് ഫ്രാൻസിസ് മിഷൻ ഹോമിൽ പോയിട്ടില്ലെന്നും അന്ന് തൊടുപുഴയിലെ ആശ്രമത്തിൽ ആയിരുന്നെന്നുമായിരുന്നു ആദ്യമൊഴി. എന്നാൽ, കുറവിലങ്ങാട് ആശ്രമത്തിലെ സന്ദർശന രജിസ്റ്ററിൽനിന്ന് അവിടെ എത്തിയതായ രേഖയും തൊടുപുഴ ആശ്രമത്തിൽ എത്തിയിട്ടില്ലെന്ന അവിടത്തെ സന്ദർശന രജിസ്റ്റർ രേഖയും മുന്നിൽവെച്ചതോടെ ബിഷപ് അടവുമാറ്റി. കുറവിലങ്ങാട്ട് പോയിട്ടുണ്ടാകാമെന്നും തങ്ങിയിട്ടില്ലെന്നുമായി പുതിയ വാദം. സന്ദർശക രജിസ്റ്റർ കന്യാസ്ത്രീകൾ തിരുത്തിയതാണെന്നും ആരോപിച്ചു. പക്ഷേ ബിഷപ്പിനെ മഠത്തിൽ എത്തിച്ച ഡ്രൈവറടക്കം മൂന്ന് സാക്ഷികളുടെ മൊഴി നിർണായകമായി. ടവർ ലൊക്കേഷൻ വിവരങ്ങളും എതിരായി.

കന്യാസ്ത്രീക്ക് അയച്ച അശ്ലീലസന്ദേശങ്ങൾ തന്റെ മൊബൈൽ നമ്പറിൽനിന്നുള്ളതാണെന്ന് സമ്മതിച്ച ബിഷപ് അവ എഡിറ്റ് ചെയ്ത് തനിക്കെതിരെ ആക്കിയതാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കന്യാസ്ത്രീയെ പരിചയമില്ലെന്ന് പറഞ്ഞ ബിഷപ്പിന് ഇരുവരും ഒരുമിച്ചുനിൽക്കുന്ന ചിത്രം കാണിച്ചപ്പോൾ ഉത്തരംമുട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP