Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കത്തിയെരിഞ്ഞത് ഏഴരപതിറ്റാണ്ടിലേറെയായി തലസ്ഥാന നഗരിയിൽ തലയുയർത്തി നിന്ന സ്ഥാപനം; മൂന്നു തലമുറ കൈമാറിയെത്തിയ ചെല്ലം അംബ്രല്ലാ മാർട്ടിനെ എങ്ങനെ പഴയനിലയിലാക്കും എന്നറിയാതെ ഉടമകൾ; ഉപജീവനമാർഗം കൺമുന്നിൽ കത്തിയെരിഞ്ഞ കാഴ്‌ച്ചയിൽ കണ്ണീരുണങ്ങാതെ ജീവനക്കാരും

കത്തിയെരിഞ്ഞത് ഏഴരപതിറ്റാണ്ടിലേറെയായി തലസ്ഥാന നഗരിയിൽ തലയുയർത്തി നിന്ന സ്ഥാപനം; മൂന്നു തലമുറ കൈമാറിയെത്തിയ ചെല്ലം അംബ്രല്ലാ മാർട്ടിനെ എങ്ങനെ പഴയനിലയിലാക്കും എന്നറിയാതെ ഉടമകൾ; ഉപജീവനമാർഗം കൺമുന്നിൽ കത്തിയെരിഞ്ഞ കാഴ്‌ച്ചയിൽ കണ്ണീരുണങ്ങാതെ ജീവനക്കാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പതിവുപോലെയാണ് കഴിഞ്ഞ ദിവസവും അവർ തങ്ങളുടെ തൊഴിലിടത്തേക്കെത്തിയത്. അകലെ നിന്നു തന്നെ തങ്ങളുടെ പ്രിയപ്പെട്ട സ്ഥാപനത്തിൽ നിന്നും ഉയരുന്ന പുക കണ്ടിരുന്നെങ്കിലും ഇത്രവലിയ ദുരന്തമാണ് പുകയുന്നതെന്നവർ കരുതിയില്ല. എന്തായാലും കട തുറക്കാം എന്നു കരുതിയവർക്ക് കനത്ത പുകയും ചൂടും കാരണം അകത്തേക്ക് കയറാനുമായില്ല. ഭയന്ന് അമ്പരന്ന ജീവനക്കാർ ഫയർഫോഴ്സിനെ വിവരമറിയിച്ചെങ്കിലും അപ്പോഴേക്കും ആർക്കും രക്ഷിക്കാൻ കഴിയാത്ത തരത്തിൽ സ്ഥാപനവും സാധനങ്ങളും വെന്തുവെണ്ണീറായി കഴിഞ്ഞിരുന്നു. പഴവങ്ങാടിയിലെ ചെല്ലം അംബ്രല്ലാ മാർട്ടിൽ ഒന്നിനു മുന്നിലും കൂസാതെ അഗ്നി കവർന്നത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വ്യാപാര സ്ഥാപനത്തെയാണ്. പാഞ്ഞെത്തിയ മുപ്പതോളം ഫയർ എൻജിനുകൾക്കു പിന്നെ ചെയ്യാനുണ്ടായിരുന്നത് തീ നിയന്ത്രണവിധേയമാക്കി അണക്കുക എന്ന ദൗത്യം മാത്രമായിരുന്നു.

അഗ്നി വിഴുങ്ങിയത് ഏഴര പതിറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന സ്ഥാപനം

1942 ലാണ് പഴവങ്ങാടിയിൽ ചെല്ലം അംബ്രല്ലാമാർട്ട് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോഴത്തെ ഉടമകളുടെ മുത്തച്ഛൻ രംഗസ്വാമി റെഡ്ഡിയാറാണ് തിരുവനന്തപുരത്ത് മേലെ പഴവങ്ങാടിയിൽ സ്ഥാപനം തുടങ്ങിയത്. പിന്നീട് റെഡ്ഡിയാറുടെ മകനും അയാളുടെ കാലശേഷമാണ് ഇപ്പോഴത്തെ ഉടമകളായ മക്കൾ സുനിൽകുമാറിനും രവികുമാറിനും അമ്മ കുമാരി കലാവതിക്കും ലഭിച്ചത്. നേരത്തെ കുറഞ്ഞ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന സ്ഥാപനം കൂടുതൽ സ്ഥലം വാങ്ങി വിപുലീകരിച്ചത് ഇപ്പഴത്തെ ഉടമകളാണ്. നിലവിൽ 16 സെന്റ് സ്ഥലത്താണ് വ്യാപാരസ്ഥാപനവും ഗോഡൗണും പ്രവർത്തിച്ചു വന്നത്. ആദ്യകാലത്ത് കുട വില്പനയിൽ തുടങ്ങി പിന്നീട് സ്‌കൂൾ ബാഗുകളും മെത്തയും ലെതർ ഉല്പന്നങ്ങളും വിൽക്കുന്ന വലിയ സ്ഥാപനമായി മാറുകയായിരുന്നു.

നഗരത്തെ മുൾമുനയിലാക്കിയ തീപിടുത്തത്തിൽ കത്തിനശിച്ചത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വ്യാപാരസ്ഥാപനമായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ തീപിടുത്തത്തിൽ സ്ഥാപനവും ഗോഡൗണും സാധന സാമഗ്രികളും പൂർണമായും കത്തി നശിച്ചതോടെ കോടികളുടെ നഷ്ടമാണ് ഉടമകൾക്കുണ്ടായിരിക്കുന്നത്. പൊതുവെ ഒരു കോടി രൂപയുടെയെങ്കിലും സ്റ്റോക്ക് സൂക്ഷിക്കുന്ന സ്ഥാപനത്തിലും ഗോഡൗണിലുമായി സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ സ്റ്റോക്ക് സൂക്ഷിച്ചിരുന്നു.ഇതെല്ലം പൂർണമായും കത്തി നശിച്ചു. കോടികളുടെ നഷ്ടത്തിനോടൊപ്പം തീപിടിച്ചതിനെ തുടർന്ന് കാര്യമായ കേടുപാടുകൾ പറ്റിയ ബിൽഡിംഗടക്കം പുതുക്കിപണിത് പഴയ നിലയിലെത്താൻ മാസങ്ങൾ നീണ്ടു നിൽക്കുന്ന കഠിനാദ്ധ്വാനത്തിനൊപ്പം വേണ്ടി വരുന്ന ഭീമമായ തുക എങ്ങനെ കണ്ടെത്തും എന്ന ചിന്തയാണ് ഉടമകളെ അലട്ടുന്നത്.

കണ്ണീരടക്കാനാകാതെ ജീവനക്കാർ

എട്ട് വനിതകളടക്കം 17 ജീവനക്കാരുടെ ഉപജീവനമാർഗം കൂടിയാണ് തീയിൽ വെണ്ണീറായത്. വിവിധ ജില്ലകളിൽ നിന്നുള്ള തൊഴിലാളികളിൽ പലരും ദീർഘകാലമായി ഇവിടെ ജോലി ചെയ്യുന്നവരാണ്. 18 വർഷമായി ജോലി ചെയ്യുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. ഇതുവരെ അന്നമൂട്ടിയ സ്ഥാപനം കൺവെട്ടത്ത് എരിഞ്ഞമർന്നപ്പോൾ പിടിച്ചു നിൽക്കാനാകാതെയാണ് പലരും പൊട്ടിക്കരഞ്ഞത്. ഉണ്ടായിരുന്ന ജോലി കൂടി ഇല്ലാതായതോടെ ഇനി എന്തെന്ന ചോദ്യത്തിനുമുന്നിൽ പകച്ചു നിൽക്കുകയാണ് ഈ ഹതഭാഗ്യർ.പൊട്ടിക്കരഞ്ഞ് തളർന്നിരുന്ന ജീവനക്കാരെ ആശ്വസിപ്പിക്കാനാവാതെ കണ്ടുനിന്നവരും വിഷമിക്കുന്നുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP