Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംപി എന്ന നിലയിൽ സമ്പൂർണ്ണമായി പരാജയപ്പെട്ടത് ആലത്തൂർ എംപി പികെ ബിജു; 83732 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ ബിജുവിനെ പിന്തുണച്ചത് 264 പേർ മാത്രം; ബിജുവിന് തൊട്ടു മുമ്പിൽ നാണക്കേടിന്റെ രണ്ടാം സ്ഥാനം നേടി കെവി തോമസ്; ഒരു ശതമാനം വോട്ട് പോലും നേടാതെ 11 എംപിമാർ; മറുനാടൻ എംപി സർവ്വേയിൽ നാണക്കേടിന്റെ കിരീടം ചൂടിയവർ ഇവർ

എംപി എന്ന നിലയിൽ സമ്പൂർണ്ണമായി പരാജയപ്പെട്ടത് ആലത്തൂർ എംപി പികെ ബിജു; 83732 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ ബിജുവിനെ പിന്തുണച്ചത് 264 പേർ മാത്രം; ബിജുവിന് തൊട്ടു മുമ്പിൽ  നാണക്കേടിന്റെ രണ്ടാം സ്ഥാനം നേടി കെവി തോമസ്; ഒരു ശതമാനം വോട്ട് പോലും നേടാതെ 11 എംപിമാർ; മറുനാടൻ എംപി സർവ്വേയിൽ നാണക്കേടിന്റെ കിരീടം ചൂടിയവർ ഇവർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച എംപിയെ കണ്ടെത്താൻ മറുനാടൻ നടത്തിയ സർവ്വേയിൽ ഏറ്റവും കുറച്ച് വോട്ട് നേടിയത് ആലത്തുരിന്റെ എംപിയായ പികെ ബിജുവാണ്. 83732 പങ്കെടുത്ത വോട്ടെടുപ്പിൽ 264 പേർ മാത്രമാണ് ബിജുവിന് വോട്ട് ചെയ്തത്. രണ്ടാം സ്ഥാനത്ത് മുൻ കേന്ദ്രമന്ത്രിയായ കെ വി തോമസാണ്. പാർമെന്ററി രംഗത്ത് ഏറെ പരിചയമുള്ള കെ വി തോമസിന് 286 വോട്ട് മാത്രമാണ് നേടാനായത്. അങ്ങനെ നാണക്കേടിന്റെ അവസാന രണ്ട് സ്ഥാനത്ത് ബിജുവും തോമസും എത്തുകയാണ്. വോട്ടെടുപ്പിൽ പത്തിൽ കൂടുതൽ ശതമാനം നേടാനായത് മൂന്ന് പേർക്ക് മാത്രമാണ്. എംപിമാരുടെ പ്രകടനത്തെ മലയാളികൾ എങ്ങനെ വിലയിരുത്തുന്നുവെന്നതിന് തെളിവാണ് ഇത്. പതിനൊനന് പേർക്ക് നേടാനായത് വെറും ഒരു ശതമാനം വോട്ടും.

ആകെ വോട്ട് ചെയത് 83732പേരിൽ 55847 പേരും ആദ്യ മൂന്ന് സ്ഥാനത്തുള്ള എൻ കെ പ്രേമചന്ദ്രനും ശശി തരൂരിനും എംബി രാജേഷിനും ആണ് വോട്ട് ചെയ്തത്. ബാക്കി 17 എംപിമാരും കൂടി നേടിയത് 27885 വോട്ടാണ്. കൊടിക്കുന്നിൽ സുരേഷിനും എംഐ ഷാനവാസിനും കെ വി തോമസിനും പികെ ബിജുവിനും 500ൽ താഴെ വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ആന്റോ ആന്റണിക്കും ജോയസ് ജോർജിനും പികെ കുഞ്ഞാലിക്കുട്ടിക്കും പി കരുണാകരനും ഇന്നെസന്റിനും സിഎൻ ജയദേവനും പികെ ശ്രീമതിയും ആയിരത്തിൽ താഴെ വോട്ട് മാത്രമാണ് നേടിയത്. സമ്പത്തും ഇടി മുഹമ്മദ് ബഷീറും അയ്യയായിരത്തിൽ അധികം വോട്ട് നേടി. കെ സി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും എംകെ രാഘവനും നാലക്കത്തിൽ കൂടുതൽ വോട്ട് നേടാനും കഴിഞ്ഞു. അങ്ങനെ മലയാളിയുടെ എംപിമാരിലുള്ള വിശ്വാസത്തിന്റെ കണക്ക് നീളുന്നു.

കേരളത്തിൽ ആകെ രണ്ട് സംവരണ മണ്ഡലങ്ങളാണുള്ളത്. അതിൽ ഒന്നാണ് ആലത്തൂർ മണ്ഡലം. സിപിഎമ്മിന് വ്യക്തമായ സ്വാധീനം ഉള്ള മണ്ഡലങ്ങളിൽ ഒന്നാണിത്. 2009 ൽ മണ്ഡലം രൂപീകരിച്ചത് മുതൽ സിപിഎമ്മിന്റെ പികെ ബിജു ആണ് ആലത്തൂരിന്റെ എംപി. എസ്എഫ്ഐ നേതാവായിരിക്കെ ആണ് ബിജു പാർലമെന്റ് തിരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്. 2009 ൽ ഇടതുവിരുദ്ധ തരംഗത്തെ അതിജീവിച്ചത് 20,960 വോട്ടുകൾക്കായിരുന്നു ബിജുവിന്റെ വിജയം. 2014 ൽ ബിജു ഭൂരിപക്ഷം 37,312 വോട്ടുകളാക്കി ഉയർത്തി. ആ തിരഞ്ഞെടുപ്പിൽ നോട്ട 21,417 വോട്ടുകൾ നേടി എന്ന പ്രത്യേകതയും ഉണ്ട്. ബിജുവിന് കിട്ടേണ്ട വോട്ടുകളാണ് നോട്ടായായി മാറിയെന്ന വിലയിരുത്തൽ സജീവമാണ്. ഒരു സ്വകാര്യ ബിൽ പോലും അവതരിപ്പിപ്പിട്ടില്ലാത്ത ലോക്‌സഭാ എംപിയാണ് ബിജു. ഇടത് കോട്ടയിൽ ബിജു വീണ്ടും മത്സരിക്കാനിറങ്ങില്ലെന്നാണ് സൂചനകൾ. രണ്ട് ടേം മത്സരിച്ചുവെന്നത് ബിജുവിന് അടുത്ത ടേമിന് വിനയാണ്. അതിനിടെയാണ് മറുനാടൻ സർവ്വേയിൽ ബിജു അവസാന സ്ഥാനത്താകുന്നത്.

എറണാകുളത്തിന്റെ ലോക്‌സഭാ അംഗമാണ് കെ വി തോമസ്. നിരവധി തവണ എംഎൽഎയും എംപിയുമായ നേതാവ്. വീണ്ടും എറണാകുളത്ത് മത്സരിക്കാനുള്ള ആഗ്രഹം തോമസിനുണ്ട്. കോൺഗ്രസ് ഹൈക്കമാണ്ടിൽ ഏറെ സ്വാധീനമുള്ള തോമസ് രണ്ടാം യുപിഎ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള ഭക്ഷ്യമന്ത്രിയായിരുന്നു. നിരവധി പദ്ധതികൾ കേരളത്തിനായി നടത്തുകയും ചെയ്തു. എന്നാൽ കെവി തോമസിന് ഇത്തവണ പാർലമെന്റിൽ ശോഭിക്കാനായില്ലെന്നാണ് മറുനാടൻ സർവ്വേയുടെ പൊതു വികാരം. എറണാകുളത്ത് കോൺഗ്രസിനായി മത്സരിക്കാൻ നിരവധി പ്രമുഖർ ചരട് വലികൾ നടത്തുന്നുണ്ട്. അതിനിടെയാണ് മറുനാടൻ സർവ്വേയിൽ തോമസ് പിന്നിൽ നിന്ന് രണ്ടാമനാകുന്നത്. പാർലമെന്റിൽ തോമസ് നടത്തുന്ന ഇടപെടലുകൾ ജനോപകാര പ്രദമാകുന്നില്ലെന്ന വിലയിരുത്തലാണ് ഇതിലൂടെ പുറത്തു വരുന്നത്. 286 പേർ മാത്രമാണ് പ്രഫസർ കെ വി തോമസിനെ പിന്തുണയ്ക്കുന്നത്.

വയനാട്ടിന്റെ എംപിയായിരുന്ന ഷാനവാസിനാണ് മോശം എംപിമാരിൽ മൂന്നാം സ്ഥാനം. വയനാട് യുഡിഎഫിന്റെ കുത്തക സീറ്റാണ്. ഇവിടെ ഷാനവാസ് മരിച്ചതോടെ ഷാനവാസിന്റെ മകൾ അവകാശവാദവുമായി രംഗത്ത് വന്നു. അച്ഛന്റെ വികസന സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനാണ് ഇതെന്നായിരുന്നു മകളുടെ നിലപാട്. എന്നാൽ വയനാട് മണ്ഡലത്തിലെ എംപിയെന്ന നിലയിൽ ഷാനാവാസിന്റെ പ്രവർത്തനങ്ങളോട് വോട്ടർമാർക്ക് തൃപ്തിയില്ല. 330 പേർ മാത്രമാണ് ഷാനവാസിനെ പിന്തുണച്ചത്. മാവേലിക്കരുടെ സ്ഥിരം എംപിയാകാൻ ആഗ്രഹിക്കുന്ന കൊടിക്കുന്നിൽ സുരേഷും മുൻ കേന്ദ്രമന്ത്രിയാണ്. കെപിസിസിയുടെ വർ്ക്കിങ് പ്രസിഡന്റും 495 വോട്ടുമായി നിരാശരുടെ പട്ടികയിലാണ്. കേരളത്തിലെ ഏക വനിതാ ലോക്‌സഭാ അംഗമായ പികെ ശ്രീമതിയും നിയമസഭയിലെ ഗർജ്ജിക്കുന്ന വനിതാ സിംഹമായിരുന്നു. എന്നാൽ ലോക്‌സഭയിൽ ശ്രീമതിയുടെ പ്രകടനം തൃപ്തികരമല്ലെന്നാണ് വിലയിരുത്തൽ. ശ്രീമതിക്ക് 627 വോട്ടാണ് ലഭിക്കുന്നത്.

സിപിഐയുടെ ലോക്‌സഭയിലെ ഏക അംഗമാണ് തൃശൂരിൽ നിന്നുള്ള സിഎൻ ജയദേവൻ. അതുകൊണ്ട് തന്നെ പാർട്ടിയുടെ പാർലമെന്ററീ പാർട്ടി ലീഡർ. തൃശൂരിനെ ഇടതുപക്ഷത്തേക്ക് അടുപ്പിച്ച ജയദേവന് മറുനാടൻ സർവ്വേയിൽ 638 വോട്ടാണ് നേടാനായത്. സിനിമയിലെ ഹാസ്യവുമായി ലോക്‌സഭയിലെത്തിയ ഇന്നസെന്റിന് 792 വോട്ട് കിട്ടി. പാർലമെന്റേറിയൻ എന്ന നിലയിലെ കന്നി അങ്കത്തിലാണ് ഇന്നസെന്റ് 14-ാം സ്ഥാനം നേടിയെടുക്കുന്നത്. പി കരുണാകരനും പികെ കുഞ്ഞാലിക്കുട്ടിയും ജോസയ് ജോർജും ആന്റോ ആന്റണിയുമെല്ലാം ലോക്‌സഭയിലെ പ്രകടനത്തിലൂടെ മലയാളിയുടെ മനസ്സിൽ താരമായില്ലെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. മുസ്ലിം ലീഗിലെ ഇടി മുഹമ്മദ് ബഷീറിന് 5126 വോട്ട് കിട്ടുമ്പോൾ കുഞ്ഞാലിക്കുട്ടിക്ക് വെറും 825 വോട്ടാണ് കിട്ടിയത്. മുത്തലാഖ് ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കാത്ത ലീഗ് എംപിക്ക് കനത്ത തിരിച്ചടിയാണ് ഈ സർവ്വേ ഫലം.

മികച്ച എംപി: അന്തിമ ഫലം ഇങ്ങനെ:

(എംപിമാരുടെ പേര്, മണ്ഡലം, കിട്ടിയ വോട്ട്, ശതമാനം എന്ന ക്രമത്തിൽ)

1, എൻ കെ പ്രേമചന്ദ്രൻ (കൊല്ലം) -26576 വോട്ട്-32 ശതമാനം
2, ശശി തരൂർ(തിരുവനന്തപുരം)-18854 വോട്ട്-23 ശതമാനം
3, എംബി രാജേഷ്(പാലക്കാട്)-10417 വോട്ട്-12 ശതമാനം
4, എ സമ്പത്ത്(ആറ്റിങ്ങൽ)-5489വോട്ട്-7 ശതമാനം
5, ഇടി മുഹമ്മദ് ബഷീർ(പൊന്നാനി)-5126 വോട്ട്-6 ശതമാനം
6, ജോസ് കെ മാണി(കോട്ടയം)-4697 വോട്ട്-6 ശതമാനം
7, എംകെ രാഘവൻ(കോഴിക്കോട്)-2563 വോട്ട്-3 ശതമാനം
8, കെ സി വേണുഗോപാൽ(ആലപ്പുഴ)-1848 വോട്ട്-2 ശതമാനം
9, മുല്ലപ്പള്ളി രാമചന്ദ്രൻ(വടകര)-1320 വോട്ട്-2 ശതമാനം
10, ആന്റോ ആന്റണി(പത്തനംതിട്ട)-891 വോട്ട്-1 ശതമാനം
11, ജോയ്‌സ് ജോർജ്(ഇടുക്കി)-869 വോട്ട്-1 ശതമാനം
12, പികെ കുഞ്ഞാലിക്കുട്ടി(മലപ്പുറം)-825 വോട്ട്-1 ശതമാനം
13, പി കരുണാകൻ(കാസർഗോഡ്)-825 വോട്ട്-1 ശതമാനം
14, ഇന്നസെന്റ്(ചാലക്കുടി)-792 വോട്ട്-1 ശതമാനം
15, സിഎൻ ജയദേവൻ(തൃശൂർ)-638 വോട്ട്-1 ശതമാനം
16, പികെ ശ്രീമതി(കണ്ണൂർ)-627 വോട്ട്-1 ശതമാനം
17, കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര)-495 വോട്ട്-1 ശതമാനം
18, എംഐ ഷാനവാസ്(വയനാട്)-330 വോട്ട്-0 ശതമാനം
19, കെവി തോമസ്(എറണാകുളം)-286 വോട്ട്-0 ശതമാനം
20, പി കെ ബിജു(ആലത്തുർ)-264 വോട്ട്-0 ശതമാനം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP