Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ ഏറ്റവും മികച്ച എംപി എൻ കെ പ്രേമചന്ദ്രൻ തന്നെ; 32 ശതമാനം പേർ കൊല്ലം എംപിയെ പിന്തുണച്ചപ്പോൾ 23 ശതമാനം പേരുടെ പിന്തുണയുമായി കേരളത്തിന്റെ ആഗോള പൗരൻ ശശി തരൂർ രണ്ടാമതായി; പാലക്കാടിന്റെ എംപി എംബി രാജേഷ് മൂന്നാമത്തെ മികച്ച എംപിയായത് 12 ശതമാനം വോട്ടു നേടി; സമ്പത്തും ഇ ടി മുഹമ്മദ് ബഷീറും ജോസ് കെ മാണിയും കഷ്ടി രക്ഷപെട്ടപ്പോൾ രണ്ട് ശതമാനം പേരുടെ പോലും പിന്തുണ നേടാനാകാതെ 11 എംപിമാർ; മറുനാടൻ സർവേഫലം ഇങ്ങനെ

കേരളത്തിലെ ഏറ്റവും മികച്ച എംപി എൻ കെ പ്രേമചന്ദ്രൻ തന്നെ; 32 ശതമാനം പേർ കൊല്ലം എംപിയെ പിന്തുണച്ചപ്പോൾ 23 ശതമാനം പേരുടെ പിന്തുണയുമായി കേരളത്തിന്റെ ആഗോള പൗരൻ ശശി തരൂർ രണ്ടാമതായി; പാലക്കാടിന്റെ എംപി എംബി രാജേഷ് മൂന്നാമത്തെ മികച്ച എംപിയായത് 12 ശതമാനം വോട്ടു നേടി; സമ്പത്തും ഇ ടി മുഹമ്മദ് ബഷീറും ജോസ് കെ മാണിയും കഷ്ടി രക്ഷപെട്ടപ്പോൾ രണ്ട് ശതമാനം പേരുടെ പോലും പിന്തുണ നേടാനാകാതെ 11 എംപിമാർ; മറുനാടൻ സർവേഫലം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച എംപിയാര് എന്ന് കണ്ടെത്താൻ വേണ്ടി മറുനാടൻ മലയാളി നടത്തിയ ഓൺലൈൻ സർവേയിൽ വിജയിയായി ആർഎസ്‌പിയുടെ ഏക എംപിയും കൊല്ലം ലോക്‌സഭാ മണ്ഡലത്തിന്റെ പ്രതിനിധിയുമായ എൻ കെ പ്രേമചന്ദ്രൻ. പാർലമെന്റിലെയും മണ്ഡലത്തിലെയും മികച്ച പ്രകടനങ്ങൾ വിലയിരുത്തി മറുനാടൻ വായനക്കാർ തിരഞ്ഞെടുത്തത് ലോക്‌സഭയിലെ മികച്ച എംപിക്കുള്ള പുരസ്‌ക്കാരങ്ങൾ നേടിയിട്ടുള്ള പ്രേമചന്ദ്രനെ തന്നെയായിരുന്നു. ആകെ സർവേയിൽ പങ്കെടുത്തവരിൽ മൂന്നിൽ ഒന്നു ശതമാനത്തിന് അടുത്ത് വോട്ടു നേടിയാണ് പ്രേമചന്ദ്രൻ മറുനാടൻ സർവേയിലെ വിജയി ആയത്. മറ്റ് എംപിമാരെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് പ്രേമചന്ദ്രൻ വിജയിയായത്. അതായത് ഓൺലൈൻ സർവേയിൽ 32 ശതമാനം വോട്ടുകളാണ് പ്രേമചന്ദ്രന് കിട്ടിയത്.

പ്രേമചന്ദ്രനെ ഒന്നാമതായി തെരഞ്ഞെടുത്ത് സർവേയിൽ രണ്ടാം സ്ഥാനം നേടിയത് മുൻ കേന്ദ്രമന്ത്രിയും ആഗോള പൗരൻ പരിവേഷമുള്ള തിരുവനന്തപുരത്തിന്റെ എംപി ശശി തരൂരാണ്. തരൂരിന് അനുകൂലമായി സർവേയിൽ പങ്കെടുത്തവരിൽ 23 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. ഇന്ത്യൻ പാർലമെന്റിലെ മികച്ച പ്രകടനത്തിന് ഒപ്പം മണ്ഡലത്തിലുമുള്ള ജനകീയ വികസന നായകൻ എന്ന പരിവേഷമാണ് തരൂരിന് തുണയായി മാറിയത്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ കരുത്തുറ്റ നേതാവായി കുറച്ചുകാലം കൊണ്ടു തന്നെ തരൂർ മാറിയിരുന്നു. അടുത്ത തവണ ഭരണമാറ്റം ഉണ്ടായാൽ തരൂർ വീണ്ടും മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നവർ ഏറെയാണ്. ഇതെല്ലാം കൊണ്ടു തന്നെയാണ് തരൂരിന് ജനകീയ പരിവേഷം ലഭിച്ചത്.

മറുനാടൻ സർവേയിൽ പാലക്കാട് എംപി എം ബി രാജേഷിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്. 12 ശതമാനം പേരുടെ വോട്ടാണ് ഈ സിപിഎം എംപിക്ക് ലഭിച്ചത്. സിപിഎമ്മിന് വേണ്ടിയും കേരള വിഷയങ്ങൾ ഉയർത്തിയും പാർലമെന്റിൽ ശക്തമായി വാദിക്കുന്ന എം ബി രാജേഷ് മികച്ച എംപിമാരുടെ പട്ടികയിൽ തന്നെയാണ് ഇടംപിടിച്ചിരിക്കുന്നത്. വീണ്ടും പാലക്കാടു നിന്നും രാജേഷ് മത്സരിക്കുമെന്ന സൂചനകളാണ് ഉള്ളത്. മണ്ഡലത്തിലും സഭയിലും ദേശീയ ചാനലുകളിലും സിപിഎമ്മിന്റെ ശക്തനായ മുഖമാണ് രാജേഷ്. സർവേയിൽ പ്രധാനമായും ഈ മൂന്ന് എംപിമാർക്കാണ് പിന്തുണ ലഭിച്ചത്.

ആറ്റിങ്ങൽ എംപി എ സമ്പത്ത് നാലാം സ്ഥാനത്ത് എത്തിയപ്പോൾ ഇടി മുഹമ്മദ് ബഷീറും ജോസ് കെ മാണിയും മോശമില്ലെന്ന അഭിപ്രായമാണ് ഓൺലൈൻ സർവേയിൽ പങ്കെടുത്തവർ രേഖപ്പെടുത്തിയത്. സമ്പത്ത് സർവേയിൽ പങ്കെടുത്തവരിൽ ഏഴു ശതമാനം പേരുടെ വോട്ടു ലഭിച്ചപ്പോൾ പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീറും കോട്ടയം എംപി സ്ഥാനം ഒഴിഞ്ഞ് ജോസ് കെ മാണിക്ക് ആറ് ശതമാനം വോട്ടും ലഭിച്ചു.എം കെ രാഘവൻ എംപിക്ക് മൂന്ന് ശതമാനം പേരുടെ പിന്തുണ ലഭിച്ചു. ആലപ്പുഴ എംപി കെ സി വേണുഗോപാലും വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രനും രണ്ട് ശതമാനം പേരുടെ പിന്തുണയണ് ലഭിച്ചത്.

അതേസമയം കേരളത്തിലെ മറ്റ് എംപിമാരുടെ പ്രകടനം അത്രകണ്ട് മികച്ചതല്ലെന്ന അഭിപ്രായമാണ് സർവേയിൽ പങ്കാളികളായവർ അഭിപ്രായപ്പെട്ടത്. 11 എംപിമാർക്ക് കാര്യമായി പിന്തുണ നേടാൻ സാധിച്ചില്ലെന്നതും ശ്രദ്ധേമാണ്. ഇവർക്ക് രണ്ട് ശതമാനം പേരുടെ പിന്തുണ പോലും ലഭിച്ചില്ല. ഏറ്റവും മോശം പ്രകടനം എന്ന മറുനാടൻ വായനക്കാർ വിലയിരുത്തിയത് ആലത്തൂർ എംപി പി കെ ബിജുവിന്റെയും എറണാകുളം എംപി കെ വി തോമസിന്റെയും കാര്യത്തിലായിരുന്നു. ഇവർക്ക് വളരെ ചുരുങ്ങിയ ആളുകളുടെ പിന്തുണയാണ് ലഭിച്ചത്.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച മുതൽ തുടങ്ങിയ മറുനാടന്റെ സർവ്വേയിൽ 83732 പേരാണ് പങ്കെടുത്തത്. ഇതിൽ 26576 പേരാണ് മികച്ച എംപിയായി പ്രേമചന്ദ്രന് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയത്. ശശി തരൂരിന് 18,854 വോട്ടും കിട്ടി. എംബി രാജേഷിന് 10417 പേരുടെ പിന്തുണയാണ് ലഭിച്ചത്. ഏറ്റവും കുറച്ച് പേർ പിന്തുണച്ച പികെ ബിജുവിന് കിട്ടിയത് 264 വോട്ടാണ്. ഒരു ഐപിയിൽ നിന്ന് ഒരു വോട്ട് വീതം ചെയ്യാവുന്ന രീതിയിലാണ് പോൾ മറുനാടൻ ക്രമീകരിച്ചത്.

വീണ്ടുമൊരു ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന വേളയിൽ നിലവിലെ സ്ഥാനാർത്ഥികളിൽ ഭൂരിഭാഗം പേരും മത്സരരംഗത്ത് ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ചിലർ മാറി നിൽക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ കൂടിയാണ് എംപിയെന്ന നിലയിൽ ഇവരുടെ പ്രവർത്തനം വിലയിരുത്താൻ വേണ്ടി മറുനാടൻ ഓൺലൈൻ സർവേ നടത്തിയത്. വായനക്കാരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണം തന്നെ സർവേക്ക് ലഭിച്ചത്.

മികച്ച എംപി: അന്തിമ ഫലം ഇങ്ങനെ:

(എംപിമാരുടെ പേര്, മണ്ഡലം, കിട്ടിയ വോട്ട്, ശതമാനം എന്ന ക്രമത്തിൽ)

1, എൻ കെ പ്രേമചന്ദ്രൻ (കൊല്ലം) -26576 വോട്ട്-32 ശതമാനം
2, ശശി തരൂർ(തിരുവനന്തപുരം)-18854 വോട്ട്-23 ശതമാനം
3, എംബി രാജേഷ്(പാലക്കാട്)-10417 വോട്ട്-12 ശതമാനം
4, എ സമ്പത്ത്(ആറ്റിങ്ങൽ)-5489വോട്ട്-7 ശതമാനം
5, ഇടി മുഹമ്മദ് ബഷീർ(പൊന്നാനി)-5126 വോട്ട്-6 ശതമാനം
6, ജോസ് കെ മാണി(കോട്ടയം)-4697 വോട്ട്-6 ശതമാനം
7, എംകെ രാഘവൻ(കോഴിക്കോട്)-2563 വോട്ട്-3 ശതമാനം
8, കെ സി വേണുഗോപാൽ(ആലപ്പുഴ)-1848 വോട്ട്-2 ശതമാനം
9, മുല്ലപ്പള്ളി രാമചന്ദ്രൻ(വടകര)-1320 വോട്ട്-2 ശതമാനം
10, ആന്റോ ആന്റണി(പത്തനംതിട്ട)-891 വോട്ട്-1 ശതമാനം
11, ജോയ്‌സ് ജോർജ്(ഇടുക്കി)-869 വോട്ട്-1 ശതമാനം
12, പികെ കുഞ്ഞാലിക്കുട്ടി(മലപ്പുറം)-825 വോട്ട്-1 ശതമാനം
13, പി കരുണാകൻ(കാസർഗോഡ്)-825 വോട്ട്-1 ശതമാനം
14, ഇന്നസെന്റ്(ചാലക്കുടി)-792 വോട്ട്-1 ശതമാനം
15, സിഎൻ ജയദേവൻ(തൃശൂർ)-638 വോട്ട്-1 ശതമാനം
16, പികെ ശ്രീമതി(കണ്ണൂർ)-627 വോട്ട്-1 ശതമാനം
17, കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര)-495 വോട്ട്-1 ശതമാനം
18, എംഐ ഷാനവാസ്(വയനാട്)-330 വോട്ട്-0 ശതമാനം
19, കെവി തോമസ്(എറണാകുളം)-286 വോട്ട്-0 ശതമാനം
20, പി കെ ബിജു(ആലത്തുർ)-264 വോട്ട്-0 ശതമാനം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP